വയനാട്: വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഥലത്ത് നിന്ന് വില്‍പനയ്ക്ക് വേണ്ടി സൂക്ഷിച്ച് വച്ചിരുന്ന 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്.വൈത്തിരി സ്വദേശികളായ ഷെഫീഖ് സി.കെ, ജംഷീര്‍ ആര്‍.കെ, പ്രജോഷ് വര്‍ഗീസ്, കോഴിക്കോട് സ്വദേശിയായ റഷീദ് സി.പി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി.ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഹോംസ്റ്റേയില്‍ റെയ്ഡ് നടത്തിയത്. കല്‍പ്പറ്റ ഡിവൈ.എസ്.പി സുനില്‍ എം.ഡി, വൈത്തിരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിൻ;ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി
കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിളുകളും ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗത്തിൽ തീരുമാനം.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം എടുത്തത്. തദ്ദേശ സ്ഥാപനതല ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പരിശോധനകള്‍ ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപീകരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനവരി 31 നകം ടീമുകള്‍ രൂപീകരിക്കാനും നിർദേശമുണ്ട്.താലൂക്ക് ജില്ലാ തലങ്ങളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.പന്ത്രണ്ടിന പരിപാടി നിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഫെബ്രുവരി അഞ്ചിനകം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാവാത്തരീതിയില്‍ പരിപാടി നടപ്പാക്കണം. കര്‍ശന പരിശോധനകള്‍ക്കൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം.കല്യാണ മണ്ഡപങ്ങള്‍, ഉല്‍സവ ആഘോഷ കേന്ദ്രങ്ങള്‍, മത്സ്യ ഇറച്ചി മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ സന്ദര്‍ശനം നടത്തണം.ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മതിയായ പ്രചരണവും പ്രോല്‍സാഹനവും നല്‍കണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.ഭാവിയില്‍ വരാനിടയുള്ള ഉല്‍സവ ആഘോഷങ്ങള്‍,കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളുവെന്ന്. ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, എഡിസി ജനറല്‍ ഡി വി അബ്ദുല്‍ ജലീല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എഞ്ചിനീയര്‍ അനിത കോയന്‍, ക്ലീന്‍ കേരളാ ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.എംഎല്‍എ വിജയ് രഹാങ്കഡോലിന്റെ മകന്‍ അവിഷ്കര്‍ രഹങ്കഡോല്‍, നീരജ് ചൗഹാന്‍, നിതേഷ് സിംഗ്, വിവേക് നന്ദന്‍, പ്രത്യുഷ് സിംഗ്, ശുഭം ജയ്‌സ്വാള്‍, പവന്‍ ശക്തി എന്നിവരാണ് മരിച്ചത്. വാര്‍ധ ജില്ലയിലെ സവാംഗി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും.
കാസര്‍ഗോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്;തെറ്റ് തിരിച്ചറിഞ്ഞത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ; അന്വേഷണത്തിന് ഉത്തരവ്
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോട്ട് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്.കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം. പതാക തലകീഴായാണ് ഉയർത്തിയതെന്ന് മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ല. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്‌ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കൊറോണ വ്യാപനം; വയനാട് ജില്ലയില്‍ ഫെബ്രുവരി 14വരെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി
വയനാട്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് മുതല്‍ ഫെബ്രുവരി 14 വരെയാണ് നിയന്ത്രണം. പൂക്കോട് തടാകം, ബാണാസുര ഡാം, കാരാപ്പുഴ ഡാം എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഇവിടെ പ്രതിദിനം 3,500 പേരെ കടത്തിവിടും. എടയ്ക്കല്‍ ഗുഹയില്‍ 2,000 പേര്‍ എന്നത് 1,000 ആയി കുറയ്ക്കും. കുറുവ ദ്വീപില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ 400 പേരെ അനുവദിക്കും. കളര്‍കാട് തടാകം, സൂചിപ്പാറ എന്നിവിടങ്ങളില്‍ 500 പേര്‍ക്ക് അനുമതിയുണ്ടാവും.പഴശ്ശി പാര്‍ക്ക് മാനന്തവാദി, പഴശ്ശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ, ചേമ്ബ്ര പീക്ക് എന്നിവിടങ്ങളില്‍ 200 പേരെ അനുവദിക്കും. മീന്‍മുട്ടിയില്‍ 300 പേരെ കയറ്റും.
നടിയെ ആക്രമിച്ച കേസ്;ഫോണുകൾ ഇന്ന് ഉച്ചയ്‌ക്ക് ഹാജരാക്കാന്‍ ദിലീപുള്‍പ്പടെയുള്ളവര്‍ക്ക് നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കാൻ നിർദേശം നൽകി ക്രൈം ബ്രാഞ്ച്.ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മുൻപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിച്ചേക്കാമെന്ന് കരുതുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കൂടാതെ, ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ പിടിച്ചെടുത്ത ഫോൺ പുതിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് കേസില്‍ മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. 33 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ സമർപ്പിക്കും. അതിനുശേഷമായിരിക്കും ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. അതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു.ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബി.ആര്‍.ബൈജു, ആര്‍.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു കോടതിയുടെ മുന്നിലുള്ളത്. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ അധിക സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു. പ്രോസിക്യൂഷൻ അപേക്ഷയിലാണ് നടപടി.
കൊറോണ;സംസ്ഥാനത്ത് അരലക്ഷത്തിന് മുകളിൽ രോഗബാധിതർ;ടിപിആർ 50നോട് അടുത്ത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 55,475 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂർ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂർ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസർഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 84 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 139 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂർ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂർ 1170, കാസർഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി.പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.പുതിയ സാക്ഷികളുടെ വിസ്‌താരം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.സാക്ഷികളില്‍ ചിലര്‍ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. തുടര്‍ന്ന് സാക്ഷിവിസ്‌താരത്തിനായി ജനുവരി 27 മുതല്‍ പത്ത് ദിവസം കോടതി കൂടുതല്‍ അനുവദിക്കുകയായിരുന്നു.അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും മറ്റു പ്രതികളെയും മൂന്നാം ദിവസവും ചോദ്യം ചെയ്യുകയാണ്. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിക്കും. അന്വേഷണത്തോട് ദിലീപ് പൂര്‍ണമായും സഹകരിക്കുന്നുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
തലശ്ശേരി-വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം ഈ മാസം 31ന് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത്തിന് തുറന്നുകൊടുക്കും
ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശ്ശേരി – വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കേരള- കര്‍ണ്ണാടകാ അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം ഈ മാസം 31ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറില്‍ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതേ പാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പമാണ് 31 നു പാലം തുറന്നു കൊടുക്കുക.സണ്ണിജോസഫ് എം.എല്‍ എ അധ്യക്ഷത വഹിക്കും. ഇതോടെ കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി- വളവുപാറ റോഡില്‍ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കപ്പെടും.കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. 90 മീറ്റര്‍ നീളത്തില്‍ അഞ്ചുതൂണുകളിലായി നിര്‍ക്കേണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 2017 ഒക്ടോബറില്‍ ആണ് തുടങ്ങുന്നത്. ഇതിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്.പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂര്‍ത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയില്‍ തൂണിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.പുഴയുടെ മറുകര പൂര്‍ണ്ണമായും കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കര്‍ണ്ണാടക വനം വകുപ്പ് നിര്‍മ്മാണം തടയുകയായിരുന്നു.പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വര്‍ഷം ഒരു പ്രവ്യത്തിയും നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പ്രശ്നമെത്തുകയും ചര്‍ച്ചകര്‍ക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രില്‍ 23-നാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാന്‍ കഴിഞ്ഞത്. നിര്‍മ്മാണം പുനരാരംഭിച്ചപ്പോള്‍ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീര്‍ക്കേണ്ടപണി നാലുതവണ നീട്ടിനല്‍കിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പാലം പൂര്‍ത്തിയായി പുതുവര്‍ഷ ദിനത്തില്‍ നിശ്ചയിച്ച ഉദ്ഘാടനവും പെട്ടെന്ന് റദ്ദാക്കേണ്ടി വന്നു. കോവിഡ് കാലമായതിനാല്‍ ലളിതമായ ചടങ്ങിലായിരിക്കും പാലത്തിന്റെ ഉൽഘടനം നടത്തുകയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
രാത്രി യാത്രാ നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ;തീരുമാനം തീവണ്ടിയാത്ര സുഗമമാക്കാൻ
ന്യൂഡൽഹി:തീവണ്ടി യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രിയാത്ര നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടിക്കുള്ളിൽ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്. ഉത്തരവിന്റെ ലംഘനമുണ്ടായാൽ ആർപിഎഫ്, ടിടിആർ മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും.ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.