കേരളത്തിന്റെ ആദ്യ ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂൺ മാസത്തിൽ നിരത്തിലിറങ്ങും

keralanews kerala first electrical auto green e auto on road in june

തിരുവനന്തപുരം:കേരളത്തിന്റെ ആദ്യ ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂൺ മാസത്തിൽ നിരത്തിലിറങ്ങും.വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നതിനു മുൻപുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന് സമര്‍പ്പിച്ചു.കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഓട്ടോകള്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. അനുമതി ലഭിച്ചാല്‍ ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകും. നിലവില്‍ നാലു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഗ്രീന്‍ ഓട്ടോറിക്ഷയ്ക്ക് രണ്ടര ലക്ഷം രൂപയാണ് വില.നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ ഓടാനാകും. ഒരു കിലോ മീറ്ററിന് വെറും 50 പൈസയാണ് ചെലവ്.സാങ്കേതിക വിദ്യ, രൂപ കല്‍പ്പന എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഗ്രീന്‍ഓട്ടോ. ഓട്ടോസ്റ്റാന്‍ഡുകളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കെഎഎല്‍ സ്ഥാപിക്കും.നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഇന്ത്യയില്‍ ഇ ഓട്ടോകള്‍ നിര്‍മിക്കുന്നത്.വിപണിയിലെത്തിയില്ലെങ്കിലും ഗ്രീന്‍ ഓട്ടോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.ഡല്‍ഹി,മുംബൈ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അന്വേഷകരില്‍ ഭൂരിഭാഗവുമെന്ന് കെഎഎല്‍ മാനേജിങ് ഡയറക്ടര്‍ എ ഷാജഹാന്‍ പറഞ്ഞു.ഓട്ടോറിക്ഷകള്‍ വിപണി പിടിച്ചാല്‍ നാലുചക്ര ഇ വാഹനങ്ങളുടെ നിര്‍മാണത്തിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിച്ചു.ഭാവിയില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഇ ഓട്ടോകള്‍ മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം

keralanews decision to increase electricity charge in the state

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം.മെയ് 23നു ശേഷമാണ് ഉത്തരവ് പുറത്തിറക്കുക.ഉത്തരവ് ഇറങ്ങാനായി കാലതാമസമുണ്ടെങ്കില്‍ പോലും മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധന നടപ്പാക്കുക. അടുത്തിടെ ചാര്‍ജ് വര്‍ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു.ഗാര്‍ഹിക ഉപയോക്താക്കളുടെ ക്രോസ് സബ്‌സിഡി നിര്‍ത്തലാക്കാനും വ്യവസായത്തിനുള്ള വൈദ്യുതി വില കുറക്കാനുമുള്ള നിര്‍ദേശം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്ല് പ്രകാരമാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.ആദ്യവര്‍ഷം സാധാരണ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്രോസ് സബ്‌സിഡി 20 ശതമാനം കുറയ്ക്കാനും മൂന്നുവര്‍ഷംകൊണ്ട് സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കാനും നിര്‍ദേശിക്കുന്ന അപേക്ഷയാണ് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിരുന്നത്. ഇതോടെ സബ്‌സിഡി ഇല്ലാത്ത വൈദ്യുതിയാകും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്കാൻ തീരുമാനം

keralanews free ration for coastal areas for one month

തിരുവനന്തപുരം:തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍ നല്കാൻ തീരുമാനമായത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടില്‍ തിങ്കളാഴ്ച മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ്. കേരളത്തില്‍ ഞായറും തിങ്കളും 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.

ശ്രീലങ്കയിലെ ഭീകരാക്രമണം;മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

keralanews srilankan terrorist attack released photos of six including three women

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്ബരകള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവരെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്.ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു.76 പേരാണ് കസ്റ്റഡിയിലുള്ളത്. നാഷണല്‍ തൗഹീദ് ജമാഅത്തിലെ (എന്‍.ടി.ജെ) അംഗങ്ങളായ ഒൻപത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലിസ് നിഗമനം. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച്‌ വിശദമായി അന്വേഷണം നടത്തിവരികയാണ്.കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ചാവേറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ അതികൃതര്‍ പുറത്തു വിട്ടിരുന്നു. സ്‌ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്ബന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ ഒന്പതുപേരിൽ രണ്ടുപേര്‍. ഇവരിലൊരാള്‍ ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡിനെ തുടര്‍ന്ന് പിടിക്കപ്പെടുംമെന്ന് ഉറപ്പായതോടെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ചു. ഗര്‍ഭിണിയായ ഫാത്തിമയും അവരുടെ മൂന്ന് കുട്ടികളും, റെയ്ഡ് നടത്താന്‍ എത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും രണ്ടു കോണ്‍സ്റ്റബിള്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.ചാവേറുകളായ സഹോദരന്മാരുടെ പിതാവും ശ്രീലങ്കയിലെ അതിസമ്ബന്നനും സുഗന്ധ വ്യഞ്ജന വ്യാപാരിയുമായ മുഹമ്മദ് ഇബ്രാഹിമിനെ അന്വേഷണ വിധേയമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കെവിൻ വധക്കേസ്;പിതാവിനും സഹോദരനും എതിരെ സാക്ഷി പറയാനായി നീനു ഇന്ന് കോടതിയിലേക്ക്

keralanews kevin murder case neenu will present court today to tell the witness against her father and brother

കോട്ടയം: കേരളത്തെ നടുക്കിയ അതിക്രൂരമായ ദുരഭിമാനക്കൊലയായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം.കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ കോടതിയിൽ പുരോഗമിക്കുകയാണ്.വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിനെ അതിക്രൂരമായി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ തന്റെ പിതാവിനെയും സഹോദരനുമെതിരെ സാക്ഷിപറയാന്‍ കോടതിയിലേക്ക് കെവിന്റെ പ്രതിശ്രുത വധുവായിരുന്ന നീനു എത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുമ്ബാകെയാണ് വിസ്തരിക്കുക. ഗൂഡാലോചനയില്‍ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തില്‍ നീനുവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമാകും.പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജന്‍ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും. കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്.

കണ്ണൂർ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാന്‍ മദ്യലഹരിയില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

keralanews the policeman who came drunk to test rahul gandhis food were suspended

കണ്ണൂര്‍:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാന്‍ മദ്യലഹരിയില്‍ എത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവം.കണ്ണൂര്‍ ഗവണ്‍മെന്ഡറ് ഗസ്റ്റ് ഹൗസില്‍ അത്താഴം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സിപിഒ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിനെയാണ് സസ്‌പെൻഡ് ചെയ്തത്.വിവിഐപിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന അലക്‌സാണ്ടര്‍ മദ്യപിച്ചിരുന്നതിനാല്‍ എസ്പിജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതുമൂലം രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ കൃത്യവിലോഭത്തെക്കുറിച്ച്‌ എസെിപിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.

ആലപ്പുഴയിൽ വാഹനാപകടം;കണ്ണൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു

keralanews three kannur natives died in an accident in alapuzha

ആലപ്പുഴ: ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം വിവാഹ നിശ്ചയത്തിനു പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ എതിരെ വന്ന സൂപ്പര്‍ ഫാസ്റ്റിടിച്ച്‌ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തലശേരി കീഴല്ലൂര്‍ പാടിച്ചാല്‍ രവീന്ദ്രന്റെ മകന്‍ വിനീഷ് (25), മാതൃസഹോദരി പ്രസന്ന (55), ബന്ധുവായ മട്ടന്നൂര്‍ ചാവശേരി ഓതയത്ത് വിജയകുമാര്‍ (38) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 11.15 ഓടെ ആണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രാവലില്‍ നിന്ന് പുറത്തേക്കു തെറിച്ചു വീണ വിനീഷും പ്രസന്നയും തത്ക്ഷണം മരിക്കുകയായിരുന്നു. വാനില്‍ കുടുങ്ങി ഗുരുതര പരിക്കേറ്റാണ് വിജയകുമാര്‍ മരിച്ചത്.11 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും കെ.വി.എം, മതിലകം ആശുപത്രികളിലും പ്രവേശിപ്പിച്ചു.തിരുവനന്തപുരം പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന സ്കോര്‍പ്പിയോ വാനിനെ മറികടക്കുന്നതിനിടെയാണ് ബസ് ട്രാവലറില്‍ ഇടിച്ചത്. ട്രാവലര്‍ തലകീഴായി മറിഞ്ഞു. മൂന്ന് കുട്ടികളും ഡ്രൈവറും ഉള്‍പ്പെടെ 14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അപകടം നടന്ന് അരമണിക്കൂറിനുശേഷം പൊലീസെത്തിയാണ് പരിക്കറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുകയായിരുന്നു.

അന്തസംസ്ഥാന ബസ് ഓഫീസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി

keralanews motor vehicles department strict inspection in interstate bus offices

തിരുവനന്തപുരം:അന്തഃസംസ്ഥാന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ബസ്സുകളുടെ ഓഫീസുകളിൽ പരിശോധന ശക്തമാക്കി.സംസ്ഥാന വ്യാപകമായി 100 ബസ്സുകൾ പരിശോധിച്ചതിൽ 28 എണ്ണത്തിൽ ക്രമക്കേട് കണ്ടെത്തി.പ്രത്യേകം ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുക, അനധികൃതമായി പാർസൽ കടത്തുക,അമിത വേഗം തുടങ്ങിയ ക്രമക്കേടുകൾക്ക് 40000 രൂപ പിഴയീടാക്കി.39 ബുക്കിംഗ് ഓഫീസുകൾക്ക് ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് ഹാജരാക്കാൻ നിർദേശം നൽകി.അല്ലാത്തപക്ഷം ഓഫീസിൽ അടയ്ക്കണമെന്നും നിർദേശം നൽകി. തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തിക്കുന്ന കല്ലട ട്രാവൽസിന്റെ ഓഫീസിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതോടെ ഓഫീസിൽ അടയ്ക്കാൻ നിർദേശം നൽകി.തമ്പാനൂരിലെ ഒരു ഓഫീസിനു മാത്രമേ അംഗീകൃത ബുക്കിംഗ് ഏജൻസിക്കുള്ള എൽ.എ.പി.ടി ലൈസൻസ് ഉള്ളൂ.ഇവരുടെ ലൈസൻസിൽപ്പെട്ട 20 ബസ്സുകൾക്ക് മാത്രമേ യാത്രക്കാരെ കൊണ്ടുപോകാൻ അനുവാദമുള്ളൂ.

ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം

keralanews p u chithra got gold medal in asian athletic championship

ദോഹ:ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കണ്ടില്‍ ഫിനിഷ് ചെയ്താണ് താരം കേരളത്തിന്റെ അഭിമാനം കാത്തത്.പക്ഷേ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് പതിനാറാം സംസ്ഥാന സമ്മേളനം മെയ് 4 ശനിയാഴ്ച ബർണ്ണശ്ശേരി ഇ.കെ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു

keralanews association of tax practitioners 16th state conference is held at ek nayanar academy auditorium barnassery on saturday may4

കണ്ണൂർ:അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് പതിനാറാം സംസ്ഥാന സമ്മേളനം 2019 മെയ് 4 ശനിയാഴ്ച ബർണ്ണശ്ശേരി ഇ.കെ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.കേരളത്തിലെ ടാക്സ് പ്രാക്ടീഷണർമാരുടെ തൊഴിൽപരമായ ക്ഷേമവും ഐക്യവും സഹവർത്തിത്വവും ഉറപ്പുവരുത്തുന്നതിനും ഗവൺമെന്റിൽ നിന്നും അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി ജാതിമത രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന ടാക്സ് പ്രാക്ടീഷണർമാരുടെ ഒരേയൊരു സംഘടനയാണ് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ്.അംഗങ്ങളുടെ തൊഴിൽപരമായ ഉയർച്ചയും ക്ഷേമവും മുൻനിർത്തി സംസ്ഥാനത്താകെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ള ഈ സംഘടനയുടെ സംസ്ഥാന സമ്മേളനമാണ് മെയ് 4 ശനിയാഴ്ച്ച നടത്തപ്പെടുന്നത്.

രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട സംസ്ഥാന കായിക-വ്യവസായ വകുപ്പ് മന്ത്രി ശ്രീ.ഇ.പി ജയരാജൻ പൊതു സമ്മേളനം ഔപചാരികമായി ഉൽഘാടനം ചെയ്യും.ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശ്രീ.മഹേഷ് തയ്യൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രെട്ടറി ശ്രീ.മനോജ് കുമാർ എ സ്വാഗതം പറയും. ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി സുമേഷ് മുഖ്യാതിഥിയാവും. ബഹുമാനപ്പെട്ട ശ്രീ.കെ.സദാനന്ദൻ IRS(ജോയിന്റ് കമ്മീഷണർ ഇൻകം ടാക്സ്,കണ്ണൂർ),ശ്രീ.രാം മനോഹർ IRS(അസി.കമ്മീഷണർ,സെൻട്രൽ ജി.എസ്.ടി),ശ്രീമതി.ചിപ്പി ജയൻ(ഡെപ്യുട്ടി കമ്മീഷണർ,സ്റ്റേറ്റ് ജി.എസ്.ടി),കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രെട്ടറി പുനത്തിൽ ബാഷിദ്,കേരളാ സംസ്ഥാന വ്യാപാരി വ്യവസായ സമിതി സ്റ്റേറ്റ് ജോയിന്റ് സെക്രെട്ടറി ശ്രീ.ഗോപിനാഥൻ വി.,ശ്രീ.സി.എ സാജു ശ്രീധർ കെ.B.Com.,FCA(ചെയർമാൻ,കണ്ണൂർ ബ്രാഞ്ച് SIRC of ICAI), ശ്രീ.വിനോദ് നാരായണൻ.കെ(പ്രസിഡന്റ്,നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്,കണ്ണൂർ),ശ്രീ.പ്രസാദ് ടി.പി(സെക്രെട്ടറി,ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ, കണ്ണൂർ ബ്രാഞ്ച്), അഡ്വ.ടോംസൺ.ടി.ഇമ്മാനുവേൽ(ലീഗൽ അഡ്വൈസർ), അഡ്വ.ദേവാനന്ദ നരസിംഹം(ലീഗൽ അഡ്വൈസർ),ശ്രീ.റോയി റിപ്പൺ(സംസ്ഥാന ട്രെഷറർ),ശ്രീ.മസൂദ് കെ.എം(സംസ്ഥാന ജോയിന്റ് സെക്രട്ടറി),ശ്രീ.രമേശ് കുമാർ എ.എം(സംസ്ഥാന വക്താവ്) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.ശ്രീ.ടോമി.തോമസ്(സ്വാഗതസംഘം കൺവീനർ) കൃതജ്ഞത രേഖപ്പെടുത്തും.

ഉച്ചഭക്ഷണത്തിനു ശേഷം 2.30 നടക്കുന്ന പ്രതിനിധി സമ്മേളനം ശ്രീ.കെ.സദാനന്ദൻ IRS(ജോയിന്റ് കമ്മീഷണർ ഇൻകം ടാക്സ്,കണ്ണൂർ) ഉൽഘാടനം ചെയ്യും. ചടങ്ങിൽ ശ്രീ.മഹേഷ് തയ്യൂർ(സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്)അധ്യക്ഷത വഹിക്കും.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.ലതീഷ് എൻ സ്വാഗതം ആശംസിക്കും.സംസ്ഥാന ജനറൽ സെക്രെട്ടറി ശ്രീ.മനോജ് കുമാർ എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.സംസ്ഥന ട്രെഷറർ സർ.റോയി റിപ്പൺ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും.തുടർന്ന് ചർച്ച,ബൈലോ ഭേദഗതി,പൊതു ചർച്ച,സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.നിയുക്ത സംസ്ഥാന ജനറൽ സെക്രെട്ടറി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തും.