ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്

keralanews the fuel price hike in the country followed the budget announcement

ന്യൂഡൽഹി:ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി.രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക.ഇതിന് പുറമേ, അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്‌സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്.ഇന്ധനവിലയിലെ വന്‍കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നാണ് കണക്കൂകൂട്ടല്‍. കൂടാതെ ബസ് ചാര്‍ജ് അടക്കമുള്ളവയുടെ വര്‍ധനയ്ക്കും ഇന്ധനവിലയിലെ വര്‍ധന വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്

keralanews permission granted to the convension center of sajan who committed suicide in anthoor

കണ്ണൂർ:അന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്.നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പൂര്‍ണ അനുമതി നല്‍കും. ചട്ടം ലംഘനങ്ങള്‍ പരിഹരിച്ചെന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറി പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തന്റെ സ്വപ്‌ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് സാജന്‍ ആത്മഹത്യ ചെയ്‌തത് സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.കണ്‍വെന്‍ഷന്‍ സെന്ററിന് മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നു. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുറസായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും സ്ഥാപിച്ചു എന്നതടക്കം നാല് ചട്ടലംഘനങ്ങളാണ് ഇവര്‍ കണ്ടെത്തിയത്. തുറസായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കേരള ബില്‍ഡിംഗ് റൂള്‍ ചട്ടം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുറസായ സ്ഥലത്താണ് ജലസംഭരണിയും മാലിന്യസംസ്കരണസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കയറുന്നതിനുള്ള റാംപിന് ചെരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ വിസ്തീര്‍ണം അനുവദിച്ചിരിക്കുന്നതിലും കൂടുതലാണ്.ആഡിറ്റോറിയത്തില്‍ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തകരാറുകള്‍ പരിഹരിച്ചാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കാം എന്നുള്ള റിപ്പോര്‍ട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാറാണ് കഴിഞ്ഞ ദിവസം മന്ത്രി എ.സി.മൊയ്‌തീന് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ഉത്തരവിറക്കിയത്.

ആലപ്പുഴ ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു

keralanews two died when goods lorry hits two wheeler in alappuzha

ആലപ്പുഴ:ദേശീയപാതയിൽ അമ്പലപ്പുഴ പഴയങ്ങാടിക്ക് സമീപം ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു.കരൂര്‍ മഠത്തില്‍പറമ്പിൽ സജി യൂസഫ് (50), തോപ്പില്‍ വീട്ടില്‍ കുഞ്ഞുഹനീഫ ( 53) എന്നിവരാണ് മരിച്ചത്.യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ അറ്റന്‍ഡു ചെയ്യുന്നതിനായി സ്കൂട്ടർ വഴിയരികില്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ എത്തിയ വാഹനം ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ചരക്ക് ലോറിക്ക് പിന്നില്‍ വന്ന മറ്റു 3 വാഹനങ്ങളും ഒന്നിനു പിന്നില്‍ മറ്റൊന്നായി ഇടിച്ചു. സാരമായി പരുക്കേറ്റ ഇരുവരും അപകട സ്ഥലത്തുതന്നെ മരണപ്പെട്ടു.

മധുരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു

keralanews one died when a building under construction collapsed in chennai

ചെന്നൈ: മധുരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

നെടുങ്കണ്ടം കസ്റ്റഡി മരണം;കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

keralanews nedumkandam custody death more police officers may arrest today

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തുവരികയായിരുന്നു.കേസിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നൽകുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മർദ്ദനത്തിൽ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടതായാണ് സൂചന.ഇവരിൽ നിന്ന് മൊഴിയെടുക്കൽ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.ഇതിനിടെ, കേസിൽ റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിലെ മൂന്നാം പ്രതിയായ മഞ്ജുവും ഭർത്താവ് അജിയും പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.

സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്‌.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി

keralanews u h t milk of milma will supply through anganwadi centers in kerala

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്‌.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ.മില്‍മ വഴിയാണ് അങ്കണവാടികളില്‍ യു.എച്ച്‌.ടി. മില്‍ക്ക് വിതരണം ചെയ്യുക. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികള്‍ വഴി പാല്‍ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ കീഴിലായിരിക്കും ഇത് നടപ്പിലാക്കുക. ഈ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നതാണ്.180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകളിലാണ് യു.എച്ച്‌.ടി. മില്‍ക്ക് എത്തുന്നത്. അള്‍ട്രാ പാസ്ചറൈസേഷന്‍ ഫുഡ് പ്രോസസ് ടെക്‌നോളജി ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന യു.എച്ച്‌.ടി. മില്‍ക്ക് 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്‌കരിക്കുന്നത്. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു

keralanews the gst for electric vehicles has been reduced from 12percentage to 5percentage

ന്യൂഡൽഹി:ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി മോഡി സർക്കാരിന്റെ ആദ്യ ബജറ്റ്.ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.ലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജി.എസ്.ടി കൌണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയില്‍ അധിക ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ലഭിക്കുക. ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കാനായി ഏപ്രില്‍ ഒന്നിന് തന്നെ പതിനായരം കോടി രൂപയുടെ FAME II പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപകളുടെ നാണയങ്ങൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

keralanews 1 2 5 10 and 20 rupees coins will be released said finance minister nirmala sitaraman

ന്യൂഡൽഹി:ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപകളുടെ നാണയങ്ങൾ പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.ബഡ്ജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.മാര്‍ച്ച്‌ ഏഴിന് പ്രധാമന്ത്രി നരേന്ദ്ര മോദി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്.ഈ നാണയങ്ങള്‍ അധികം വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുമെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. 8.54 ഗ്രാമാണ് ഭാരം.മറ്റ് നാണയങ്ങളൊക്കെ വൃത്താകൃതിയിലാണ്.അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണം;രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews nedumkandam custody death court rejected the bail application of two policemen

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡിലുള്ള രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം രാജ്‌കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേസുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നല്‍കുന്ന വിവരം.ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

ബജറ്റ് അവതരണം തുടരുന്നു;2022ഓടെ എല്ലാവര്‍ക്കും സ്വന്തമായി വീട്,വൈദ്യുതി,പാചകവാതക കണക്ഷൻ എന്നിവ ഉറപ്പാക്കും

keralanews budget presentation progressing and everyone will have their own house electricity and lpg connections within 2022

ന്യൂഡൽഹി:പാർലമെന്റിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റവതരണം പുരോഗമിക്കുന്നു.നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കാന്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കും. മഴവെള്ള സംഭരണം, കിണര്‍ റീ ചാര്‍ജ്, ജല മാനേജ്മെന്റ്, ജല പുനരുപയോഗം എന്നിവക്ക് വിവിധപദ്ധതികൾ ആരംഭിക്കും. അഞ്ച് വര്‍ഷത്തിനകം ഒന്നേകാല്‍ ലക്ഷം കി.മീ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും.മുളയുല്‍പ്പന്നങ്ങള്‍, ഖാദി,തേന്‍ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും.ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കും.വായ്പ 59 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും.ക്രോസ് സബ്സിഡി ഒഴിവാക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടും. ഗ്യാസ് ഗ്രിഡ് വാട്ടര്‍ ഗ്രിഡ്, ഐ വേ എന്നിവ ആവിഷ്കരിക്കും.വണ്‍ നേഷന്‍ ,വണ്‍ ഗ്രിഡ് പദ്ധതി വൈദ്യുതി വിതരണത്തിനായി ആവിഷ്കരിക്കും.