അനിശ്ചിതകാല പണിമുടക്ക്;കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങി ഗതാഗതമന്ത്രി

keralanews indefinite strike transport minister to hold talks with ksrtc trade unions

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി കെഎസ്‌ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സമരം തുടങ്ങിയത്.എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്.സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനു തയ്യാറെടുക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിനി‍റെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.ശമ്പളത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല.

വിദ്യാര്‍ത്ഥി മാര്‍ച്ച്‌ തടഞ്ഞ് പൊലീസ്;യു.പി ഭവനു മുന്നില്‍ വ്യാപക അറസ്റ്റ്;ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍

keralanews police blocked students march wide arrest infront of u p bhavan d y f i all india president mohammed riaz in custody

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് യുപി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാര്‍ച്ചില്‍ പരക്കെ അറസ്റ്റ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്.മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്.പ്രതിഷേധത്തിനെത്തിയ വനിതകളെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് സതീഷ് ചന്ദ്ര യാദവ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐ യുമാണ് യുപി ഭവനിലേക്ക് പ്രതിഷേധവുമായി എത്തിയത്.ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുന്നത്.ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച്‌ ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് വലിയ സന്നാഹത്തെ തന്നെ ഇറക്കിയിരുന്നു.ജാമിഅ മിലിയയിൽ നിന്നും വിദ്യാര്‍ഥികളുമായി പുറപ്പെട്ട ബസ് ഭരത് നഗറില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. യു.പി ഭവനില്‍ പ്രതിഷേധത്തിന് വരികയായിരുന്ന ബസാണ് തടഞ്ഞത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നും 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

keralanews gold worth 65lakhs seized from kannur airport kannur native arrested

മട്ടന്നൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നും 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.സംഭവത്തിൽ കോട്ടയംപോയില്‍ സ്വദേശി നൗഷാദിനെ അറസ്റ്റ് ചെയ്തു.പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനിടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിയിലാണ് പ്രതി പിടിയിലായത്. 1675 ഗ്രാം സ്വര്‍ണം നൗഷാദില്‍ നിന്ന് കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയിലും, ശുചിമുറിയിലും ഒളിപ്പിച്ച നിലയില്‍ രണ്ടുകോടിയോളം രൂപവില മതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്വർണ്ണം പിടികൂടുന്നത്.

എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ പു​തി​യ സം​വി​ധാ​നം

keralanews new system to withdraw cash from s b i a t m from january 1st

തിരുവനന്തപുരം: എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ജനുവരി ഒന്നുമുതല്‍ പുതിയ സംവിധാനം നിലവിൽ വരുന്നു.ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് ബാങ്ക് പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ നടപ്പിലാക്കുക.രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പുതിയ രീതിയില്‍ പണം പിന്‍വലിക്കേണ്ടത്.പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക. തുടര്‍ന്ന് മുന്നോട്ടുപോകാനുള്ള നിര്‍ദേശം നല്‍കുക. അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ഒടിപി ലഭ്യമാകും. തുടര്‍ന്ന് സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് ടൈപ്പ് ചെയ്യുമ്പോൾ പണം ലഭ്യമാകും. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം ലഭ്യമാകാന്‍ പഴയ രീതി തന്നെ തുടരും.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്‌ജിദിന്‌ പുറത്ത് വീണ്ടും പ്രതിഷേധം;വന്‍ പോലീസ് വിന്യാസം

keralanews huge protest against delhi jama masjid against citizenship amendment bill

ന്യൂഡല്‍ഹി:പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്‌ജിദിന്‌ പുറത്ത് വീണ്ടും വന്‍ പ്രതിഷേധം.നിരോധനാജ്ഞ ലംഘിച്ച്‌ നൂറുകണക്കിന് ആളുകളാണ് ജമാ മസ്‌ജിദിന്‌ പുറത്ത് ഒരുമിച്ച്‌ കൂടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഭവന് മുന്നിലടക്കം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.രാജ്യതലസ്ഥാനത്തടക്കം ഇന്ന് പ്രതിഷേധങ്ങളുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലീസ് വിന്യാസം നടത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമാ മസ്ജിദിന് മുന്നില്‍ 15 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് നേതാവ് അല്‍കാ ലംബ, മുന്‍ ഡല്‍ഹി എംഎല്‍എ ഷുഹൈബ് ഇഖ്ബാല്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനത്തില്‍ ക്യൂ നിര്‍ത്തിയത് പോലെ ജനങ്ങളെ എന്‍.ആര്‍.സിയുടെ പേരില്‍ ക്യൂവില്‍ നിര്‍ത്തുകയാണ്- അല്‍ക ലംബ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച ജമാ മസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഭിം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഭിം ആര്‍മിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി ജോര്‍ബഗിലാണ് പ്രതിഷേധം.

കസാഖിസ്ഥാനില്‍ 100 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു;ഒന്‍പത് മരണം

keralanews flight with 100 onboard crashes in kazakhstan

അല്‍മാട്ടി:കസാഖിസ്ഥാനില്‍ നിന്നും 100 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നുവീണു. ഒൻപതുപേർ മരിച്ചു.അല്‍മാട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒൻപത് പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.പരിക്കേറ്റ കുറച്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു;നാലുപേരും മലയാളികൾ

keralanews four from one family died in an accident in coimbatore

കോയമ്പത്തൂർ:കോയമ്പത്തൂർ വെള്ളല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് നല്ലേപ്പിളളി സ്വദേശികളായ നാലു പേർ മരിച്ചു.പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. നല്ലേപ്പിള്ളി സ്വദേശി രമേശ്, രമേശിന്റെ മകൾ ആദിഷ(12), ഇവരുടെ ബന്ധു മീര, മീരയുടെ മകൻ ഋശികേഷ്(7) എന്നിവരാണ് മരിച്ചത്. പുറകെ വന്ന വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആതിര, നിരഞ്ജന, വിപിൻദാസ് എന്നിവരും ബന്ധുക്കളാണ്.നല്ലേപിള്ളി സ്വദേശിയായ ഡ്രൈവർ രാജനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി മറിഞ്ഞു.

പൗരത്വ ഭേദഗതി നിയമയം;പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് യുപി ഭവന്‍ ഉപരോധിക്കും

keralanews citizenship amendment act jamia millias students will besiege u p bhavan in delhi

ലക്‌നൗ:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ സമരക്കാർക്കെതിരെയുണ്ടായ ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഡല്‍ഹി ചാണക്യ പുരിയിലെ യുപി ഭവന്‍ ഉപരോധിക്കും.പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്.ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും അറിയിച്ചു. നേരത്തെ പോലീസ് വിലക്ക് ലംഘിച്ച്‌ വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളെ പോലീസ് കായികമായി ആക്രമിച്ചെന്നും ക്യാമ്പസ്സിൽ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും കാണിച്ച്‌ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണമോ വേണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.ക്യാമ്പസ്സിൽ പോലിസിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.വിദ്യാര്‍ഥികളെ കോളജിനുള്ളിലും ലൈബ്രറിയിലും കയറി പോലിസ് ആക്രമിച്ചിരുന്നു. സര്‍വകലാശാലയില്‍ അതിക്രമിച്ച്‌ കയറിയുള്ള ഡല്‍ഹി പോലിസിന്റെ നടപടി രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലീഗഢ്‌ മുസ്ലിം സര്‍വലകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ പോ​ലീ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ക്ര​മി​ച്ച​ത് ജ​യ് ശ്രീ​റാം വിളിച്ചെന്ന് റിപ്പോര്‍ട്ട്

keralanews police attacked students in aligarh muslim university calling jai sriram

ലഖ്‌നൗ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലീഗഢ്‌ മുസ്ലിം സര്‍വലകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചെന്ന് റിപ്പോര്‍ട്ട്.ജയ് ശ്രീറാം എന്നു മുദ്രാവാക്യം വിളിച്ചാണു പോലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നും സ്കൂട്ടറുകള്‍ക്കും വാഹനങ്ങള്‍ക്കും പോലീസ് തീയിട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചും ഭീകരവാദികളെ നേരിടുന്നതിന് സമാനമായിട്ടുമാണ് ഉത്തര്‍പ്രദേശ് പോലീസ് വിദ്യാര്‍ഥികളെ നേരിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചു.കണ്ണീര്‍ വാതക ഷെല്ലാണെന്നു കരുതി സ്റ്റണ്‍ ഗ്രനേഡ് എടുത്ത വിദ്യാര്‍ഥിക്കു കൈ നഷ്ടപ്പെട്ടു.തീവ്രവാദി എന്ന് അര്‍ഥം വരുന്ന തരത്തിലുള്ള മതപരമായ വാക്കുകളും പോലീസുകാര്‍ ഉപയോഗിച്ചു. എന്നാല്‍ കോളജ് ഈ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മന്ദര്‍, അക്കാദമിക് നന്ദിനി സുന്ദര്‍, അവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍, എഴുത്തുകാരന്‍ നതാഷ ബദ്വാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 13 അംഗ സമിതിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. സംഭവസമയത്തു ക്യാമ്പസ്സിലുണ്ടായിരുന്ന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റുള്ളവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നു സമിതി അറിയിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് തള്ളിയ അലിഗഡ് സിറ്റി എസ്പി അഭിഷേക് വിദ്യാര്‍ഥികളാണ് അക്രമത്തിന് തുടക്കമിട്ടതെന്നും പോലീസ് ആത്മരക്ഷയ്ക്കായി മിനിമം ഫോഴ്സ് ഉപയോഗിക്കുകയായിരുന്നുവെന്നും പറഞ്ഞു.

വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്ന്

keralanews annular solar eclipse today

തിരുവനന്തപുരം: ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം അല്പസമയത്തിനകം ദൃശ്യമാകും.സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയസൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യയില്‍ തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും വലയ ഗ്രഹണം ദൃശ്യമാകും.രാവിലെ 8.04മുതലാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങുക.ഒൻപതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.കേരളത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂ‌ര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കുമിടയില്‍ വന്ന് സൂര്യനെ കാഴ്ചയില്‍നിന്ന് മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രനാകില്ല, ആ സമയത്ത് ഒരു വലയം ബാക്കിയാക്കും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് പറയുന്നത്. 130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവലയം മുഴുവന്‍ വളരെ കൃത്യതയുള്ളതായിരിക്കും. കേരളത്തില്‍ എല്ലായിടത്തും സൂര്യബിംബത്തിെന്‍റ 87-93 ശതമാനം മറയും.കേരളത്തില്‍ മുൻപ് വലയഗ്രഹണം ദൃശ്യമായത് 2010 ജനുവരി 15നാണ്. കേരളത്തില്‍ ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം ദൃശ്യമാകുക 2031 മേയ് 21നാണ്.പ്രപഞ്ചത്തിലെ അപൂര്‍വ സുന്ദരകാഴ്ചകളിലൊന്നായ വലയ സൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരുകാരണവശാലും വലയസൂര്യഗ്രഹണം നിരീക്ഷിക്കരുത്. ഗ്രഹണ സൂര്യന്‍ കൂടുതല്‍ അപകടകാരിയാണ്.ഗ്രഹണം പാരമ്യത്തിലെത്തുമ്പോൾ സൂര്യശോഭ നന്നേ കുറ‍യുമെന്നതിനാല്‍ സൂര്യനെ ഏറെനേരം നോക്കിനില്‍ക്കാന്‍ സാധിക്കും. ഈ സമയം മങ്ങിയ പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കാനായി കൃഷ്ണമണി നന്നായി വികസിക്കും. ഇത് കണ്ണിലേക്ക് കൂടുതല്‍ പ്രകാശത്തെ കടത്തിവിടും. കണ്ണിലുള്ള ലെന്‍സ് സൂര്യരശ്മികളെ കണ്ണിെന്‍റ റെറ്റിനയില്‍ കേന്ദ്രീകരിക്കും. ഇത് റെറ്റിനയെ പൊള്ളലേല്‍പിക്കുകയും കാഴ്ചശക്തിയെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.കൂളിങ് ഗ്ലാസ്,എക്സറേ ഫിലിം,ബൈനക്കുലര്‍, ടെലിസ്കോപ്പ്, ക്യാമറ, നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകള്‍ എന്നിവ കൊണ്ട് ഒരിക്കലും സൂര്യനെ നോക്കരുത്. അതിനാല്‍ അംഗീകൃത ഫില്‍ട്ടര്‍ കണ്ണടയോ പ്രൊജക്ഷന്‍ സംവിധാനമോ ഉപയോഗിച്ചേ ഈ അപൂര്‍വ പ്രതിഭാസത്തെ ദര്‍ശിക്കാവൂ. ബ്ലാക്ക് പോളിമര്‍ ഉപയോഗിച്ചുണ്ടാക്കിയ ഫില്‍റ്ററുകളാണ് ഏറ്റവും സുരക്ഷിതം.