അമിത ചൂട്; കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

keralanews excessive heat four passengers died in kerala express

യു.പി:അമിത ചൂട് കാരണം കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം.ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് ഇവർ.തമിഴ്നാട് സ്വദേശികളായ പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്.  വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി.ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.ഡല്‍ഹിയും ഉത്തര്‍ പ്രദേശും ഉയര്‍ന്ന ചൂട് കാരണം പൊള്ളുകയാണ്.40 ഡിഗ്രിക്ക് മുകളിലാണ് താപനില.

പരിക്ക് വില്ലനായി;ശിഖർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്

LONDON, ENGLAND - JUNE 08:  Shikhar Dhawan of India reacts to the crowd as he leaves the field after being dismissed during the ICC Champions trophy cricket match between India and Sri Lanka at The Oval in London on June 8, 2017  (Photo by Clive Rose/Getty Images)

സതാംപ്റ്റൺ:ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും.വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും വിജയിച്ച്‌ നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ധവാന് ടീമില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുക്കാനാണ് സാധ്യത. കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നും സൂചനകളുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിഖര്‍ ധവാന്റെ അസാന്നിധ്യം ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

കെഎസ്ആര്‍ടിസി താല്‍ക്കാലിക പെയിന്റര്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

keralanews high court order to dismiss all m panal painting workers in ksrtc

കൊച്ചി:കെഎസ്ആര്‍ടിസിയിലെ മുഴുവൻ താല്‍ക്കാലിക പെയിന്റര്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി.പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും കോടതി.പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്.പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും നിയമനം നടക്കുന്നില്ലന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്.നേരത്തെ ആയിരത്തിലേറെ വരുന്ന എം. പാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സമാനമായ രീതിയിൽ പിരിച്ചുവിട്ടു റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പശ്ചിമ ബംഗാളിൽ സംഘർഷം തുടരുന്നു;രണ്ട് ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു

keralanews violence continues in west bengal two rss workers killed

കോല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു.നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കന്‍കിനാരയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ഒരു ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം തിങ്കളാഴ്ച മരത്തില്‍ തൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു. ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ സമതുല്‍ ഡോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു.ശനിയാഴ്ചയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായിട്ടില്ല.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. ഒരാഴ്ചക്കിടെ ഈ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

നിപ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി;പനി മാറി;നടന്നു തുടങ്ങിയതായി ആശുപത്രി അധികൃതർ

keralanews the health condition of student under treatment due to nipah is improved

കൊച്ചി: നിപ ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.പനി പൂര്‍ണമായി മാറി വിദ്യാർത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തലച്ചോറിനെ നേരിയതോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.പൂനെ വൈറോളജി ലാബിലെ ഫലം അനുസരിച്ച്‌ രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവയില്‍ മൂത്രത്തില്‍ മാത്രമാണ് നിപ വൈറസ് ബാധയുള്ളതെന്ന് കണ്ടെത്തിയിരുന്നു.കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്‌ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരുന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, നിപ രോഗിയുമായി സമ്പർക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഈ രോഗിയുടേതടക്കം തിങ്കളാഴ്ച അഞ്ച് സാംപിളുകള്‍ പരിശോധനക്ക് ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ഇടുക്കി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാംപിളും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനക്ക് ശേഖരിച്ച സാംപിളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

സിഒടി നസീറിനെ ആക്രമിച്ച സംഭവം;ഒളിവില്‍ കഴിയുന്ന പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു

keralanews in the incident of attacking c o t naseer the accused who were absconding submitted anticipatory bail application in the court

കോഴിക്കോട്:ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസിൽ  ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കാവുംഭാഗം സ്വദേശികളായ വിപിന്‍, ജിതേഷ്, മിഥുന്‍ എന്നിവരാണ് തലശേരി കോടതിയില്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട്  കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍, കതിരൂര്‍ സ്വദേശി അശ്വന്ത്, സോജിത്ത്, വിശ്വജിത്ത് എന്നീ അഞ്ച് പ്രതികളെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.മെയ് 18 നാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്.സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

കണ്ണൂർ ജില്ലയിൽ കടലേറ്റം രൂക്ഷം

A wonderfully relaxing beach

കണ്ണൂർ:കാലവർഷം ആരംഭിച്ചതോടെ കണ്ണൂർ ജില്ലയിൽ പലയിടത്തും കടലേറ്റം രൂക്ഷമായി.പയ്യാമ്പലം ബീച്ചിൽ കടലേറ്റത്തിൽ വൻ തോതിൽ കര കടലെടുത്തു.വിനോദ സഞ്ചാരികൾക്കായി നിർമിച്ച നടപ്പാതയടക്കം കടലേറ്റത്തെ തുടർന്ന് തകർന്നു.ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്ഥാപിച്ച ഫോട്ടോ ഫ്രെയിം,സുരക്ഷാ ബോർഡുകൾ തുടങ്ങിയവയും കടലേറ്റത്തിൽ നശിച്ചു.കാലവർഷത്തിന്റെ തുടക്കത്തിൽ ഇത്ര ശക്തമായ കടലേറ്റമുണ്ടാകുന്നത് ഇത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.കടൽക്ഷോഭം രൂക്ഷമായ പുതിയങ്ങാടി അടക്കമുള്ള തീരപ്രദേശത്തെ നിന്നും താമസക്കാരെ മാറ്റിപാർപ്പിക്കാൻ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കണ്ണൂർ സിറ്റി,പയ്യാമ്പലം,പുതിയങ്ങാടി എന്നിവിടങ്ങളിൽ രൂക്ഷമായ കടലേറ്റമുണ്ടായത്.

ബാലഭാസക്കറിന്റെ മരണം;കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

keralanews death of balabhaskar crime branch team will record the statement of ksrtc driver

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ അപകട മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന  ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും.രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. ഡ്രൈവറുടെ സീറ്റില്‍ അര്‍ജ്ജുന്‍ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചത്.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു

keralanews dyfi area secretary and cpm branch secretary injured in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു.ഡിവൈഎഫ്‌ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എആര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്.അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്‌ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം നടന്നത്.അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.

കാസർകോഡ് ചിറ്റാരിക്കാലിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്ക്

keralanews six including students injured when ksrtc bus and private bus collided in kasarkode

കാസർകോഡ്:കാസർകോഡ് ചിറ്റാരിക്കാലിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്കേറ്റു.മലയോര ഹൈവേയിലെ അരിയിരുത്തിക്കു സമീപം തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. ചെറുപുഴയില്‍ നിന്നും ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് എതിരെ നിന്നും വന്ന കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിദ്യാര്‍ഥികളായ എ കെ ഫര്‍സാന, ദിവ്യ തുടങ്ങി ആറു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫര്‍സാനയെയും ദിവ്യയെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പയ്യന്നൂരിലേയും ചെറുപുഴയിലേയും ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.