തിരുവനന്തപുരം:നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.ഓരോ ദിവസവും നമ്മുടെ നിരത്തുകളിൽ പൊലിഞ്ഞു തീരുന്നത് ആയിരക്കണക്കിന് ജീവനുകളാണ്.2018 ലെ കേരളാ പോലീസിന്റെ കണക്കനുസരിച്ച് വാഹനാപകടങ്ങളിൽ മാത്രം 4303 ജീവനുകളാണ് കേരളത്തിൽ ഇല്ലാതായത്. 2019 സെപ്റ്റംബർ വരെ മാത്രമുള്ള കണക്കെടുത്താൽ വഴിയിൽ പൊലിഞ്ഞ ജീവനുകൾ 3375 ആണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുന്നതാണ് ഇതിനു പ്രധാന കാരണം.ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയാണ് മോട്ടോർവാഹന വകുപ്പ്.പൊതുനിരത്തുകളിൽ കാണുന്ന നിയമലംഘനങ്ങൾ വാട്സ്ആപ് സന്ദേശങ്ങളായി അധികൃതരിലെത്തിക്കാം.നിങ്ങൾ കാണുന്ന ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും മോട്ടോർവാഹന വകുപ്പിന്റെ 9946100100 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാം.
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും
ന്യൂഡൽഹി:നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടേയും ശിക്ഷ നടപ്പാക്കുക. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു.ഫെബ്രുവരി ഒന്നിന് കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നീ നാല് പ്രതികളുടെയും വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.പ്രതികളിലൊരാളുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലായിരുന്നു വിധി സ്റ്റേ ചെയ്തത്. നാല് പ്രതികളും നിലവില്‍ തിഹാര്‍ ജയിലിലാണ്. പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാഹരജിയോ നല്‍കിയിട്ടില്ല.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചത്.
ഷഹീന്‍ ബാഗ് സമരം;ചർച്ചയ്ക്കായി സുപ്രീം കോടതി മധ്യസ്ഥനെ നിയോഗിച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ സുപ്രീം കോടതി മധ്യസ്ഥനെ നിയോഗിച്ചു.അറുപതു ദിവസമായി റോഡ് തടസപ്പെടുത്തി നടക്കുന്ന സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് കോടതി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ മധ്യസ്ഥനായി നിയോഗിച്ചത്.ഷഹീന്‍ ബാഗ് സമരക്കാരെ നീക്കം ചെയ്യണമെന്ന ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യം സാധ്യമാവുക. എന്നാല്‍ ഇവയ്‌ക്കെല്ലാം പരിധിയുണ്ട്. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോൾ തന്നെ അതിനെതിരെ പ്രതിഷേധിക്കാം. എന്നാല്‍ ഗതാഗതം തസപ്പെടുത്തി അത് എത്രനാള്‍ തുടരും എന്നതാണ് ചോദ്യമെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ എസ്‌കെ കൗളും കെഎം ജോസഫുമാണ് ഹർജി പരിഗണിച്ചത്.ഇന്ന് ഈ നിയമത്തിന് എതിരെയാണെങ്കില്‍ നാളെ മറ്റൊരു നിയമത്തിനെതിരെ മറ്റൊരു കൂട്ടര്‍ ആയിരിക്കും സമരം ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.ശരിയായ കാരണം കൊണ്ടാണെങ്കില്‍ പോലും എല്ലാവരും റോഡ് തടസ്സപ്പെടുത്തി പ്രതിഷേധിക്കാനിറങ്ങിയാല്‍ എന്താവും സ്ഥിതിയെന്ന് ജസ്റ്റിസ് കൗള്‍ ചോദിച്ചു.പ്രതിഷേധിക്കാനുള്ള അവകാശം തടയാനാവില്ല.എന്നാല്‍ അതിനു ബദല്‍ വേദികള്‍ പരിഗണിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.ആംബുലന്‍സുകള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയ്ക്ക് കടന്നുപോവാന്‍ സമരക്കാര്‍ സൗകര്യം ഒരുക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അതിനെ എതിര്‍ത്തു. ഷഹീന്‍ബാഗില്‍ സമ്പൂർണ്ണ ഗതാഗത സ്തംഭനമാണെന്ന് തുഷാര്‍ മേത്ത വാദിച്ചു.സ്ത്രീകളെയും കുട്ടികളെയും മുന്നണിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷഹീന്‍ബാഗ് സമരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. നഗരത്തെ മുഴുവന്‍ തടങ്കലില്‍ വച്ചുകൊണ്ടാണ് സമരം പുരോഗമിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തി.കേസ് അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി.
കണ്ണൂർ തയ്യിലിൽ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി;സംഭവത്തിൽ ദുരൂഹത
കണ്ണൂർ:വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി.സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടിയില്‍ കുരുങ്ങിയനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.രാത്രി കിടത്തിയുറക്കിയ വിയാനെ കാണാനില്ലെന്ന് അച്ഛന്‍ പ്രണവ് തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ധരാത്രി കുട്ടിയ്ക്ക് മരുന്നും പാലും നല്‍കിയ ശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ രാവിലെ ആറുമണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പ്രണവ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളടക്കം തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രണവിന്റെ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
എസ്.എ.പി ക്യാമ്പിലെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം:എസ്.എ.പി ക്യാമ്പിലെ തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ഇവിടെയുണ്ട്.13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു.വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തും.രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. എസ്.എ.പി ക്യാമ്പിൽ സൂക്ഷിച്ച തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എ.പി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാണ് പരിശോധന നടത്തിയത്. പൊലീസ് വകുപ്പിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയുളള സിഎജി റിപ്പോർട്ടിലാണ് തോക്കുകള്‍ കാണാതായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണം;എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി മുൻ എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു .കൊച്ചിയിൽ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.നെടുങ്കണ്ടം കസ്റ്റഡിമരണ കേസിലെ സിബിഐയുടെ ആദ്യ അറസ്റ്റാണിത്.നെടുങ്കണ്ടം തൂക്കുപാലത്ത് ടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണം പൊലീസിന്‍റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.രാജ്‌കുമാർ ക്രൂരമർദനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കണ്ടത്തിയിരുന്നു.ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷത്തിൽ കുടുംബം അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ജസ്റ്റിസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയോഗിക്കുകയും ചെയ്തത്. ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്‍റെ കുടുംബം കോടതിയെ സമീപിച്ചു. കുടുംബത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.
ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും; പദ്ധതിക്ക് റവന്യൂ വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും.ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് റവന്യൂ വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വ്യക്തികളുടെ അധിക ഭൂമി കണ്ടെത്താനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നല്‍കുന്നതാണ് പദ്ധതി.ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയും കേരളത്തിലെവിടെയും എത്ര ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയാനാവും.ഭൂപരിഷ്കരണ നിയമപ്രകാരം അധികഭൂമി കൈവശം വെച്ചതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി മാറ്റി പിടിച്ചെടുക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരണം.ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര്‍ നല്‍കാനുള്ള പദ്ധതി.
ശബരിമല യുവതീപ്രവേശന വിധി; സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും.ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു. അതേസമയം ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു വാദം നടക്കുമ്പോൾ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെങ്കാശിക്കടുത്ത് നിർത്തിയിട്ട കാറിനു പിറകിൽ സ്വകാര്യബസ്സിടിച്ച് മൂന്ന് പേര്‍ മരിച്ചു;മലയാളികളെന്ന് സംശയം
തെങ്കാശി:തെങ്കാശിക്കടുത്ത് നിർത്തിയിട്ട കാറിനു പിറകിൽ സ്വകാര്യബസ്സിടിച്ച് മൂന്ന് പേര്‍ മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു.റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് വിവരം.
തൃശ്ശൂര്‍ കൊറ്റമ്പത്തൂരിൽ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു
തൃശൂർ:തൃശ്ശൂര്‍ കൊറ്റമ്പത്തൂരിൽ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാന്‍ ശ്രമിക്കവേയാണ് മൂന്നുപേരും വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെവി ദിവാകരന്‍ (43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എംകെ വേലായുധന്‍ (55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടില്‍ വിഎ ശങ്കരന്‍ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സിആര്‍ രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.
വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ.ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനം വകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും സഹായിക്കാനായി ഇവർക്കൊപ്പം ചേര്‍ന്നിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലില്‍ നാട്ടുകാർ വനം വകുപ്പുദ്യോഗസ്ഥർക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു. എന്നാല്‍, ഇതിനുശേഷം ശക്തമായ കാറ്റടിച്ച് തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു. പക്ഷെ, ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയിൽ പെടുകയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ ഏക മകനാണ്. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരനാണ് വേലായുധന്‍. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്.