മലപ്പുറം:കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത 23 പേര് മലപ്പുറം ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര് വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍.
മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡെല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അതേസമയം ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 8000ത്തോളം പേരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വലിയ തോതില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമ്മേളനത്തിലുണ്ടായിരുന്നവര് യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ യാത്രക്കാരെ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചു.
കണ്ണൂരിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ആയി
കണ്ണൂർ:ഇന്നലെ പുതുതായി രണ്ടുപേർക്ക് കൂടി രോഗം സ്ഥിതീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ആയി.ദുബായില്‍ നിന്നെത്തിയ എടയന്നൂര്‍, എരിപുരം സ്വദേശികൾക്കാണ് ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചത്.എടയന്നൂര്‍ സ്വദേശിയായ അമ്പതുകാരനും എരിപുരം സ്വദേശിയായ മുപ്പത്തിയാറുകാരനും മാര്‍ച്ച് 21ന് ദുബായില്‍ നിന്നാണ് നാട്ടിലെത്തിയത്. എടയന്നൂര്‍ സ്വദേശി ബെംഗളുരു വഴിയും എരിപുരം സ്വദേശി നെടുമ്പോശേരി വഴിയുമാണ് എത്തിയത്.രോഗം സ്ഥിരീകരിച്ച 49 പേരിൽ പെരിങ്ങോം, നാറാത്ത്, മരക്കാര്‍കണ്ടി സ്വദേശികളായ മൂന്ന് പേര് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കി 46 പേരില്‍ രണ്ട് പേര് എറണാകുളത്തും ഒരാള്‍ കോഴിക്കോടും ബാക്കിയുളളവര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.10,880 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 10782 പേര് വീടുകളിലും ബാക്കിയുളളവര്‍ ആശുപത്രികളിലുമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള ആര്‍ക്കും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ല. ഇനി 52 പരിശോധനാഫലങ്ങള്‍ കൂടിയാണ് ലഭിക്കാനുളളത്.
നിലപാട് മയപ്പെടുത്തി കർണാടക;കാസര്‍ഗോഡ് അതിര്‍ത്തി തുറന്നു;നിബന്ധനകളോടെ രോഗികള്‍ക്ക് മംഗളുരുവിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാം
കാസര്‍ഗോഡ്: കോടതി ഇടപെട്ടതോടെ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി തുറന്നു കൊടുക്കാന്‍ തീരുമാനമായി.കാസര്‍ഗോഡ് നിന്നും അടിയന്തര ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് തലപ്പാടി വഴി നിയന്ത്രണങ്ങളോടെ മംഗളുരുവിലെ ആശുപത്രിയിലേക് പോകാനുള്ള അനുമതി മാത്രമാണ് ഉള്ളത്.രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രമേ മംഗളുരുവിലെ ആശുപത്രികളിലേയ്ക്കുള്ള യാത്ര അനുവദിക്കൂ. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഒരുക്കും. തലപ്പാടിയില്‍ കര്‍ണാടകം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി തുറക്കണം എന്നും ഇത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം എന്നും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനും, കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.കേന്ദ്ര സര്‍ക്കാരിനാണ് ദേശീയ പാതകളുടെ ഉടമസ്ഥാവകാശം.ഈ പാതകള്‍ തടസപ്പെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാം. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ ലഭിക്കാതെ നിരവധി പേര് കാസര്‍ഗോഡ് മരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 12, എറണാകുളം 3,തിരുവനന്തപുരം,തൃശ്ശൂര്‍, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര് വീതവും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി.ഇതില്‍ 237 പേര് ചികിത്സയിലുണ്ട്.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 9 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. ബാക്കിയുള്ള കേസുകള്‍ സമ്പർക്കം മൂലം ഉണ്ടായതാണ്. 164130 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 163508 പേര് വീടുകളിലും 622 പേര് ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.7965 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 7256 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗ ബാധിതരില്‍ 191 പേര് വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്നും ഏഴ് പേര് വിദേശികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.67 പേര്‍ക്കാണ് രോഗികളുമായി സമ്പർക്കം മൂലം രോഗം പിടിപെട്ടത്. 26 പേര്‍ക്ക് ഇതുവരെ നെഗറ്റീവ് ആയെന്നും ഇതില്‍ 4 പേര് വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് മെഡിക്കല്‍ കോളജ് നാല് ദിവസത്തിനകം പൂര്‍ണതോതില്‍ കോവിഡ് ആശുപത്രിയായി മാറ്റും. ആര്.സി.സിയില്‍ സാധാരണ നിലക്കുള്ള ചികിത്സ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സൗജന്യ റേഷന്‍ വിതരണം ആദ്യ ദിവസമായ ഇന്ന് മെച്ചപ്പെട്ട നിലയില്‍ നടന്നു. ചില കേന്ദ്രങ്ങളില്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്.14.5 ലക്ഷം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. ഈ മാസം 20 വരെ സൗജന്യ റേഷന്‍ തുടരും.അരിയുടെ അളവില്‍ കുറവുള്ളതായി ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂരില്‍ കടുത്ത പനിയെ തുടര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു; കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍: കണ്ണൂരിൽ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവസുകാരി മരിച്ചു. ആറളം കീഴ്പ്പള്ളി സ്വദേശി രഞ്ജിത്തിന്റെ മകള്‍ അഞ്ജന(5)യാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. അത് ശേഷം മാത്രമേ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കുവെന്നും പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം; സർക്കാർ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണം
തിരുവനന്തപുരം:കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവരുന്ന സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്.2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ സംഘടനകള്‍ അന്ന് ഉയര്‍ത്തിയത്. രണ്ടു ദിവസത്തെ ശമ്പളം നല്‍കാമെന്നായിരുന്നു ഇവരുടെ നിലപാട്. 57 ശതമാനം പേര് മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തത്.എന്നാല്‍, ഇത്തവണ സ്ഥിതിഗതികള്‍ കുറച്ചുകൂടി അനുകൂലമാണെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.കഴിഞ്ഞ തവണത്തെപ്പോലെ പെന്‍ഷന്‍കാരെ ഇത്തവണയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്.അതേസമയം ചലഞ്ച് വേണ്ട, സംഭാവന നല്‍കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ അസോസിയേഷന്. ഇക്കാര്യം അവര്‍ മുഖ്യമന്ത്രിയോട് നേരിട്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ ‘ആടുജീവിതം’ സിനിമാ സംഘത്തിലെ 58 പേര് ജോര്‍ദാനില്‍ കുടുങ്ങി;നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പറിന് കത്തയച്ചു
ജോർദാൻ:കോവിഡ് മൂലം ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ നിലനിൽക്കുന്നതിനാൽ ‘ആടുജീവിതം’ സിനിമാ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയ സംവിധായകൻ ബ്ലെസ്സിയും പൃഥ്വിരാജും ഉൾപ്പെടെ 58 അംഗ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി. നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ഫിലിം ചേംബറിനോട് സംവിധായകന് ബ്ലെസി അഭ്യര്‍ഥിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കത്തയച്ചു.ജോര്‍ജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവർ ഇവിടെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ ഇവര്‍ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുൻപ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്കി.ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ ഇവര്‍ക്ക് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.ഏപ്രില്‍ 14 വരെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുള്ളത്. പക്ഷേ, ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. ഇതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.
രാജ്യത്ത് പാചകവാതക വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 734 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1274 രൂപയുമായി.പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് പാചക വാതകത്തിന്റെ വില കുറയുന്നത്.
നിസാമുദീനിലെ മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത 70 പേരുടെ പട്ടിക തയ്യാറായി
തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിനിടെ വിലക്ക് ലംഘിച്ച് നിസാമുദീനിലെ മർകസിൽ സംഘടിപ്പിച്ച മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത 70 പേരുടെ പട്ടിക തയ്യാറായി.മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് വിശദമായ അന്വേഷണങ്ങളാണ് നടത്തിയത്.പട്ടിക ജില്ലാകളക്റ്റർമാർക്ക് കൈമാറിയതായും പട്ടികയുടെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ നിന്നും പതിനൊന്ന് ജില്ലക്കാർ മതസമ്മേളനത്തിൽ പങ്കെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിൽ എഴുപതുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പങ്കെടുത്തവരിൽ 12 പേർ പത്തനംതിട്ട ജില്ലക്കാരാണ്.മലപ്പുറത്ത് നിന്നും 18 പേരും തിരുവനന്തപുരത്തുനിന്നും 7 പേരും ഇടുക്കിയിൽ നിന്നും 6 പേരും കൊല്ലത്തുനിന്നും എട്ടുപേരും സമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ പാലക്കാട്,എറണാകുളം, കണ്ണൂർ,തൃശൂർ, കോട്ടയം,കോഴിക്കോട് എന്നീ ജില്ലക്കാരുമുണ്ട്. പാലക്കാട് നിന്ന് ഒൻപതുപേരും,കോട്ടയത്ത് നിന്നും നാലുപേരും കോഴിക്കോട് നിന്ന് ആറുപേരും,എറണാകുളത്തു നിന്നും രണ്ടുപേരും കണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ വീതവും സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്ക്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി;ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര,കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.അതേസമയം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1500 കടന്നു.ഇന്നലെ മാത്രം രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.ആഡ്രാ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 120 ആയി. രാജ്യത്ത് ആകെ 21000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറര ലക്ഷത്തിലധികം പേർക്ക് ഇവിടങ്ങളിൽ അഭയം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ആകെ 42,788 പേർക്ക് കോവിഡ് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മഹാരാഷ്ട്രയിൽ 13 ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.