കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ ശരണ്യയ്ക്കെതിരെ പ്രതിഷേധവുമായെത്തി.വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടല്‍ത്തീരത്തെ കരിങ്കല്‍ക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു.തുടര്‍ന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു. തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്ന് സ്ത്രീകള്‍ ആക്രോശിച്ചു. തിരിച്ചു നാട്ടിലെത്തിയാല്‍ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി.കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ടാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭര്‍ത്താവ് പ്രണവിന്റെ തലയില്‍ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്.വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്ബതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.
കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത് സ്വന്തം അമ്മ തന്നെ;കൃത്യം ചെയ്തത് കാമുകനോടൊപ്പം ജീവിക്കാൻ
കണ്ണൂര്‍: തയ്യിലില്‍ കടപ്പുറത്ത് കടല്‍ഭിത്തിയിലെ പാറകള്‍ക്ക് ഇടയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച് പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയില്‍ എറിഞ്ഞു കളയുകയായിരുന്നു എന്നാണ് മൊഴി. കുറ്റം സമ്മതിച്ചതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു. ആദ്യവട്ടം കടല്‍ ഭിത്തിക്ക് മുകളില്‍ നിന്നും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കണ്ടപ്പോള്‍ രണ്ടാം വട്ടവും എടുത്തെറിഞ്ഞെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലും അറസ്റ്റും.അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി.ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് കുഞ്ഞിനെ കൊന്നത് ശരണ്യയാണെന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.ശരണ്യയുടെ വസ്ത്രങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
ശരണ്യ മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ഭര്‍ത്താവ് പ്രണവ് വിദേശത്തേക്ക് പോവുന്നത്. ഈ സമയത്താണ് പ്രണവിന്റെ സുഹൃത്ത് കൂടിയായ നിധിനുമായി ശരണ്യ അടുക്കുന്നത്. തുടര്‍ന്ന് ഈ ബന്ധം കൂടുതല്‍ വളര്‍ന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രണവ് ഈ ബന്ധത്തെ ചൊല്ലി ശരണ്യയുമായി വഴക്കിടുകയും തുടര്‍ന്ന് ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു.മൂന്ന് മാസത്തോളം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല.എന്നാല്‍ കൊലപാതകത്തിന്റെ തലേന്ന് ശരണ്യ പ്രണവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. പ്രണവിനൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കമുണര്‍ന്ന് കരഞ്ഞപ്പോള്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ശരണ്യ കുഞ്ഞിന് പാല് കൊടുക്കുകയും ചെയ്തു.പ്രണവ് ഉറങ്ങിയെന്നുറപ്പാക്കിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ശരണ്യ കടൽക്കരയിലേക്ക് പോയി.തുടര്‍ന്ന് കടല്‍ ഭിത്തിക്ക് മുകളില്‍ നിന്ന് പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ ഉച്ചത്തില്‍ കരഞ്ഞ കുഞ്ഞിനെ എടുത്ത് ഒരു വട്ടം കൂടി പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് തിരികെയെത്തി സുഖമായി കിടന്നുറങ്ങി.പിറ്റേന്ന് ഭര്‍ത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവിനെ കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യവും ഫോറന്‍സിക് പരിശോധനഫലവും ശരണ്യയുടെ എല്ലാ പദ്ധതികളും പൊളിക്കുകയായിരുന്നു.
തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചു;സംഭവത്തില്‍ ദുരൂഹത;സമഗ്ര അന്വേഷണവുമായി പോലീസ്
തിരൂര്‍:മലപ്പുറം തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതിമാരുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തിൽ ദുരൂഹത.സംഭവത്തില്‍ സമഗ്രാന്വേഷണവുമായി പൊലീസ്.93 ദിവസം പ്രായമായ ആറാമത്തെ കുഞ്ഞ് മരിച്ചത് ഇന്ന് രാവിലെയാണ്.ഖബറടക്കിയ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ നീക്കം.ഇതിനായുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ ഖബറടക്കിയതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.കുട്ടികള്‍ക്ക് മൂന്ന് മാസം മുതല്‍ നാലര വയസുവരെയുള്ള പ്രായമുള്ള സമയത്താണ് മരണങ്ങളെല്ലാം നടന്നത്. ഇതില്‍ ഒരു കുട്ടിക്ക് മാത്രമാണ് നാലര വയസ് പ്രായമായിരുന്നത്. ബാക്കിയെല്ലാ കുട്ടികളും ഒന്നര വയസിനുള്ളില്‍ തന്നെ മരണപ്പെട്ടിരുന്നു.കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരൂരിലെ റഫീഖ്-സബീന ദമ്പതിമാരുടെ മക്കളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ ഒരു ബന്ധു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. ഒരു കുട്ടിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇന്നലെ വരെ കളിച്ച് കൊണ്ടിരുന്ന കുട്ടിയാണ് ഇന്ന് രാവിലെ പെട്ടെന്ന് മരിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുന്നതിൽ വിരോധമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി;തീവ്ര വിഷമായതിനാല്‍ ആന്റി വെനം നല്‍കിയത് നാലു പ്രാവശ്യം; സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി.വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചെന്നും വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇന്നു വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി.വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്;പൊലീസ് സ്റ്റേഷനുകള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്.ഇത്തരത്തിൽ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഫ്ലെക്സ് മാറ്റണമെന്ന് റോഡ് സുരക്ഷ അതോറിട്ടിയും ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയത്.അനധികൃത ഫ്ലെക്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഡിജിപിക്കും റോഡ് സുരക്ഷാ അതോറിട്ടും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറാം തീയതി റോഡ് സുരക്ഷാ കമ്മീഷണറും എട്ടാം തീയതി ഡിജിപിയും സര്‍ക്കുലര്‍ പുറത്തിറക്കിയത്.ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം , അനധികൃത ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ പൊതുശല്യം ഉണ്ടാക്കി എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും അവരുടെ ശ്രദ്ധ തിരിക്കുന്നതുമായ വലിയ പരസ്യ ബോര്‍ഡുകളും കൊടിതോരണങ്ങളുമെല്ലാം രണ്ടു മാസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.റോഡിലേക്ക് മറിഞ്ഞുവീണ് വലിയ അപകടം സൃഷ്ടിച്ചേക്കാവുന്ന തരത്തിലുള്ള വലിയ ബില്‍ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് കമ്മീഷണറുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡിന്റെ നടുക്കുള്ള മീഡിയനുകളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ച് കാഴ്ച മറയ്ക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും, ഇത് നീക്കം ചെയ്യണമെന്നും, ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം; അന്വേഷിക്കുന്നത് പൊലീസിനെതിരായ പരാമര്‍ശങ്ങള്‍
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ആഭ്യന്തരവകുപ്പിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷ നേതാവിന്‍റെ കൂടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്.അതേസമയം സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.തോക്കുകളും തിരകളും കാണാതായതും, പോലീസിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും, ആഡംബര വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ന്യായമാണ് സര്‍ക്കാര്‍ ആദ്യം നിരത്താന്‍ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്.ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും
കണ്ണൂർ:കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും.പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്. ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെയാണു പരീക്ഷ.രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷക്ക് ശേഷം അലനെ തൃശൂരിലേക്ക് തന്നെ തിരികെ കൊണ്ടു പോകും.ക്യാമ്പസ്സിൽ പോലീസ് കനത്ത സുരക്ഷയൊരുക്കും.സര്‍വകലാശാലയുടെ നിയമപഠനവിഭാഗത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന അലന്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്പോഴാണ് കേസില്‍പ്പെട്ടു ജയിലിലാകുന്നത്. തുടര്‍ന്നു പഠനവിഭാഗത്തില്‍നിന്നു പുറത്താക്കിയിരുന്നു. നിലവില്‍ മൂന്നാം സെമസ്റ്റല്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.കോടതിയുടെ അനുമതിയുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് സർവകലാശാല മറുപടി നൽകി. തുടർന്നാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകി വൈസ് ചാൻസിലർ ഉത്തരവിറക്കിയത്. എന്നാൽ നിയമ പഠന വിഭാഗം മേധാവി ഹാജർ സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന;കൃത്യം നിര്‍വ്വഹിച്ചത് മാതാപിതാക്കളില്‍ ഒരാളെന്നും റിപ്പോർട്ട്
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞ് മുങ്ങി മരിച്ചതല്ലെന്ന് ഇതോടെ വ്യക്തമായി. സംഭവത്തില്‍ കൊലയാളികള്‍ മാതാപിതാക്കളില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഞ്ഞിന്റെ അച്ഛനാണ് കൊല നടത്തിയതെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുകാരന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാല്‍ രണ്ട് പേരും പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ഉള്ളത്.
ഞായറാഴ്ച രാത്രി വീടിനുള്ളിൽ ഉറക്കിക്കിടത്തിയ വിയാനെ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്.തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കുഞ്ഞിന് മരുന്ന് കൊടുത്തതിനു ശേഷം മാതാവ് ശരണ്യ കുട്ടിയെ അച്ഛന്റെ അടുത്ത് കിടത്തിയുറക്കി.കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്.കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. തെരച്ചിലില്‍ കടല്‍ത്തീരത്ത് കടലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടല്‍ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതുകൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്ബതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറുന്നത്.കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.കുട്ടിയുടെ അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യകയാണ് ഇപ്പോള്‍. ശരണ്യയും, പ്രണവും തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. കുട്ടിയുടെ മരണവുമായി ശരണ്യയ്‌ക്കൊ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫൊറന്‍സിക് വിദഗ്ദ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പകല്‍ താപനിലയില്‍ കൂടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചൂടു കൂടുന്നത് കണക്കിലെടുത്തു ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക;മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും.2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും ഉത്തരവിട്ടത്.2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.