തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു.രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ -മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് 2 മണിമുതൽ 5 മണിവരെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് റേഷന്‍ വിതരണം ചെയ്യുക.റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പർ അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.ഇന്ന് പൂജ്യം -ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പറുള്ളവര്‍ക്കാണ് വിതരണം ചെയ്യുക. വ്യാഴാഴ്ച രണ്ട് -മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല് -അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ നാലിന് ആറ് -ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ അഞ്ചിന് എട്ട് -ഒൻപത് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ നല്‍കും.ഈ ദിവസങ്ങളില്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗകര്യമൊരുക്കും. കടകള്‍ക്ക് മുൻപിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ആളുകള്‍ക്ക് വരിനില്‍ക്കാനുള്ള വരയും അടയാളപ്പെടുത്തിയിട്ടുണ്ട്.നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 7പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;കാസര്‍കോട് ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് 7പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ടു പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി. 1,69,129 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ വീടുകളിൽ 1,62,471 പേരും ആശുപത്രികളിൽ 658 പേരു നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നു മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6381 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പിള്‍ ടെസ്റ്റങ്ങിനുള്ള അനുമതി ഐസിഎംആറില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ മുൻഗണനേതര വിഭാഗക്കാർക്കും റേഷൻ നല്‍കും. കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. അഞ്ച് ദിവസം കൊണ്ട് അരിവിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏപ്രില്‍ ഒന്നുമുതല്‍ പൂജ്യം ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും അരിവിതരണം നടത്തുക. ഏപ്രില്‍ രണ്ടാം തിയ്യതി രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19;രാജ്യത്തെ പത്ത് സ്ഥലങ്ങളെ ഹൈ റിസ്ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം;പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ പത്ത് സ്ഥലങ്ങളെ കൊവിഡ് ഹൈ റിസ്ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കാസര്‍കോടും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള മേഖലകളെയാണ് പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചത്.ഇതിനു പുറമേ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്ഡന്- നിസാമുദീന്‍, നോയ്ഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നീ സ്ഥലങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,251 ആയ പശ്ചാത്തലത്തിലാണ് പത്ത് ഇടങ്ങളെ ഹൈ റിസ്ക് മേഖലകളായി പ്രഖ്യാപിച്ചത്.
കര്‍ണാടക അതിര്‍ത്തി അടച്ചിടല്‍;കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസർകോഡ്:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികില്‍സ കിട്ടാതെ ഒരുരോഗി കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. മംഗലാപുരത്തായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തിന് ചികില്‍സ തേടിയിരുന്നത്. എന്നാല്‍, ഇന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ചികില്‍സയ്ക്കായി കൊണ്ടുപോവാന്‍ സാധിച്ചില്ല. അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തി അടച്ചതിന്റെ പേരില്‍ ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.ഇന്നലെ സമാനമായ സാഹചര്യത്തിൽ മൂന്നു പേരാണ് അതിര്‍ത്തില്‍ മരിച്ചത്.അതേസമയം, കാസര്‍ഗോട്ടെ അതിര്‍ത്തി റോഡ് തുറക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ണാടക. ഇക്കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കണമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കി. കേന്ദ്രനിര്‍ദേശം പാലിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണെന്നും രോഗികളെ ഒരുകാരണവശാലും തടയരുതെന്നും ഹൈക്കോടതി കര്‍ണാടക എജിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി കണ്ണൂരിൽ പ്രവർത്തനം തുടങ്ങി
കണ്ണൂർ:സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി കണ്ണൂരിൽ പ്രവർത്തനം തുടങ്ങി.അഞ്ചരക്കണ്ടി കോളേജാണ് സർക്കാർ ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയത്.ആയിരം രോഗികളെ വരെ ചികിൽസിക്കാവുന്ന രീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.കോവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും ഡോക്റ്റർമാർക്കും ആശുപത്രി ജീവനക്കാർക്കുമെല്ലാം പ്രത്യേകം ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ പ്രത്യേകം പ്രവേശനവഴികളുണ്ട്.കോവിഡ് ലക്ഷണമുള്ളവർ ആദ്യം ഇവിടെയെത്തി കൈകൾ കഴുകണം.പിന്നീട് കവാടത്തിനു മുന്നിൽവെച്ച പോസ്റ്ററിലെ നിർദേശങ്ങൾ കൃത്യമായി വായിച്ച ശേഷം തൊട്ടപ്പുറത്ത് വെച്ച സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണം.പിന്നീട് അതിനടുത്ത് വെച്ചിരിക്കുന്ന ഗ്ലൗസും മാസ്ക്കും ധരിച്ച ശേഷം മാത്രമേ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ.രോഗിയുടെ ഒപ്പമുള്ളവർക്കൊന്നും ഉള്ളിലേക്ക് പ്രവേശനമില്ല. അകത്തുകടന്നാൽ കോവിഡ് രോഗലക്ഷണമുള്ളവർ നേരെ കോവിഡ് ഒ പിയിലേക്ക് പോകണം.ഇവിടെ ഡോക്റ്റർ നിശ്ചിത അകലത്തിലിരുന്ന് രോഗിയോട് വിവരങ്ങൾ ചോദിച്ചറിയും.സ്രവപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പ്രത്യേകം മുറികളുണ്ട്.ശരീരം പൂർണ്ണമായും മൂടുന്ന കോവിഡ് വസ്ത്രം ധരിക്കുന്നതിനും പ്രത്യേകം മുറികളുണ്ട്.ആറാം നിലയിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ 30 കിടക്കകളുള്ള രണ്ട് ഐസിയു യൂണിറ്റും അഞ്ചും ആറും നിലകളിലായി നാനൂറോളം ആളുകളെ ഉൾക്കൊള്ളാവുന്ന ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.ഫിസിഷ്യൻ,പീഡിയാട്രീഷ്യൻ, അനസ്തെസ്റ്റിസ്റ്റ്,ചെസ്സ് റെസ്പിറേറ്ററി മെഡിസിൻ തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സേവനങ്ങളും ഇവിടെ ലഭ്യമാണ്.കോവിഡ് പ്രതിരോധ വസ്ത്രങ്ങളും അവശ്യ മരുന്നുകളും ലഭിക്കുന്ന പ്രത്യേക ഫാർമസിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ പത്തനംതിട്ട സ്വദേശി മരിച്ചു
ന്യൂഡൽഹി:നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ പത്തനംതിട്ട സ്വദേശി മരിച്ചു.തബ്ലീഗ് ജമാഅത്ത് പത്തനംതിട്ട അമീര്‍ ഡോ. എം. സലീം ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗം മൂലമാണ് മരണമെന്നാണ് വിവരം. മരിച്ച സലീം നേരത്തേ തന്നെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.ഇയാള്‍ക്കൊപ്പം സമ്മേളനത്തിന് പോയ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.എന്നാല്‍ സലീമും ഒപ്പമുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.മാര്‍ച്ച് ഒൻപതിന് ഡല്‍ഹിയിലെത്തിയ ഇവര്‍ അലിഗഢില്‍ താമസിച്ച ശേഷം 22നാണ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ പള്ളിയിലെത്തിയതെന്നും പറയപ്പെടുന്നു. ഡോ. എം.സലീമിന് കോവിഡ് 19 ബാധയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മാര്‍ച്ച് ആദ്യവാരം നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മടങ്ങിയ ആറ് പേര് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാണ്. നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളും ഒരു തമിഴ്നാട്ടുകാരനും കശ്മീര്‍ സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് ഇവിടെ പ്രാര്‍ഥന ചടങ്ങ് നടന്നത്. ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിസാമുദ്ദീനിലെ പള്ളിയിൽ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി:ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര് കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലാണ് ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തത്.മാർച്ച് 13 മുതൽ 15 വരെ നിസാമുദ്ദീൻ ആസ്ഥാനമായുള്ള മർകസ് പള്ളിയിലെ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഹൈദരാബാദിലേയും നിസാമാബാദിലെയും ഗജ്വേലിയിലെയും ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. നിസാമുദീന്‍ മര്‍ക്കസിലെ 200-ഓളം പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി.കേരളത്തില്‍ നിന്നും വന്ന ഒരു സ്ത്രീ ഉള്‍പ്പടെ 21 പേരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ സംഘങ്ങളായി തിരിച്ച് പരിശോധനക്ക് അയച്ച് തുടങ്ങിയതായി ദല്‍ഹി പൊലിസ് ജോയന്റ് കമ്മീഷണര്‍ ദര്‍വേഷ് ശ്രീവാസ്തവ അറിയിച്ചു.ഇവരുമായി സമ്പർക്കമുണ്ടായവരും നിസാമുദീനിൽ പരിപാടിയിൽ പങ്കെടുത്തവരും ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഓഫീസ് അഭ്യർത്ഥിച്ചു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ കോലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ദല്‍ഹിക്ക് പുറത്ത് ദയൂബന്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ മൂന്നാഴ്ച കാലയളവില്‍ നിസാമുദ്ദീനില്‍ ഉണ്ടായിരുന്ന മുഴുവന്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരോടും നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാനും അതാത് സംസ്ഥാനങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും പൊലിസ് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ഉള്ളവരുടെ കാര്യത്തില്‍ രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് വരെ നിസാമുദ്ദീന്‍ പൂര്‍ണമായും അടച്ചിടാനാണ് പൊലിസ് തീരുമാനം.നിസാമുദ്ദീന്‍ പ്രദേശം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇപ്പോള്‍ എങ്കിലും പള്ളിയോടു ചേര്‍ന്ന് ആയിരത്തിലധികം പേര് ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നാണു വിവരം.ഇവരെ ഇവിടെ നിന്നു മാറ്റിക്കൊണ്ടിരിക്കുയാണ്. ഡല്‍ഹി പോലീസ്, സിആര്‍പിഎഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ദക്ഷിണ ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ ചിലര്‍ക്കു സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോക്ക് ഡൌൺ;ഇന്ത്യയില്‍ വായു മലിനീകരണം വ്യാപകമായി കുറഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി:കോവിഡിനെ തുടര്‍ന്ന ലോക് ഡൌണ്‍ പ്രഖ്യാപിച്ചത് മൂലം ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോര്‍ട്ട്.ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞു. ഇതോടെ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 90- ലേറെ നഗരങ്ങളിലെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തി.ഡല്‍ഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞു.ഡൽഹിക്ക് പുറമെ അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലെയും വായുമലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് കണ്ടെത്തി.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി.)കണക്കുകൾ പ്രകാരം നിരീക്ഷണത്തിലുള്ള നഗരങ്ങളിൽ 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലാണ്. 39 നഗരങ്ങള്‍ ‘ഗുഡ്’ എന്ന വിഭാഗത്തിലും 51 എണ്ണം ‘തൃപ്തികരം’ എന്ന വിഭാഗത്തിലുമാണ് കണക്കാക്കിയിരിക്കുന്നത്.മാര്‍ച്ച് 25 മുതല്‍ തിയറ്ററുകള്‍, മാളുകള്‍,ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അടച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരുന്നു. ഇത് മൂലം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറഞ്ഞു.ഇതോടെ അന്തരീക്ഷ മലിനീകരണ തോതും ഗണ്യമായി കുറഞ്ഞു.
കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ജില്ലയിൽ രോഗബാധിതരുടെ എണ്ണം 46 ആയി
കണ്ണൂർ:ജില്ലയിൽ ഇന്നലെ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ പത്ത് പേര് ദുബൈയില്‍ നിന്നും ഒരാള്‍ ബഹ്റൈനില്‍ നിന്നും എത്തിയവരാണ്.കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ രണ്ട് പേര്‍ക്ക് വീതവും ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം, ചൊക്ലി, ഉളിയില്‍, പാനൂര്‍ എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 46 ആയി.58 പേരുടെ പരിശോധനാഫലം കൂടി ഇനി ലഭിക്കാനുണ്ട്.മാര്‍ച്ച് 16 മുതല്‍ 22 വരെയുളള തിയതികളില്‍ വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര് ആശുപത്രിയിലും ബാക്കിയുളളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.10904 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. അതേസമയം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രത്യേകം തയ്യാറാക്കിയ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ആയിരം പേരെ കിടത്തി ചികിത്സിക്കാനുളള സൌകര്യം തയ്യാറായിക്കഴിഞ്ഞു.10 വെന്റിലേറ്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ സ്വദേശിയെ അബുദാബിയിൽ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ സ്വദേശിയെ അബുദാബിയിൽ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി.കൂത്തുപറമ്പ് ആമ്പിലാട് പഴയനിരത്തിലെ പത്മാലയത്തില്‍ കൊമ്പൻ തറമ്മല്‍ ഷാജുവിനെ (43)യാണ് അബുദാബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിംഗിനു സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അബുദാബി ഏവിയേഷന്‍ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്നു.ഒരാഴ്ച മുൻപ് നേരിയ പനി ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ട് മരുന്നുകഴിച്ച് രണ്ടു ദിവസത്തിനുശേഷം ഡ്യൂട്ടിക്കു പോയിത്തുടങ്ങിയിരുന്നു.ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.അബുദാബി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. ഗംഗാധരന്-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരന്: കെ.ടി. ശ്രീജന് (ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍).