പ്രളയത്തിന് കാരണം അതിവർഷം;അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍

keralanews the reason for flood is heavy rain and govt rejected the report of amicus curiae

കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍.അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്രജലക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന് അമിക്കസ് ക്യൂറി ആശ്രയിച്ചിരിക്കുന്ന നാലു പഠനങ്ങളില്‍ രണ്ടും ശാസ്ത്രീയമല്ല. റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ ചുമതലകള്‍ വരെ സംസ്ഥാനത്തിന്റെ വീഴ്ചയായി കണക്കാക്കിയെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച്‌ അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച്‌ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് സ്ത്രീകളും കുട്ടികളുമടക്കം 11 പേര്‍ക്ക് പരിക്ക്

keralanews 11 including ladies and kids injured in fox attack in kozhikkode

കോഴിക്കോട്:കോഴിക്കോട് ഊരള്ളൂരിൽ കുറുക്കന്റെ കടിയേറ്റ് സ്ത്രീകളും കുട്ടികളുമടക്കം 11 പേര്‍ക്ക് പരിക്ക്.ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം.പരിക്കേറ്റവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കുറുക്കന്റെ കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.നാട്ടുകാരെ ആക്രമിച്ച കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരായി കുത്തിവെയ്‌പ്പ് നല്‍കി.

കണ്ണൂർ,കാസർകോഡ് ജില്ലകളിലെ റീപോളിങ് സമാധാനപരം;പോളിങ് ശതമാനം കുറഞ്ഞതായി കണക്കുകൾ

keralanews repolling is peaceful in kannur kasarkode districts and polling percentage decreases

കണ്ണൂർ:കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴു ബൂത്തുകളിൽ ഇന്നലെ നടന്ന റീപോളിങ് സമാധാനപരമായിരുന്നു.ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് അല്‍പനേരം പോളിങ് തടസ്സപ്പെട്ടു.കംപാനിയന്‍ വോട്ടിന് വോട്ടറുടെ ഐഡി കാര്‍ഡിനു പുറമെ വോട്ടു ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖ കൂടി ആവശ്യപ്പെട്ടതോടെ കുന്നിരിക്ക ബൂത്ത് 52 ല്‍ തർക്കമുണ്ടായി.എന്നാല്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിച്ചു. പാമ്ബുരുത്തി ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ റജിസ്റ്ററിലുള്ള കണക്കും പൊരുത്തപ്പെടാതെ വന്നത് ആശയക്കുഴപ്പമുണ്ടാക്കി.എന്നാല്‍ വോട്ടിങ് ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.റീ പോളിങ് നടന്നപ്പോള്‍ ഉണ്ടായ പോളിങ് ശതമാനവും 23 ന് നടന്ന പോളിങ് ശതമാനം ബ്രാക്കറ്റിലും നല്‍കിയിരിക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്‌എസ് ബൂത്ത് 48 84.14 (88.9), പിലാത്തറ യുപി സ്‌കൂള്‍ ബൂത്ത് 19 83.04 (88.82), പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ ബൂത്ത് 69 77.77 (80.08), ബൂത്ത് 70 71.76 (79.16), കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്ബുരുത്തി മാപ്പിള എയുപി സ്‌കൂള്‍ ബൂത്ത് 166 82.81 (82.95), ധര്‍മടം കുന്നിരിക്ക യുപി സ്‌കൂള്‍ ബൂത്ത് 52 88.86 (91.32), ബൂത്ത് 53 85.08 (89.05).

പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്

keralanews bomb attack against congress booth agent in pilathara

പയ്യന്നൂർ:കള്ളവോട്ട് കണ്ടെത്തിയതിനെ കഴിഞ്ഞ ദിവസം റീപോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിന് നേരെ ബോംബേറുണ്ടായത്.ബോംബേറിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കല്ല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19ആം ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റായിരുന്നു പത്മനാഭന്‍.രാവിലെ ചെറിയ രീതിയില്‍ പിലാത്തറയില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ ബോംബേറുണ്ടായത്. പോളിങ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അര്‍ധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം;കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

keralanews exit poll predictions that the nda will win with a clear majority

ന്യൂഡൽഹി:എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം.അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറ് മണിയോടെ പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ്‌ ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചനം. യു.പി.എ 132, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍. റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്ന് പറയുന്നു. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നും പ്രവചിക്കുന്നു. 542 സീറ്റുകളില്‍ 305 എണ്ണം എന്‍.ഡി.എ നേടുമെന്നാണ് ജന്‍കി ബാത്ത് പോള്‍ പ്രവചിക്കുന്നത്. യു.പി.എ 124, മറ്റുള്ളവര്‍ 113 എന്നിങ്ങനെയാണ് ബാക്കി സീറ്റുകള്‍.ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷത്തിന് ഇത്തവണ നിരാശ തന്നെ ഫലം എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. അതായത് എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണ തുടര്‍ച്ച തന്നെയാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.കേരളത്തില്‍ യു.ഡി.എഫ് 15ഉം എല്‍.ഡി.എഫ് 4ഉം എന്‍.ഡി.എ 1ഉം സീറ്റുകള്‍ ലഭിക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ – ആക്സിസ് സര്‍വെ പ്രകാരം യു.ഡി.എഫിന്15 മുതല്‍ 16 സീറ്റുകളും എന്‍.ഡി.എഫിന് 3 മുതല്‍ അഞ്ച് സീറ്റുകളും എന്‍.ഡി.എക്ക് പരമാവധി ഒരു സീറ്റും ലഭിക്കും.

റീപോളിംഗ് നടക്കുന്നിടത്ത് വോട്ട് ചോദിച്ചു; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി നൽകി

keralanews ldf lodged complaint against rajmohan unnithan who request vote in repolling

കാസർകോഡ്:റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പർ 19ല്‍ ക്യൂവില്‍ നിന്നവരോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്ന പരാതിയുമായി എൽഡിഎഫ്.എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.രാവിലെ ആറരയോടെ പിലാത്തറ സ്‌കൂളിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചെയ്യാന്‍ വരിനിന്നവരോട് വോട്ടഭ്യര്‍ഥിച്ചെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിൽ  ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുകയാണ്.ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത് . 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.

കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ റീപോളിങ് പുരോഗമിക്കുന്നു

keralanews repolling progressing in seven booths in kannur kasarkode districts

കണ്ണൂർ:കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ് നടക്കുന്ന കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്‌.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പർ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പർ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പർ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്.കണ്ണൂര്‍ ധര്‍മടത്ത് റീപോളിങ് നടക്കുന്ന സ്‌കൂള്‍ വളപ്പിനുള്ളില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ നീക്കി. റീപോളിങ്ങിന് മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളില്‍ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ചിത്രവുമായി ഇവര്‍ ഒത്തുനോക്കും. ഇതിനു ബൂത്തില്‍ പ്രത്യേക മറ ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. ഓരോ ഡിവൈഎസ്പിക്കു വീതമാണു സുരക്ഷാച്ചുമതല. എല്ലായിടത്തും വെബ് കാസ്റ്റിങ്ങും വിഡിയോ ചിത്രീകരണവുമുണ്ട്.

മലപ്പുറത്ത് പത്തുവയസുകാരിയുടെ മരണ കാരണം നെഗ്ലേറിയ ഫൗലെറിയെന്ന വൈറസ്ബാധമൂലമെന്ന് ആരോഗ്യവകുപ്പ്

keralanews the death of ten year old girl in malappuram is due to naegleria fowleri

മലപ്പുറം: മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ്.അരിപ്ര ചെറിയച്ഛന്‍വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യയാണ് വ്യാഴാഴ്ച മരിച്ചത്.കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു.ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്.രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

കല്യാണമണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിര്‍ദേശം

keralanews child right protection commission reccomendation to produce the birth certificate of bride and groom when booking wedding auditorium

തിരുവനന്തപുരം:കല്യാണമണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിര്‍ദേശം.കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതരേഖ വിവാഹമണ്ഡപ അധികൃതര്‍ ചോദിച്ചുവാങ്ങണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സൂക്ഷിച്ചുവെക്കുകയും വേണം. ശൈശവ വിവാഹങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.വധുവിനോ വരനോ പ്രായം കുറവാണെന്ന് കണ്ടാല്‍ മണ്ഡപം അനുവദിക്കരുതെന്നും ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതില്‍ വീഴ്ച ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പൊലീസുകാരില്‍ നിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

keralanews postal ballot disorder election commission says no complaint received from police officers yet

തിരുവനന്തപുരം : പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച്‌ ഇതുവരെ പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.മാധ്യമ വാര്‍ത്തകളുടെയും മറ്റു ചില പരാതികളുടേയും അടിസ്ഥാനത്തില്‍ ആരോപണങ്ങളുടെ വസ്തുത തേടി 2019 മെയ് 6ന് ഡി.ജി.പിക്കു കത്തെഴുതി.സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് ശേഷം ട്രൈബ്യൂണലില്‍ ഹരജി നല്‍കാവുന്നതാണ്.തപാല്‍ ബാലറ്റ് വിതരണം സംബന്ധിച്ച്‌ 2014ല്‍ കമ്മീഷന്‍ കൊണ്ടുവന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയിറക്കിയ സര്‍ക്കുലര്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരമുള്ളതാണെന്നും ക്രമക്കേട് സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായും വിശദീകരണത്തില്‍ പറയുന്നു.പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച്‌ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.