കണ്ണൂർ:ജില്ലയിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി.ഇന്നലെ 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നു പേര്, തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശികളായ രണ്ടു പേര്, കോളയാട് കണ്ണവം സ്വദേശി, നടുവില്‍ കുടിയാന്മല സ്വദേശി,ചിറ്റാരിപ്പറമ്പ് സ്വദേശി എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂര്യാട് സ്വദേശിയായ 30 കാരന് മാര്‍ച്ച് 22നു ദുബായില്‍ നിന്നും മൂര്യാട് സ്വദേശി തന്നെയായ 45 കാരന് ഷാര്‍ജയില്‍ നിന്ന് മാര്‍ച്ച് 21നുമാണ് കണ്ണൂരിലെത്തിയത്.മറ്റൊരു മൂര്യാട് സ്വദേശി ദുബായില്‍ നിന്ന് മാര്‍ച്ച് 20ന് എമിറേറ്റ്സിന്റെ ഇകെ 568 വിമാനത്തില്‍ ബാംഗ്ലൂര്‍ വഴിയാണ് കണ്ണൂരിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് തുടര്‍ന്ന് മൂന്നു പേരും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുകയായിരുന്നു.നടുവില്‍ സ്വദേശിയായ വ്യക്തി ദുബായില്‍ നിന്ന് മാര്‍ച്ച് 20 നാണ് കരിപ്പൂര്‍ വഴി കണ്ണൂരിലെത്തിയത്.ചിറ്റാരിപ്പറമ്പ് സ്വദേശിയായ 40 കാരന് ദുബായില്‍ നിന്ന് മാര്‍ച്ച് 22ന് നെടുമ്പാശ്ശേരി വഴിയാണ് നാട്ടിലെത്തിയത്.നിലവില്‍ നടുവില്‍ സ്വദേശി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും കണ്ണവം സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു;18 പേര് വിദേശത്ത് നിന്നും എത്തിയവര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാംകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18പേര് വിദേശത്തുനിന്ന് എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.എറണാകുളത്ത് ആരോഗ്യപ്രവര്ത്തകനിലാണ് രോഗം സ്ഥിരീകരിച്ചത്.പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര് വീടുകളിലും 593 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കോട്ടയം പായിപ്പാട് ലോക്ക് ഡൌൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി;ഭക്ഷണവും നാട്ടിലെത്താന്‍ സൗകര്യവും വേണമെന്ന് ആവശ്യം
കോട്ടയം:ചങ്ങനാശ്ശേരി പായിപ്പാട് ലോക്ക് ഡൌൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി.പായിപ്പാട് ദേശീയപാതയിലാണ് ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് 100 കണക്കിന് തൊഴിലാളികള്‍ പ്രകടനവുമായി എത്തിയത്. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 11.30 മുതലാണ് ഇവര്‍ സംഘടിച്ച് എത്താന്‍ തുടങ്ങിയത്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്ട്രാക്റ്റര്മാര്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി. നാട്ടിലുള്ളവരെയോര്‍ത്തും പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നാണ് ചിലരുടെ ആവശ്യം.തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്തതിനേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി.പൊലീസിന് അവരെ പിരിച്ചുവിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിലേക്ക് പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പട്ടിണി സഹിച്ച് ഇനി കഴിയാന്‍ പറ്റില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാല്‍ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിഗണിച്ച് പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നൽകുമെന്നും കലക്റ്റർ വ്യക്തമാക്കി.
സുരക്ഷക്കൊപ്പം സഹായവും നൽകുന്നത് ബേക്കൽ പോലീസിന്റെ മുഖമുദ്ര
കാസർകോഡ്:സേവനത്തോടൊപ്പം സഹായവും നൽകി കയ്യടിനേടി ബേക്കൽ പോലീസ്.കാസർകോഡ് ബേക്കൽ പോലീസ് സ്റ്റേഷനിലെ സി.ഐ നാരായണനും സിവിൽ പോലീസ് ഓഫീസർമാരും ചേർന്ന് നെല്ലിയടുക്കത്തെ പരസഹായമില്ലാതെ താമസിക്കുന്ന അമ്മമാർക്ക് ഭക്ഷണസാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു.മാത്രമല്ല ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് പോവാൻ സാധിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചാണ് ഏറ്റവുമൊടുവിൽ ഇവർ പ്രശംസ പിടിച്ചുപറ്റിയത്.സ്റ്റേഷൻ പരിധിയിലെ ഉദുമ,പള്ളിക്കര പഞ്ചായത്തുകളിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇവർ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയത്.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടുവിച്ച സംഭവം;കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ:ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടുവിച്ച സംഭവത്തിൽ കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.എസ് പി യുടെ നിര്‍ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പൊലീസിന് അധികാരമില്ല.വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷന് അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ യതീഷ് ചന്ദ്രയോട് ഡി ജി പി ലോക് നാഥ് ബെഹ്റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലപാടിൽ അയവില്ല;കേരള അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞ് കര്‍ണാടക;ചികിത്സ കിട്ടാതെ രോഗി മരിച്ചു
കാസർകോഡ്:കേരള അതിര്‍ത്തിയിലെ ജനങ്ങളോട് കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരതക്ക് അയവില്ല. കേരളത്തില്‍ നിന്നുള്ള ആംബുലന്‍സുകളെ അതിർത്തിയിൽ കര്‍ണാടക പൊലീസ് തടഞ്ഞ് തിരിച്ചയക്കുന്നത് തുടരുന്നു. മംഗളൂരുവിലെ ആശുപത്രിയിലേക്ക് ചികിത്സക്കായി പോയ 90 വയസ്സുള്ള വൃദ്ധയെ പൊലീസ് തലപ്പാടി അതിര്‍ത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു.ഇതേ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു.കർണാടക ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞിയാണ് മരിച്ചത്.ബിസി റോഡിലുള്ള വീട്ടിൽ നിന്നും രണ്ടാഴ്ച മുന്‍പാണ് 90കാരിയായ പാത്തുഞ്ഞി മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെ തലപ്പാടിയിലെ അതിർത്തിയിൽ പൊലീസ് ആംബുലൻസ് തടഞ്ഞു. 90 വയസ്സുള്ള രോഗിയാണ് ആംബുലൻസിലുള്ളതെന്ന് അറിയിച്ചിട്ടും പൊലീസ് യാത്ര തുടരാൻ അനുവദിച്ചില്ല.കരഞ്ഞ് പറഞ്ഞിട്ടും കര്‍ണാടക പൊലീസ് രോഗിയുമായി മംഗളൂരുവിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അസ്ലം കുഞ്ചത്തൂര്‍ പറഞ്ഞു.മറ്റ് വഴികളിലൂടെ പോകാന്‍ ശ്രമിച്ചെങ്കിലും അതും പൊലീസ് തടഞ്ഞു. പിന്നാലെ ചികിത്സ കിട്ടാതെ രോഗി മരിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ആംബുലന്‍സ് കടത്തിവിടുന്നില്ലെങ്കില്‍ മംഗളൂരുവില്‍ നിന്ന് മറ്റൊരു ആംബുലന്‍സ് വരുത്തി രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് കെഞ്ചി പറഞ്ഞിട്ടും പൊലീസ് നിലപാട് മാറ്റിയില്ലെന്ന് അസ്ലം പറഞ്ഞു.കഴിഞ്ഞ ദിവസം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ പാറ്റ്ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ചിരുന്നു.കര്‍ണാടക പൊലീസ് തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയായിരുന്നു പ്രസവം. ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവാത്തതോടെ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് ചികിത്സ കിട്ടാതെ മരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ണാടക പൂര്‍ണമായും അടച്ചതോടെ മംഗളൂരുവില്‍ സ്ഥിരമായി ചികിത്സ തേടുന്ന നിരവധി രോഗികളാണ് പ്രയാസത്തിലായത്.
കോവിഡ് 19;പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഉൾപ്പെടെ 5 പേർക്ക് രോഗം ഭേദമായി
പത്തനംതിട്ട:ജില്ലയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേർക്ക് രോഗം ഭേദമായി.റാന്നി സ്വദേശികൾക്കും ഇവരുടെ അടുത്ത രണ്ട് ബന്ധുക്കൾക്കുമാണ് രോഗം ഭേദമായത്. ഇവരുടെ രോഗമുക്തി ആശ്വാസകരമാണെങ്കിലും ജില്ലയിൽ കടുത്ത ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു.മാർച്ച് എട്ടിന് കോവിഡ് സ്ഥിരീകരിച്ച ഇവർ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ത്തനംതിട്ട ജനറൽ ആശുപത്രി,കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ ആയിരുന്നു.ഇവരുടെ പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്.ഇവരുടെ കോണ്ടാക്റ്റിൽ നിന്നും അസുഖം ബാധിച്ച നാല് പേർക്ക് കൂടി ഇനിയും രോഗം ഭേഭമാകാനുണ്ട്. ഇതിൽ റാന്നി സ്വദേശിയുടെ വൃദ്ധമാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ പത്തനംതിട്ടയിലുമാണ് ചികിത്സയിലുള്ളത്. ഇത് കൂടാതെ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മൂന്ന് പേർ കൂടിയാണ് ജില്ലയിൽ രോഗ ബാധ സ്ഥിരീകരിച്ച് ഐസോലേഷൻ വാർഡിൽ കഴിയുന്നത്.നിലവിൽ ജില്ലയിൽ വിവിധ ആശുപത്രികളിലായി 20 പേർ ഐസലേഷനിൽ ഉണ്ട്. വിദേശത്ത് നിന്ന് എത്തിയ 3935 പേരുൾപ്പെടെ 7873 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു
കണ്ണൂർ:ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു.കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചത്.ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.അന്നുമുതൽ ഹോം ക്വാറന്റൈന് നിര്‍ദേശം അനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.വീട്ടുകാരെയെല്ലാം മറ്റുവീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്.ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു എന്നാല്പരിശോധന ഫലം ലഭിച്ചിട്ടില്ല.ഭക്ഷണം വീടിന് പുറത്തുവെയ്ക്കാനാണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇന്നലെ വെച്ച ഭക്ഷണം എടുക്കാതിരുന്നതോടെ ബന്ധുക്കള്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുണ്ടായിരുന്നു.സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങ് നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;സമൂഹവ്യാപനം പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തും;നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂർ എസ്.പി യുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേര് രോഗമുക്തരായി. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കേരളത്തില്‍ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമാണിത്.സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.സംസ്ഥാനത്തെ ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അത് അവസാനിപ്പിക്കണം.പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും അവശ്യ തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്.ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്.പിയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.അഴീക്കലില്‍ ഒരു കടയ്ക്കു മുന്നില്‍ വച്ച് മൂന്നുപേരെ പരസ്യമായി ഏത്തമിടീച്ച നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്.എസ്.പിയുടെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും പൊലീസിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണ് എസ്പിയുടെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, നടപടിയെ ന്യായീകരിച്ച് എസ് പി യതീഷ് ചന്ദ്ര സ്വകാര്യചാനലിലൂടെ രംഗത്തെത്തി. ആളുകള്‍ പറഞ്ഞത് കേള്‍ക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അടിക്കാന്‍ പറ്റാത്തതിനാലാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നുമായിരുന്നു യതീശ് ചന്ദ്രയുടെ മറുപടി.