കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം;മരിച്ചത് തിരുവനന്തപുരം സ്വദേശി

keralanews second covid death reported in kerala

തിരുവനന്തപുരം:കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ്(68) മരിച്ചത്.രണ്ടുദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. നിലവില്‍ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച്‌ സ്ഥിരീകരിക്കാനായിട്ടില്ല. അയാളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തോന്നയ്ക്കല്‍ പിഎച്ച്‌സിയിലാണ് രോഗലക്ഷണങ്ങളുമായി ഇദ്ദേഹം ആദ്യം എത്തിയത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച്‌ 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.മാര്‍ച്ച്‌ 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്.രോഗലക്ഷണങ്ങളോടെ മാര്‍ച്ച്‌ 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച്‌ ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;17 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

keralanews covid 19 confirmed in 32 persons in the state today and 17 coming from abroad

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 17 പേര്‍ക്ക് ,കണ്ണൂരില്‍ 11 പേര്‍ക്കും, വയനാട് ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 17 പേര്‍ വിദേശത്തുനിന്നെത്തിയവരും 15പേര്‍ സമ്പർക്കം മൂലവും രോഗം ബാധിച്ചവരാണ്.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 213 ആയി.ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളിൽ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്.ഇതിൽ 6031 എണ്ണം നെഗറ്റീവായി. പരിശോധന വേഗത്തിലാക്കാൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതേസമയം പായിപ്പാടില്‍ അതിഥി തൊഴിലാളികളെ ഇളക്കി വിടാന്‍ ശ്രമമുണ്ടായി എന്നും കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റങ്ങളെ താറടിച്ച്‌ കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്നും കൊറോണ രോഗ അവലോകന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ വിതരണം ബു​ധ​നാ​ഴ്ച മു​ത​ല്‍ ആരംഭിക്കുമെന്ന് ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍

keralanews distribution of free ration in the state begin on wednesday

തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.ഏപ്രില്‍ 20നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അവര്‍ക്കും സൌജന്യ റേഷന്‍ ലഭിക്കും.ദിവസവും ഉച്ച വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്ന് മന്ത്രി പറഞ്ഞു.ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും.എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൌജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു.87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെ​യി​ന്‍ ഏർപ്പെടുത്തിയെന്ന് വ്യാ​ജസ​ന്ദേ​ശം;ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

keralanews one arrested for spreading fake news that train for other state workers to return home

മലപ്പുറം: കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നിലമ്പൂരിൽ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിര്‍ തൂവക്കാടാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ച്‌ തുടങ്ങിയത്.വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികൾ യാത്ര സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു.സംഭവം ശ്രദ്ധയില്‍പെട്ടതോടെ സന്ദേശം വ്യാജമാണെന്ന് പോലീസ് വിവിധ ഭാഷകളില്‍ നവമാധ്യമങ്ങളിലൂടെ അറിയിപ്പുമായി എത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. ഇയാൾക്കെതിരെ ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വടക്കന്‍ ജില്ലകളിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്. വടക്കന്‍ ജില്ലകളുടെ വിവിധ മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ലോക്ക് ഡൌൺ കാലത്ത് അവശ്യ സാധനങ്ങൾ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കണ്ണൂരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

keralanews call center started functioning in kannur to help those who are struggling to buy essential items during lock down

കണ്ണൂർ:ലോക്ക് ഡൌൺ കാലത്ത് പുറത്തിറങ്ങാൻ പറ്റാതെ അവശ്യ സാധനങ്ങൾ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കണ്ണൂരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.ജില്ലാ പഞ്ചായത്തിലാണ് കോൾ സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് പ്രവര്‍ത്തന സമയം.കോള്‍ സെന്ററില്‍ വിളിച്ചു സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞു കൊടുത്താല്‍ മതി 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും.സാധനങ്ങളുടെ മാർക്കറ്റ് വിലമാത്രമേ ഈടാക്കൂ. സര്‍വീസ് ചാര്‍ജും നല്‍കേണ്ടതില്ല. അൻപതോളം വളണ്ടിയര്‍മാരെ ഡെലിവറിക്കായി നിയമിച്ചിട്ടുണ്ട്.മാസ്‌ക്ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാവും ഡെലിവറി ബോയ്‌സ് വീടുകളിലെത്തുക.തുക ഗുഗിള്‍പേ വഴിയാണ് പണം നല്‍കേണ്ടത്. അതില്ലാത്തവര്‍ക്ക് സാധാരണ നിലയിലും പണം നല്‍കാം.അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്ക് പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും. ഗ്രാമങ്ങളിലുള്ളവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആ വിവരങ്ങള്‍ കുടുംബശ്രീക്ക് കൈമാറി അവര്‍ മുഖേന അവശ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും.പാകം ചെയ്ത ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കില്‍ അതത് പ്രദേശത്തെ കമ്യൂണിറ്റി കിച്ചന്‍ സെന്ററിനെ വിവരമറിയിച്ച്‌ ഭക്ഷണം ലഭ്യമാക്കും.പരമാവധി ഒരാഴ്ചത്തേക്ക് വേണ്ട സാധനങ്ങളാണ് വീടുകളിലെത്തിക്കുക.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂരില്‍ നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു

keralanews not get liquor construction worker committed suicide in thrissur

തൃശൂർ:മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂരില്‍ നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു.തൃശ്ശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു(47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശ്ശൂരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതിരുന്ന ഷൈബു രണ്ടു ദിവസമായി മാനസിക സമ്മര്‍ദം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയ ഷൈബു പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷൈബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം;പച്ചക്കറികൾ നശിപ്പിച്ചു

keralanews attack against lorry carrying vegetables from karnataka to kerala vegetables destroyed

കാസർകോഡ്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലായിരുന്നു സംഭവം.ഞായറാഴ്ച രാത്രിയാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്.ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുകള്‍ നശിപ്പിച്ചു.വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ വരികയായിരുന്ന വണ്ടിയാണ് തടഞ്ഞത്. പച്ചക്കറി വണ്ടി തടഞ്ഞ സംഭവം നാട്ടുകാര്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചയാളുടെ നില അതീവ ഗുരുതരം;ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

keralanews the condition of corona confirmed person in thiruvananthapuram is critical

തിരുവനന്തപുരം:ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.അറുപത്തെട്ടുകാരനായ ഇദ്ദേഹം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്.ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്.ശേഷം വെഞ്ഞാറമൂടുള്ള ഒരു സ്വകാര്യ മെഡിക്കല്‍കോളേജിലും ചികിത്സ തേടി.പിന്നീട് ഈ മാസം 24 ആം തീയതിയാണ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്‌മിറ്റ്‌ ആക്കിയത്. ആദ്യ പരിശോധനഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊറോണ വൈറസ് പിടിപ്പെട്ടത് എന്നതാണ് ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായോ കണ്ടെത്തിയിട്ടില്ല. ആരോഗ്യനില ഗുരുതരമായതിനാല്‍ തന്നെ വിവരങ്ങള്‍ ചോദിച്ചറിയാനും പ്രയാസമാണ്. അതേസമയം ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടുമെന്നാണ് സൂചന.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

keralanews not decided to extend lock down

ന്യൂഡൽഹി:രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ.21 ദിവസത്തിന് ശേഷം ലോക്ക്ഡൌണ്‍ നീട്ടിയേക്കുമെന്ന് വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.അതേസമയം കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി. 1100 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 6 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.95 പേര്‍ രോഗം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യൻ സൈന്യത്തിൽ ഒരു ഡോക്ടറടക്കം രണ്ട് പേർ കോവിഡ് ബാധിതരായി. ഏറ്റവും കൂടുതൽ മരണവും രോഗബാധയും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.രാജ്യത്തെ ജനങ്ങളെ കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ചിലരുടെ അശ്രദ്ധയും, അവിവേകവും രാജ്യത്തിലെ ജനങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു.ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നി‍ര്‍ദേശിച്ചു.അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കൃത്യവിലോപം കാണിച്ചെന്നാരോപിച്ച് രണ്ട് ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കേന്ദ്രം സസ്പെൻഡ് ചെയ്തു. ഡൽഹി സർക്കാറിന് കീഴിലെ ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം;സം​ഘം ചേ​ര്‍​ന്ന​വര്‍ക്കെതിരെ കേ​സ്

keralanews protest of other state workers in payippatt case charged against the group

കോട്ടയം:  ലോക്ഡൗണ്‍ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡിലിറങ്ങിയ സംഭവത്തില്‍ നടപടിയെടുത്ത് പോലീസ്. സംഘം ചേര്‍ന്നതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആയിരത്തില്‍ അധികം വരുന്ന തൊഴിലാളികളാണ് ഇന്നലെ പായിപ്പാട്ട് തെരുവില്‍ പ്രതിഷേധിച്ചത്.ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്ന പരാതിയുമായാണ് ഇവര്‍ റോഡ് ഉപരോധിച്ചിരുന്നത്. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സംഘടിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്‌ടര്‍ പി.കെ. സുധീര്‍ ബാബു വ്യക്തമാക്കിയിരുന്നു.