തിരുവനന്തപുരം:കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ അനിശ്ചിതത്വം.എല്ലാ ജീവനക്കാരും സന്നദ്ധത അറിയിച്ചാലേ ഉത്തരവ് ഇറക്കൂവെന്നാണ് ധനവകുപ്പ് പറയുന്നത്. സാലറി ചലഞ്ചില്ലെങ്കില് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും ഡി.എ കുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതും ധനവകുപ്പ് പരിഗണിക്കുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ വിയോജിപ്പാണ് സാലറി ചലഞ്ചില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന സൂചനയുണ്ട്.സാലറി ചലഞ്ച് സ്വമേധയാ നല്ല മനസ്സുള്ള ആളുകള്‍ നല്‍കുന്നതാണ്. അങ്ങനെയൊരു മനസ്സ് ഒരു വിഭാഗത്തിനില്ല എന്ന നിലപാട് സ്വീകരിക്കുകയും ഒരു വിഭാഗം മാത്രം എല്ലായ്പ്പോഴും ശമ്പളം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. അതുകൊണ്ട് പകരം സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുകയാണ്. സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി;കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടിയ ക്ഷാമബത്ത മരവിപ്പിച്ചു; പ്രത്യേക അലവന്‍സുകളും നല്‍കില്ല
ന്യൂഡൽഹി:കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നാല് ശതമാനം അധിക ക്ഷാമബത്ത ഉടന്‍ നല്‍കില്ല.ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ശതമാനമായി കൂട്ടാന്‍ മാര്‍ച്ച് 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കേണ്ട സാഹചര്യത്തില്‍ ഈ തീരുമാനം തല്ക്കാലം മരവിപ്പിക്കും.ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനായുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊവിഡ് കാലത്തിന് ശേഷമേ പ്രതീക്ഷിക്കേണ്ടതുള്ളു.ഇപ്പോള്‍ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവന്‍സുകളില്‍ മാറ്റമില്ല. എന്നാല്‍ സ്ഥിര അലവന്‍സിന് പുറമെയുള്ള പ്രത്യേക അലവന്‍സുകളും കുറച്ചുകാലത്തേക്ക് നല്‍കില്ല. ഇക്കാര്യം അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. മന്ത്രാലയങ്ങള്‍ വാര്‍ഷിക ബജറ്റില്‍ അഞ്ച് ശതമാനം വീതം മാത്രമെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ചിലവാക്കാന്‍ പാടുള്ളു.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഒരു പദ്ധതിക്കും മുൻകൂറായി തുക നല്‍കരുത്. 20 കോടി രൂപയില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിലും കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധനമന്ത്രാലയത്തിന്റെ കത്ത്.
കോഴിക്കോട് ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളില്ലാതെ കോവിഡ്;ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കൊറോണ രോഗ ലക്ഷണമില്ല. രോഗലക്ഷണമില്ലാത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കും.മുമ്പ് രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയുടെ വീട്ടിലുള്ള രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കോവിഡ് രോഗ ലക്ഷണമില്ല. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് നല്കാന് ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. അസാധാരണ സാഹചര്യമാണ് മുമ്പിലുള്ളതെന്നാണ് ഡിഎംഒയുടെ വിലയിരുത്തല്‍.വിശദമായ പഠനം ഈ നടത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.ഗള്‍ഫില്‍ നിന്ന് വന്ന് 29 ദിവസത്തിന് ശേഷമാണ് എടച്ചേരി സ്വദേശിയായ 39കാരന് രോഗം സ്ഥിരീകരിച്ചത്. ക്വറന്റൈന് സമയം കഴിഞ്ഞതിന് ശേഷം രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നുണ്ട്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് കാസർകോഡ്,കണ്ണൂർ,കോഴിക്കോട്, മലപ്പുറം ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് 4 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളെ മാത്രം റെഡ് സോണിൽ ഉൾപ്പെടുത്തിയാൽമതി എന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. ഇത് പ്രകാരം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. കൂടാതെ കേന്ദ്രം നിർദേശിച്ച റെഡ് സോൺ മേഖലകളിൽ മാറ്റം വരുത്തണമെന്ന് നിർദേശിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
റെഡ് സോൺ:
കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9,കോഴിക്കോട് 9 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ പോസിറ്റീവ് കേസുകൾ നിലവിലുള്ളത്.നാലു ജില്ലകളും ചേർത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിന്. ഇതു കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗൺ കർശനമായി തുടരും.
ഓറഞ്ച് സോൺ:
ഓറഞ്ച് സോണായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത ലോക്ഡൗൺ തുടരും. ഹോട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.
യെല്ലോ സോൺ:
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് , തൃശൂർ, വയനാട് എന്നീ ജില്ലകളെയാണ് യെല്ലോ സോണായി നിശ്ചയിച്ചിരിക്കുന്നത്.ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താൽ 2 പേർ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തിൽ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.
ഗ്രീൻ സോൺ:
പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയുമാണ് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.സംസ്ഥാന അതിർത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയിൽ കൂടുതൽ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേർക്ക്;അഞ്ചുപേർ വിദേശത്തുനിന്നും എത്തിയവർ;27 പേര് കൂടി രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേർക്ക്.കണ്ണൂര്‍-നാല്, കോഴിക്കോട് -രണ്ട്, കാസര്‍കോട്-ഒന്ന് എന്നിങ്ങനെയാണ് പുതിയ രോഗബാധിതര്‍ .ഇവരില്‍ 5 പേര് വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതേസമയം സംസ്ഥാനത്ത് 27 പേര് രോഗ മുക്തരായി.കാസര്‍കോട് -24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതം കോവിഡ് ബാധിതരാണ് രോഗമുക്തി നേടിയത്.ആകെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.147 പേര് നിലവില്‍ ചികിത്സയിലുണ്ട് . 88,885 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 504 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നരട്ടിയലധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക് ഡൗണ്‍;കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍; ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം;ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾ തുറക്കാനും അനുവാദം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം.കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാറില്‍ രണ്ട് പേര് മാത്രമെ സഞ്ചരിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ് നല്കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറിന് ഇളവ് ഉണ്ടാകില്ല.തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തത്ക്കാലം ഇളവ് അനുവദിക്കില്ല. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്.അതേ സമയം കയര്‍,കൈത്തറി,കശുവണ്ടി, ബീഡി തൊഴില്‍ മേഖലകളില്‍ ഇളവിനപ്പുറം വലിയ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യമൊന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. സാലറി ചലഞ്ച് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായില്ലെന്നാണ് വിവരം.
ലോക്ക് ഡൗണിനെ തുടർന്ന് റദ്ദാക്കിയ വിമാനടിക്കറ്റ് തുക തിരികെ നൽകണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് വിമാനസർവീസ് നിര്‍ത്തലാക്കിയതിനാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര,വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടത്.ഇതിന് കാന്സലേഷന് തുക ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം തിരികെ നല്‍കണം.നിര്‍ദേശം ബാധകമാവുക ലോക്ക് ഡൗണ്കാലയളവിലെ യാത്രക്കാര്‍ക്ക് മാത്രമാണ്.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിമാനക്കമ്പനികൾക്കായി പുറപ്പെടുവിച്ച ഉത്തരവിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.അതേ സമയം ലോകരാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള പദ്ധതി പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
പണത്തിനായി ഇനി എ ടി എമ്മിൽ പോകണ്ട;ബാങ്ക് അക്കൗണ്ടിലെ പണം ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി വീട്ടിലെത്തും
തിരുവനന്തപുരം:കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ എ ടി എമ്മിൽ പോകാതെ പണം പിൻവലിക്കാൻ സംവിധാനവുമായി സർക്കാർ.ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാല്‍ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെന്‍ഷനും സ്കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കുകളില്‍ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി.ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റുമാന് മുഖേന വീട്ടിലെത്തിക്കും.ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്. വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരനോട് മൊബൈല്‍ നമ്പര്‍ പറയുന്നു.ശേഷം ലഭിക്കുന്ന ഒ.ടി.പി അദ്ദേഹവുമായി പങ്കിടുന്നു. തുടര്‍ന്ന് ബയോമെട്രിക് സ്കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും. ലോക്ക്ഡൗണ്‍ കാലയളവില്‍ ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ ആവശ്യാനുസരണം പണം ലളിതമായി പിന്‍വലിക്കാം. ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്.ബയോമെട്രിക് ഉപകരണം ഉപയോഗിക്കവേ തപാല്‍ ജീവനക്കാര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്ക്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷമാകും സേവനം ലഭ്യമാക്കുക. പണം പിന്‍വലിക്കാനുള്ള ആവശ്യം നിറവേറ്റാനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ ഓരോ തപാല്‍ ഡിവിഷനിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുമായോ ബന്ധപ്പെടണം. തപാല്‍ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് സംവിധാനത്തിലൂടെയാണ് പണം തപാല്‍ വകുപ്പ് നല്‍കുന്നത്.
സംസ്ഥാനത്തെ ഏഴ് ജില്ലകൾ കൊറോണ ഹോട്ട് സ്പോട്ടുകൾ;കോട്ടയം ഓറഞ്ച് സോണില്‍; കോഴിക്കോട് സുരക്ഷിതം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന സാധ്യതയുള്ള തീവ്രമേഖലയിൽ (ഹോട്ട് സ്പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളെയാണ് കൊറോണ വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂർണമായും ഹോട്ട് സ്പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രത കുറഞ്ഞ ജില്ലകള്‍ ഓറഞ്ച് സോണിലും സുരക്ഷിതമായ ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ് ഉള്ളത്.സംസ്ഥാനത്ത് തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളെ നോണ്‍ ഹോട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സോണിലാണ് ഈ ജില്ലകള്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച് സോണില്‍ ഉള്ള ജില്ലകള്‍ ഹോട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ജില്ലകളില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ഗ്രീന്‍ സോണില്‍ ഉള്‍പെട്ടിരിക്കുന്നത്. പുതിയതായി ഒരു കേസും പോലും 28 ദിവസമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ജില്ലയെ ഗ്രീന്‍ സോണായി കണക്കാക്കുന്നത്. ഹോട്സ്പോട്ടായി കണക്കാക്കിയ ജില്ലയില്‍ 14 ദിവസമായി പുതിയ കേസുകള്‍ സ്ഥിരീകരിച്ചില്ലെങ്കില്‍ ഓറഞ്ച് സോണിലേക്ക് മറ്റും. പിന്നീടുള്ള രണ്ട് ആഴ്ചയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ഗ്രീന്‍ സോണിലേക്ക് മാറ്റുന്നത്.ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ 170 ജില്ലകളിൽ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
കാസർകോഡ് നിന്നും ആശ്വാസ വാർത്ത;83 പേര്‍ക്ക് കോവിഡ് ഭേദമായി;ഇനി ചികിത്സയിലുള്ളത് 84 പേര്
കാസർകോഡ്:ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ നിന്നും ആശ്വാസ വാർത്ത.കൊറോണ രോഗമുക്തി നേടി നിരവധി പേരാണ് ആശുപത്രി വിട്ടത്.കാസര്‍കോട് ജില്ലയില്‍ ഇത് വരെ കൊറോണ സ്ഥിരീകരിച്ചത് 167 പേര്‍ക്കാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 50 പേര് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 83 ആയി. ഇനി ചികിത്സയിലുള്ളത് 84 രോഗികളാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. ചൊവ്വാഴ്ച മാത്രമാണ് പുതുതായി ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മൂന്ന് ദിവസങ്ങളിലും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ക്കുമാണ് ബുധനാഴ്ച രോഗം ഭേദമായത്.ഇതുവരെ രോഗം ഭേദമായവരില്‍ 59 പേര് വിദേശത്തുനിന്നും നാട്ടിലേത്തിയവരും 24 പേര് സമ്പർക്ക പട്ടികയിലുള്ളവരുമാണ്.ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. 137 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.കോവിഡ് 19 സമൂഹ വ്യാപന സാധ്യത വിലയിരുത്താനായി ജില്ലയില്‍ ആരംഭിച്ച സര്‍വ്വേ പുരോഗമിക്കുകയാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് സര്‍വ്വേ. ലോക്ഡൌണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ 875 കേസുകളില്‍ 1367 പേരെ അറസ്റ്റ ചെയ്തിട്ടുണ്ട്. കൂടാതെ 493 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.