ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

keralanews budget session begins today president ramnath kovind addresses joint sitting of both houses

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും അനുസ്മരിച്ചാണ് രാഷ്ട്രപതിയുടെ പ്രസംഗം.ലക്ഷക്കണക്കിന് സ്വാതന്ത്രസമര സേനാനികളുടെ ബലിദാനമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. 75വർഷത്തെ രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ സംഭാവന നൽകിയ ചെറുതും വലുതുമായ എല്ലാവരേയും നമിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.ഈ വർഷം തുടക്കം മുതൽ സ്വാതന്ത്ര്യസമരസേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടന്നുവരുന്നത്. സുഭാഷ് ചന്ദ്രബോസ് ജയന്തിയും ദേശീയ യുദ്ധസ്മാരക പരിപാടികളും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.രാജ്യത്തെ ജനങ്ങളും കേന്ദ്രസർക്കാറും തമ്മിലുള്ള ശക്തമായ വിശ്വാസവും സംരക്ഷണത്തിന്റേയും മികച്ച ഉദാഹരണമാണ് കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ കാണുന്നത്. കൊറോണ മുന്നണിപോരാളികളെ നമിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തുവെന്നും അത്തരത്തില്‍ ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്‍ഡ്യയ്ക്ക് സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍പോലും കേന്ദ്ര, സംസ്ഥാന സര്‍കാരുകളും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍കാരിന് സാധിച്ചെന്ന് രാഷ്ട്പതി പറഞ്ഞു. കേന്ദ്ര സര്‍കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്ബത്തികസര്‍വേ ലോക്‌സഭയില്‍ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്‌സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും.നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം ബുധനാഴ്ചമുതല്‍ രാജ്യസഭ രാവിലെ 10 മുതല്‍ മൂന്നരവരെയും ലോക്‌സഭ വൈകിട്ട് നാലുമുതല്‍ രാത്രി ഒൻപതുവരെയുമാണ് ചേരുക.

ആള്‍ക്കൂട്ട ആക്രമണത്തിന്‌ ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്‍റെ കുടുംബത്തിന്‌ നിയമസഹായം വാഗ്‌ദാനം ചെയ്‌ത്‌ നടൻ മമ്മൂട്ടി

keralanews actor mammootty promises legal aid to family of madhu the tribal youth killed in mob attack

കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിന്‌ ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്‍റെ കുടുംബത്തിന്‌ നിയമസഹായം വാഗ്‌ദാനം ചെയ്‌ത്‌ നടൻ മമ്മൂട്ടി.മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട്‌ കുര്യാക്കോസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്‌.കേസുമായി ബന്ധപ്പെട്ട്‌ ഏതാനും ദിവസം മുമ്പ്‌ വിചാരണ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ ഹാജരാവാതെയിരുന്നത്‌ വിവാദങ്ങള്‍ക്ക്‌ കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്‍റെ കുടുംബത്തിന് സഹായവുമായി മമ്മൂട്ടി എത്തിയത്.നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടിയും കേസിന്‍റെ മുന്നോട്ടുപോക്കിനെക്കുറിച്ച് സംസാരിച്ചു. കൂടാതെ മധുവിന്‍റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ നന്ദകുമാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അഭിഭാഷക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ അറിയിച്ചതായി മധുവിന്റെ സഹോദരി സരസുവാണ് അറിയിച്ചത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ഫോണുകൾ കോടതിയിൽ ഹാജരാക്കി;ജാമ്യഹർജിയിൽ ഇന്നും വാദം കേൾക്കും

keralanews in the case of attempting to endanger investigating officers in actress attack case phones produced in court bail plea heard today

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയടക്കം ആറു ഫോണുകള്‍ ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍,സഹോദരൻ  അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് ഹൈക്കോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.ഇന്ന് രാവിലെ പത്തേകാലിന് മുൻപായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നൽകിയിരുന്നത്.മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. അംഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനയ്‌ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം.ഇനി കോടതി തീരുമാനിക്കുന്ന ഏജൻസിയാകും ഫോണുകളുടെ ഫൊറൻസിക് പരിശോധന നടത്തുന്നത്. അതേ സമയം ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം നടക്കും. ഉച്ചയ്‌ക്ക് 1.45നാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.

സംസ്ഥാനത്ത് പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്;നിയന്ത്രണങ്ങൾ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും

keralanews special covid review meeting in the state today decision will made whether restrictions should continue

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക  അവലോകന യോഗം ഇന്ന് ചേരും.ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. നിയന്ത്രണങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഫലം ചെയ്‌തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കുറയാത്തതിനാല്‍ വലിയ ഇളവുകള്‍ ഉണ്ടാകാനും സാധ്യതയില്ല.അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 51,570 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 49.89 ആണ് ടിപിആര്‍.

കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; 450 കിലോയിലധികം കഞ്ചാവുമായി കൊടകരയില്‍ മൂന്ന് പേര്‍ പിടിയിൽ

keralanews largest cannabis hunt in kerala police history three arrested with more than 450 kg of cannabis in kodakara

തൃശ്ശൂര്‍: ചാലക്കുടിക്കടുത്ത് കൊടകരയില്‍ കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. 450 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പിയും സി ആര്‍ സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്.ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്നു. ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി ഷാഹിന്‍ (33), മലപ്പുറം പൊന്നാനി സ്വദേശി സലീം (37 ) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘മിഷന്‍ ഡാഡ്’ ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട.

വെള്ളിമാടുകുന്ന് ബാലികാ സദനത്തിലെ പെൺകുട്ടികളെ കാണാതായ സംഭവം;ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു

keralanews incident of missing girls at vellimadukunnu balika sadanam a girl was left with her mother

കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലികാ സദനത്തിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സംഘത്തിലെ ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടു നൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.ഇക്കാര്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറിയത്. മറ്റു കുട്ടികളുടെ താമസക്കാര്യം തീരുമാനിക്കാൻ സി ഡബ്ലിയു സി ഇന്ന് യോഗം ചേരും.ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് പോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷം ബാലികാ മന്ദിരത്തിലെ പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി എം തോമസ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; ബോർഡിന്റെ നിലനിൽപ്പിന് നിരക്ക് വർദ്ധനവ് അനിവാര്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി

keralanews electricity tariff will increase in the state tariff hike necessary for board survival says minister k krishnankutty

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും.നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോവാനാവില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ടെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.മുഖ്യമന്ത്രി ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.വൈദ്യുത നിരക്കിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റീഷൻ ഇന്ന് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കിൽ നൽകി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ടെന്നാണ് വിവരം.വൈദ്യുതി നിരക്കു പുതുക്കുന്ന‍തുമായി ബന്ധപ്പെട്ടു വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോക് എന്നിവര്‍ ചര്‍ച്ച നടത്തി. സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവര്‍ധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.

സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍

keralanews private bus owners say they go on strike again if government does not keep promises

തിരുവനന്തപുരം:സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍.സര്‍ക്കാര്‍ പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പറഞ്ഞു.പത്ത് ദിവസത്തിനുള്ളില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.പ്രതിസന്ധിയെ തുടര്‍ന്ന് 4000 ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകള്‍ പറഞ്ഞു. നഷ്ടം സഹിച്ചാണ് പലരും സര്‍വീസുകള്‍ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച്‌ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.

കൊറോണ വ്യാപനം; സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

keralanews corona spread lockdown like restrictions in the sate today permission for essential services only

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.ചികിത്സ, വാക്സിനേഷൻ എന്നിവയ്‌ക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവർ കാരണം കാണിക്കുന്ന രേഖകൾ സമർപ്പിക്കണം. കടകൾ രാവിലെ ഏഴ് മണി മുതൽ ഒമ്പത് വരെയാണ് തുറക്കുക. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും.പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. അടിയന്തിര സാഹചര്യത്തിൽ വർക്ക് ഷോപ്പുകൾ തുറക്കാം. മാദ്ധ്യമ സ്ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസം ഉണ്ടാകില്ല. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. മൂൻകൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. നിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 50,812 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 45.7; 47,649 പേർ രോഗമുക്തി

keralanews 50812 corona cases confirmed in the state today 47649 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂർ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂർ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസർഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്.ടിപിആർ 45.7 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 311 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 208 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3751 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,649 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8235, കൊല്ലം 4377, പത്തനംതിട്ട 1748, ആലപ്പുഴ 1785, കോട്ടയം 3033, ഇടുക്കി 1445, എറണാകുളം 8571, തൃശൂർ 5905, പാലക്കാട് 2335, മലപ്പുറം 2809, കോഴിക്കോട് 4331, വയനാട് 829, കണ്ണൂർ 1673, കാസർഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.