അമ്പൂരി കൊലപാതകം;അഖിലേഷും രാഖിയും വിവാഹിതനായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്

keralanews amboori murder case police report that akhilesh and rakhi were married

തിരുവനന്തപുരം:അമ്പൂരിയിൽ കൊന്ന് കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ രാഖിയും കാമുകൻ അഖിലേഷും വിവാഹം ചെയ്തിരുന്നതായി പോലീസ്.ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 21ന് എറണാകുളത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ രാഖി അഖിലേഷിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മധ്യേ തനിക്ക് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിട്ടുള്ള വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ രാഹുല്‍ രാഖിയുടെ  കഴുത്തില്‍ കയർ കുരുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് എന്‍ജിന്‍ ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല.നഗ്നയാക്കിയ നിലയില്‍ മൃതദേഹം അഖിലേഷിന്റെ പറമ്പിൽ  മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി.ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച്‌ രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രളയ രക്ഷാപ്രവര്‍ത്തനം; സംസ്ഥാനത്തിനോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന

keralanews flood rescue process airforce demands 113crore rupees from state

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉണ്ടായ പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സർക്കാരിന് കത്തയച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച്‌ ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിരുന്നു.ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതിലേക്കായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്.ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച്‌ ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്;സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം 6 മണിക്ക്

keralanews bjp to form govt in karnataka yedyurappa take oath as cm at 6pm today

ബെഗളൂരു:കർണാടകയിൽ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും.ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി.വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ.അതേസമയം യെദ്യൂരപ്പ മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് സൂചന.കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു. ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച്‌ ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.16 വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പ തീരുമാനിക്കുന്നത്.അതേസമയം, മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.

കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്

keralanews two injured when lorry collided in kannapuram

കണ്ണൂർ:കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്.പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.കാസര്‍കോട് സ്വദേശി വിനീത് (25), യു പി സ്വദേശി അരവിന്ദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പൂഴി കയറ്റി പോകുകയായിരുന്ന ലോറിയും എതിരെനിന്നും വരികയായിരുന്ന കണ്ണൂര്‍ ഭാഗത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന  ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഏഴാമത് വേള്‍ഡ് കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുഷാരഗിരിയില്‍ തുടക്കമാകും

keralanews the seventh world kayaking championship begins today in kozhikode thusharagiri
കോഴിക്കോട്:ഏഴാമത് വേള്‍ഡ് കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട് തുഷാരഗിരിയില്‍ തുടക്കമാകും.ആഭ്യന്തര-വിദേശ സഞ്ചാരികളെ മലബാറിലേക്ക് ആകര്‍ഷിക്കുക എന്ന ലഷ്യത്തോടെ മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കോഴിക്കോട് കോടഞ്ചേരിയിലെ തെളിഞ്ഞ ആകാശവും പുഴയും ഇനി വിദേശ ആഭ്യന്തര സഞ്ചാരികളാല്‍ മുഖരിതമാകും.കുത്തിയൊലിച്ചൊഴുകുന്ന ചാലിപ്പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ചെറുവഞ്ചിയില്‍ തുഴയെറിഞ്ഞ് കുതിച്ചുപായുന്ന സാഹസികരും അവരുടെ അഭ്യാസപ്രകടനം കാണാനെത്തുന്ന ആസ്വാദകരും ആവേശത്തിലാണ്.കോഴിക്കോട് ചക്കിട്ടപ്പാറ, കോടന്‍ഞ്ചോരി പഞ്ചായത്തുകളിലാണ് മത്സരം നടത്തുന്നത്.നൂറിലേറെ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ഡൗൺ റിവർ, സ്ലാലോം, ബോട്ടർ ക്രോസ്, ഇന്റർ മീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. കൂടുതൽ പോയിന്റ് നേടുന്നവരിൽ നിന്ന് റാപിഡ് റാണി, റാപിഡ് രാജ ഉൾപ്പടെ വ്യക്തിഗത ചാമ്പ്യന്മാരെ കണ്ടെത്താനുള്ള സൂപ്പർ ഫൈനൽ ഞായറാഴ്ച നടക്കും. ഇന്ത്യ ,ഇറ്റലി ,മലേഷ്യ ഉള്‍പ്പടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരിക്കുക മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരം 28ന് അവസാനിക്കും.

ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു

keralanews over 150 refugees have died after boat crashed in the libyan coast

ട്രിപ്പോളി:ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു.250 ലധികം പേര്‍ യാത്ര ചെയ്ത ബോട്ടാണ് തകര്‍ന്നത്. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ലിബിയന്‍ നാവികസേനാ അധികൃതര്‍ പറഞ്ഞു.ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ്‌ ബോട്ട് തകര്‍ന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാര്‍ത്ഥികളുടെ രീതി. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും യാത്ര ചെയ്യുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയത്‌.2019-ല്‍ മാത്രം ഇതുവരെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 600-ന് മുകളിലെത്തിയിട്ടുണ്ടെന്ന് യുഎന്‍ ഏജന്‍സി പറയുന്നു.

കൊലക്കത്തിക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരം

keralanews keralite nurse who saved girl from knife point bags florence nightingale award

മംഗളൂരു:കൊലക്കത്തിക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരം.മംഗളൂരു ദെര്‍ളഗട്ടെ കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫനാണ് കര്‍ണാടക സംസ്ഥാനതല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്ക്കാരം ലഭിച്ചത്.ശനിയാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.ഇക്കഴിഞ്ഞ ജൂൺ 28 ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച്‌ സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണിത്.12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച്‌ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.കൊലക്കത്തിക്കു മുന്നില്‍നിന്ന് സ്വന്തം ജീവന്‍ മറന്ന് യുവതിയെ രക്ഷിക്കാന്‍ നിമ്മി കാണിച്ച ധീരതയാണ് ഇവരെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചു

keralanews releaed nine out of twelve crews from ship seized by iran

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒൻപത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല.യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയ ജൂലായ് 14-നാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാന്‍ പിടിച്ചെടുത്തത്‌.യുഎഇ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് എന്ന കമ്പനി വാടകയ്‌ക്കെടുത്തതാണ് ഈ കപ്പല്‍.അതേ സമയം കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല.ഇതില്‍ നാല് മലയാളികളുണ്ട്. ഇവരടക്കം രണ്ട് കപ്പലുകളിലായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്.

കാസര്‍ക്കോട് ബദിയടുക്കയില്‍ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന

keralanews medical report that the death of children in badiyadukka is not due to viral fever

കാസര്‍ക്കോട്:ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്ററ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ  8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹ,5 വയസ് പ്രായമുള്ള മകന്‍ സിനാൻ എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ മരിച്ചത്.കുട്ടികളുടെ അമ്മയും സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് കണ്ടെത്താനാവത്തതായിരുന്നു ആദ്യഘട്ടത്തില്‍ ആശങ്കക്കിടയാക്കിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് പകര്‍ച്ചപ്പനിയെല്ലെന്ന് വ്യക്തമായത്.

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews nedumkadam custody death court rejected the bail application of two accused

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ ഒന്നും നാലും പ്രതികളായ എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തൊടുപുഴ സെഷന്‍സ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പീരുമേട് കോടതിയും തള്ളിയിരുന്നു.ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കി.അതേസമയം ASI റോയി പി വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരെ ഇന്ന് വൈകിട്ടോടെ പീരുമേട് കോടതിയില്‍ ഹാജരാക്കും.രാജ്‌കുമാറിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇവരെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം ഏഴായി.