കോയമ്പത്തൂർ:കോയമ്പത്തൂരിലെ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും. പയ്യന്നൂര്‍ കാനത്തെ എന്‍ .വി സനൂപ് (28 ) ആണ് മരണപ്പെട്ടത്. ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ് സനൂപ്. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍ ശ്യാമള ദമ്പതികളുടെ മകനാണ്.അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്.ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.അപകടത്തിൽ 18 മലയാളികൾ ഉൾപ്പെടെ 20 പേരാണ് മരണപ്പെട്ടത്.
കണ്ണൂരിൽ ഫ്‌ളവര്‍ ഷോയിൽ നിന്നും 59000 രൂപയുടെ വിലയേറിയ ചെടികൾ മോഷണം പോയതായി പരാതി
കണ്ണൂർ:കണ്ണൂരിൽ ജില്ലാ അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ഫ്‌ളവര്‍ ഷോയിൽ നിന്നും 59000 രൂപയുടെ ചെടികൾ മോഷണം പോയതായി പരാതി.വിലയേറിയ ഇന്‍ഡോര്‍ ചെടികളാണ് ആറു സ്റ്റാളുകളില്‍ നിന്നായി നഷ്ടപ്പെട്ടതെന്ന് പരിപാടിയുടെ സംഘാടകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരിപാടിയുടെ അവസാന ദിവസമായ ഫെബ്രുവരി മൂന്നിന് രാത്രി ഒന്നര മുതല്‍ രണ്ടര വരെ സമയത്താണ് ചെടികള്‍ മോഷണം പോയത്. വിലയേറിയ ചെടികള്‍ മറ്റു ചെടികള്‍കൊണ്ടു മറച്ച് സ്റ്റാളിനു കര്‍ട്ടന്‍ കെട്ടിയശേഷമാണ് സംഘാടകര്‍ വീടുകളിലേക്കു പോയത്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് ചെടികള്‍ മോഷണം പോയതായി മനസിലായത്.മോഷണം നടന്ന രാത്രി ഇവിടെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷണം അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പറയുന്നു. ഇതോടെയാണ് ദുരൂഹത വര്‍ധിച്ചത്. അവസാനദിനം രാത്രി പത്തോടെ ചില സ്റ്റാളുകളില്‍ എട്ടംഗസംഘമെത്തി ചെടികള്‍ക്കു വിലപേശുകയും സ്റ്റാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതായി നഴ്‌സറിയുടമകള്‍ പറയുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സംഘാടകര്‍ പറയുന്നു.
കോയമ്പത്തൂർ അപകടം;പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം:കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത്. അതിനായി പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസിലേക്ക് ലോറി ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ സേലം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.
അവിനാശി ബസ് അപകടം;മരിച്ച 11 പേരെ തിരിച്ചറിഞ്ഞു
തമിഴ്നാട്:കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 11 പേരെ തിരിച്ചറിഞ്ഞു. റോസ്‌ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേല്‍ (ഒല്ലൂര്‍, തൃശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശൂര്‍), കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.ബസിന്‍റെ വലതുഭാഗത്ത് ഇരുന്നവരാണ് മരിച്ചവരിൽ ഏറെയും.നിയന്ത്രണംവിട്ട ലോറി ഈ വശത്തേക്കാണ് ഇടിച്ചു കയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്തു മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ബസില്‍ ഇടതുഭാഗത്ത് ഇരുന്നവര്‍ക്കു നേരിയ പരിക്കുകളാണ് പറ്റിയത്.അപകടം നടക്കുമ്പോൾ യാത്രക്കാരില്‍ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്നു. ബസിന്‍റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ചില സീറ്റുകള്‍ തെറിച്ചുപോയിട്ടുണ്ട്.ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
കമല്‍ ഹാസന്‍ നായകനാവുന്ന ‘ഇന്ത്യന്‍ 2’ വിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം;അസിസ്റ്റന്റ് ഡയറക്റ്റർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
തമിഴ്നാട്:കമല്‍ ഹാസന്‍ നായകനാവുന്ഏറ്റവും പുതിയ ചിത്രമായ ‘ഇന്ത്യന്‍ 2’ വിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം.മൂന്നുപേർ മരിച്ചു.പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണായിരുന്നു അപകടം.സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. ക്രെയിന് അടിയില്‍ പെട്ട മൂന്ന് പേരാണ് തല്‍ക്ഷണം മരിച്ചത്. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവമരാണ് മരിച്ചത്.പൂനമല്ലി നസ്‌റത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്.സംവിധായകന്‍ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെച്ചു.അപകടം നടക്കുന്ന സമയത്ത് നടന്‍ കമല്‍ ഹാസനും സെറ്റിലുണ്ടായിരുന്നു.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കമല്‍ഹാസന്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ കെഎസ്‌ആര്‍ടിസി ബസും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം;മലയാളികളടക്കം 20 പേർ മരിച്ചു
കോയമ്പത്തൂർ:തമിഴ്‌നാട്ടിൽ കെഎസ്‌ആര്‍ടിസി ബസും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം 20 പേർ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗതയെ തുടര്‍ന്ന് ഡിവൈഡര്‍ മറികടന്ന് വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടിഡി ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം.ബസിന്റെ 12 സീറ്റുകളോളം പൂര്‍ണ്ണമായും ഇടിച്ചുതകര്‍ന്ന നിലയിലാണ്. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്. യാത്രക്കാരെ കുറിച്ച് അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിക്കാം
കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി;കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഉച്ചവരെ യുഡിഎഫ് ഹർത്താൽ
കണ്ണൂര്‍:കോർപറേഷൻ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി.ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിന് മുൻപായി മേയറുടെ മുറിയില്‍വെച്ച് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടെയാണ് മേയര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്. ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് നേരെ കൈയേറ്റം ശ്രമം നടത്തിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിലേക്ക് വരുമ്ബോള്‍ തന്നെ കടത്തി വിടാതെ തടഞ്ഞു. പ്രമോദ് എന്ന കൗണ്‍സിലര്‍ നെഞ്ചത്ത് കുത്തുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണതോടെ പിന്നെ സംഘര്‍ഷമായി. രാജീവ്, മുരളി, സജിത്ത് എന്നീ കൗണ്‍സിലര്‍മാരും ആക്രമിച്ചവരിലുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു.തന്നെ ഉപദ്രവിക്കുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രക്ഷിക്കാനോ സുരക്ഷിതയായി പുറത്ത് എത്തിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു.കൈയേറ്റ ശ്രമത്തിന് പിന്നാലെ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ മരിച്ചതിലെ ദുരൂഹത നീങ്ങുന്നു; കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളെന്ന് ഡോക്ടര്‍
മലപ്പുറം:തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ മരിച്ചതിലെ ദുരൂഹത നീങ്ങുന്നു.കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളെന്ന് കുട്ടികളെ ആദ്യം ചികിൽസിച്ച ഡോ.നൗഷാദ് പറഞ്ഞു.ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ ‘സിഡ്‌സ്’ അവസ്ഥയാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നതെന്നും ഇതേ തുടർന്നാണ് ഇവരെ വിദഗ്ധചികിത്സയ്ക്ക് അയച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.ശരീരത്തില്‍ മുറിവേറ്റതിന്റേയോ, ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങള്‍ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവെയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്. മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോര്‍ട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്.
തിരൂര്‍ ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതികളുടെ 6 മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ ഇന്നലെ പുലര്‍ച്ചെ ദമ്പതികളുടെ ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞും മരിച്ചതോടെയാണ് ദുരൂഹത ഉയര്‍ന്നത്.മരിച്ചതില്‍ ആറില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത് മാത്രമല്ല മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത് എന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാല്‍ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. രാത്രി നിര്‍ത്താതെ കരയുകയും അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പോലീസിന്റെ തോക്കുകൾ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി;റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകള്‍ കാണാതായത് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമെന്നാണ് കണ്ടെത്തല്‍.കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു.ഈ റിപ്പോര്‍ട്ടും സഭാസമിതി മുൻപാകെ ഹാജരാക്കും.സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സമിതി സാധൂകരിച്ച് നല്‍കിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷന്റെ മാർഗ നിർദേശങ്ങളും ലംഘിച്ചതായി സി.എ.ജി കണ്ടെത്തിയിരുന്നു. വില നിശ്ചയിക്കുന്നതിൽ നാലു സന്ദർഭങ്ങളിലെങ്കിലും പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ പദ്ധതികൾക്ക് ധനനഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൊറോണ വൈറസ്:മരണസംഖ്യ രണ്ടായിരം കടന്നു
ചൈന:കൊറോണ വൈറസ് ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി.രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ വുചാങ് ആശുപത്രി ഡയറക്ടര്‍ ഡോ. ലിയു ഷിമിങും കഴിഞ്ഞദിവസം വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. വുഹാനില്‍ രോഗബാധിതരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ കയറി പരിശോധന ആരംഭിച്ചു.രോഗികളുമായി സമ്പർക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാക്കും.വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താല്‍ക്കാലിക കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ബീജിങ്, ഷാംഗായ് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോകടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ ഏകദേശം 25,000 മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ഹ്യൂബെയില്‍ എത്തിയിട്ടുള്ളത്.അതേസമയം കൊറോണ ആശങ്കയെ തുടര്‍ന്ന് യോക്കോഹോമയില്‍ തടഞ്ഞ് വെച്ചിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് യാത്രാക്കാരെ വിട്ടയക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി17 മിലിറ്ററി എയര്‍ക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക.ചൈനയിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇതേ വിമാനത്തില്‍ കയറ്റി അയക്കും.നേരത്തെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു.