ഡല്‍ഹിൽ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് ഇനിമുതൽ സൗജന്യ യാത്ര

keralanews free journey for ladies in delhi metro and bus

ന്യൂഡൽഹി:ഡല്‍ഹിൽ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് ഇനിമുതൽ സൗജന്യ യാത്ര. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പദ്ധതി പ്രഖ്യാപിച്ചത്.തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ നടപ്പില്‍ വരും.സ്ത്രീകളുടെ സുരക്ഷിത യാത്രക്കും യാത്രാ ചെലവ് ഗണ്യമായി കുറക്കുന്നതിനുമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നതെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി.പദ്ധതി അനുസരിച്ച് മെട്രോ, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍, ക്ലസ്റ്റര്‍ ബസുകള്‍ തുടങ്ങിയവയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. 700 കോടി സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.അടുത്ത വര്‍ഷം ഡല്‍ഹി നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ജനപ്രിയ പ്രഖ്യാപനത്തിലൂടെ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടി മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണ് എ.എ.പിയുടെ ലക്ഷ്യം.

എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി

keralanews a p abdullakkutty expelled from congress

തിരുവനന്തപുരം:എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടി. പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എ പി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത്. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം.രാഷ്ട്രീയം മാറുകയാണ്.വിജയം വികസനത്തിനൊപ്പമാണ്.ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നുമായിരുന്നു പോസ്റ്റ്.സംഭവത്തിൽ പാർട്ടി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു.പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.എന്നാൽ നൽകിയ വിശദീകരണം പരാഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചു

keralanews nipah virus confirmed in man who was under observation in kochi hospital

കൊച്ചി:കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.പൂനെ വൈറോളജി ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. എറണാകളുത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ വടക്കേക്കര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സ്വകാര്യ ആശുപത്രി യുവാവിന്റെ രക്ത സാമ്പിളുകൾ ആദ്യം  ബംഗളൂരുവിലെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.ഇതില്‍ നിപ കണ്ടെത്തിയതോടെ സ്വകാര്യ ആശുപത്രി വിവരം ആരോഗ്യ വകുപ്പിന് കൈമാറി.തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമ്പിളുകൾ ആലപ്പുഴയിലേക്കും പൂനയിലേക്കും മണിപ്പാലിലേക്കും അയച്ചു. ആലപ്പുഴയിലെ പരിശോധനയിലും നിപ തന്നെയെന്ന് കണ്ടെത്തി.ഇന്ന് രാവിലെ പൂനെ വൈറോളജി ലാബും നിപ സ്ഥിരീകരിച്ചുള്ള വിവരം സംസ്ഥാന ആരോഗ്യവകുപ്പിന് അനൌദ്യോഗികമായി കൈമാറി.സമാനമായ റിപോര്‍ട്ട് തന്നെയാണ് മണിപ്പാല്‍ ലാബിന്റെതെന്നുമാണ് സൂചനകള്‍. പക്ഷേ മണിപ്പാലില്‍ നിന്നുള്ള റിപോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും നിപ ബാധ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക.

അതേസമയം നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്‍റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില്‍ പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്‍ന്ന് ആരോഗ്യ ഡയറക്ടര്‍ ഇന്നലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിയുന്ന യുവാവിനെ പരിചരിക്കേണ്ടതടക്കമുള്ള നിര്‍ദേശങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു.കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

നിപ വൈറസ്;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

keralanews nipah virus facts to know

കൊച്ചി:കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുമ്പോൾ ഈ വൈറസ് ബാധയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ 2008 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിലും ഇന്ത്യയിൽ ബംഗാളിലും ഈ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം കഴിഞ്ഞ ജൂണില്‍ കേരളത്തിലാണ് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ കൊച്ചിയിൽ വീണ്ടും നിപ ബാധ സ്ഥിതീകരിച്ചിരിക്കുകയാണ്. പഴങ്ങൾ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിൽ (fruit bat) കാണപ്പെടുന്ന നിപ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്.ഇത്തരം വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ് (natural carriers). അതുകൊണ്ടു തന്നെ വവ്വാലുകൾക്ക് ഈ രോഗം ബാധിക്കില്ല. എന്നാൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറത്തേക്കു വ്യാപിക്കും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകൾ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങൾക്കു രോഗം വരൻ ഇടയാക്കും. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം.വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയും, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും, രോഗ ബാധയുള്ള വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രോഗം വരം. രോഗം ബാധിച്ച ഒരാളിൽ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പകരാം. രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്.രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളിൽ വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും.

വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ നാലു മുതൽ പതിനെട്ട് ദിവസം വരെ ദിവസങ്ങൾ വേണ്ടി വരും.പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചകിത്സ ആരംഭിക്കണം.രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. പക്ഷിമൃഗാദികളും കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
2. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
3. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചിലവഴിക്കാതിരിക്കുക.
4. പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.
5. രോഗികളുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച്‌ കൈ നന്നായി കഴുകി വൃത്തിയാക്കുക.
7. മൃതദേഹ ശുശ്രൂഷ ചെയ്തവര്‍ ഉടനെതന്നെ സോപ്പുപയോഗിച്ച്‌ നന്നായി കുളിക്കുക.
8.രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
 

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോളേജിൽ കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ക്കാ​ത്ത രോ​ഗി​ക്ക് കീ​മോ ന​ല്‍​കി​യ സംഭവം;മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

keralanews the incident of woman given chemo after wrong diagnosis human rights commission has voluntarily lodged complaint

തിരുവനന്തപുരം:കോട്ടയം മെഡിക്കല്‍ കോളേജിൽ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് ഉത്തരവിട്ടു.പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പി നടത്തിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി.അതേസമയം തെറ്റായ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണില്‍ സംസാരിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡയനോവ എന്ന സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ചാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്റ്റർമാർ രജനിക്ക് കീമോതെറാപ്പി ആരംഭിച്ചത്.വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യ ലാബിൽ നൽകിയ സാംപിൾ തിരികെ വാങ്ങി പതോളജി ലാബിൽ വീണ്ടും പരിശോധിച്ചു. കാൻസർ കണ്ടെത്താതിരുന്നതിനെ തുടർന്ന് സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ വീണ്ടും പരിശോധന നടത്തി. ഇതിലും കാൻസർ കണ്ടെത്തിയില്ല എന്നതായിരുന്നു റിപ്പോർട്ട്. തുടർന്ന് പരിശോധനയിൽ കണ്ടെത്തിയ മുഴ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.കാൻസർ ചികിത്സയുടെ ദുരിതങ്ങൾ രജനിയുടെ മുഖത്തും ശരീരത്തിലും വ്യക്തമായി കാണാം.തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയി. മുഖവും കൺതടങ്ങളും കറുത്ത് കരിവാളിച്ചു.ജീവിതം വഴിമുട്ടിയ അവസ്ഥയിൽ 8 വയസ്സുകാരി മകൾക്കും പ്രായമായ മാതാപിതാക്കൾക്കും ഏക ആശ്രയമായ രജനി ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.

നിപ പ്രതിരോധം;കോഴിക്കോട് നിന്നും വിദഗ്‌ദ്ധ സംഘം കൊച്ചിയിലേക്ക് തിരിച്ചു

keralanews nipah prevention expert team from kozhikkode travelling to kochi

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോഴിക്കോട് നിന്നും വിദഗ്ധ സംഘം കൊച്ചിക്ക് തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്സുമാരും ഒരു റിസര്‍ച്ച്‌ അസിസ്റ്റന്‍റും സംഘത്തില്‍ ഉണ്ട്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആരോഗ്യമന്ത്രി കെ.കെ ഷൈലജയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടര്‍നടപടികള്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മരുന്ന് എത്തിക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.

മോദി സ്തുതി;അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

keralanews praise modi strict action against abdullakutti

തിരുവനന്തപുരം:നരേന്ദ്ര മോദിയെ അനുകൂലിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും. കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടും ഇതുവരെയും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സാധ്യത. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നും നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.മോദിയെ പുകഴ്ത്തിയ എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്.

മൂന്നു ദിവസം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ 17 കാരിയെ കണ്ടെത്തി

keralanews girl who were missing from wayand during train journey was found

വയനാട്:മൂന്നു ദിവസം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17 കാരിയെ കണ്ടെത്തി.കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്.താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച്‌ കൂട്ടിയതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.കൊച്ചിയിലെ അമ്മ വീട്ടില്‍ നിന്ന്  വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മേയ് 31ന് കോഴിക്കോടുവച്ചാണ് വിഷ്ണുപ്രിയയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കൂടാതെ അച്ഛന്‍ ശിവജി തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക് പോസ്റ്റും ഇട്ടിരുന്നു.ഇതാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടി തനിച്ചിരിക്കുന്നത് കണ്ട ഒരു യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.അതേസമയം വിഷ്ണുപ്രിയയ്ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന

keralanews man who was under treatment in kochi has been diagnosed with nipah virus

തിരുവനന്തപുരം:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിതീകരിച്ചതായി സൂചന.പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ട്.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. തൃശൂരില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചത്.അതേസമയം നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ എല്ലാ സജ്ജീകരമങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍നിന്നുള്ള ഐഎസ് ഭീകരന്‍ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി സൂചന

keralanews information that i s terrorist from kerala killed in afganisthan

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള ഐഎസ്‌ ഭീകരൻ റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന.അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസര്‍കോടുകാരനായ റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.2016 മെയ് മാസത്തിലാണ് കാസര്‍കോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തില്‍ ഭാര്യ ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി നിമിഷ തുടങ്ങിയവർ ഐഎസില്‍ ചേരാന്‍ നാടു വിട്ടത്.ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബുകളിലെത്തിയതായി ദേശീയ അന്വേഷണ ഏന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു.സലഫി പ്രഭാഷകന്‍ എംഎം അക്‌ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാള്‍ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ സന്ദേശം അയക്കാറുണ്ടായിരുന്നു.