തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി

keralanews thushar vellappalli nda candidate in wayanad

വയനാട്:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചു. മാത്രമല്ല എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കേരളത്തില്‍ എന്‍ഡിഎ ബിഡിജെഎസിന്‌ നല്‍കിയ അഞ്ച്‌ സീറ്റിലുള്ളതാണ്‌ വയനാട്‌. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്‌ മല്‍സരിക്കുമെങ്കില്‍ തുഷാര്‍ വയനാട്ടില്‍ നില്‍ക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ സീറ്റ്‌ ബിജെപിക്ക്‌ തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.നേരത്തെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച തുഷാര്‍ അവിടെ പ്രചാരണം തുടങ്ങിയിരുന്നു. ഇനി ആ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.തൃശ്ശൂരിലേക്ക് എംടി രമേശിനെ പരിഗണിച്ചിരുന്നുവെങ്കിലും താല്‍പര്യം ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി നേതൃത്വം ആയിരിക്കും എടുക്കുക.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

keralanews the date for linking between adhar and pan card is extended till september30

ന്യൂഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.ഇത് ആറാം തവണയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നത്. നേരത്തേ മാര്‍ച്ച്‌ 31 വരെയാണ് സമയം നല്‍കിയിരുന്നത്.അതേസമയം ഈ സാമ്പത്തിക വർഷം മുതൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിച്ചിരിക്കണമെന്നത് ആദായ നികുതി വകുപ്പ് നിർബന്ധമാക്കി.ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.റിട്ടേൺ സമർപ്പിക്കുന്നവർക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2019 മാര്‍ച്ച്‌ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു

keralanews isro successfully launches indias defence emisat

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് കൂടാതെ ലിത്വാനിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 28 ചെറു ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചത്. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും .ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്‌എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും.മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.ഡി.ആര്‍.ഡി.ഒയും ഐഎസ്‌ആര്‍ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച്‌ നടപ്പാക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.

തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

keralanews cm pinarayi vijayan visited the child who was beaten in thodupuzha

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കുഞ്ഞിനെ സന്ദര്‍ശിച്ച്‌ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.അതേസമയം കുട്ടിക്ക് ഇപ്പോള്‍ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം.

ലോക്സഭാ തിരഞ്ഞെടുപ്പ്;വയനാട്ടിൽ രാഹുൽഗാന്ധി വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും

keralanews rahul gandhi will file nomination for loksabha election on thursday

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുക.ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത്  പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

തൊടുപുഴയിൽ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു;മുഖ്യമന്ത്രി ഇന്ന് ആശുപത്രിയിലെത്തും

keralanews the health condition of boy who was beaten in thodupuzha continues to be critical cm will visit hospital today

കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.മരുന്നുകളോട് ഇതുവരെ പ്രതികരിച്ച്‌ തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്.ഇടുക്കി ജില്ലാ കളക്ടര്‍ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിലയിരുത്തും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് വെന്റിലേറ്റര്‍ മാറ്റുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കൂ. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മെഡിക്കല്‍ ബോര്‍ഡ് കുട്ടിയുടെ ശരീരത്തില്‍ പഴയതും പുതിയതുമായ ഇരുപതിലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. പഴയ മുറിവുകളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ കുട്ടിയെ പരിശോധിക്കും.

ജ​മ്മു കാ​ഷ്മീ​രി​ലെ പുൽവാമയിൽ സൈ​ന്യ​വും ഭീ​ക​ര​രും തമ്മിൽ ഏറ്റുമുട്ടൽ;നാല് ഭീകരരെ വധിച്ചു

keralanews encounter between army and terrorist in pulwama four terrorists killed

ശ്രീനഗർ:ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു.ലഷ്‌ക്കർ ഇ തോയ്‌ബ ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുല്‍വാമയിലെ ലാസ്സിപുര മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.ഇതിനിടെയാണ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.സംഭവ സ്ഥലത്ത് നിന്ന് എകെ47 ഉള്‍പ്പെടെയുള്ള തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നുപിടിക്കുന്നു;അൻപതോളം വീടുകൾ കത്തിനശിച്ചു

keralanews fire broke out near anamudi national park about 50 houses burned

ഇടുക്കി:ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നുപിടിക്കുന്നു.കാട്ടുതീയില്‍ അൻപതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തിനശിച്ചു.സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി,ആട്, പശു എന്നിവയും തീയില്‍ പെട്ടു. മൂന്ന് ദിവസമായി പടര്‍ന്നുകൊണ്ടിരിക്കുന്ന തീ അണക്കാന്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ ശ്രമം നടക്കുകയാണ്.സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ നിന്നും പടർന്ന കാട്ടുതീ നാഷണൽ പാർക്കിലേക്കും പടരുകയായിരുന്നു.കുന്ദള ഡാമില്‍ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഉള്‍വനത്തില്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് കടുത്ത ജാഗ്രതയിലാണ്.

നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍

keralanews health department with alert against nipah disease in kozhikkode

കോഴിക്കോട്:വവ്വാലുകളുടെ പ്രജനനകാലമായതോടെ നിപ രോഗത്തിനെതിരേ വീണ്ടും ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍. മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാൻ ഡോക്റ്റർമാർക്കും നിര്‍ദേശം നല്‍കി.തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.വവ്വാലുകളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി യാതൊരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

keralanews rahul gandhi will compete in wayanad

ന്യൂഡൽഹി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.എകെ ആന്‍റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.ദക്ഷിണേന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.