സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

keralanews state wide ksu education bandh tomorrow

തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.കെ.എസ്.യു. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച്‌ ഇന്ന് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിട്ടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയില്‍ കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി

keralanews supreme court said private vehicle on private road is considered a public place (2)

ന്യൂഡൽഹി:പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലമായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി.മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ  സുപ്രീം കോടതി വിധി.ജാര്‍ഖണ്ഡില്‍ നിന്നു ബിഹാറിലേക്കു സ്വന്തം കാറില്‍ വരുംവഴി മദ്യപിച്ച നിലയില്‍ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സത്‌വീന്ദര്‍ സിംഗ് എന്നയാള്‍ പട്‌ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2016 ലെ ബിഹാര്‍ എക്‌സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി പൊതു നിരത്തിലെ സ്വകാര്യ വാഹനങ്ങളിലെ വെള്ളമടിയും കുറ്റമായി മാറും.

നെടുങ്കണ്ടം കസ്റ്റഡി മരണം;അറസ്റ്റിലായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി

keralanews nedumkandam custody death murder case charged against the policemen who were arrested

കോട്ടയം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്‌കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പോലീസുകാരാണ് അറസ്റ്റിലായിരിക്കുന്നത്.കൂടുതല്‍ പൊലീസുകാര്‍ വരുംദിവസങ്ങളില്‍ അറസ്റ്റിലാവും എന്നും സൂചനയുണ്ട്.സംഭവത്തെതുടര്‍ന്ന് എസ്.ഐ ഉള്‍പ്പെടെ എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.

സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ പ്രവർത്തനമാരംഭിച്ചു

keralanews first high security prison started in viyyur

തൃശൂർ:സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയില്‍ തൃശൂർ ജില്ലയിലെ വിയ്യൂരില്‍ പ്രവർത്തനമാരംഭിച്ചു.തീവ്രവാദികളടക്കമുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് അതിസുരക്ഷാ ജയിലില്‍ ഒരുക്കിയിരിക്കുന്നത്.ഒരേസമയം അറുനൂറോളം തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ജയിലിൽ ഒരുക്കിയിട്ടുണ്ട്. 2016 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയിലിന്റെ ഉദ്ഘാടനം നടത്തിയിരുന്നവെങ്കിലും ഇപ്പോഴാണ് പണി പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒൻപതേക്കർ സ്ഥലത്ത് മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കാനറിലൂടെ നടന്ന് വിരല്‍ പ‍ഞ്ചിംഗ് നടത്തിയ ശേഷം മാത്രമേ ജയിലിന്‍റെ അകത്ത് പ്രവേശിക്കാന്‍ കഴിയുകയുള്ളു.തടവുകാര്‍ക്ക് പരസ്പരം കാണാന്‍ കഴിയില്ല.എല്ലാ മുറികളിലും സിസിടിവി ക്യാമറകൾ  സ്ഥാപിച്ചിട്ടുണ്ട്.അത്യാവശ്യ ഘട്ടങ്ങളില്‍ കോടതി നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യവും ജയിലില്‍ ഒരുക്കിയിട്ടുണ്ട്.24 മണിക്കൂറും സുരക്ഷാ ഭടന്മാരുള്ള നാല് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്.

പീഡന കേസ്;ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

keralanews court granted bail for binoy kodiyeri

മുംബൈ:പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ചു. മുംബൈയിലെ ദിന്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്.25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം,ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം,സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പ് ബിനോയിയുടേതല്ല. ബിനോയിയുടെ പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ല. ജാമ്യാപേക്ഷയില്‍ ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.അതേ സമയം, ജാമ്യാപേക്ഷയില്‍ വിധി വരും വരെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റ് ഒഴിവാക്കാനാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.കഴിഞ്ഞ ജൂണ്‍ 20നാണ് ബിനോയ് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്.

രാഹുല്‍ ഗാന്ധി ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു

keralanews rahul gandhi officially announced resignation from congress president post

ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി.അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാഹുൽ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി

keralanews cabinet increase debt relief limit to two lakhs

തിരുവനന്തപുരം:കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി.മന്ത്രിസഭാ യോഗത്തിേന്‍റതാണ് തീരുമാനം.സഹകരണ ബാങ്കുകളില്‍ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നിലവില്‍ കര്‍ഷക കടാശ്വാസ പരിധി ഒരു ലക്ഷം രൂപയാണ്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ കടാശ്വാസ പരിധി ഉയര്‍ത്തുമെന്ന് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ലോകകപ്പ് ക്രിക്കറ്റ്;ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു

keralanews world cup cricket india beat bengladesh and entered in semifinals

ബര്‍മിംഗ്‌ഹാം:ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിഫൈനലിൽ കടന്നു.എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ(104 റണ്‍സ്) സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 314 റണ്‍സ് നേടി.ലോകേഷ് രാഹുലുമൊത്ത് 180 റണ്‍സിന്‍റെ കൂട്ടുകെട്ടിന് ശേഷമാണ് രോഹിത് മടങ്ങിയത്. രാഹുല്‍ 77(92) റണ്‍സെടുത്തു.ശേഷം വന്ന നായകന്‍ കോഹ്‍ലി 26 റണ്‍സും റിഷബ് പന്ത് 48 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ധോണി 35 റണ്‍സ് നേടി മടങ്ങി. അവസാന ഓവറുകളില്‍ ബംഗ്ലാദേശ് മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെയാണ് 314 എന്ന സ്കോറില്‍ ഇന്ത്യ ഒതുങ്ങിയത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റെടുത്തു.ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിംഗ്സ് 286 ല്‍ അവസാനിക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.ഹര്‍ദ്ദിക് മൂന്നും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസനും മുഹമ്മദ് സെയ്ഫുദ്ദീനും അര്‍ദ്ധ സെഞ്ച്വറി നേടി.

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ്;രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍;അറസ്റ്റിലായ എസ്‌ഐ കുഴഞ്ഞുവീണു

keralanews nedumkandam custody death two police officers arrested

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡി മരണം സംബന്ധിച്ച്‌ അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മദ്യപിക്കുകയും രാജ്‌കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്ബോഴാണ് എസ്‌ഐ കുഴഞ്ഞു വീണത്.ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ഇ സിജിയില്‍ വേരിയേഷന്‍ കാണുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ പരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രം ആശുപത്രിയില്‍ കിടത്തും. കുഴപ്പങ്ങളില്ലെങ്കില്‍ ഇന്ന് തന്നെ റിമാന്റ് ചെയ്യും.റിമാന്‍ഡിലായിരുന്ന രാജ്‌കുമാറിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളില്‍ നാലെണ്ണമെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്നുണ്ടായതാണെന്നായിരുന്നു റിപ്പോര്‍ട്ട്.രാജ്കുമാറിനെ പൊലീസ് അനധികൃതമായി നൂറു മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചതായും ക്രൂരമായി മര്‍ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എസ്‌ ഐ കെഎ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്.രാജ്‌കുമാറിന്റെ മരണത്തിലേക്കു നയിച്ച കസ്റ്റഡി മര്‍ദനം എസ്‌ഐയുടെ നേതൃത്വത്തിലാണ് നടന്നതെന്നായുന്നു ആരോപണം. അതേസമയം കൂട്ടുപ്രതി സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ പിന്നീട് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നും വിവരമുണ്ട്.

കണ്ണൂർ താളിക്കാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

keralanews the deadbody found in the well in thalikavu were identified

കണ്ണൂർ: താളിക്കാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.താഴെചൊവ്വ ‘ജയനിവാസിൽ’ ജിതിൻ ജയചന്ദ്രന്റെ(24) മൃതദേഹമാണ് കണ്ടെത്തിയത്.കിണറിനു സമീപം കാണപ്പെട്ട ബൈക്കും മൃതദേഹത്തിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ,ചെരുപ്പ് എന്നിവ ജിതിന്റെതാണെന്ന്  ബന്ധുക്കൾ തിരിച്ചറിഞ്ഞു.മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചൊവ്വാഴ്ച ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു.ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ പൂർവ്വവിദ്യാർഥിയാണ് ജിതിൻ.ക്ഷീരവികസന വകുപ്പിൽ നിന്നും വിരമിച്ച എം.കെ ജയചന്ദ്രന്റെയും കണ്ണൂർ ജില്ലാ ബാങ്ക് മുൻ മാനേജർ സി.സുമതിയുടെയും മകനാണ്.ചക്കരക്കൽ ഡിസ്പെൻസറിയിലെ ഡോ.ജിഷ സഹോദരിയാണ്. ചെറുപ്പത്തിൽ തന്നെ മയക്കുമരുന്നിന് അടിമയായ ജിതിന്റെ പേരിൽ ചില കേസുകളും നിലവിലുണ്ടായിരുന്നു.ബന്ധുക്കൾ ജിതിനെ ലഹരിവിമോചന ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.പഠനത്തിൽ മിടുക്കനായിരുന്ന ജിതിൽ എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.പിന്നീട് വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റിൽ ഗുസ്തിയിൽ ചാമ്പ്യനായിരുന്നു ജിതിൻ.മരണം എങ്ങനെ സംഭവിച്ചു എന്നുള്ളത് മൃതദേഹ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് ടൌൺ എസ്‌ഐ ബാബുമോൻ പറഞ്ഞു.