കൊറോണ വൈറസ്;ഇന്ത്യയില്‍ മരണം പത്തായി;രാജ്യം കനത്ത ജാഗ്രതയിൽ

Wuhan: In this Sunday, Feb. 16, 2020, photo, medical personnel scan a new coronavirus patient at a hospital in Wuhan in central China's Hubei province. Chinese authorities on Monday reported a slight upturn in new virus cases and hundred more deaths for a total of thousands since the outbreak began two months ago. AP/PTI(AP2_17_2020_000030A)

ന്യൂഡൽഹി:കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം പത്തായി.വൈറസ് ബാധയെ ചെറുക്കാൻ രാജ്യത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ 31വരെ സംസ്ഥാനങ്ങൾ പൂര്‍ണമായി അടച്ചിടും.471 ആളുകള്‍ക്കാണ് നിലവിൽ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 75 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകളടക്കം നിര്‍ത്താനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും തീരുമാനമായി.പഞ്ചാബില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തു.കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.548 ജില്ലകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൂര്‍ണമായ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ ഭാഗികമായ കര്‍ഫ്യുവും ഏര്‍പ്പെടുത്തി. ഇതില്‍ 80 ജില്ലകള്‍ ഉള്‍പ്പെടും. 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് പൂര്‍ണമായും കര്‍ഫ്യു ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥനം പഞ്ചാബാണ്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ മറ്റെല്ലാം നിര്‍ത്തിവച്ചു.അതേസമയം വൈറസ് ബാധ മൂലം ഇതുവരെ 16,500 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്.ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരിച്ചത്.ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. കൂടാതെ സ്‌പെയിനില്‍ 2311 പേരും ഇറാനില്‍ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു.

കാസര്‍കോട്ടേക്കുള്ള വഴികള്‍ അടച്ചു; കണ്ണൂരില്‍ അതീവ ജാഗ്രത

keralanews roads to kasarkode closed and high alert in kannur

കണ്ണൂർ:കൊറോണ വൈറസ് ബാധ സംശയിച്ച് കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നു.ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണമാണ് വര്‍ധിച്ചിട്ടുള്ളത്. തിങ്കളാഴ്ച മാത്രം നാന്നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 6504 ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 72 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. നേരത്തെ ഇത് 49 ആയിരുന്നു.കൊറോണ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കണ്ണൂര്‍ ജില്ല.കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള വഴി പൂര്‍ണമായും അടച്ചിരിക്കുകയാണ്.ദേശീയ പാത ഒഴികെ മറ്റൊരു വഴിയും ഉപയോഗിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടുണ്ട്. കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള മറ്റ് വഴികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ അടച്ചു. അതേസമയം നിരീക്ഷണത്തിലുള്ളവരെ അടക്കം താമസിപ്പിക്കുന്നതിനായി 17 ഏകാന്ത കേന്ദ്രങ്ങള്‍ തയ്യാറാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.400ല്‍ അധികം കിടക്കകളുള്ള നിലവില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകള്‍, കിന്‍ഫ്രയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണ് ശ്രമം നടക്കുന്നത്.

കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു

keralanews complete lockdown announced in kerala

തിരുവനന്തപുരം:കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 14 ജില്ലകളും സമ്പൂർണ്ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പൊതുഗതാഗതം നിര്‍ത്തലാക്കും.സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പെട്രോള്‍ പമ്പ്,ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും.സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്-19, എറണാകുളം-2, കണ്ണൂര്‍- 5, പത്തനംതിട്ട- 1, തൃശൂര്‍- 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. രോഗം ഇതുവരെ ബാധിച്ചവര്‍ 95 ആയി. നേരത്തെ 4 പേര്‍ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തില്‍ 64,320 പേരുണ്ട്; 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം. കാസര്‍കോട് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.അനാവശ്യമായി ആരും പുറത്തിറങ്ങരുത്.ഇറങ്ങിയാല്‍ അറസ്റ്റ് ഉണ്ടാകും. കനത്ത പിഴയും ചുമത്തും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒമാനിൽ മലവെള്ളപാച്ചിലിൽ കാണാതായ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

keralanews the deadbodies of two went missing in flash flood in oman were found

ഒമാൻ:ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കാണാതായ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ടാണ് അപകടം.ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.റോയൽ ഒമാൻ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ വിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് സുജിതിന്റെ മൃതദേഹം കണ്ടെത്തിയത്.ഇവരെ കാണാതായ സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെയായിരുന്നു മൃതദേഹങ്ങൾ.

പാല്‍ വില്‍പ്പന കുറഞ്ഞു;മില്‍മ ചൊവ്വാഴ്ച മലബാര്‍ മേഖലയില്‍ നിന്നും പാല്‍ ശേഖരിക്കില്ല

keralanews milk sales declines milma will not collect milk from malabar area on tuesday

കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. മലബാര്‍ മേഖലയില്‍ പാല്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാല്‍ ശേഖരിക്കാത്തതെന്ന് മേഖലാ യൂണിയന്‍ മാനേജിംങ് ഡയറക്ടര്‍ അറിയിച്ചു. മലബാര്‍ മേഖലാ യൂണിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി പ്രതിദിനം 5.90 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. മലബാര്‍ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റു പോയത്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതിനു പുറമേ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വന്‍ തോതില്‍ കുറഞ്ഞു.എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച കാലത്തും വൈകീട്ടും പാല്‍ സംഭരണം നിര്‍ത്തുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ കെഎം വിജയകുമാര്‍ പറഞ്ഞു.ഇക്കാര്യം സഹകരണ സംഘങ്ങളെ അറിയിച്ചു കഴിഞ്ഞു. നാളെ വിപണി നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ സംഭരണം വേണോയെന്ന് ആലോചിക്കും. മില്‍മയുടെ തീരുമാനം ക്ഷീര കര്‍ഷകരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും.

കൊറോണ വൈറസിനെ ചെറുക്കാന്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം നടത്തി;കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

keralanews man arrested for spreading fake news that poisonous drug will spray by helikopter to kill corona virus in kannur district

കണ്ണൂർ:കൊറോണ വൈറസിനെ ചെറുക്കാന്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ.മുഴപ്പിലങ്ങാട് സ്വദേശി ഷാന ഷരീഫ് ആണ് അറസ്റ്റിലായത്.ജനതാ കർഫ്യൂ ദിനത്തിൽ കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്നായിരുന്നു പ്രചാരണം.കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്.രാത്രി 12 മണിമുതൽ 3 മണിവരെയുള്ള സമയത്ത് കണ്ണൂർ ജില്ലയിലെ എല്ലാഭാഗത്തും മീഥൈല്‍ വാക്‌സിന്‍ വിഷപദാർത്ഥം തളിക്കുമെന്നും അതുകൊണ്ട് എല്ലാവരും തങ്ങളുടെ വീടുകളിലുള്ള വളർത്തുമൃഗങ്ങളെ കൂട്ടിനുള്ളിൽ ആക്കണമെന്നും മാത്രമല്ല കിണറുകൾ മൂടിവെയ്ക്കണമെന്നും ഇയാൾ വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

കൊറോണ വൈറസ്;ശക്തമായ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ;കാസർകോഡ് ജില്ല പൂർണ്ണമായും ലോക്ക് ഡൌൺ ചെയ്യും;മൂന്നു ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍

keralanews corona virus govt with strict restrictions kasaragod district will be fully locked down and partial lockdown in three districts

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട എന്നീ മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തിൽ തീരുമാനമായി.ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളു.കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച്‌ സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുത്. ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. വ്യാപാരി വ്യവസായികളായിരിക്കും ഇതിന് നേതൃത്വം നൽകുക. കാസർകോട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങളുടെ ചെലവ് സർക്കാർ വഹിക്കും.കണ്ണൂർ, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകൾ ഭാഗികമായി അടയ്ക്കും. ഈ ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, ആശുപത്രി, മരുന്ന്, വൈദ്യുതി എന്നിവയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് ജില്ലകളിൽ നിലവിലെ നിയന്ത്രങ്ങൾ കർശനമാക്കും. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

ഒമാനിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ,കൊല്ലം സ്വദേശികളായ രണ്ടുപേരെ കാണാതായി

keralanews two from kannur and kollam went mising in flash flood in oman

ഒമാൻ:ഒമാനിഇബ്രിയിൽലെ  മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ,കൊല്ലം സ്വദേശികളായ രണ്ടുപേരെ കാണാതായി.കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്.ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെടുകയായിരുന്നു.ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇവർ കൂട്ടുകാരനെ ഫോണിൽ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു.പൊലീസ് നടത്തിയ തെരച്ചിലിൽ ഇവരുടെ വാഹനം കണ്ടെത്താനായിട്ടുണ്ട്.ഒമാൻ തീരത്ത് രൂപപ്പെട്ട അൽറഹ്മ ന്യൂനമർദത്തിന്റെ ഫലമായി ഇബ്രി മേഖലയിൽ കനത്ത മഴയായിരുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന മലവെള്ളപാച്ചലുകൾ അപകടകാരികളാണ്. ഇന്നലെ കൊല്ലം സ്വദേശി അനീഷിന്റെ വാഹനവും ഇവിടെ വെള്ളത്തിൽ കുടുങ്ങി.വാഹനം ഒഴുകിപോയെങ്കിലും അനീഷ് രക്ഷപ്പെട്ടു.

കൊറോണ വൈറസ്;കേരള ഹൈ​ക്കോ​ടതി ഏ​പ്രി​ല്‍ 8വരെ അടച്ചു

keralanews corona virus kerala high court closed till april 8th
കൊച്ചി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം.ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടയ്ക്കുക.ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനിക്കുന്നത്. ഏപ്രില്‍ എട്ടിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും.അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട 40ലധികം പേര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

keralanews more than 40 people who have come in contact with the cheruvancherry resident confirmed with corona virus under observation

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ട 40 ഓളം പേര്‍ നിരീക്ഷണത്തില്‍. ഇരിട്ടി എസ്‌ഐ, എക്സൈസ് ഇന്‍സ്പെക്ടര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് നിരീക്ഷണത്തിലായത്.ചെറുവാഞ്ചേരി സ്വദേശിയായ രോഗബാധിതനുമായി സമ്പർക്കം പുലര്‍ത്തിയതോടെയാണ് നിരീക്ഷണത്തിലായത്.രോഗ ബാധിതന്‍ ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.  നിലവില്‍ 40 ഓളം ആളുകളോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇവര്‍ക്ക് നിലവിൽ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.