കണ്ണൂർ:കൊറോണ വൈറസ് ബാധയെന്ന് സംശയത്തെ തുടർന്ന് മൂന്നുപേരെ കൂടി കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ കണ്ണൂർ സ്വദേശികളായ മൂന്നുപേരെയാണ് ഇന്നലെ ഉച്ചയോടെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.തായ്‌ലൻഡ് സന്ദർശനം കഴിഞ്ഞെത്തിയ ഒരു യുവാവ് ആശുപത്രിയിലെ പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ എത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ അഡ്മിറ്റ് ആക്കേണ്ടെന്ന് കണ്ടെത്തിയതിനാൽ വീട്ടിൽത്തന്നെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.നേപ്പാളിൽ നിന്നും തിരികെയെത്തിയവർക്ക് നേരിയ പനി ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.നിലവിൽ അഞ്ചുപേരാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്.ഇതോടെ മെഡിക്കൽ കോളേജിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രത്യേക വാർഡായ 803 ആം നമ്പർ വാർഡിന്റെ പരിസരങ്ങളിലും എട്ടാം നിലയിലും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഇന്നലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക കൊറോണാ വൈറസ് ബോധവൽക്കരണ ക്ലാസും നടത്തി.അതേസമയം സാമ്പിൾ പരിശോധനയിൽ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ വിട്ടയച്ചു.ആശുപത്രിയിലും വീട്ടിലുമായി 168 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഗായകൻ കെ ജെ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിയിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി:ഗായകൻ കെ ജെ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ ജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപമുള്ള കായലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.രാത്രി ഏറെ വൈകിയും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന വിവരം പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് കെ ജെ ജസ്റ്റിന്‍. ജിജിയാണ് ഭാര്യ. മറ്റു സഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.
തളിപ്പറമ്പിൽ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണം പിടികൂടി
തളിപ്പറമ്പ്:തളിപ്പറമ്പിൽ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണം പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. മന്നയിലെ അറേബ്യൻ ഹോട്ടൽ, ഹോട്ടൽ ഫുഡ് പാലസ്,ഫുഡ് ലാൻഡ്,എം.എസ് ഹോട് ആൻഡ് കൂൾ,ഹോട്ടൽ തറവാട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ചപ്പാത്തി,ചോറ്,ചിക്കൻ,ബീഫ്,അച്ചാർ തുടങ്ങിയവ പിടികൂടിയത്.ഇതുകൂടാതെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.ഹെൽത്ത് ഇൻസ്പെക്റ്റർ പി.പി ബിജു,ജെ.എച്ച് ഐമാരായ എസ്.അബ്ദുൽ റഹ്മാൻ,എൻ.രാഖി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 563 ആയി
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്.ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.നിലവില്‍ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ 12ആമത്തെ ആളില്‍ വൈറസ് കണ്ടെത്തി.ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത് ജപ്പാനിലാണ്,33 പേര്‍ക്ക്.വുഹാനില്‍ നിന്ന് പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമവും തുടരുകയാണ്. കനേഡിയന്‍ പൌരന്മാര്‍ ചൈനയില്‍ നില്‍ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം വാക്സിന്‍ കണ്ടുപിടിക്കാനായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ശ്രമം തുടരുകയാണ്. ഈ മാസം 11, 12 തിയതികളില്‍ ജനീവയില്‍ ലോകാര്യോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 675 മില്ല്യണ്‍ ഡോളര്‍ തുകയും ഡബ്ല്യൂ.എച്ച്.ഒ അനുവദിച്ചു.
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് ഇബ്രാഹിംകുഞ്ഞ്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെയാണ് അനുമതി നല്‍കുന്നത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലില്‍ ഗവണര്‍ ഒപ്പുവച്ചതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാന്‍ സാധിക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്ബനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.
കസ്റ്റഡിയിലെടുത്ത തമിഴ്‌നടൻ വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടരുന്നു;ആദായനികുതി വകുപ്പ് പിടിമുറുക്കിയത് 180 കോടി രൂപ മുടക്കി നിര്‍മ്മിച്ച ‘ബിഗില്‍’ 300 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ
ചെന്നൈ:സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴ് സൂപ്പര്‍ താരം വിജയ്‌യെ ആദായ നികുതി വകുപ്പ് നടത്തി വരുന്ന ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ 17 മണിക്കൂറുകള്‍ പിന്നിട്ടു. ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണി വരെ തുടര്‍ന്നു.ചെന്നൈ പാനൂരിലെ വിജയ് യുടെ വീട്ടില്‍ ആദായ നികുതി വിഭാഗം പരിശോധനകളും തുടരുകയാണ്. വിജയ്‌യിന്റെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധനയുണ്ടായിരുന്നു. എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.എ.ജി.എസ് . സിനിമാസായിരുന്നു ‘ബിഗിൽ’ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എ.ജി.എസ്. ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ നിര്‍മാണത്തിനു പണം നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധനയുണ്ടായിരുന്നു. കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് ”മാസ്റ്റര്‍” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. ഇവിടെയെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. തുടര്‍ന്നു വിശദമായ ചോദ്യം ചെയ്യലിനു ചെന്നൈ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്ക് പുറപ്പെട്ടത്.
അതേസമയം വിജയിയെ കസ്റ്റഡിയില്‍ എടുത്തതില്‍ കടുത്ത പ്രതിഷേധമാണ് വിജയ് ഫാന്‍സുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാല്‍ ആരാധകര്‍ സംയമനം പാലിക്കണമെന്നു വിജയ് ഫാന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായി രംഗത്തുവന്നത്. താരത്തിനു പിന്തുണയുമായി നിലമ്പൂർ എംഎല്‍എ പി.വി.അന്‍വറും പോസ്റ്റിട്ടു. മെര്‍സല്‍ എന്ന ചിത്രം ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അന്‍വര്‍ പറഞ്ഞു.എസ്‌എഫ്‌ഐയും വിജയിയെ പിന്തുണച്ചു കൊണ്ടു പോസ്റ്റിട്ടിട്ടുണ്ട്. വിജയ്‌യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്‌എഫ്‌ഐ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വിജയ്‌ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്.
കൊറോണ വൈറസ്;ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്ററും സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ
കാസർകോഡ്:ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്ററും കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ.കാഞ്ഞങ്ങാട് സ്വദേശിനിയായ വനിത ആയുര്‍വേദ ഡോക്ടറെയാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ബംഗളുരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറാണ് ഇവര്‍.ഏതാനും ദിവസം മുൻപ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ഇവർ ബംഗളുരുവിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായെന്നു ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.വനിതാ ഡോക്ടര്‍ അടക്കം നിലവില്‍ ജില്ലയില്‍ ആകെ നാലു പേരാണ് ഐസൊസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്.ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസർക്കാരിന് കത്തയച്ചു.അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരായ കേസ് തിരിച്ച് പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ഇന്നലെ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻ.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇന്ന്, അമിത് ഷാക്ക് കത്തയക്കുകയായിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍
ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.ഷൂട്ടിംഗ് നിര്‍ത്തിവെച്ച് വിജയിയെ ചെന്നൈയിലേക്ക് കൊണ്ടുപോയതായാണ് വിവരം.ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. വിജയിയുടെ ‘ബിഗിള്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളാണ് എ.ജി.എസ്.ഫിലിംസ്.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്.പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിംകുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിൽ മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.അറസ്റ്റിലായ ടി.ഒ സൂരജ് നല്‍കിയ മൊഴികളിലും റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ഓഫീസിലെ റെയ്ഡില്‍ നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.മുന്‍മന്ത്രിക്ക് എതിരായ നിയമനടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറിന്റെ അനുമതി തേടിയത്.വിജിലന്‍സിന്റെ കത്ത് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. ഒക്ടോബറിലാണ് കത്ത് കൈമാറിയത്. പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു.തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്പി രാജ്ഭവന് കൈമാറി.