മു​ത്ത​ലാ​ഖ് ബി​ല്ലി​ന് മു​ന്‍​കാ​ലപ്രാ​ബ​ല്യ​ത്തോ​ടെ രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

keralanews president give approval for muthalaq bill

ന്യൂഡൽഹി:മുത്തലാഖ് ബില്ലിന് മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ  അംഗീകാരം.ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാഖ് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസാക്കിയിരുന്നു.2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വരുന്നത്.പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്.മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും

കുട്ടികൾക്കായി ‘തനി നാടൻ’ ഗെയിമുമായി സംസ്ഥാന സർക്കാർ

keralanews state govt with local game for children

തിരുവനന്തപുരം:കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന ഗെയിമുകൾക്ക് പകരം മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ തയ്യാറാക്കാന്‍ പദ്ധതിയിടുകയാണ് സര്‍ക്കാര്‍.സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന ഗെയിമുകള്‍ തയ്യാറാക്കുന്നത്.വെടിവെയ്പ്, ബോംബിങ്, അക്രമങ്ങള്‍ തുടങ്ങിയ ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുന്നതിനു കേന്ദ്രമൊരുക്കുകയാണ് സാംസ്‌കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു.വിഷ്വല്‍ ഇഫക്‌ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്ത് ഗെയിമുകള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഷ്വല്‍ ഇഫക്‌ട്സില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.

ഉന്നാവോ അപകടം;കാറിലിടിച്ച ട്രക്കിന്റെ ഉടമ യു.പി മന്ത്രിയുടെ മരുമകൻ

keralanews unnao accident identified the owner of truck which hit the car

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിംഗ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിംഗ് ബി.ജെ.പി നേതാവും ഉന്നാവ് ബ്ലോക് പ്രസിഡന്റുമാണ്.ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇടിച്ച ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയിലായിരുന്നുവെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്‌ത്രീകള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതേസമയം, കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച്‌ ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും.

സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews flood cess will be imposed in the state from today

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന പ്രളയ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ.ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. 12, 18, 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരി, പഞ്ചസാര, ഉപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം,ബസ്,ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.സെസ് പ്രാബല്യത്തില്‍ വന്നതോടെ കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ഫോണ്‍, മരുന്നുകള്‍, സിമന്‍റ്, പെയ്ന്‍റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ് ബാധകമാകുക.രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ്‌വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തേതന്നെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

ഉന്നാവോ പെണ്‍കുട്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവം; കേസ് സി ബി ഐ അന്വേഷിക്കും

keralanews unnao girl car accident cbi will investigate the case

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സി ബി ഐക്കു കൈമാറി.പെണ്‍കുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതകശ്രമമാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൂടാതെ ഗുരുബക്ഷ്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.ബി ജെ പി എം എല്‍ എ കുല്‍ദീപ് സെന്‍ഗറിനെതിരെയാണ് പെണ്‍കുട്ടി ബലാല്‍സംഗ പരാതി നല്‍കിയിരുന്നത്. 2017ല്‍ ജോലി അന്വേഷിച്ച്‌ ചെന്ന തന്നെ എം എല്‍ എ ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതിയും സി ബി ഐയാണ് അന്വേഷിക്കുന്നത്.

ഇന്ന് കർക്കിടകവാവ്‌;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തജനങ്ങൾ ബലിതർപ്പണം നടത്തുന്നു

keralanews karkkidakavavu today devotees pay obeisance to ancestors

തിരുവനന്തപുരം:ഇന്ന് കർക്കിടകവാവ്‌. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ തന്നെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിച്ചു. എല്ലായിടത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുകയാണ് എന്ന സങ്കല്പമാണ് കര്‍ക്കിടകമാസത്തിലെ അമാവാസിയുടെ പ്രത്യേകത. തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖം കടപ്പുറം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളിലാണ് ബലിതര്‍പ്പണത്തിനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.ആലുവാമണപ്പുറത്തും രാവിലെ ചടങ്ങുകള്‍ ആരംഭിച്ചത് മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ബലിതര്‍പ്പണം നടത്താന്‍ മണപ്പുറത്ത് എത്തി.മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങളാണെത്തിയത്.തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 3.30 നു തുടങ്ങി. പാപനാശിനി തീരത്തു ഒരേസമയം 10 ബലി തറകളിലായി 150 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.മെഡിക്കല്‍ സംഘം, മുങ്ങല്‍ വിദഗ്ദര്‍ എന്നിവരുടെ സേവനവും എല്ലായിടത്തും ഒരുക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും

keralanews trawling ban in kerala ends today

തൃശ്ശൂര്‍: സംസ്ഥാനത്ത് ഒരു മാസത്തിലധികമായി ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഇതോടെ 52 ദിവസങ്ങൾക്ക് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ട്രോളിങ് സമയത്ത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ കുറച്ച്‌ മത്സ്യം മാത്രം ലഭിച്ചത് ചെറിയൊരു ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാലും നാളെ മുതല്‍ ചാകര ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് മുഴുവന്‍ റേഷന്‍ സാധനങ്ങളും സൗജന്യമായി അനുവദിച്ചതും മത്സ്യതൊഴിലാളി സമാശ്വാസപദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 4500 രൂപയുടെ സഹായവും തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.

തൃശൂർ ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു;ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് കോൺഗ്രസ്

keralanews congress activist murdered in thrissur chavakkad

തൃശൂർ:ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്‌ – എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ്‌ ചകിത്സയിലായിരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ മരിച്ചു. നൗഷാദ്‌ ആണ്‌ മരിച്ചത്‌.നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്‌ വെട്ടേറ്റത്‌.ഇതിൽ  ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്‌. ബിജേഷിന്റെയും നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നത്.ഒൻപത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു.

ഡോക്റ്റർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

keralanews doctors strike in india started

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോകസഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റർമാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു.24 മണിക്കൂറാണ് സമരം. ഇന്ന് കാലത്ത് ആറു മണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ ആറു വരെ തുടരും.അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദപ്രവേശനത്തിന് മാനദണ്ഡമാക്കാനടക്കം ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലുണ്ട്.

കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

keralanews man killed in kannur city

കണ്ണൂർ:കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വെട്ടേറ്റ് വഴിയരികിൽ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.