ന്യൂഡൽഹി:കുതിച്ചുയർന്ന ഉള്ളിവില ജനുവരിയോടെ 20-25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉള്ളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ലസര്‍ഗാവ്. ജനുവരിയോടെ ഗുണനിലവാരമുള്ള ഉള്ളി ധാരാളമായി എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ആവശ്യമുള്ളതിനേക്കാള്‍ ധാരാളമായി ഉള്ളി ഉല്‍പാദിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.
മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ
മംഗളൂരു:മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്നും കര്‍ണാടക ഡിജിപിയോടും കാര്യങ്ങൾ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. റിപ്പോര്‍ട്ടിങ് തടഞ്ഞ പൊലീസ് ക്യാമറയും ഫോണുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിക്കു സമീപത്ത് വെച്ചാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, 24ന്യൂസ് തുടങ്ങിയ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തത്.
മംഗളൂരു അതീവ ജാഗ്രതയിൽ;മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ
മംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ മംഗളൂരുവിൽ സംഘർഷം രൂക്ഷം. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മീഡിയ വൺ,മാതൃഭൂമി,24, ഏഷ്യാനെറ്റ്,ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ മാധ്യമ സംഘമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു.ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തത്. അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. മംഗളൂരു ഉള്‍പെടെ ദക്ഷിണ കന്നട ജില്ലയില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; മംഗളൂരുവിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
മംഗളൂരു:മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. വെടിവെപ്പുണ്ടായതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പില്‍ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലഖ്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. അതേസമയം തങ്ങള്‍ ഉപയോഗിച്ചത് റബ്ബര്‍ പെല്ലെറ്റാണെന്ന് കര്‍ണ്ണാടക പോലീസും വെടിവച്ചിട്ടില്ലെന്ന് യുപി പോലീസും പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ്;ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവായ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി തള്ളി. കൂട്ടുപ്രതികള്‍ക്കൊപ്പമാണ് ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് അനുവാദമുള്ളത്.കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ കോടതി നേരത്തെ ദിലീപിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.ഈ ആവശ്യമാണ് തള്ളിയിരിക്കുന്നത്. ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാനായി ദിലീപ് വിചാരണ കോടതിയിലെത്തി.അഭിഭാഷകനോടും മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധനോടും ഒപ്പമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള്‍ രാവിലെതന്നെ കോടതിയില്‍ ഹാജരായിരുന്നു.ദിലീപിനുപുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലും വന്‍പ്രതിഷേധങ്ങള്‍;ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘര്‍ഷം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന സമരക്കാരെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരേ കല്ലേറുമുണ്ടായി.തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രകടനമായെത്തി. ഇവര്‍ക്ക് നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കോഴിക്കോടും ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.സിപിഐ പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കോലംകത്തിച്ചു. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റാലി സംഘടിപ്പിച്ചു. എറണാകുളത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു;കർണാടകയിൽ നിരോധനാജ്ഞ
ബംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. പ്രമുഖ ചരിത്രകാരനും ആക്‌റ്റിവിസ്‌റ്റുമായ രാമചന്ദ്രഗുഹയെ ബെംഗളൂരുവിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബംഗളൂരു ടൗണ്‍ ഹാളിനു മുന്‍പില്‍ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ 11ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ സിപിഐ എം നേതൃത്വത്തില്‍ ഇടതുപാര്‍ടികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചയുടനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു. പൊലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, അച്ചടക്കത്തോടെയായിരുന്നു പ്രതിഷേധം. എല്ലാവരും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഏതെങ്കിലും തരത്തിലുള്ള അക്രമം അവിടെ കാണാന്‍ കഴിഞ്ഞോ എന്നും രാമചന്ദ്രഗുഹ ചോദിച്ചു.അതേസമയം കടുത്ത പ്രതിഷേധം തുടരുന്ന ടൗണ്‍ഹാളിനു മുൻപിൽ നിന്ന് കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബെംഗളൂരു ടൗണ്‍ഹാളിനു മുൻപിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. പൊലീസുകാരുടെ എണ്ണം കുറവായതിനാല്‍ വളരെ കുറച്ച് പ്രതിഷേധക്കാരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരെ എത്തിക്കുന്നതു വരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് സൂചന.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; രാജ്യത്ത് കൂട്ട അറസ്റ്റ്
ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ഡല്‍ഹി ,കര്‍ണാടക,തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി വിദ്യാർത്ഥികളുൾപ്പെടെ വിവിധ രാഷ്ടട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേയും ഒപ്പം ക്യാംപസില്‍ ഉണ്ടായ പോലിസ് നടപടിയിലും പ്രതിഷേധിച്ച് ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ചെങ്കോട്ടയിലും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത്. 13 മെട്രോ സ്‌റ്റേഷനുകളും അടച്ചു. റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി.ജാമിഅ മില്ലിയ്യ, ജമാ മസ്ജിദ്, മുന്റുക എന്‍ട്രി, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐടിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്‌റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.കൂടുതല്‍ സ്‌റ്റേഷനുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കാളികുന്ദ് മധുര റോഡും അടച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനത്ത് നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നിരവധി സംഘടനകളും രംഗത്തെത്തിട്ടുണ്ട്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ചത്തിന്റെ പേരില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ചരിത്രക്കാരന്‍ രാമചന്ദ്ര ഗുഹ സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട്,കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, കമ്മിറ്റി അംഗം പി വി ശുഹൈബ് അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ വോയ്‌സ്, എസ്‌എംഎസ് സര്‍വ്വീസുകള്‍ എയര്‍ടെല്‍ കമ്പനി നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്നാണ് കമ്പനി നല്‍കുന്ന വിവരം.സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചാല്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതാണെന്ന് എയര്‍ടെല്‍ കമ്പനി പ്രതിനിധി ഡാനിഷ് ഖാന്‍ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
സംസ്ഥാനത്ത് വീണ്ടും സവാള വില വർധിച്ചു
കോഴിക്കോട്:സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് സവാളവില വീണ്ടും ഉയർന്നു.കോഴിക്കോട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് കുറഞ്ഞതാണ് വില ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം.മൂന്നുദിവസം മുൻപ് സവാളയുടെ വില കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു.കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്. സവാള വില ഉയര്‍ന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു. തുര്‍ക്കിയില്‍നിന്ന് വന്‍തോതില്‍ സവാള ഇറക്കുമതി ചെയ്തിരുന്നു. ഇതിനൊപ്പം ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും സവാള എത്തിച്ചിരുന്നു. ഇതേതുടര്‍ന്ന് സവാള വില കുറഞ്ഞിരുന്നു.ഇതിനിടെയാണ് വീണ്ടും വില കൂടിയിരിക്കുന്നത്
പന്തീരാങ്കാവ് യുഎപിഎ കേസ്;അന്വേഷണം എൻഐഎ ഏറ്റെടുത്തു
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ ) ഏറ്റെടുത്തു.പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ മാറ്റമൊന്നുമില്ലാതെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് നവംബര്‍ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്‌എഫ്‌ഐ അംഗമാണ്.സി.പി.എം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ കോഴിക്കോട് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തത് വന്‍ വിവാദമായിരുന്നു. സി.പി.എം കേന്ദ്രനേതൃത്വം ശക്തമായി എതിര്‍ത്തെങ്കിലും അവര്‍ക്ക് മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.