സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും

keralanews cabinet meeting today to discuss lockdown concessions in the state

:സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും.സംസ്ഥാനത്ത്‌ രോഗവ്യാപനത്തിന്റെ തോത്‌ വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.കാര്‍ഷിക മേഖലക്കും തോട്ടം മേഖലയ്‌ക്കും പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്‌ വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‌ വേണ്ട നടപടികള്‍ തീരുമാനിക്കും.അന്തര്‍സംസ്ഥാന, ജില്ലാ യാത്രകള്‍ മേയ് മൂന്ന് വരെ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനവും ഉണ്ടാകില്ല. ആളുകള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സിനിമ ശാലകള്‍, മാളുകള്‍, ആരാധനലായങ്ങള്‍ എന്നിവ തുറന്ന് കൊടുക്കില്ല. ഹോട്ട് സ്പോര്‍ട്ട് അല്ലാത്ത ജില്ലകളില്‍ മറ്റ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭായോഗം ഇളവുകള്‍ തീരുമാനിക്കുക.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന്‌ തീരുമാനമെടുക്കില്ല.സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക്‌ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്‌.ലോക്ക്‌ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

keralanews relief day for kerala covid confirmed in one persson today

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.അതെസമയം ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി.കാസര്‍കോട് 4 പേര്‍ക്കും, കോഴിക്കോട് 2 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 218 ആയി വര്‍ധിച്ചു.നിലവില്‍ 167 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 96942 പേര്‍ വീടുകളിലും, 522 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 16002 നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.8 പേര്‍ വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ള്‍​ക്ക് ഏ​പ്രി​ല്‍ 20 മു​ത​ല്‍ സ​മ​യ​നി​യ​ന്ത്ര​ണ​മി​ല്ല

keralanews no time control for fruits nad vegetables shops from april 20th

ന്യൂഡല്‍ഹി: റേഷന്‍ കടകള്‍, പഴം, പച്ചക്കറി കടകള്‍ തുടങ്ങിയവയ്ക്ക് ഏപ്രില്‍ 20 മുതല്‍ സമയനിയന്ത്രണമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.റേഷന്‍ കടകള്‍, പഴം, പച്ചക്കറി, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഇളവു ലഭിച്ചവയുടെ പരിധിയില്‍ പെടും. ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളില്‍ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്. ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് പിടിയിൽ

keralanews bjp leader who sexually assualted fourth standard student arrested

കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച്‌ കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച്‌ വിവരം കിട്ടിയത്.ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമായ ഇയാള്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് നാലാംക്ലാസുകാരിയെ പീഡിപ്പിച്ചത്. പോക്‌സോ നിയപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

കോഴിക്കോട് വിദേശത്ത് നിന്നെത്തിയ വ്യക്തിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ക്വാ​റ​ന്‍റൈ​ന്‍ കാ​ല​യ​ള​വ് പി​ന്നി​ട്ട​ ശേഷം

keralanews covid confirmed in man coming from abroad after quarantine period

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വിദേശത്ത് നിന്നുമെത്തിയ വ്യക്തി ക്വാറന്‍റൈന്‍ കാലയളവ് പിന്നിട്ടയാളാണെന്നു സ്ഥിരീകരണം. എടച്ചേരി സ്വദേശിക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ദുബായില്‍നിന്നും എത്തിയ ആളാണ്. മാര്‍ച്ച്‌ 18 ന് ആണ് ദുബായില്‍നിന്നും നാട്ടിലെത്തിയത്. ഇതോടെ ക്വാറന്‍റൈന്‍ കാലയളവ് കഴിഞ്ഞും രോഗം സ്ഥിരീകരിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. ശനിയാഴ്ച ഇദ്ദേഹത്തിന്‍റെ അറുപത്തിയേഴുകാരനായ അച്ഛനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ പത്തൊന്‍പതുകാരിയായ മകള്‍ക്കും രോഗം ബാധിച്ചിരുന്നു. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് മരിച്ച മാഹി സ്വദേശിയില്‍ നിന്നാണെന്നാണ് നിലവില്‍ ആരോഗ്യവകുപ്പിന്‍റെ നിഗമനം.

കണ്ണൂരിൽ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകനായ ബിജെപി നേതാവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

keralanews protest aginst not take action against teacher who sexually assulting student in kannur

കണ്ണൂർ:കണ്ണൂരിൽ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകനായ ബിജെപി നേതാവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.കണ്ണൂര്‍ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്.പ്രതിയായ അദ്ധ്യാപകനെതിരെ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ മൊഴി പുറത്തുവന്നു.ബാത്ത് റൂമില്‍ നിന്നും കുട്ടി കരഞ്ഞു കൊണ്ട് വന്നത് കണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിരുന്നു.പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും സഹപാഠിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. ആദ്യം കേസ് അന്വേഷിച്ച പാനൂര്‍ പൊലീസ് കേസ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്.എന്നാല്‍ സംഭവം ഇത്രയും വിവാദമായിട്ടും പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഇത് വരെ കേസിന് അനക്കമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍.നിരവധി തവണ പീഡിപ്പിക്കപ്പെട്ട കുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യുകയും വിദഗ്ധരെ കൊണ്ട് കുട്ടിയുടെ മാനസിക നില പരിശോധിപ്പിക്കുകയും ചെയ്ത പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജയും നേരത്തെ രംഗത്ത് എത്തിയിരുന്നു . പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച്‌ അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.

2020 ജനുവരി പത്തിനാണ് സ്‌കൂളില്‍ വെച്ച്‌ പത്തുവയസുകാരിയെ അധ്യാപകനായ പദ്മരാജന്‍ ആദ്യം പീഡിപ്പിച്ചത്. എല്‍എസ്‌എസിന്റെ പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ച്‌ വരുത്തിയാണ് പീഡനം നടത്തിയത്. പിന്നീട് മൂന്നുതവണ കൂടി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ ടോയ്‌ലെറ്റില്‍ വെച്ചായിരുന്നു പീഡനം. തലശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന പരിശോധനയിലും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായി. സംഭവം പുറത്തു പറഞ്ഞാല്‍ ഉമ്മയെയും തന്നെയും കൊന്നുകളയുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പിതാവില്ലാത്ത കുട്ടി പീഡനത്തെയും ഭീഷണിയെയും തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ പേടിക്കുകയും മടി കാണിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബന്ധുക്കള്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി പറഞ്ഞു. തലശേരി ഡിവൈഎസ്പിക്ക് 2020 മാര്‍ച്ച്‌ 16നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ സ്റ്റേഷനിലേക്ക് കൈമാറിയ കേസ് ആദ്യം അന്വേഷിച്ചത് സിഐയായിരുന്ന ശ്രീജിത്തായിരുന്നു. പത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് സ്ഥലംമാറ്റമായി. പ്രതിയെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെന്നാണ് പൊലീസ് അറിയിച്ചത്.പരാതി നല്‍കിയിട്ട് ഇപ്പോള്‍ 28 ദിവസം പിന്നിടുകയാണ്. ബിജെപി നേതാവും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവും കൂടിയാണ് പ്രതിയായ പദ്മരാജന്‍. പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനെജ്‌മെന്റ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2011 മുതല്‍ പാലത്തായി യുപി സ്‌കൂളില്‍ ഇയാള്‍ അധ്യാപകനാണ്.

രണ്ടാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി; പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും, മാസ്ക് നിര്‍ബന്ധം

A man walks across a deserted road during a government-imposed nationwide lockdown as a preventive measure against the COVID-19 coronavirus, in New Delhi on April 12, 2020. (Photo by Sajjad  HUSSAIN / AFP)

ന്യൂഡല്‍ഹി: മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന രീതിയിലാണ് പുതിയ നിര്‍ദേശങ്ങള്‍.ടെലികോം മേഖല, ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകൾ, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് ഇളവുണ്ട്. തേയില തോട്ടങ്ങള്‍ തുറക്കാമെങ്കിലും 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും.ആരാധനാലയങ്ങള്‍ തുറക്കരുത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം.ചരക്ക് ഗതാഗതം ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം.ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും.ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.റേഷന്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി

keralanews lock down extended to may 3rd in india

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി.ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ പാലിച്ച ജനങ്ങൾക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണ്. ഇന്ത്യ സ്വീകരിച്ച സമീപനവും പെട്ടെന്നെടുത്ത തീരുമാനങ്ങളുമാണ് സഹായകരമായതെന്ന് മോദി പറഞ്ഞു.ലോക്ഡൌണ്‍ കാരണം സാമ്പത്തിക പ്രശ്നങ്ങളുണ്ട്. എന്നാല്‍ മനുഷ്യ ജീവന്‍ അതിനെക്കാള്‍ പ്രധാനമാണ്. നമ്മള്‍ സ്വീകരിച്ച രീതിയെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കിടക്കകളുണ്ട്. അറുന്നൂറിലധികം കോവിഡ് ആശുപത്രികളുണ്ട്. കൊറോണക്ക് വാക്സിന്‍ നിര്‍മിക്കാന്‍ യുവശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ആരോഗ്യ സേതു മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷം നാലാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ഏഴിനനിര്‍ദ്ദേശങ്ങളാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്:
  • മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം.
  • സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
  • മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം.
  • ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം.
  • ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
  • ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്.
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു;രോഗം സ്ഥിരീകരിച്ചവരില്‍ 50 മലയാളി നഴ്സുമാരും

keralanews the number of Kovid cases crossed 2000 in maharashtra 50 Malayalee nurses diagnosed with the disease

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു.പുതുതായി 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പറയുന്നു.പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 59 കേസുകള്‍ മുംബൈയില്‍ നിന്നുളളതാണ്.മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുനെയില്‍ റൂബി ഹാള്‍ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു മലയാളി നഴ്‌സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിലെ ധാരാവിയില്‍ പുതുതായി നാലുപേരില്‍ കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഒരാള്‍ കൂടി മരിച്ചതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. 15 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ നിലവില്‍ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടിരിക്കുന്നത്. 60 നഴ്‌സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്‌നീഷ്യന്മാരും ശുചീകരണമേഖലയില്‍ ഉള്‍പ്പെടുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്‌സുമാരില്‍ അൻപതോളം പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ ലോക്ക് ഡൗണിന് ശേഷം വേനലവധി വെട്ടിക്കുറച്ച്‌ പുതിയ അധ്യയന വര്‍ഷം നേരത്തെ തുടങ്ങാന്‍ കേന്ദ്രം

keralanews center plans to cut summer vacation after lock down to save academic days

ന്യൂഡൽഹി:ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ വേനലവധി വെട്ടിക്കുറച്ച്‌ പുതിയ അധ്യയന വര്‍ഷം നേരത്തെ തുടങ്ങാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.മെയ് മാസം പകുതിയോടയോ അവസാനത്തോടയോ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ്‌ സൂചന. ഇതിനായി എല്ലാ സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.ലോക്ക് ഡൗണ്‍ വേളയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും സൂചനകള്‍ ഉണ്ട്. സമയം ലാഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.