നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു;ദിലീപും ആക്രമിക്കപ്പെട്ട നടിയും കോടതിയില്‍

keralanews the trial of actress attack case started dileep and attacked actress appeared in the court

കൊച്ചി:നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു.നടന്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയുമടക്കം എല്ലാ പ്രതികളും കോടതിയിലെത്തി. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഇന്ന് അക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.കേസില്‍ ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.അതേസമയം കേസിലെ ഒന്നാംപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി തന്നെ ജയില്‍നിന്നു ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഈ ഹര്‍ജി വിചാരണ നടപടികൾ തുടങ്ങാന്‍ തടസമല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.താന്‍ ഇരയായ കേസും പ്രതിയായ കേസും ഒന്നിച്ചു വിചാരണ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിട്ടുള്ളത്. സുനി ദിലീപിനെ ഫോണ്‍ ചെയ്തത് നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലം ആരാഞ്ഞുകൊണ്ടാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇക്കാര്യം പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിയില്‍ ആശയക്കുഴപ്പമുണ്ടാക്കി വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

നടി ഭാമ വിവാഹിതയായി

keralanews actress bhama got married

കോട്ടയം:നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി.സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച്‌ താരം വ്യക്തമാക്കിയത്. പക്കാ അറേഞ്ച്ഡായാണ് വിവാഹമെന്ന് ഭാമ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് ചടങ്ങിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.ജനുവരിയിലായിരിക്കും വിവാഹമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകള്‍ നടത്തിയതോടെയാണ് വിവാഹത്തീയതി പരസ്യമായത്.നിവേദ്യമായിരുന്നു ഭാമയുടെ ആദ്യ സിനിമ. നിവേദ്യത്തിലെ ഭാമയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഭാമ വേഷമിട്ടു.ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് ബിസ്സിനെസ്സുകാരനായ അരുണ്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്തുമാണ്.

ജ​നു​വ​രി 31,ഫെ​ബ്രു​വ​രി ഒ​ന്ന് ദിവസങ്ങളിൽ രാജ്യത്ത് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ തടസ്സപ്പെടും

keralanews bank strike on january31st and february1st in the country transactions will be interrupted

ന്യൂഡൽഹി:ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളിലായി രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കിൽ പങ്കെടുക്കും.മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്‌ 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും.പെന്‍ഷന്‍ പരിഷ്കരിക്കുക, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച്‌ പഞ്ചദിന വാര പ്രവര്‍ത്തനം നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

നടക്കാവിൽ ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടം;16 പേർക്ക് പരിക്കേറ്റു

keralanews firework tragedy during nadakkavu temple fest 16 injured

ഉദയംപേരൂര്‍: നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടില്‍ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചുവീണ് പൊട്ടി 16ഓളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേവരില്‍ 60 വയസ്സുകാരിയും ഉണ്ട്. ഇവരെ രാത്രിയോടെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപതി അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച രാത്രി ഒൻപതുമണിയോടു കൂടി ക്ഷേത്രത്തിലെ പൂരൂരുട്ടാതി താലപ്പൊലി നടക്കുന്നതിനിടെയാണ് അപകടം.ദിശ തെറ്റിയ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ തിങ്ങിക്കൂടിയിരുന്നവര്‍ നാലുപാടും ചിതറിയോടി. മിക്കവരുടെയും കാലുകള്‍ക്കാണ് പരിക്ക്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും പരിക്കേറ്റവരെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നാണ് സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് ഇനി മുതൽ വെള്ള നിറം നിർബന്ധമാക്കി

keralanews white colour mandatory for tourist buses in kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി.പുറം ബോഡിയില്‍ വെള്ള നിറവും മധ്യഭാഗത്ത് കടുംചാര നിറത്തിലെ വരയുമാണ് അനുവദിച്ചത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.മറ്റുനിറങ്ങളോ എഴുത്തോ ചിത്രപ്പണികളോ അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ) തീരുമാനം. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്‌ട്‌ കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. നിയന്ത്രണമില്ലാത്തതിനാല്‍ ബസ്സുടമകള്‍ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളില്‍ പതിച്ചിരുന്നത്.മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച്‌ അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

keralanews former minister and senior congress leader m kamalam passed away

കോഴിക്കോട്:മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം(96)അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്ന കമലം കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു. ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന കമലം 1946ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് സജീവമായിരുന്നു എം കമലം.ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍,എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിന്റെ ‘മനുഷ്യഭൂപടം’ ഇന്ന്;വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ലോംഗ് മാര്‍ച്ച്‌

keralanews udf to form human map in all district in protest against citizenship amendment act

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ്ന്റെ ‘മനുഷ്യഭൂപടം’ ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക.ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം.ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച്‌ അണിചേരും. നാലുമണിക്കാണ് റിഹേഴ്‌സല്‍. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചും നടത്തും.കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച്‌ കല്‍പ്പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചിട്ടുണ്ട്.കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും ഒപ്പം സംസ്ഥാന സര്‍ക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.തുടര്‍ന്ന് രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും.

കൊറോണ വൈറസ് ബാധ;ചൈനയില്‍ മരണം 170; ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗം ഇന്ന്

keralanews corona virus death toll rises to 170 world health organisation hold emergency meeting today

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 16ലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മുമ്പ് സാധാരണ നിലയിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഖേദിക്കുന്നതായും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആഗോള അടിയന്താരാവസ്ഥ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ധൃതിപിടിച്ച തീരുമാനായിരിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെന്‍ഡ്രോസ് അഥേനോം ഗബ്രിയാസിസ്‍ പറഞ്ഞു.ചൈനയുടെ മറ്റ് മേഖലകളിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.രോഗം വ്യാപിക്കുന്നത് തടയാന്‍ ശരിയായ നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. നടപടികള്‍ ഫലപ്രദവും ഹ്രസ്വകാലത്തേക്കുമാത്രമായി ഉള്ളതാണെന്നുമാണ് മനസിലാക്കുന്നത്. സഞ്ചാരവും വ്യാപാരവും തടയുന്ന രീതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൈനയിലെത്തുകയും രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്തുകയും ചെയ്യും. കൊറോണ ബാധിതര്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അഞ്ചില്‍ ഒന്ന് രോഗികള്‍ക്ക് മാത്രമേ ന്യുമോണിയ, ശ്വാസ തടസ്സം പോലുള്ള ലക്ഷണങ്ങളുള്ളൂ എന്നുമാണ് നിഗമനം. അതേസമയം വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് തങ്ങളുടെ പൌരന്‍മാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബ്രിട്ടീഷ് എയര്‍ വേയ്സ്, ലയണ്‍ എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ ചൈനയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

keralanews malayali expat bussinessman got bail in financial fraud case
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്ത മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി തമ്പിക്ക് ജാമ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ വിദേശത്തുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണ് കേസ്.കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് 2017ല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ് സി.സി തമ്പി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.
റോബര്‍ട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി. തമ്പി വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഞായറാഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് തമ്പി ഡല്‍ഹിയില്‍ എത്തിയത്.ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.288 കോടി രൂപയുടെ ഇടപാടില്‍ വിദേശനാണയ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയില്‍നിന്നും ലണ്ടനില്‍ സ്വത്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരളത്തില്‍ വിവിധ സ്വത്ത് വകകള്‍ വാങ്ങിയതില്‍ ആയിരം കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.റോബര്‍ട്ട് വാദ്ര ലണ്ടനില്‍ 26 കോടിയുടെ ഫ്ളാറ്റും ദുബായില്‍ 14 കോടിയുടെ വില്ലയും വാങ്ങിയത് തമ്പിയുടെ കമ്പനി മുഖേനയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍, തമ്പിയെ വിമാനത്തില്‍ വെച്ച് കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നും മറ്റാരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും റോബര്‍ട്ട് വാദ്ര വ്യക്തമാക്കിയിരുന്നു.മുന്‍പ് എന്‍ഫോഴ്സ്മെന്‍റ് നടത്തിയ ചോദ്യം ചെയ്യലില്‍ വാദ്രയെ പരിചയപ്പെട്ടത് സോണിയ ഗാന്ധിയുടെ പിഎ പി.പി. മാധവന്‍ മുഖേനയാണെന്നും തന്‍റെ ഫ്ളാറ്റില്‍ വാദ്ര താമസിച്ചിട്ടുണ്ടെന്നുമായിരുന്നു തമ്പിയുടെ വെളിപ്പെടുത്തല്‍.

കൊ​റോ​ണ വൈറസ് ബാധ;വു​ഹാനി​ലുള്ള ഇന്ത്യക്കാർക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ചൈ​നയുടെ അ​നു​മതി

keralanews corona virus threat china give permission to indians to return from china

ബീജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി.നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞിരുന്നു.തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന തയാറായത്.വുഹാനില്‍ നിന്ന് 250 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ന് അര്‍ധരാത്രി മുംബൈയില്‍നിന്നു വിമാനം ചൈനയിലേക്ക് പുറപ്പെടും. ഇന്ത്യയില്‍ മടങ്ങി എത്തുന്നവരെ 14 ദിവസം പ്രത്യേകം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ജനുവരി 27ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിദേശകാര്യ, സിവില്‍ ഏവിയേഷന്‍, ഷിപ്പിംഗ്, ഐ ആന്‍ഡ് ബി, പ്രതിരോധ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.