കണ്ണൂർ:മുന്‍ കരുതലിന്റെ ഭാഗമായി കണ്ണൂരിലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍ പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. സ്‌കൂള്‍ പരിസരത്ത് അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. പോലീസ് ആക്‌ട് പ്രകാരമാണ് നടപടി.ആകെ 1,04,064 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ജില്ലയില്‍ എസ്‌എസ്‌എല്‍സി 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33737 കുട്ടികളും, എച്ച്‌എസ്‌ഇ 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427, വിഎച്ച്‌എസ്‌ഇ 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം:അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഹയര്‍സെക്കണ്ടറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുക.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക.13, 72,012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2032 കേന്ദ്രങ്ങളിലായി 56,345 വിദ്യാര്‍ത്ഥികളാണ് ഇന്ന് ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുക. 4,22,050 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 10,920 കുട്ടികള്‍ പരീക്ഷാ കേന്ദ്രം മാറ്റി.സ്കൂളിന് മുന്നില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമേ അകത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കൂ. വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടം തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടാകും.ഗ്ലൌസ് ധരിച്ചാകും അധ്യാപകരുടെ മേല്‍നോട്ടം.രക്ഷാകർത്താക്കളെ സ്കൂൾ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രക്കായി കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ തയ്യാറെടുത്തിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്‍റൈനില്‍ താമസിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കും. ഹോട്ട്‌സ്‌പോട്ടുകളിലും കര്‍ശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. ഹോട്ട്‌സ്‌പോട്ടുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഇല്ലെങ്കില്‍ സമീപത്തെ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ഉറപ്പാക്കി വിദ്യാര്‍ത്ഥികളെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവരാം.മറ്റുള്ളവര്‍ ഉപയോഗിച്ച കപ്പോ കുടിവെള്ള കുപ്പിയോ ഉപയോഗിക്കരുത്. പരീക്ഷയ്ക്ക് മുൻപും ശേഷവും കൂട്ടം കൂടിയുള്ള ചര്‍ച്ചകള്‍ക്ക് വിലക്കുണ്ട്.
കേരളത്തിൽ വീണ്ടും കൊവിഡ് മരണം;മരിച്ചത് കണ്ണൂര്‍ ധർമടം സ്വദേശിനി;സംസ്ക്കാരം ഇന്ന്
കണ്ണൂർ:കേരളത്തിൽ വീണ്ടും കൊവിഡ് മരണം.കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴാണ് ആസിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വൈറല്‍ ന്യൂമോണിയ കൂടി ബാധിച്ചതോടെ ആസിയയുടെ നില രണ്ട് ദിവസമായി ഗുരുതരമായി തുടരുകയായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടരയോടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.ഇവര്‍ക്കെവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.എന്നാല്‍ ഇവരുമായി സമ്പർക്കം പുലര്‍ത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കൊവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് വയനാട് സ്വദേശിനി ആമിന കഴിഞ്ഞ ദിവസം മരിച്ചിരുന്നു.കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.അതേസമയം ആസിയയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകും സംസ്കാരം.
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;12 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നും 18 പേരും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാണ്ട് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ,ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.സംസ്ഥാനത്ത് നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കേരള- കര്‍ണാടക അതിര്‍ത്തിയിൽ മുടിക്കയം വനത്തില്‍ വന്‍ തീപ്പിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു
കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് തീപ്പിടിത്തമുണ്ടായത്. വീണുകിടന്നിരുന്ന മരങ്ങള്‍ക്കാണ് ആദ്യം തീപ്പിടിച്ചത്. നാലുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.പുലര്‍ച്ചെവരെ ഏറെ സാഹസപ്പെട്ടാണ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമടിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏക്കര്‍ കണക്കിന് വനപ്രദേശങ്ങള്‍ കത്തിനശിച്ചതായി വനപാലകര്‍ അറിയിച്ചു.
തെലങ്കാനയില്‍ ഒൻപത് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍
ഹൈദരാബാദ്:തെലങ്കാനയില്‍ ഒൻപത് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മുഖ്യപ്രതിയെ തെലങ്കാന പൊലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി സജ്ഞയ് കുമാറാണ് അറസ്റ്റിലായത്. ശീതള പാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളിയതാണെന്നാണ് പൊലിസ് പറയുന്നത്.കൊല്ലപ്പെട്ട മക്‌സൂദ് ആലമിന്റെ മകളുമായി സജ്ഞയ് കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലിസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേര്‍ ഇവര്‍ക്ക് സമീപം താമസിക്കുന്നവരുമാണ്.വ്യാഴാഴ്ച്ചയാണ് ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം (55), ഭാര്യ നിഷ (48), മക്കളായ ഷഹബാസ് (20), സൊഹൈല്‍(18), ബുഷ്‌റ(22), ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, മഖ്സൂദിന്റെ ബന്ധു മുഹമ്മദ് ഷക്കീല്‍(40) ബിഹാര്‍, ത്രിപുര സ്വദേശികളായ തൊഴിലാളികളായ ശ്രീറാം കുമാര്‍ ഷാ(26), ശ്യാം കുമാര്‍ ഷാ(21), എന്നിവരുടെ മൃതദേഹം ഖൊറേകുണ്ഡ ഗ്രാമത്തിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഇവരില്‍ മഖ്സൂദിന്റേതടക്കം നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച്ചയും ബാക്കി അഞ്ചു പേരുടേത് വെള്ളിയാഴ്ച്ച രാവിലെയുമാണ് പുറത്തെടുത്തത്.
ഇരുപത് വര്‍ഷം മുൻപാണ് മഖ്സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്.സ്ഥലത്തെ ചണമില്‍ ഫാക്ടറിയിലാണ് മഖ്സൂദ് ജോലി ചെയ്തിരുന്നത്.അറസ്റ്റിലായ സഞ്ജയ് കുമാറും ഇതേ ഫാക്ടറിയിലെ ജീവനക്കാരനാണ്.മരിച്ച ഇതര സംസ്ഥാന തൊഴിലാളികളും ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:സഞ്ജയ് കുമാറും മഖ്സൂദിന്റെ മകള്‍ ബുഷ്റയും തമ്മില്‍ അടുപ്പത്തിലായിരുന്നു.ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് ബുഷ്റ കഴിഞ്ഞിരുന്നത്. ഇരുവരുടേയും ബന്ധം അറിഞ്ഞതോടെ മഖ്സൂദ് ഇടപെട്ട് ബന്ധം അവസാനിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ സഞ്ജയ് പദ്ധതി തയ്യാറാക്കുകയായിരുന്നു.അറസ്റ്റിലായവരില്‍ ഒരാള്‍ വാറങ്കല്‍ സ്വദേശി തന്നെയാണ്.ഇയാള്‍ക്കും മഖ്സൂദിന‍്റെ കുടുംബത്തിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.മകന്റെ പിറന്നാള്‍ ദിവസം മഖ്സൂദ് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഫാക്ടറിയിലെ തൊഴിലാളികളായ ശ്രീറാമിനേയും ശ്യാം കുമാറിനേയും വിരുന്നിന് ക്ഷണിച്ചു.ഈ വിരുന്നില്‍ വിതരണം ചെയ്ത സോഫ്റ്റ് ഡ്രിങ്കിലാണ് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയത്. ശേഷം അടുത്തുള്ള കിണറ്റിലേക്ക് തള്ളുകയായിരുന്നു.
രാജ്യത്ത് ഉഷ്‌ണതരംഗം;അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി:രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യത.നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.ഇന്നലെ സഫ്ദര്‍ജങ് നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 53 പേര്‍ക്ക്; 5 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 53 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്നലെ 18 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ സംസ്ഥാനത്ത് ആകെ 55 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കണ്ണൂർ മാടായിയിൽ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു
അഞ്ചലിലെ കൊലപാതകം;സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി;പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെടുത്തു
കൊല്ലം:അഞ്ചലിൽ ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.രാവിലെ അഞ്ചരയോടെയാണ് ഒന്നാം പ്രതിയായ സൂരജിനെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.സൂരജ് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പറമ്പിൽ നിന്നും സൂരജാണ് പാമ്പിനെ കൊണ്ടുവന്ന കുപ്പി പൊലീസിന് കാട്ടിക്കൊടുത്തത്. അപ്രതീക്ഷിതമായാണ് അന്വേഷണസംഘം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ വീട്ടിലെത്തിച്ചപ്പോള്‍ ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരായി. അവനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ അമ്മ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞു.കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുൻപ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുന്നുണ്ട്. പാമ്പിനെ കൊണ്ടുവന്ന പാത്രം, എന്തൊക്കെയാണ് ചെയ്തത് എന്നതു സംബന്ധിച്ച മൊഴി തുടങ്ങിയ പ്രാഥമിക തെളിവുകളാണ് ശേഖരിക്കുന്നത്. അടൂരില്‍ സൂരജിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.