ന്യൂഡൽഹി:ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തൽ.ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.വൈറസ് ലോകമെമ്പാടും കത്തിപ്പടരാൻ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.ഇതിന്റെ ആദ്യപടി എന്നോണം ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്.പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നുവെന്നാണു കണ്ടെത്തല്‍. അവിടെ വില്‍പനയ്‌ക്കെത്തിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു.പനിയും ശ്വാസതടസവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല.മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതായി എമേര്‍ജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
തില്ലങ്കേരിയിൽ പുതുവത്സരാഘോഷത്തിനിടെ മർദനമേറ്റ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം;രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: തില്ലങ്കേരിയിൽ ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെയുവാക്കളുടെ മർദനമേറ്റ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് രണ്ടുപേർ അറസ്റ്റിൽ.തില്ലങ്കേരി കാര്‍ക്കോട്ടെ കുന്നുമ്മല്‍ വീട്ടില്‍ രയരോത്ത് ശങ്കരന്‍ നായര്‍ (70) ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിലാണ് തില്ലങ്കേരി കാര്‍ക്കോട് വടക്കേയില്‍ ഹൗസില്‍ വി മഹേഷ് (27), തൊമ്മിക്കുളത്ത് ഹൗസില്‍ മോഹനന്‍ എന്ന വിക്രമന്‍ (45) എന്നിവരെ മുഴക്കുന്ന് എസ്‌ഐ കെ ബേബി അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ ബഹളം വെച്ച യുവാക്കൾ ശങ്കരന്‍ നായരെ വീട്ടില്‍ കയറി അസഭ്യം പറയുകയും മര്‍ദിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ മുന്നില്‍ വെച്ചുണ്ടായ അക്രമത്തില്‍ മനംനൊന്ത് ശങ്കരന്‍ നായര്‍ ആസിഡ് കഴിക്കുകയായിരുന്നു. മഹേഷും വിക്രമനും ആക്രമിച്ചതിൽ മനംനൊന്താണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ശങ്കരന്‍ നായരുടെ ഭാര്യ കോയ്യോടന്‍ രോഹിണി മുഴക്കുന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം;നാല് ആഴ്‌ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്
ന്യൂഡല്‍ഹി:പൗരത്വനിയമഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്‌ജിദിന് സമീപം പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത നാല് ആഴ്‌ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം.ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ചന്ദ്രശേഖര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്നപോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ഇന്ന് ചൂണ്ടിക്കാട്ടി. ധര്‍ണ നടത്താന്‍ അനുമതി തേടിക്കൊണ്ട് അദ്ദേഹം ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.പ്രതിഷേധങ്ങള്‍ക്ക് അനുമതി നൽകുമ്പോൾ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നത് ശരിയാണെന്നും, പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ വിവേചനപരമായിട്ടാണ് നിങ്ങള്‍ അനുമതി നല്‍കുന്നതും നിഷേധിക്കുന്നതെന്നും, ഇതാണ് പ്രശ്‌നമെന്നും കോടതി മറുപടി നല്‍കി. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.ഡിസംബര്‍ 21-ന് പുലര്‍ച്ചെ നാടകീയമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ
ന്യൂഡൽഹി:ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ.വേതന വര്‍ധനവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ദേശവ്യാപക ബാങ്ക് സമരം.ഒൻപത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു, അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ പറഞ്ഞു. രാജ്യവ്യാപക സമരത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി പണിമുടക്കാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം; ഇന്ന് മുതൽ പിഴ ഈടാക്കും; പിഴ ഈടാക്കിയാല്‍ കടകള്‍ അടക്കുമെന്ന് വ്യാപാരികള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ ഇന്ന് മുതല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും.പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 മുതല്‍ 50000 രൂപ വരെയാണ് പിഴയായി ഈടാക്കുക. ആദ്യ തവണ 10,000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25,000വും 50,000വുമായി പിഴ ഉയരും. തുടര്‍ച്ചയായി പിഴ ഈടാക്കിയ ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. ആദ്യ രണ്ടാഴ്ചയിലെ ബോധവത്കരണത്തിന് ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. എന്നാല്‍ ബദല്‍ മാര്‍ഗം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പട്ട് വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെ അധികൃതര്‍ പരിശോധനകളും ഇന്ന് മുതല്‍ കര്‍ശനമാക്കം. ബദല്‍ മാര്‍ഗം ഒരുക്കാതെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ വ്യാപാരികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ നിരോധനം പെട്ടെന്ന് അംഗീകരിക്കാനാകില്ലെന്നും ബദല്‍ മാര്‍ഗം ഒരുക്കണമെന്നും ഇവര്‍ പറയുന്നത്. പിഴ ഈടാക്കിയാല്‍ കടകള്‍ അടച്ചു പ്രതിഷേധിക്കുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിര്‍ഭയാ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി കോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയാ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. മുകേഷ് സിംഗിന്റെ വാദം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ദയാഹര്‍ജിയുടെ കാര്യം വിചാരണ കോടതിയില്‍ ഉന്നയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ഹര്‍ജി നല്‍കിയത്.കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് കുമാര്‍, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രതികളിലൊരാളായ മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയത്.2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിക്കുകയായിരുന്നു.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു;പിഴ ഇളവ് ഇന്ന് അവസാനിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലപരിധി ഇന്ന് അവസാനിക്കും. തീരുമാനം ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് കർശനമാക്കുന്നത്. ബോധവല്‍ക്കരണമായിരുന്നു ഇതു വരെ.നാളെ മുതല്‍ നിരോധം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.അതേസമയം സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും.ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്‌ളാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നത്. ആദ്യഘട്ടത്തില്‍ പിഴയില്‍ ഇളവ് നല്‍കിക്കൊണ്ട് ബോധവത്കരണത്തിന് ഊന്നല്‍ കൊടുത്തു. ഈ ബോധവത്ക്കരണത്തിനും, പ്‌ളാസ്റ്റിക് ബദലിനുമായി നല്‍കിയിരുന്ന 15 ദിവസ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. എന്നാല്‍, നടപടി തുടങ്ങുന്നതു സംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശമൊന്നും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഇളവ് നീട്ടുന്നതിലോ കര്‍ശനപരിശോധനയും നടപടിയും ആരംഭിക്കുന്നതിലോ അധികൃതരും കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല. കളക്ടര്‍മാര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പിഴ ഈടാക്കല്‍ അടക്കമുള്ള നടപടികളുടെ ചുമതല.നേരത്തെ അറിയിച്ച പ്രകാരം നാളെ മുതല്‍ നിരോധം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യ തവണ 10000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50000 രൂപയും പിഴ ഈടാക്കും. എന്നിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കും.പ്ലാസ്റ്റിക് നിരോധത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും സാവകാശം അനുവദിക്കണമെന്ന ശക്തമായ ആവശ്യം വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്നം. ബ്രാന്‍ഡഡ് കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും സമാനമായ ഗുണനിലവാരത്തിലുള്ളവ ചില്ലറ വ്യാപാരികളെ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് വിവേചനമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇളവ് നീട്ടുന്നതിലോ കര്‍ശന പരിശോധനയും പിഴയീടാക്കലുമുള്‍പ്പെടെ നടപടി സ്വീകരിക്കുന്നതിലും ഇതുവരെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമില്ല. ഇന്നത്തെ മന്ത്രിസഭ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.
കളിയിക്കാവിള കൊലപാതകം;പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്
തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ്.പൊലീസ് നടപടികളോടുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത്.നിരോധിത സംഘടനയുമായി പ്രതികൾക്ക് ബന്ധമുണ്ട്. ഉയർന്ന പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാനും പ്രതികള്‍ പദ്ധതിയിട്ടു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ വിൽസണിനെ പ്രതികള്‍ക്ക് മുന്‍പരിചയം ഇല്ലെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൌഫീഖ് എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയിയത്. കര്‍ണാടക പോലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.കര്‍ണാടകയില്‍ പ്രതികളുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചിലിന് ഒടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഷമീമിനെയും തൌഫീഖിനെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇന്ദ്രാളി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതികൾ പിടിയിലായതോടെ കേസിൽ ഗൂഡാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും. പ്രതികളെ രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട് ടാസ്ക് പോലീസിലെ സ്പെഷ്യൽ എസ്.ഐ വിൻസന്‍റിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
മകരവിളക്ക് ഇന്ന്;ശബരിമലയിൽ വൻ ഭക്തജന തിരക്ക്
ശബരിമല:മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം.ഇന്ന് വൈകിട്ട് 6:30നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും മകര ജ്യോതിദർശനവും.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുലർച്ചെ 2.09 നായിരുന്നു ശബരിമല സന്നിധാനത്ത് മകര സംക്രമ പൂജ നടന്നത്. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിച്ച സമയമായിരുന്നു അത്. മകരസംക്രമ പൂജ നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നതിനാൽ ഇന്നലെ ക്ഷേത്രനട അടച്ചില്ല. മകരസംക്രമ പൂജയ്ക്ക് ശേഷം സംക്രമാഭിഷേകവും സന്നിധാനത്ത് നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍വഴി കൊടുത്തയച്ച നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിച്ചത്. ഇതിനു ശേഷം പുലർച്ചെ 2.30 ന് ഹരിവരാസനം പാടി നട അടച്ചു. പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയില്‍ എത്തും. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറും. ദീപാരാധന സമയത്താണ് മകരജ്യോതി ദര്‍ശനമുണ്ടാവുക. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഒരുക്കാനുമുള്ള സംവിധാനം പൊലീസ്, എൻഡിആർഎഫ്, ദ്രുതകർമസേനാ വിഭാഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രണ്ട് ദിവസമായി വൻ തീർഥാടക തിരക്കാണ് അനുഭവപ്പെടുന്നത്.തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദർശനത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം.
തളിപ്പറമ്പിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു
കണ്ണൂർ:തളിപ്പറമ്പിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു.തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റിക്കോല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്‍റെ മകന്‍ തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്‌നാട് വിരുദുനഗറിലെ ശ്രീവില്ലിപൂത്തൂരിലെ ഇസൈക്കിറാണി എന്ന രേഷ്മ(25) എന്നിവരാണു മരിച്ചത്. ഇസൈക്കി റാണി തൂങ്ങി മരിക്കാനുപയോഗിച്ച സാരിയുടെ കഷ്ണം ഉപയോഗിച്ചാണ് സുധീഷ് സമീപത്തുതന്നെ ജീവനൊടുക്കിയത്.ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി ഭാഗം കൊണ്ട് സമീപത്തുതന്നെ തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ചാണ് വിവാഹം നടത്തിയത്. സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്ന ഇവര്‍ മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു.സുധീഷ് രാത്രിയില്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് അത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ.തമാശക്ക് പറഞ്ഞതാവും എന്ന് കരുതി കാര്യമാക്കിയില്ല. രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.പരേതരായ മുനിയസ്വാമി-നാച്ചിയാര്‍ ദമ്പതികളുടെ മകളാണ് മരിച്ച രേഷ്മ. സഹോദരന്‍ മുനീശ്വരന്‍ ധര്‍മശാല അരുണോദയം പ്ലാസ്റ്റിക്ക് കമ്പനിയിലെ ജീവനക്കാരനാണ്. പരേതയായ ലക്ഷ്മിയാണ് സുധീഷിന്‍റെ അമ്മ.സഹോദരന്‍ വിജേഷ്.തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.