സന്നിധാനം:സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടത്തും.നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനുമതി നല്‍കുകയായിരുന്നു.അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകവും ഉഷപൂജയും കഴിച്ച് 7.30ന് നട അടയ്ക്കും. ഗ്രഹണം കഴിഞ്ഞ ശേഷമാണ് നട തുറക്കുക. നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും.തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജയും നടക്കും.അത് കഴിഞ്ഞ് നട അടയ്ക്കും. രാവിലെ 7.30 മുതല്‍ 11.30 വരെ മാളികപ്പുറം, പമ്ബ തുടങ്ങിയ ക്ഷേത്രങ്ങളിലും നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്ക് തുറക്കും.അതേസമയം, ശബരിമല തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോൾ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി.നിലവില്‍ നിയന്ത്രണങ്ങളിലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട സാഹചര്യമില്ല.
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി വയോധികന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി
സുൽത്താൻ ബത്തേരി:വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം.വിറകു ശേഖരിക്കാന്‍ പോയ ആദിവാസി വയോധികനെ കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി.വടക്കനാട് പച്ചാടി കാട്ടുനായിക്ക കോളനിയിലെ ജടയന്‍ (60)നെയാണ് കടുവ കൊന്നത്.ചൊവ്വാഴ്ച വൈകീട്ട് കോളനിയോട് ചേര്‍ന്ന വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഇയാളെ കാണാതായിരുന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് ഉള്‍വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ ജടയന്‍റെ മൃതദേഹം കണ്ടെത്തിയത്.
പെട്രോള്‍ പമ്പിൽ നിന്നും പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം
കോഴിക്കോട്:പെട്രോള്‍ പമ്പിൽ നിന്നും പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ ക്രൂരമായി മർദിച്ചതായി പരാതി.ഇന്ധനം നിറയ്ക്കാന്‍ ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. കോഴിക്കോട് കൂടരഞ്ഞിയില്‍ പെട്രോള്‍ പമ്പിൽ വെച്ചാണ് സംഭവം.പെട്രോള്‍ പമ്പിലെ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ബൈക്കിലും കാറിലുമായി പെട്രോള്‍ അടിക്കാന്‍ വന്ന ബര്‍ണിഷ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പമ്പിലെത്തി പുകവലിക്കുകയായിരുന്നു.പമ്പിൽ പുകവലിക്കാന്‍ പാടില്ലെന്ന് ജീവനക്കാര്‍ ഇവരോട് പറഞ്ഞു. പ്രകോപിതരായ സംഘം മനേജരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും കൂട്ടം ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ രത്‌നാകരനെയും ദിലീപിനെയും അടുത്തുളള സ്വകാര്യ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍പമ്പ് ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.കഞ്ചാവ് കേസില്‍ പ്രതിയാണ് ബർണീഷ് മാത്യു. ഇയാള്‍ പ്രദേശത്ത് സ്ഥിരം അക്രമപ്രവര്‍ത്തനം നടത്തുന്നയാളാണെന്ന് പ്രദേശവാസികളും പറയുന്നു.
വലയ സൂര്യഗ്രഹണം നാളെ;കാണാനൊരുങ്ങി കേരളവും
തിരുവനന്തപുരം : വലയ സൂര്യഗ്രഹണം നാളെ നടക്കും. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയിരിക്കുന്നത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ. ഗ്രഹണം കൂടുതല്‍ ദൃശ്യമാകുന്ന വയനാടും കാസര്‍കോടുമെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ പ്ലാനറ്റേറിയം, ഗുരുവായൂരപ്പന്‍ കോളജ് ഗ്രൌണ്ട് എന്നിവിടങ്ങളിലാണ് ഗ്രഹണം കാണാന്‍ സൗകര്യ മേര്‍പ്പെടുത്തി യിരിക്കുന്നത്. നേരിട്ടോ, എക്സറേ ഷീറ്റ് ഉപയോഗിച്ചോ സൂര്യനെ നോക്കരുത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും.അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും.ഇതാണ് സൂര്യഗ്രഹണം.ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല.ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.
പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍
കൊച്ചി:പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍.പിന്മാറുന്ന കാര്യം സൂചിപ്പിച്ച് ഉടനെത്തന്നെ സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി.നിര്‍ദ്ധിഷ്ട തീയതിക്ക് മുൻപ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ഡിഎംആര്‍സി നല്‍കുന്ന വിശദീകരണം. 2020 ജൂണില്‍ പാലം പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ പാലം പുനര്‍നിര്‍മ്മാണം കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാല്‍ ഡിഎംആര്‍സിക്ക് പണി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബറിലായിരുന്നു പുനര്‍നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നത്. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിക്കുകയാണ്. അതിനാലാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നത്.പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായ ആക്രമണം ആസൂത്രിതമെന്ന് പോലീസ്; സമരക്കാരുടെ അക്രമദൃശ്യങ്ങള്‍ പുറത്തുവിട്ടു
മംഗളൂരു: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളും തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് പോലീസ്. സമരത്തിന് മുൻപും ഇടയിലുമായി മുഖം മറച്ചെത്തിയ സമരക്കാര്‍ വ്യാപകമായ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സിസിടിവി നശിപ്പിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.പ്രതിരോധത്തിന്‍റെ ഭാഗമായാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വാദം.ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളില്‍ അക്രമികള്‍ റാവു ആന്‍ഡ് റാവു സര്‍ക്കിലില്‍ ഒത്തുചേര്‍ന്നു. ഇത് ഡിസി ഓഫീസിന് പുറത്താണ്. ഇവിടെ നിന്നാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. ഈ സ്‌റ്റേഷനിലേക്കുള്ള നാല് പ്രധാന റോഡുകള്‍ ഇവര്‍ അടച്ച് കളഞ്ഞു. ഇതോടെ കൂടുതല്‍ സേനയ്ക്ക് ഇവിടേക്ക് എത്താന്‍ സാധിക്കാതെയായി. സ്‌റ്റേഷന് സമീപമുള്ള ഒരു ടെമ്ബോയ്ക്ക് സമീപം കല്ല് നിറച്ച ചാക്കുകള്‍ ഇറക്കി വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് പിന്നീടേക്ക് റോഡിലേക്ക് കൊണ്ടുവന്നാണ് പോലീസിനെ എറിഞ്ഞത്.ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട് പോയത്. മുഖംമൂടി ധരിച്ച അക്രമികള്‍ പോലീസിനെ കല്ലെറിയാന്‍ തുടങ്ങി. പോലീസ് ബസ് ഇവിടേക്ക് എത്താന്‍ ശ്രമം തുടങ്ങിയതോടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമികള്‍ റോഡ് ബ്ലോക്ക് ചെയ്തു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ബസിന് വരാനാവാതെയായി. ഇതിനിടെ കുറച്ച് പേര്‍ ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമം തുടങ്ങി. വടി ഉപയോഗിച്ച് റെക്കോര്‍ഡിംഗ് തടയാനും ശ്രമം നടന്നു. വൈകീട്ട് 4.30നും 4.45നും ഇടയില്‍ അക്രമികള്‍ പോലീസ് സ്‌റ്റേഷനടുത്തേക്ക് എത്തി. ഇവര്‍ കല്ലേറ് ശക്തമാക്കുകയും ചെയ്തു. ഇതിനിടെ പാഴ് വസ്തുക്കളും ടയറുകളും റോഡില്‍ കൂട്ടിയിട്ട് കത്തിക്കാനും തുടങ്ങി. സമീപത്ത് തോക്കുകള്‍ വില്‍പ്പന നടത്തുന്ന കട തകര്‍ത്ത് അകത്ത് കയറാനും അക്രമികള്‍ ശ്രമിച്ചിരുന്നു.ആ സമയത്ത് വെടിക്കോപ്പുകള്‍ വരെ കടയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലോക്ക് തകര്‍ക്കാന്‍ സാധിച്ചില്ല.അക്രമികള്‍ സ്റ്റേഷന്‍ പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു പോലീസ്. സ്‌റ്റേഷനില്‍ തോക്കുകളും ആയിരത്തലധികം വെടിയുണ്ടകളും ഉണ്ടായിരുന്നു. അക്രമികള്‍ ഒരുപക്ഷേ ഇത് പിടിച്ചെടുത്തേനെ. എന്നാല്‍ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രശ്‌നം ശാന്തമാകാതെ വന്നപ്പോള്‍ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു പോലീസ്. ഇതും അക്രമത്തെ തണുപ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ വെടിവെച്ചത്. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയവരെ പിടികൂടാനാണ് ആശുപത്രിയില്‍ കയറിയത്. അവിടെ ഒളിച്ചിരുന്നവരെ പിടികൂടാനാണ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.അത്തരത്തില്‍ ഇടപെട്ടില്ലെങ്കില്‍ ചോരപ്പുഴ ഒഴുക്കാനായിരുന്നു അക്രമികളുടെ നീക്കമെന്നും പോലീസ് വിശദീകരിക്കുന്നു. പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ച ഫല്‍നീറിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആശുപത്രിക്കുള്ളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും വാതിലുകള്‍ തകര്‍ക്കുന്നതുമെല്ലാം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം
കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു.ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതോടെ ഇവര്‍ കൈയിലിരുന്ന വടികൊണ്ട് വാഹനത്തെ തല്ലുകയായിരുന്നു.കര്‍ണാടക മുഖ്യമന്ത്രിക്ക് കേരളത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐയുടെ കൊടികെട്ടിയ വലിയ വടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്രമ സാധ്യതയുണ്ടായിട്ടും കേരള പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലന്ന് ബിജെപി പറഞ്ഞു. വന്‍ സുരക്ഷാ വിഴ്ചയാണ് ഉണ്ടായത്. നാമമാത്രമായ പോലീസ് മാത്രമേ അകമ്പടിയായുണ്ടായിരുന്നുള്ളു.നേരത്തെ പഴവങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.
ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍; നികുതി വരുമാനം കുത്തനെ ഇടിഞ്ഞു; മുന്നറിയിപ്പുമായി ഐ.എം.എഫ്
ന്യൂഡൽഹി:ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ്.ഏഷ്യയില്‍ അതിവേഗം വളരുന്ന സാമ്ബത്തികവ്യവസ്ഥ സ്വന്തമാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ അവസഥ അദ്ഭുതപ്പെടുത്തുന്നതാണെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. രാജ്യത്ത് നിക്ഷേപവും ഉപഭോഗവും കുറയുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷികഅവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കടുത്ത നടപടികളും സാമ്പത്തിക പരിഷ്‌കരണ പദ്ധതികളും ഉടന്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധികളില്‍ നിന്നും കരകയറാനാവു എന്നാണ് ഐ.എം.എഫ്. സര്‍ക്കാരിനു നല്‍കുന്ന മുന്നറിയിപ്പ്.നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ചെന്ന് ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഒരു പാദത്തില്‍ രണ്ട് ശതമാനം ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു.
ഐ.എം.എഫ് അടക്കമുള്ള സാമ്പത്തിക ഏജന്‍സികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതായി വിലയിരുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പഠനങ്ങളെ പാര്‍ലമെന്റിലടക്കം തള്ളിക്കളയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തിനുശേഷം രാജ്യത്ത് വാഹനനിര്‍മ്മാണ മേഖലയിലടക്കം വില്‍പ്പനയില്‍ വന്‍ മാന്ദ്യം നേരിട്ടിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറികള്‍ പൂട്ടിയിട്ട് ഉത്പാദനം കുറയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രം കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതടക്കം നിരവധി ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ കാലയളവില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടിയതും ജനത്തിന്റെ ഉപഭോഗ പരിധിക്ക് തടയിട്ടു. നോട്ട് നിരോധനവും, ജി.എസ്.ടി നടപ്പിലാക്കിയതിലെ പിഴവുകളുമാണ് രാജ്യത്തെ ഇന്നത്തെ സാമ്ബത്തിക ദുരവസ്ഥയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധരും, പ്രതിപക്ഷവും വിലയിരുത്തുന്നു
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ തിരുവനന്തപുരത്ത് കെ.എസ്.യു പ്രതിഷേധം
തിരുവനന്തപുരം:പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്.യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.സംഭവത്തില്‍ 17 കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.യെദ്യൂരപ്പ ദര്‍ശനം നടത്തി തിരിച്ച് പോകുന്നതു വരെ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.ഇന്ന് കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ യെദ്യൂരപ്പ ദര്‍ശനം നടത്തും.പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചിരുന്നു.അതിനുള്ള പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയത്.
മംഗളൂരുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതോടെയാണ് ഇക്കഴിഞ്ഞ 18ന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കോണ്‍ഗ്രസും മുസ്‌ലിം സമുദായസംഘടനകളും മംഗളൂരുവിലെ വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.മംഗളൂരുവില്‍ തിങ്കളാഴ്ച ബസ്സുകളും മറ്റുവാഹനങ്ങളും നിരത്തിലിറങ്ങി.കടകമ്പോളങ്ങൾ തുറന്നു. ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. തീവണ്ടികളും കര്‍ണാടകയില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂരബസ്സുകളും സര്‍വീസ് നടത്തി.നഗരത്തില്‍ പോലീസിന്റെ പട്രോളിങ് നടക്കുന്നുണ്ടെങ്കിലും അത് ജനജീവിതത്തെ ബാധിക്കുന്നതരത്തിലായിരുന്നില്ല.അതേസമയം സിപിഐഎം എംപിമാരടക്കമുള്ള സംഘം ഇന്ന് മംഗളൂരു സന്ദര്‍ശിക്കും.എംപിമാരായ കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സിപിഐഎം നേതാക്കളുമാണ് മംഗളൂരു സന്ദര്‍ശിക്കുക.