ലാസ് വേഗാസ്: നെവാഡയിലെ ലാസ് വെഗാസിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജനുവരി 7 മുതല്‍ 10 വരെ നടന്ന 2020 ഇന്‍റര്‍നാഷണല്‍ സിഇഎസ് ടെക് ഷോയില്‍ വിഷന്‍ എസ് എന്ന് നാമകരണം ചെയ്ത ഒരു ഇലക്‌ട്രിക് കാര്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സോണി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലേസ്റ്റേഷനും പുതിയ ടി.വി.യും പ്രതീക്ഷിച്ചെത്തിയവര്‍ക്ക് മുന്നിലാണ് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ രാജാവായ ജപ്പാന്‍ കമ്പനി തങ്ങളുടെ അത്ഭുതച്ചെപ്പ് തുറന്നത്. 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വെറും 4.8 സെക്കന്‍ഡുകള്‍ മാത്രം മതിയാവുന്ന ഈ വൈദ്യുത കാര്‍ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. ‘ഫൈവ് ജി’ അധിഷ്ഠിതമായ കാറില്‍ ട്രാഫിക്, വീഡിയോ, സംഗീതം എന്നിവയ്ക്കു പുറമെ ഒ.ടി.എ. സിസ്റ്റവും സ്വയം അപ്ഡേറ്റായിക്കൊണ്ടിരിക്കും. ഇവയെല്ലാം സോണിയുടെ 360 റിയാലിറ്റി സൗണ്ട് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കും.
ഇന്ത്യയില്‍ ഇലക്‌ട്രിക് ഡെലിവറി റിക്ഷകളിറക്കാനൊരുങ്ങി ആമസോണ്‍
ന്യൂഡൽഹി:കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് ഡെലിവറി റിക്ഷകളിറക്കാനൊരുങ്ങി ആമസോണ്‍.ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.കാലാവസ്ഥയെ ബാധിക്കാത്ത തരം സീറോ കാര്‍ബണുള്ള പൂര്‍ണ്ണമായും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഈ റിക്ഷ. ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ചില്ലറ വ്യാപാരികളെ ആകര്‍ഷിക്കുന്നതിനായി ബെസോസ് തന്റെ വിപുലീകരിക്കുന്ന ഇ-കൊമേഴ്സ് ബിസിനസ്സിന്റെ ഭാഗമായി ശനിയാഴ്ച ഒരു കിരാന സ്റ്റോറിലേക്ക് (കോര്‍ണര്‍ സ്റ്റോര്‍) പാക്കേജ് കൈമാറിയിരുന്നു.ആമസോണ്‍ ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് കിരാന സ്റ്റോറുകളെി ഡെലിവറി പോയിന്റുകളായി പങ്കാളികളാക്കുമെന്നും ഇത് അധിക വരുമാനം നേടാന്‍ ഷോപ്പ് ഉടമകളെ സഹായിക്കുമെന്നും ബെസോസ് പറഞ്ഞു.
മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നും ബോംബ് കണ്ടെത്തി
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ബോംബ് കസ്റ്റഡിയില്‍ എടുത്ത് നിര്‍വീര്യമാക്കുന്നതിനായി കൂളിംങ് പിറ്റിലേക്ക് മാറ്റി.10 കിലോഗ്രാം സ്ഫോടന ശക്തിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് വിവരം.അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ല;സെൻസസുമായി സഹകരിക്കുമെന്നും കേരള സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററും( എന്‍.ആര്‍.സി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതെന്നും യോഗം വ്യക്തമാക്കി.അതുകൊണ്ട് തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും യോഗം തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ എതിര്‍പ്പും മന്ത്രിസഭാ യോഗം തള്ളിക്കളഞ്ഞു. ഗവര്‍ണര്‍ക്ക് ഇന്ന് സര്‍ക്കാര്‍ മറുപടി നല്‍കും.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി.ഗവര്‍ണര്‍ എതിര്‍ത്ത ഓര്‍ഡിനന്‍സ്, നിയമസഭയില്‍ ബില്ലായി കൊണ്ടുവരാന്‍ തീരുമാനിക്കുകയും ആ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയുമായിരുന്നു.ഗവര്‍ണര്‍ എതിര്‍ത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെയാണ് കരട് ബില്ല് അവതരിപ്പിച്ചതും അംഗീകരിച്ചതും. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരുവട്ടം മാത്രമെ വാര്‍ഡ് വിഭജനം പാടുള്ളുവെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ച വ്യവസ്ഥ. എന്നാല്‍ പഞ്ചായത്ത് രാജ് ആക്ടിലോ മുന്‍സിപ്പാലിറ്റി ആക്ടിലോ ഈ വ്യവസ്ഥയില്ല എന്ന കാരണം പറഞ്ഞാണ് ഗവര്‍ണറുടെ വാദങ്ങള്‍ മന്ത്രിസഭാ യോഗം തള്ളിയത്.
മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി;സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍;സഹപ്രവർത്തകനായ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ
കാസർകോഡ്:മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് അധ്യാപികയെ സ്കൂളില്‍ നിന്നും കാണാതായിരുന്നു.ഇത് സംബന്ധിച്ച ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുമായ ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളാണ് അധ്യാപികയുടെ മരണത്തിന് പിന്നിലെന്ന് രൂപശ്രീയുടെ കുടുംബവും ആരോപിച്ചു. അധ്യാപികയെ സഹപ്രവര്‍ത്തകന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകന്‍ കൃതികിന്റെ മൊഴി.അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും മുടി മുറിച്ചെടുത്ത നിലയിലുമായിരുന്നു. അദ്ധ്യാപികയുടെ സ്കൂട്ടർ ഹൊസങ്കടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ദുർഗപ്പള്ളത്തെ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയതിനു ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നിൽ ബെല്ലടിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകരെയടക്കം പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
രാജകീയ പദവികള്‍ പിന്‍വലിച്ചു;ഹാരിയും മേഗനും ഇനി സാധാരണക്കാര്‍
ലണ്ടന്‍:ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഉപയോഗിക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവരും ഇനി എലിസബത്ത് രാജ്ഞിയുടെ പ്രതിനിധികളായിരിക്കില്ലെന്നും രാജദമ്പതികളെന്ന രീതിയില്‍ പൊതുപണം ചെലവഴിക്കുന്നത് അവസാനിപ്പിച്ചതായും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു.സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഇരുവരെയും മാറ്റി നിറുത്തി. ഇത് മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം വിന്‍ഡ്സര്‍ കാസിലിന് സമീപം ഇരുവരും താമസിച്ചിരുന്ന ഫ്രോഗ്‌മോര്‍ കോട്ടേജ് നവീകരിക്കുന്നതിന് ചെലവഴിച്ച പൊതുപണം തിരിച്ചുനല്‍കും. 24 ലക്ഷം പൗണ്ടാണ് (ഏകദേശം 22 കോടി രൂപ ) തിരിച്ചടയ്ക്കുക.മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും, അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി. ‘രണ്ടുവര്‍ഷത്തോളം ഹാരിയും ഭാര്യയും മകനും നേരിട്ട വെല്ലുവിളികളെ താന്‍ അംഗീകരിക്കുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മൂവരും എന്നും രാജകുടുംബത്തിന്റെ പ്രിയപ്പെട്ടവരായിരിക്കും’.അതേസമയം, ഹാരിയുടെയും മേഗന്റെയും കാനഡയിലെ താമസം, സുരക്ഷ, ഫ്രാഞ്ചൈസി ഫീസ്, റോയല്‍റ്റി തുടങ്ങിയ കാര്യങ്ങള്‍ കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്പതികൾ കാനഡയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനം.’മാസങ്ങളോളം ആലോചിച്ചാണ് തീരുമാനം എടുത്തത്. രാജകീയ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ് സാമ്പത്തികമായി സ്വാതന്ത്രരാകാനാണ് തീരുമാനം. ഇനി അമേരിക്കയിലും ബ്രിട്ടനിലുമായി ജീവിതം ചെലവഴിക്കും.മകന്‍ ആര്‍ച്ചിയെ രാജകീയ പാരമ്പര്യത്തിൽ വളര്‍ത്തും.’- ഹാരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു.
നിര്‍ഭയ കേസ്;കൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കാണിച്ച് പ്രതി പവന്‍ഗുപ്ത സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല,ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ല തന്റെ വിചാരണ നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പവൻ കുമാർ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പവൻ കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും തന്റെ വധശിക്ഷ റദ്ദാക്കണമെന്നും പവൻ കുമാർ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. ഈ ഹരജി തള്ളിയാലും തിരുത്തൽ ഹരജിയടക്കമുള്ള നിയമസാധ്യതകൾ പ്രതികൾക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്ന് കാണിച്ച് വിചാരണക്കോടതി പുറപ്പെടുവിച്ച് മരണ വാറണ്ട് നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും. കേസിലെ പ്രതി മുകേഷ് സമർപ്പിച്ച ദയാഹരജി പ്രസിഡണ്ടിന്റെ പരിഗണനയിലായിരുന്നതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റിവെച്ചത്. മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി പിന്നീട് തള്ളിയിരുന്നു.
‘അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക’; അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം
കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയത്. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു. പ്രകടനത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് സംഘം നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ തോക്കുകളേന്തി മാവോയിസ്റ്റുകള്‍ ഇവിടെ പ്രകടനം നടത്തിയിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ തണ്ടര്‍ ബോള്‍ട്ടും പോലീസും പ്രദേശത്ത് എത്തി.
പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണു;നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്:പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധന്‍രാജിന്റെ സ്മരണാര്‍ത്ഥം നൂറണിയിലെ ടര്‍ഫ് ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറി തകര്‍ന്ന വീണത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും പരിക്ക് സാരമുള്ളതാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍പോഴ്സ് രംഗത്തെത്തി.ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു.ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.നാലായിരത്തോളം പേര്‍ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി.അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രിയായിരുന്നു മുന്‍ സന്തോഷ് ട്രോഫി താരവും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകള്‍ക്കായി ബൂട്ടണിയുകയും ചെയ്തിട്ടുള്ള പാലക്കാട് സ്വദേശി ധന്‍രാജ് കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. നാല്പത്തിയെട്ടാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മത്സരത്തിനിടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മികച്ച കളിക്കാരനായിരുന്നിട്ടും കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ധന്‍രാജിന്റെത്. ഈ സാഹചര്യത്തിലായുരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പ്രദര്‍ശന ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കാന്‍ പാലക്കാട്ടെ ഫുട്ബോള്‍ പ്രേമികള്‍ തീരുമാനിച്ചത്. ഈ മല്‍സരമാണ് ഇപ്പോള്‍ തുടങ്ങും മുന്‍പ് അപകടത്തില്‍ കലാശിച്ചത്.ഐഎം വിജയന്‍, ബെച്ച്‌യൂങ് ബുട്ടിയ തുടങ്ങിയ താരങ്ങള്‍ മത്സരത്തിൽ കളിക്കുമെന്ന് അറിയിച്ചിരുന്നു.
നിർധനരായ രണ്ട് കുടുംബങ്ങള്‍ക്ക് ഭവനം; കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി
കണ്ണൂര്‍ : ജില്ലയിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട്‌വെച്ച് നല്‍കുന്നതിനായി കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് കൈമാറി. നബാര്‍ഡിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡായി ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് ലഭിച്ച തുകയാണ് ഇതിനായി നല്‍കിയത്. ജില്ലയിലെ നിര്‍ധനരും ഭവന രഹിതരുമായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനാണ് തുക നല്‍കുന്നതെന്ന് ജില്ലാ ബാങ്ക് അധികൃതര്‍ അറിയിച്ചു.സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ എം കെ ദിനേഷ് ബാബു, ബാങ്ക് ജനറല്‍ മാനേജര്‍ പി ശശികുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി വി ഭാസ്‌ക്കരന്‍, എം പി അമ്മണി, സിബിച്ചന്‍ കെ ജോബ്, ജീവനക്കാരുടെ പ്രതിനിധി പി ഗീത, കെ എം ബാബുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.