കണ്ണൂർ: സംസ്ഥാന സര്‍ക്കാറിനു കീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാവാന്‍ ഒരുങ്ങി കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം.ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി ചേര്‍ന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാട്ടാമ്പള്ളി പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് കയാക്കിങ് കേന്ദ്രത്തെ അക്കാദമിയായി ഉയര്‍ത്തുന്നത്. ഇതിന്റെ മുന്നോടിയായുള്ള നിര്‍മാണ പ്രവൃത്തി കെ.വി. സുമേഷ് എം.എല്‍.എ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി സഹകരിച്ച് കയാക്കിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ലൈഫ് സേവിങ് ടെക്നിക് കോഴ്സുകള്‍, ഒളിമ്ബിക് കയാക്ക് എന്നിവക്കുള്ള അനുബന്ധ സൗകര്യം ഇതിനോടനുബന്ധിച്ച് നടത്തും. സീറോ വേസ്റ്റ് സംവിധാനത്തിലാവും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. അക്കാദമിയാവുന്നതോടെ സെന്ററിന്റെ ഇപ്പോഴത്തെ സ്ഥലസൗകര്യം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യം പരിഗണിക്കും.
കണ്ണൂർ കോര്പറേഷന് പടന്നപ്പാലത്ത് ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടല്‍ പ്രവൃത്തി തുടങ്ങി
കണ്ണൂർ:കണ്ണൂർ കോര്പറേഷന് പടന്നപ്പാലത്ത് ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടല്‍ പ്രവൃത്തി തുടങ്ങി.പ്രവൃത്തിയുടെ ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫിസ് റോഡില്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന് നിര്‍വഹിച്ചു.23.60 കോടി രൂപയാണ് പ്ലാന്റിന്റെ നിർമാണ ചിലവ്.കോര്‍പറേഷന്റെ കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകളിലായി 13.7 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുന്നത്. ദിവസം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിര്‍മാണ ജോലി പടന്നപ്പാലത്ത് പുരോഗമിക്കുകയാണ്. പ്ലാന്റിനായുള്ള പൈലിങ് ജോലി പൂര്‍ത്തിയായി. തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കോര്പറേഷന് ലക്ഷ്യമിടുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്മാന്മാരായ എം.പി. രാജേഷ്, സുരേഷ് ബാബു, എളയാവൂര് കൗണ്‍സിലര്‍മാരായ കെ. സുരേഷ്, പി.വി. ജയസൂര്യന്‍, എ. കുഞ്ഞമ്ബു, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.പി. വത്സന്, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.വി. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗൂഢാലോചന കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറ് ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനവും ഇന്നുണ്ടായേക്കും.ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.എന്നാല്‍ താന്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇതിനകം കൈമാറിയെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ വാദം.ഇക്കാര്യത്തിൽ ഇരു കൂട്ടരുടെയും വാദങ്ങൾ കേട്ട ശേഷം കോടതി തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കമുണ്ടായതിനെ തുടർന്നാണ് കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്.അതേ സമയം ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഫോണ്‍, ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും.ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ കോടതിയില്‍ എത്തിച്ച ഫോണുകള്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തിരുന്നു.എന്നാല്‍ ഫോണ്‍ തുറക്കാനായി പ്രതികള്‍ നല്കിയ പാറ്റേണുകള്‍ ശരിയാണൊ എന്ന് കോടതിയില്‍ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കേരളത്തിൽ കൊറോണ മൂന്നാം തരംഗം ശക്തമായി പിടിമുറുക്കി;രോഗികളുടെ എണ്ണവും പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്നു;അടുത്തയാഴ്ചയോടെ കേസുകൾ കുറയുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: കേരളത്തിൽ കൊറോണ മൂന്നാം തരംഗം ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ. മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളത്തിൽ കൊറോണ കേസുകളുടെ കുതിച്ചു ചാട്ടമുണ്ടായതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.ഒരാഴ്ചയ്ക്ക് മീതെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്.കഴിഞ്ഞ ആറ് ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തയാഴ്ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകൾ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരിൽ 2 നവജാതശിശുക്കളും ഉൾപ്പെടുന്നു.പരിശോധിച്ച് കണ്ടെത്തിയ കേസുകളേക്കാൾ അറിയാതെ പോസിറ്റീവായി പോയവരെകൂടി കണക്കാക്കിയാണ് പാരമ്യഘട്ടം കടന്നെന്ന വിലയിരുത്തൽ. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ. കൂടുകയോ വലിയ തോതിൽ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നു. വൻ വ്യാപനം ഉണ്ടായ തലസ്ഥാനത്ത് പാരമ്യഘട്ടം കടന്നെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.വിദേശത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്.എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് മന്ത്രി ആന്റണി രാജു ഇക്കാര്യത്തില്‍ പ്രതികരണവുമായി മുന്നോട്ടുവന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടാകില്ലെന്ന സൂചനയും മന്ത്രി നല്കി. വിദ്യാര്‍ഥികളുടെ കണ്സഷന് വര്‍ധിപ്പിക്കും. അതേസമയം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തെ പരിഗണിച്ചിട്ടില്ല;തോഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയില്ല;കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തെ തോഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റില്‍ നടപടിയില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗര മേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കേണ്ട സമയമാണിത്. ആ സമയത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ പ്രതിസന്ധി സ്വീകരിക്കാനുള്ള നടപടികള്‍ക്ക് പോലും ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.ബജറ്റിൽ കർഷകരെ സഹായിക്കാൻ സാധിക്കുന്ന പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വളരെ പ്രതീക്ഷകളോടെയാണ് കേരളം ബജറ്റിനെ കണ്ടത്. എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിച്ചിട്ടില്ല. കേരളത്തിന് എയിംസ് എന്ന ഏറെ കാലമായുള്ള ആവശ്യം നടപ്പിലായില്ല. വാക്സിന് വേണ്ടി കുറച്ച് തുക മാത്രമാണ് നീക്കിവെച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി എടുത്തില്ല.അടിസ്ഥാന മേഖലയെ അവഗണിച്ചുകൊണ്ടാണ് ബജറ്റ് പ്രഖ്യാപിച്ചത് എന്നാണ് മന്ത്രിയുടെ വാദം. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വർധിപ്പിച്ചില്ല. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. ബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്ബത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചന കേസ്; നടൻ ദിലീപിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ടമെന്റിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ദിലീപ് അടക്കമുള്ള പ്രതികള്‍ ഇവിടുത്തെ ഫ്ളാറ്റില്‍ വെച്ചും ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കുകയാണ്. കൂടാതെ, ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണം സംഘം ആവശ്യപ്പെട്ട ഫോണുകൾ മുഴുവൻ ദിലീപ് ഹാജരാക്കിയില്ല. ഇത് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെതിന്റെ തെളിവാണ്. അതിനാൽ വിശദമായ അന്വേഷണത്തിന് ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ജാമ്യം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്നത് നിർണ്ണായകമെന്ന് ദിലീപിനോട് കോടതി പറഞ്ഞു.
ഇലക്ട്രിക് വാഹന മേഖലയ്ക്ക് മുൻതൂക്കം;ഇതിനായി ബാറ്ററി സ്വാപ്പിംഗ് പോളിസി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയ്ക്ക് മുൻതൂക്കം നൽകി കേന്ദ്ര ബജറ്റ്. ഇതിനായി ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകൾ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനമായി. തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവച്ചിന് കീഴിൽ 2,000 കിലോമീറ്റർ റെയിൽ ശൃംഖല കൊണ്ടുവരാനും ബജറ്റിൽ തീരുമാനം.മലിനീകരണ പ്രശ്നങ്ങൾ പൂർണമായും തടയാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കും.
‘ഒരു രാജ്യം ഒരു രജിസ്ട്രേഷന്’ പദ്ധതി;നിർണായക പ്രഖ്യാപനം നടത്തി നിർമല സീതാരാമൻ
ന്യൂഡൽഹി:ഭൂമി രജിസ്ട്രേഷന് ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ കഴിയുന്നവിധം പുതിയ നിയമനിർമാണം നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വ്യവസായത്തിനും മറ്റ് ആവശ്യങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും ഇത് കൂടുതൽ സൗകര്യപ്രദമാകും.ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.1.5 ലക്ഷം പോസ്റ്റോഫീസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോര്‍ട്ട് വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ബജറ്റ് 2022;ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സര്‍വ്വകലാശാല;ഡിജിറ്റല്‍ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും.അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷം അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. പ്രകൃതി സൗഹാര്‍ദ്ദപരമായ സീറോ ബജറ്റ് ഓര്‍ഗാനിക് ഫാമിങ്, ആധുനിക കാല കൃഷി എന്നിവ കൂടുതല്‍ വിപുലീകരിക്കുന്നതിനായി കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.