കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന സാക്ഷികളിലൊരാളെ ഇന്ന് വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ദൃശ്യങ്ങള്‍ കാണിച്ച അമ്പലപ്പുഴ സ്വദേശി മനുവിനെയാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയില്‍ വിസ്തരിക്കുക. കാറില്‍വച്ച് നടിയെ പീഡിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സുനില്‍കുമാര്‍ ആദ്യം കാണിച്ചത് സുഹൃത്തായ മനുവിനെയാണ്.കേസില്‍ 104 ആം സാക്ഷിയായ മനുവിനെ വ്യാഴാഴ്ചയാണ് വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം ലഭിക്കാത്തതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം സുനില്‍കുമാര്‍ അമ്പലപ്പുഴയിലേക്കാണ് പോയത്. മനുവിന്റെ വീട്ടില്‍വച്ച് ദൃശ്യങ്ങള്‍ കാണിച്ചു. മനുവിന്റെ ഭാര്യയെ വ്യാഴാഴ്ച വിസ്തരിച്ചു. തമ്മനത്ത് സുനില്‍കുമാറിന്റെ കൂടെ താമസിച്ചയാളെയും വിസ്തരിച്ചു. സുനില്‍കുമാറിന്റെ സുഹൃത്തുക്കളായ അഞ്ച്‌പേരെയും ഇന്ന് വിസ്തരിക്കും.പ്രോസിക്യൂഷന്‍ ഇതുവരെ അക്രമത്തിനിരയാക്കപ്പെ്ടനടിയെ അടക്കം 14 സാക്ഷികളെയാണ് വിസ്തരിച്ചത്.പ്രോസിക്യൂഷന്റെ വിസ്താരം പൂര്‍ത്തിയായതിനു ശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കും.
പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ പ്രതിപട്ടികയില്‍ ദേവസ്വം മന്ത്രിയുടെ ഗണ്‍മാനും
തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ പ്രതിപട്ടികയില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാറും. തിരുവനന്തപുരം എസ്.എ.പി കമാന്‍ഡായിരുന്ന വ്യക്തിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ മൂന്നാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.പ്രതിപ്പട്ടികയില്‍ ആകെ 11 പേരാണ് ഉള്ളത്. രജിസ്റ്റര്‍ സ്റ്റോക്കുമായി ബന്ധപ്പെട്ട രേഖകളില്‍ വരുത്തിയ വീഴ്ചയാണ് പൊലീസുകാര്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണം.രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചനയിലൂടെ കൂടുതല്‍ പൈസയുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എഫ്.ഐ.ആറില്‍ ഗുരുതരമായ വീഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയേക്കും. അതേസമയം കുറ്റവാളിയെന്ന് തെളിയും വരെ സനില്‍കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.
എസ്‌എസ്‌എല്‍സി ഹാള്‍ ടിക്കറ്റ് ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക.2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക.1749 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ഥികളും ഇംഗ്ലീഷില്‍ 2,01,259 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ്(2377), കന്നഡ (1527) വിദ്യാര്‍ഥികളുമുണ്ട്.മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിക്കും. 23ന് അവസാനിക്കും.
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്
ന്യൂഡൽഹി:പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്.2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് ആക്രമണത്തിൽ നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ചത്.ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവധി കഴിഞ്ഞു മടങ്ങുന്ന ജവാന്മാരടക്കമുള്ള 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളില്‍ ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം.സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജവാന്മാർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെയെത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റി. പൂര്‍ണമായി തകര്‍ന്ന 76 ആം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടി വയ്പുമുണ്ടായി. വസന്തകുമാര്‍ 82 ആം ബറ്റാലിയനിലെ ജവാനായിരുന്നു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്‌ഷെ മുഹമ്മദ്, ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിനു തൊട്ടുമുന്‍പു ചിത്രീകരിച്ച വിഡിയോയില്‍, എകെ 47 റൈഫിളുമായാണ് ചാവേര്‍ നില്‍ക്കുന്നത്. ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീര്‍ പൊലീസില്‍നിന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു കേസ് എന്‍ഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നാലെ, പുല്‍വാമയ്ക്കു സമീപം ലെത്പൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്‌ട്രീഷ്യനുമായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു.അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സ്മാരകത്തിന്റെ ഉദ്ഘാടനം പുല്‍വാമയിലെ ലെത്തിപ്പോര ക്യാമ്പിൽ വെച്ച് വെള്ളിയാഴ്ച നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് സ്മാരകം പൂര്‍ത്തിയാക്കിയതെന്ന് സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസ്സന്‍ പറഞ്ഞു. യുദ്ധസ്മാരകം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ പേരുകളും ചിത്രങ്ങളും ആലേഖനം ചെയ്താണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം തികച്ചും അപ്രതീക്ഷിതമായ സംഭവമായിരുന്നു. പുതിയ പാഠം കൂടിയാണ് ഭീകരാക്രമണം തങ്ങള്‍ക്ക് നല്‍കിയത്. ഭീകരാക്രമണത്തിന് ശേഷം തങ്ങള്‍ ഒന്നു കൂടി ജാഗരൂകരായെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം:പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മള്‍ട്ടി ഡിസിപ്ലിനറി ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരുകയാണെന്നും 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.പത്തനംതട്ട കലത്തൂര്‍ ജംഗ്ഷനില്‍വെച്ച് വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഇവിടത്തെ ഒരു വീട്ടിലെ കിണറ്റില്‍ നിന്ന് അണലിയെ പിടിച്ച് സുരേഷ് കുപ്പിയിലാക്കുകയായിരുന്നു.കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവയുടെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിക്കുകയായിരുന്നു.
കൊറോണ വൈറസ്:ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതിസന്ധിയില്‍
മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്.ചൈനയില്‍നിന്ന് ഘടകങ്ങള്‍ എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഫെബ്രുവരിയിലെ ഉത്പാദനത്തിലുള്ള ഘടകങ്ങളാണ് നിലവില്‍ സ്റ്റോക്കുള്ളത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച് ആദ്യവാരം ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ ആശങ്ക.ചൈനയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികള്‍ അടച്ചിട്ടിരുന്നതിനാല്‍ ഇന്ത്യയിലെ ഉത്പാദകര്‍ കൂടുതല്‍ ഘടകങ്ങള്‍ ശേഖരിച്ചിരുന്നു.ഇതുപയോഗിച്ചാണ് നിലവില്‍ ഉത്പദാനം നടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ ഫാക്ടറികള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി.രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഘടകഭാഗങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും വില ഉയരുകയാണ്. ഇവ മറ്റു സ്രോതസ്സുകളില്‍നിന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.ആപ്പിള്‍ ഐഫോണ്‍ 11, 11 പ്രോ എന്നിവ ചൈനയില്‍നിന്ന് ‘അസംബിള്‍’ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീര്‍ന്നുതുടങ്ങി. ജനുവരി-മാര്‍ച്ച് കാലത്ത് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ പത്തു മുതല്‍ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജന്‍സികള്‍ പറയുന്നു.ഏപ്രില്‍- ജൂണ്‍ കാലത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും. പുതിയ മൊബൈലുകള്‍ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും. മൊബൈല്‍ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് അസോസിയേഷന്‍ (ഐ.സി.ഇ.എ.) വ്യക്തമാക്കി. പല രാജ്യങ്ങളില്‍നിന്നാണ് ഘടകഭാഗങ്ങള്‍ എത്തുന്നത്.ഡിസ്പ്ലേ യൂണിറ്റ്, കണക്ടറുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പി.സി.ബി.) എന്നിവയാണ് പ്രധാനമായും ചൈനയില്‍നിന്നെത്തുന്നത്. ചിപ്പുകള്‍ തായ്‌വാനിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇത് ചൈനയിലെത്തിച്ച് ഭേദഗതി വരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.ചൈനയില്‍ ചുരുക്കം ചില ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങാന്‍ കാലതാമസമുണ്ടാകുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഘടകങ്ങള്‍ കിട്ടാതാകുന്നതോടെ ഉത്പാദനച്ചെലവേറുമെന്ന് കമ്പനികള്‍ പറയുന്നു.ഇത് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില ഉയരാനിടയാക്കിയേക്കും.
കൊല്ലത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂര്‍ സ്റ്റാന്‍റേര്‍ഡ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്.അപകടത്തില്‍ മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു .
പന്തീരാങ്കാവ് യുഎപിഎ കേസ്;പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി:പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും.റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.അതേസമയം, കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.നാല് മാസം മുൻപാണ് സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്യുന്നത്.അര്‍ദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു.ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 1486 ആയി
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തത്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകള്‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കൊറോണ സ്ഥിതീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷം; അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽക്ഷാമം പരിഹരിക്കുന്നതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ.ഇന്ന് ചേര്‍ന്ന മില്‍മയുടെ ഹൈപ്പവര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൂടുതല്‍ പാല്‍ വാങ്ങാനാണ് തീരുമാനം. ഇതിനായി തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുഖേന ചര്‍ച്ച നടത്തും.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത് . ഉല്പാദനച്ചെലവും കാലിത്തീറ്റയുടെ വിലയും കൂടിയത് കാരണം കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതാണ് പാല്‍ക്ഷാമത്തിനുള്ള കാരണമായി മില്‍മ പറയുന്നത് .