ബാലഭാസ്‌ക്കറിന്റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി

keralanews the death of balabhaskar is not an accidental death said kalabhavan sobi

തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌ക്കറിന്റെ മരണം അപകടമരണമല്ലെന്ന് കലാഭവൻ സോബിയുടെ മൊഴി.വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു.മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ എത്തിയ ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഗാന്ധിനഗറില്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മൊഴിയിലും സോബി ആവര്‍ത്തിച്ചു.രണ്ട് പേര്‍ ഓടിപ്പോയെന്നത് താന്‍ കണ്ടതായി ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നതായും സോബി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി; എക്സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

keralanews death threat against union minster v muraleedharan

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി.സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ കൊളത്തറ സ്വദേശി ബാദല്‍(33) ആണ് കസ്റ്റഡിയിലായത്. ഇയാളെ സ്‌പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.ബുധനാഴ്ച രാവിലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ബാദലിന് സിംകാര്‍ഡ് എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീഷണിയെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.

നിപ;പ്രതിരോധ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു

keralanews nipah medicine brought from australia to kochi

കൊച്ചി:നിപ വൈറസിന് നല്‍കുന്ന മോണോക്ലോണ്‍ ആന്റിബോഡി എന്ന പ്രതിരോധമരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു.നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതിനാല്‍ ഈ മരുന്ന് ഉപയോഗിച്ചേക്കില്ല. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കും.അതേസമയം നിപരോഗബാധ സംശയിച്ച്‌ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഇവരുടെ സാംപിളുകള്‍ പൂണെയിലേക്കും മണിപ്പാലിലേക്കും ആലപ്പുഴയിലേക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെയോ മറ്റന്നാളോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ് ആയിരിക്കും എന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു.നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും  ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്.ഏതെങ്കിലും മേഖലയില്‍ സ്കൂള്‍ അടച്ചിടേണ്ടതുണ്ടോയെന്ന് വൈകിട്ട് മാത്രമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ബാലഭാസ്കറിന്‍റെ മരണം;മൊഴി നല്‍കാന്‍ കലാഭവന്‍ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി;ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

keralanews kalabhavan sobi reached crime branch office to give statemet about the death of balabhaskar bank accounts also check

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കലാഭവന്‍ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്ന്  സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സോബിയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്.ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ ആണെന്ന മൊഴിയില്‍ ലക്ഷമി ഉറച്ചു നില്‍ക്കുകയാണ്. ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ലക്ഷ്മി വ്യക്തമാക്കി.അതേസമയം ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബാലഭാസ്കറുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കും.ബാലഭാസക്കറിനോട് അടുപ്പമുള്ള പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതോടെയാണ് മരണത്തില്‍ വീണ്ടും ദുരൂഹത ഉയര്‍ന്നത്.

വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു

keralanews eid ul fitar today

തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു.മുപ്പതുദിവസത്തെ ഭക്തിനിറഞ്ഞ വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ് വിശ്വാസികള്‍. പള്ളികളിലും  വിവിധ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.രാവിലെ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്നലെയാണ് ചെറിയ പെരുന്നാൾ ആഘോഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്

keralanews world cup cricket indias first match today

സതാംപ്റ്റൺ:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളി.ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.വിജയക്കൊടി പാറിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നത്.അതേസമയം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല.ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഡനിശ്ചയത്തിലാണ് കോലിയും സംഘവും.

ഇന്ന് ലോക പരിസ്ഥിതി ദിനം

keralanews world environment day today

ഇന്ന് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. അന്തരീക്ഷമലിനീകരണമാണ് ഇത്തവണത്തെ പരിസ്ഥിതിദിന പ്രമേയം.അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഇന്ന് ലോകം നേരിടുന്ന് ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം ഭൂമിയുടേയും മനുഷ്യന്റേയും നിലനില്‍പിന് തന്നെ ഭീഷണിയാണ്. ലോകത്ത് പ്രതിവര്‍ഷം 70 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.ഇന്ന് ലോകത്തില്‍ 92 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്.വര്‍ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സയ്-ക്കായി ഓരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകര്‍ക്കുന്ന പ്രതിഭാസങ്ങള്‍ നിരവധിയാണ് ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണം നേരിടുന്ന രാഷ്ട്രങ്ങള്‍. 2014 ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാരോഗ്യസംഘടന കണ്ടെത്തിയത് ഡല്‍ഹിയെ ആയിരുന്നു. നിത്യേന 80 ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ മൂലം മാത്രം മരണപ്പെടുന്നത്.പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. അന്തരീക്ഷ താപനില വര്‍ധിക്കുന്നതും ഓക്‌സിജന്റെ അളവ് കുറയുന്നതും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് വഴി വെയ്ക്കുന്നത്.അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മരങ്ങളും കാടുകളും സംരക്ഷിക്കുന്നത് വഴിയും, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കുന്നത് വഴിയും ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കാന്‍ കഴിയും. വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മലയാളിയും

keralanews malayali also in airforce aircraft missing over arunachal pradesh

ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മലയാളിയും.വ്യോമസേന ഉദ്യോഗസ്ഥനായ കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്.11 വര്‍ഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അനൂപ്.ഒന്നരമാസം മുൻപ് അവധിക്ക് നാട്ടിലെത്തിയിരുന്നു.ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്രാ മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്നും വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു.

പതിമൂന്ന് പേരുമായി അരുണാചൽ പ്രാദേശിലേക്ക് യാത്ര തിരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി;അന്വേഷണം പുരോഗമിക്കുന്നു

keralanews indian airforce aircraft with 13 onboard missing over arunachal pradesh

ആസാം:പതിമൂന്ന് പേരുമായി അരുണാചൽ പ്രാദേശിലേക്ക് യാത്ര തിരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി.അസമിലെ ജോർഹതിൽ നിന്നും അരുണാചൽ പ്രദേശിലെ മചുകയിലേക്ക് പോകുകയായിരുന്ന ആന്റണോവ് എന്‍ എന്‍ 32 വിമാനമാണ് കാണാതായത്. ജോർഹതിൽനിന്നും തിങ്കളാഴ്ച ഉച്ചക്ക് 12.25ന് പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്.വിമാനത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ അടക്കം തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.എം.ഐ 17 എസ്, എഎല്‍എച്ച്, പി8ഐ, സുഖോയ്-30, സി-30 എന്നീ വിമാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 8 വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേരുടെ കുടുംബാംഗങ്ങളെ വ്യോമ സേന വിവരം അറിയിച്ചു.എയർമാർഷൽ രാകേഷ് സിങ്ങുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.

നിപ വൈറസ്;വ്യാജപ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

keralanews nipah virus case registered against three persons who spread fake news about nipah

കൊച്ചി:നിപ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി.വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.