മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

keralanews four bsf jawan killed in maoist attack

ഛത്തീസ്ഗഡ്:കാങ്കർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് ബറ്റാലിയൻ 114 അംഗങ്ങൾ പരിശോധന നടത്തവേയാണ് ആക്രമണമുണ്ടായത്.ഇക്കഴിഞ്ഞ 28 ന് സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പോലീസ് ഫോഴ്‌സും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

കോടതിയില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നൽകി

keralanews high court allowed the lawyers to appear before the court without wearing the gown

കൊച്ചി: വിചാരണ കോടതിയില്‍ കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് ഷാജി പി ചാലിയുടേത് ഉത്തരവ്.അതേസമയം ഹൈക്കോടതിയില്‍ അഭിഭാഷകർ ഗൗണ്‍ ധരിക്കണം.അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച്‌ കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ദീപക് ഹര്‍ജി നല്‍കിയത്.ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്റെ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കടുത്ത ചൂടില്‍ കറുത്ത കോട്ടും അതിന് മുകളില്‍ ഗൗണും ധരിച്ചെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് അഭിഭാഷകര്‍ക്ക് ഉണ്ടാക്കുന്നത്. അതേസമയം ഹൈക്കോടതി പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ടെങ്കിലും കീഴ് കോടതികളിലൊന്നും ശീതീകരണമില്ല. കൂടാതെ ആവശ്യത്തിന് ഫാനുകളും ഇല്ല.

ബിഎസ്എൻഎല്ലിൽ കൂട്ടപ്പിരിച്ചുവിടൽ;54,000പേര്‍ക്ക് ജോലി നഷ്ടമാകും

keralanews bsnl dismissing employees and 54000 employees will lost job

ന്യൂഡല്‍ഹി:പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.ഇതോടെ 54,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.ജീവനക്കാരെ പിരിച്ച്‌ വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്‌എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ബി എസ് എന്‍ എല്ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച്‌ വിടലടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.അതേ സമയം 50 വയസ്സിന് മേലെയുള്ള ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബിഎസ്‌എന്‍എലില്‍ ഇന്ത്യയിലാകമാനം 1.76 ലക്ഷം ജീവനക്കാരാണ് ഉള്ളത്.കഴിഞ്ഞ കുറച്ച്‌ നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്‌എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ബിഎസ്‌എന്‍എലില്‍ ശമ്പളം മുടങ്ങിയിരിക്കുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ കെഎസ്ഇബി

keralanews kseb to provide electricity at lower cost for battery charging stations for electric vehicles

തിരുവനന്തപുരം:സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി.ഇലക്ട്രിക്ക് വാഹങ്ങളെയും ചാർജിങ് സ്റ്റേഷനുകളെയും സംബന്ധിച്ച ശില്പശാലയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.പൊതു ബാറ്ററി ചാർജിങ് സ്റ്റേഷനുകൾക്ക് ആദ്യവർഷങ്ങളിൽ ശരാശരിയിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.വരും വർഷങ്ങളിലെ സംസ്ഥാനത്തിന്റെ ഊർജ ഉപയോഗം കണക്കിലെടുത്ത് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചും അന്തർസംസ്ഥാന പ്രസരണ ശൃംഖല ശക്തിപ്പെടുത്തിയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.ഏതാനും മാസങ്ങൾക്കുള്ളിൽ സ്വീകാര്യമായ വിധത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വ്യാപിപ്പിക്കുന്നതിന് ആദ്യഘട്ടത്തിൽ മുൻഗണന നൽകുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

വൈദ്യുതി വാഹന നയമനുസരിച്ച് സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബി യാണ്.2020 ഓടെ വൈദ്യുതിയിൽ ഓടുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അൻപതിനായിരം ഓട്ടോറിക്ഷകളും ആയിരം ചരക്കുവണ്ടികളും 3000 ബസ്സും 100 ബോട്ടും കേരളത്തിൽ എത്തിക്കാനും 2022 ആകുമ്പോഴേക്കും ഒരുദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.ബാറ്ററി ചാർജിങ് സ്റ്റേഷനും അനുബന്ധ സേവനങ്ങളും നൽകുന്ന ബഹുരാഷ്ട്ര കമ്പനികൾ,കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ,വൈദ്യുത വാഹന ഡീലർമാർ,ആസൂത്രണ രംഗത്തെ വിദഗ്ദ്ധർ,ഗതാഗത വകുപ്പ്,ഊർജ വകുപ്പ്,കെഎസ്ആർടിസി,അനെർട്,കെൽ,കെൽട്രോൺ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.ഊർജ സെക്രെട്ടറി ഡോ.ബി.അശോക്,ഗതാഗത സെക്രെട്ടറി കെ.ആർ ജ്യോതിലാൽ,മുൻ ചീഫ് സെക്രെട്ടറി കെ.എം എബ്രഹാം,കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു

keralanews congress president rahul gandhi submitted nomination

വയനാട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.നാല് സെറ്റ് പത്രികയാണ് രാഹുല്‍ സമര്‍പ്പിച്ചത്.പ്രിയങ്ക ഗാന്ധി, മുകള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍ ടി. സിദ്ദിഖ് , വി.വി. പ്രകാശ് എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്.നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റ ടൗണില്‍ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തും.മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ എസ്പിജി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വയനാട് കളക്റ്റ്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണാനെത്തി.

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും;പതിനൊന്ന് മണിയോടെ നാമനിർദേശപത്രിക സമർപ്പിക്കും

keralanews rahul gandhi reach wayanad today and submit nomination

വയനാട്:വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ  അധ്യക്ഷൻ രാഹുൽ ഗാന്ധി പത്രികസമർപ്പണത്തിനായി ഇന്ന് വയനാട്ടിൽ എത്തും.രാവിലെ ഒൻപതരയോടെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നു കളക്ടറേറ്റ് പരിസരം വരെ രണ്ടു കിലോമീറ്റര്‍ റോഡ് ഷോയും നടത്തും. പ്രിയങ്കാ ഗാന്ധിയും  അനുഗമിക്കുന്നുണ്ട്.റോഡ് ഷോ സമാപിച്ച ശേഷം പതിനൊന്നു മണിയോടെ കളക്റ്ററുടെ മുൻപാകെ നാമനിർദേശപത്രിക സമർപ്പിക്കും.രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലും ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നേതൃത്വത്തിലുമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.കർണാടകം,തമിഴ്നാട് സംസ്ഥാന അതിർത്തിയിലടക്കം ചെക്ക് പോസ്റ്റുകളിലും വനമേഖലകളിലും പോലീസ് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്ന് രാഹുൽ ഗാന്ധി തിരിച്ചു പോകും വരെ കൈനാട്ടി ജംഗ്ഷൻ മുതൽ ഗൂഡലായി ജംഗ്ഷൻ വരെ വാഹനങ്ങൾ അനുവദിക്കില്ല. രാഹുല്‍ ഗാന്ധിയെത്തുന്നത് കല്‍പ്പറ്റ നഗരത്തിലാണെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലയില്‍ ഉടനീളമുണ്ട്.മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അയല്‍ ജില്ലകളിലെ മലയോര മേഖലകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെ.സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദേശപത്രിക സമർപ്പിക്കും

keralanews k surendran will again submit nomination today

പത്തനംതിട്ട:പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദേശപത്രിക സമർപ്പിക്കും.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും പത്രിക സമര്‍പ്പിക്കുന്നത്.ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുള്‍പ്പെടെ 242 കേസ്സുകളില്‍ കൂടി സുരേന്ദ്രനെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.നേരത്തേ 20 കേസ്സുകളില്‍ സുരേന്ദ്രനെ സര്‍ക്കാര്‍ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെല്ലാം സുരേന്ദ്രന്‍ ജാമ്യം എടുത്തിരുന്നു.
അതുകൊണ്ടുതന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ 20 കേസുകളെയുള്ളൂവെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിപോകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇന്ന് വീണ്ടും പത്രിക സമര്‍പ്പിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടെന്ന് പറയുന്ന ഇത്രയധികം കേസുകളില്‍ സമന്‍സോ, വാറന്‍റോ തനിക്ക് കിട്ടിയില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മാത്രമല്ല പത്തനംതിട്ടയില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നടപടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.അതേസമയം, കള്ളക്കേസുകളില്‍ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. ഇത്രയേറെ കേസുകള്‍ ചുമത്തിയിട്ട് നോട്ടീസയക്കാതിരുന്നത് കെ സുരേന്ദ്രന്റെ പത്രിക തള്ളിക്കളയിക്കാനുള്ള ഗൂഢ ശ്രമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ പത്രിക സമര്‍പ്പിക്കുന്ന സമയത്തു കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും.അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു

keralanews girl burnt to death for rejecting love proposal in thrissur

തൃശൂർ:പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു.ചിയ്യാരം സ്വദേശിനിയും ബിടെക് വിദ്യാര്‍ത്ഥിനിയുമായ നീതുവാണ്(22)മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട്  വടക്കേകാട് സ്വദേശിയായ നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നീതുവിന്റെ വീട്ടിലെത്തി നിതീഷ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.ഇത് നീതു നിരസിച്ചു. ഇതോടെ നീതുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. വീട്ടുകാര്‍ നീതുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നിതീഷിനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. വാഹനത്തിലാണ് യുവാവ് വീട്ടിലെത്തിയത്. പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതോടെ പെണ്‍കുട്ടി നിലവിളിച്ചു.നിലവിളി കേട്ട് ഓടി എത്തിയവര്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. നിതീഷ് ഓടിരക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ ഓട്ടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.മുത്തച്ഛനും മുത്തശ്ശിയോടൊപ്പമായിരുന്നു കുട്ടിയുടെ താമസം.അച്ഛന്‍ ഉപേക്ഷിച്ച്‌ പോയതു കൊണ്ടാണ് നീതു അപ്പുപ്പനും അമ്മൂമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നത്. അമ്മയും വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു.യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനുമേൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ

keralanews govt in supreme court said will not charge crime on dileep immediately

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനുമേൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.മുതിർന്ന അഭിഭാഷകൻ ഹരീഷ് റാവലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു.ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ.എം ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റി.വെള്ളിയാഴ്ച എറണാകുളത്തെ വിചാരണക്കോടതി ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം.നടിയെ കാറില്‍ വെച്ച്‌ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കുറ്റം ചുമത്തരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. മെമ്മറി കാര്‍ഡിന്റെ കോപ്പി ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളിയിരുന്നു. ഇതടക്കം എല്ലാ തെളിവുകള്‍ക്കും തനിക്ക് അവകാശമുണ്ട് എന്നാണ് ദിലീപിന്റെ വാദം.

കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി

keralanews amicus curiae report that the reason for flood in kerala is due to bad management of dams

തിരുവനന്തപുരം:കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഡാമുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ കാരണമെന്ന് പരിശോധിക്കണം. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം നേരിട്ട മഹാപ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അമികസ് ക്യൂറിയെ നിയമിച്ചത്. ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരേയും ഡാം മാനേജ്മെന്‍റ് വിദഗ്ധരെയും സാങ്കേതിക കാലാവസ്ഥ വിദഗ്ധരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. ഈ സമതി കേരളത്തിലെ ഡാമുകള്‍ മുന്നറിയിപ്പിലാതെ പെട്ടെന്ന് തുറന്നതാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചെളി അടിഞ്ഞുകിടന്നിടത്ത്‌ വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായി. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും 49 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.