ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ ക്രൂര മർദനം

keralanews ambulance driver brutally beaten by tourist bus employes when trying to overtake the bus

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജ് ആണ് മര്‍ദ്ദനത്തിന് ഇരയായത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.പരുക്കേറ്റ ഡ്രൈവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്.ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് തടയുകയും പിന്നാലെ കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇരുവാഹനങ്ങള്‍ക്കും പിറകിലെത്തിയ ബൈക്ക് യാത്രികരാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍‌ പകര്‍ത്തിയത്.സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ബസ്സ്‌ തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊ​റോ​ണ വൈ​റ​സ് ബാധ:ഒൻപത്‌ ദി​വ​സം​കൊ​ണ്ട് 1,000 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ര്‍​മി​ച്ച്‌ ചൈ​ന

keralanews corona virus outbreak china constructed hospital with 1000beds in nine days

ചൈന:കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ രോഗികളെ ചികിത്സിക്കുന്നതിനായി ഒൻപത്‌ ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച്‌ ചൈന.വുഹാന്‍ തലസ്ഥാനമായ ഹ്യുബയില്‍ ജനുവരി 23ന് നിര്‍മാണമാരംഭിച്ച ആശുപത്രിയുടെ പണി ഞായറാഴ്ചയോടെ പൂര്‍ത്തിയായി. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക്;ഗതാഗതമന്ത്രിയുമായി ചർച്ച ഇന്ന്

keralanews indefinite strike of private buses in kerala transport minister will hold meeting today

കോഴിക്കോട്:സ്വകാര്യ ബസ്സുടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് ഒഴിവാക്കുന്നതിനായി ബസുകളുടെ സംഘടന പ്രതിനിധികളുമായി മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും.രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടത്തുന്നത്. മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം.ഇതേ ആവശ്യമുന്നയിച്ച്‌ നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

കൊറോണ വൈറസ്;ചൈനയില്‍ മരണം 361 ആയി

keralanews corona virus death toll rises to 361 in china

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി.ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. അതേസമയം ഭീതി വിതച്ച്‌ കൊറോണ വൈറസ് ചൈനയില്‍ പടർന്ന്പിടിക്കുമ്പോൾ ആവശ്യത്തിന് മാസ്‌കുകളും മറ്റ് പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്.കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്.ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു.ജീവന്‍ പണയം വച്ച്‌ തങ്ങള്‍ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നു.

വുഹാനില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡെല്‍ഹിയിലെത്തി

keralanews second flight with indians from wuhan china reached delhi

ന്യൂഡൽഹി:കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനിടെ ചൈനയിലെ വുഹാനില്‍ നിന്ന് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡെല്‍ഹിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ 3.10ന് വുഹാനില്‍നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്ത്യയിലെത്തിയത്.വിദ്യാര്‍ഥികളടക്കം 323 പേരാണ് വിമാനത്തിലുള്ളത്.മലയാളി വിദ്യാര്‍ഥികളും വിമാനത്തിലുണ്ട്.ഇവരെ മനേസറിലെ നിരീക്ഷണ ക്യാംപിലേക്കു മാറ്റും. മാലിദ്വീപില്‍ നിന്നുള്ള ഏഴു പേരും സംഘത്തിലുണ്ട്.കഴിഞ്ഞ ദിവസം 324 പേരടങ്ങിയ ഇന്ത്യക്കാരെ  ചൈനയിൽ നിന്നും തിരികെ എത്തിച്ചിരുന്നു. ഇവരെ മനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐ ടി ബി പി ക്യാമ്പിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് തിരിച്ചെത്തിയവരെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും.14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റു കൊല്ലപ്പെട്ടു

keralanews viswahindu mahasabha leader ranjeet bachan shot dead

ലഖ്‌നൗ:വിശ്വഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റു കൊല്ലപ്പെട്ടു. പ്രഭാത സവാരിക്കിടെയാണ് സംഭവം. രാവിലെ നടക്കാന്‍ ഇറങ്ങിയ രഞ്ജിത്തിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു.നേതാവിന്റെ തലയിലേയ്ക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. രഞ്ജിത് തല്‍ക്ഷണം മരിച്ചു.ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലെ സിഡിആര്‍ഐ കെട്ടിടത്തിന് സമീപമാണ് സംഭവം.രഞ്ജിത് ബച്ചന്റെ സഹോദരനും വെടിയേറ്റു. പരിക്കുകളോടെ ഇയാളെ ട്രോമോ സെന്ററിലേയ്ക്ക് മാറ്റിയിരിക്കികയാണ്. രഞ്ജിത്ത് ബച്ചന്റെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിക്കാനും അക്രമികള്‍ ശ്രമിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ അറിയിച്ചു. കൊലപാതകത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക സംഘത്തെ യു.പി പൊലീസ് നിയോഗിച്ചു. ഗൊരഖ്പൂര്‍ സ്വദേശിയാണ് രഞ്ജിത് ബച്ചന്‍.

ചന്തയിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തി

keralanews worms were found in fish purchased from the market

തിരുവനന്തപുരം:ചന്തയിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തി.പോത്തന്‍കോട് ചന്തയില്‍ നിന്നും കാട്ടായിക്കോണം മേലേവിള നവനീതത്തില്‍ പ്രിയ വാങ്ങിയ ചൂരമീനിലാണ് നുരയുന്ന പുഴുക്കളെ കണ്ടത്. ഉടനെ തിരികെ ചന്തയില്‍ എത്തിയെങ്കിലും വില്‍പ്പനക്കാരനെ കണ്ടില്ല. മറ്റു വില്‍പനക്കാരും മോശമായാണ് പെരുമാറിയതെന്നു പ്രിയ പറയുന്നു.ഇതോടെ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രിയ പരാതി നല്‍കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശ പ്രകാരം വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചന്തയില്‍ എത്തിയെങ്കിലും വില്‍പന നടത്തിയയാളെ കണ്ടെത്താനായില്ല.മുന്‍പും പോത്തന്‍കോട് മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നു. കേടായ മല്‍സ്യങ്ങളില്‍ മണല്‍ പൊതിഞ്ഞ് വില്‍ക്കുന്നത് പലവട്ടം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിലക്കിയെങ്കിലും വില്‍പ്പനക്കാര്‍ ഇപ്പോഴും നിര്‍ദേശം ചെവിക്കൊണ്ടിട്ടില്ല. സംഭവത്തില്‍ വില്‍പനക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മായം കലര്‍ന്നതും കേടായതുമായ മീനുകള്‍ മണല്‍ വിതറി വില്‍ക്കുന്നത് തടയാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൂട്ടി കര്‍ശന പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി സുനില്‍ അബ്ബാസ് പറഞ്ഞു.

കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്

keralanews report that bird flu is spreading in china after corona virus

ബെയ്‌ജിങ്‌:കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്.ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് എച്ച്‌5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന് സമീപമുള്ള പ്രവിശ്യയാണ് ഹുനാന്‍.ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഈ ഫാമില്‍ 7850 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു.അതേസമയം, രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് നിലവില്‍ വരുന്ന വിവരം.4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.

വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു;യുവതി അറസ്റ്റില്‍

keralanews woman arrested for spreading fake news about merchants daughter have corona virus infection

കണ്ണൂര്‍: പയ്യന്നൂരിലെ വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച്‌ യുവതി പ്ലസ് ടു സഹ പാഠികളുടെ വാട്സാപ് ഗ്രൂപ്പിലേക്കാണ് കഴിഞ്ഞ ദിവസം സന്ദേശം അയച്ചത്.ഇത് സാമൂഹിക മാധ്യമങ്ങളില്‍ പരന്നതോടെ യുവതി വെട്ടിലായി. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തിയതോടെയാണ് സംഭവം പൊലീസിന് മുന്നില്‍ എത്തിയത്. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കേരളത്തില്‍ വീണ്ടും കൊറോണ;ചൈനയില്‍ നിന്നെത്തിയ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

keralanews corona virus again confirmed in kerala corona identified in one persons who returned from china

ന്യൂഡൽഹി:കേരളത്തിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതായി റിപ്പോർട്ട്.ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. എന്നാല്‍ രോഗിയെക്കുറിച്ചോ മറ്റോ സൂചന ലഭിച്ചിട്ടില്ല.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അതേസമയം കേരള ആരോഗ്യ വകുപ്പില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിക്കുതന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.കൊറോണ ബാധിതയായ തൃശൂരിലെ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നതും അശ്വാസം പകരുന്നതിനിടെയാണ് പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. കൊറോണ ബാധിത മേഖലകളില്‍നിന്നുള്ള 322 പേര്‍ ഇതിനകം കേരളത്തില്‍ എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇന്നലെ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.