ന്യൂഡൽഹി: ഗര്‍ഭിണികള്‍ക്ക് ‘നിയമന വിലക്ക്’ ഏര്‍പ്പെടുത്തിയ വിവാദ തീരുമാനം പിൻവലിച്ച് എസ്.ബി.ഐ.രാജ്യത്തെ വിവിധ സ്ത്രീ സംഘടനകൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയർന്നിരുന്നു.ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി പിൻവലിച്ചത്. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്.ബി.ഐ അറിയിച്ചു. പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്.ബി.ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ഡൽഹി വനിതാ കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു. വിവാദ സർക്കുലർ റദ്ദാക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ഈ മാർഗനിർദ്ദശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് നോട്ടീസ് അയച്ചത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപ്പിച്ച് കൊണ്ട് വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണിയായി മൂന്നോ അതിലധികം മാസമോ ആയ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നാണ് ചീഫ് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. എസ്ബിഐയിൽ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേയക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. നേരത്തെ ഗർഭിണികളായിആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക;രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും
ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടക.തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം.വാരാന്ത്യ ലോക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് പറയുന്നത്. അതേ സമയം ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ക്ലബ്ലുകള്‍, പബ്ലുകള്‍, ബാറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്.വിവാഹ പാര്‍ട്ടികളില്‍ 300 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശപ്പിക്കാം. ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സർവകലാശാല ഉദ്യോഗസ്ഥ പിടിയിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പിടിയിൽ . അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നുമാണ് ആർപ്പൂക്കര സ്വദേശിനി എൽസിയെ വിജിലൻസ് സംഘം പിടികൂടിയത്.ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എം.ബിഎ വിദ്യാർത്ഥിയിൽ നിന്ന് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യഘട്ടമായി ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി.ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന്, എം.ബി.എ വിദ്യാർത്ഥി വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകി.ഇതേതുടർന്ന് വിജിലൻസ് സംഘം എം.ബി.എ വിദ്യാർത്ഥിയുടെ കൈവശം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി അയച്ചു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് വാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടിയത്.
ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിത കമ്മീഷൻ
ന്യൂഡൽഹി: ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിത കമ്മീഷൻ രംഗത്ത്. ഗര്‍ഭിണികളായ സ്ത്രീകളെ “താല്‍കാലിക അയോഗ്യര്‍” ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്.ബി.ഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്.ബി.ഐയുടെ നടപടിയെന്നും വനിത കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കമീഷന്‍ നോട്ടീസ് അയച്ചു.ചൊവ്വാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് വനിത കമീഷന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ എസ്.ബി.ഐ പ്രതികരിച്ചിട്ടില്ല. നേരത്തെ, ജോലിയില്‍ പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്ന് തെളിയിക്കുന്ന ഗൈനക്കോളജിസ്റ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആറ് മാസം ഗര്‍ഭിണികളായ സത്രീകള്‍ക്ക് വരെ എസ്.ബി.ഐയില്‍ ചേരാനുള്ള അനുമതിയുണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്;ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി;ഫോൺ ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കേന്ദ്രീകരിച്ചുള്ള വാദം ഹൈക്കോടതിയിൽ തുടങ്ങി. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ സ്വന്തം നിലയിൽ പരിശോധനയ്‌ക്ക് അയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്‌ച്ച പത്ത് മണിയ്‌ക്ക് മുൻപ് എല്ലാ മൊബൈൽ ഫോണുകളും ഹൈക്കോടതിയുടെ രജിസ്ട്രാർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്‌ച്ച വരെ സമയം നൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ഹൈക്കോടതിയിലെ പ്രത്യേക സിറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ദിലീപിന്റെ ഫോണ്‍ കേസിലെ ഡിജിറ്റല്‍ തെളിവുകളില്‍ ഒന്നാണ്. സ്വന്തം നിലയിലുള്ള ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാനാവില്ല. കേസിലെ നിര്‍ണ്ണായക തെളിവായ ഏഴ് ഫോണുകളും തിങ്കളാഴ്ച ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേസിലെ പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറിയത് ഗൂഢാലോചനയ്ക്കുള്ള തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം കേസില്‍ മറ്റൊരു ഫോറന്‍സിക് പരിശോധനയ്ക്കായി ഫോൺ മുംബൈയില്‍ അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചശേഷം കോടതിക്ക് കൈമാറാമെന്നും നടന്‍ കോടതിയില്‍ അറിയിച്ചു. ഫോണുകള്‍ ചൊവ്വാഴ്ച വരെ ഹാജരാക്കാന്‍ സമയം തരണം എന്നും ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. തിങ്കളാഴ്ച 10.15ന് ഫോണുകള്‍ രജിസ്ട്രാര്‍ മുൻപാകെ ഹാജരാക്കാനും കോടതി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി.കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഫോറന്‍സിക് ഏജന്‍സിയുടെ പരിശോധനാഫലം മാത്രമേ പരിഗണിക്കൂ. അല്ലാത്ത ഫലം നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.മാദ്ധ്യമങ്ങളും പോലീസും നിരന്തരം വേട്ടയാടുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ള കോടതിയിൽ വാദിച്ചു. ദയകാട്ടണമെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ദയയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും മൊബൈൽ ഫോൺ ഇന്ന് തന്നെ കൈമാറുന്നതാണ് നല്ലതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം;തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിക്കും.മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം.ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ സേവനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അടുക്കളകള്‍ അടയ്ക്കുകയായിരുന്നു.അതേസമയം ജില്ലയിൽ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂമും ഗൃഹപരിചരണ കേന്ദ്രവും, ആവശ്യമെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലന്‍സ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകര്‍മ്മ സേനയുടെ സേവനം ഊര്‍ജ്ജിതപ്പെടുത്തും.
സംസ്ഥാനത്ത് നാളെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം;അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം നിലവില്‍ വരിക.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നാളെ കൂടി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാം. മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ചികിത്സയ്ക്കും വാക്സിനേഷനും യാത്ര ചെയ്യാം.മറ്റ് യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കയ്യില്‍ കരുതണം. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രമേ പാടുള്ളൂ. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. കഴിഞ്ഞ ഞായറാഴ്ചയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവം;യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ;യുവാക്കള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് കുറ്റം ചുമത്തി കേസെടുത്തു
കോഴിക്കോട്:വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം കേസിൽ പെൺകുട്ടികളെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടികൾ മൊഴിനൽകി. ബെംഗളൂരുവിൽ നിന്നും കുട്ടികളോടൊപ്പം പിടികൂടിയ യുവാക്കൾക്കെതിരെയാണ് മൊഴി.സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെയും കേസെടുക്കുമെന്നും ഇരുവരും പ്രതികളാകുമെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ആക്ട്, പോക്‌സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുക. ഇതിനിടെ പെൺകുട്ടികൾക്ക് യാത്രയ്‌ക്കായി പണം നൽകിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.അതേസമയം പിടികൂടിയ ആറ് പെൺകുട്ടികളിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കും. വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയ ആറ് പെൺകുട്ടികളെയും നിലവിൽ കോഴിക്കോട്ടെത്തിച്ചതായി പോലീസ് വ്യക്തമാക്കി. എല്ലാവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
സംസ്ഥാനത്ത് ഇന്ന് 54,537 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 47.05 ശതമാനം; എറണാകുളത്ത് 10,000 ത്തിൽ അധികം രോഗികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 54,537 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂർ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂർ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസർഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്.ടിപിആർ 47.05 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 258 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 227 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 50,295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3485 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 530 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6921, കൊല്ലം 581, പത്തനംതിട്ട 770, ആലപ്പുഴ 1907, കോട്ടയം 3290, ഇടുക്കി 853, എറണാകുളം 450, തൃശൂർ 4033, പാലക്കാട് 2258, മലപ്പുറം 2130, കോഴിക്കോട് 4135, വയനാട് 799, കണ്ണൂർ 2015, കാസർഗോഡ് 83 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,94,185 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി;നാലുപേരെ കണ്ടെത്തിയത് മലപ്പുറത്തു നിന്നും
മലപ്പുറം: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി.രണ്ടുപേരെ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു.നാല് കുട്ടികളെ കൂടിയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. ഇവരെ മലപ്പുറം എടക്കരയിൽ നിന്ന് പോലീസ് പിടികൂടി. നിലവിൽ എടക്കര പോലീസ് സ്‌റ്റേഷനിലാണ് പെൺകുട്ടികളുള്ളത്. ഒടുവിൽ പിടികൂടിയ നാല് പെൺകുട്ടികളും ബെംഗളൂരുവിലായിരുന്നു.ഇവർ ഇന്ന് ട്രെയിൻ മാർഗം പാലക്കാടെത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറിയാണ് എടക്കരയിൽ വന്നത്. ഇവിടേക്ക് സുഹൃത്തിനെ കാണാൻ വന്നതായിരുന്നു. ഇതോടെ പോലീസിന്റെ പിടിയിലായി. നേരത്തെ, മൈസൂരിനടുത്ത് മിണ്ടിയിൽ നിന്ന് ഒരു പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ഇന്നലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് ആദ്യത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ബെംഗളൂരുവിൽ പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികളുടെ മൊഴി.പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികളാണിവർ.