കോഴിക്കോട്:ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 80 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയായ യുവതി മേയ് 24-നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടയില്‍ പ്രസവ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യുവതിയെ സര്ജന്, ന്യൂറോ വിദഗ്ധന്‍, പീഡിയാട്രിക് സര്ജന്, കാര്‍ഡിയോളജി എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ വിദഗ്ധന്‍ അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളും യുവതിയുമായി ഇടപഴകിയിരുന്നു. യുവതി കോവിഡ് സംബന്ധമായി ആരുമായും നേരിട്ട് സമ്പർക്കം പുലര്ത്തിയിട്ടില്ലാതിരുന്നതിനാല് ആരും ശ്രദ്ധിച്ചിരുന്നില്ല. പരിശോധനയുടെ ഭാഗമായി യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകുകയായിരുന്നു.യുവതിക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നു ഇതുവരെ വ്യക്തമായില്ല.
പടക്കം കടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസ്; മലപ്പുറം സ്വദേശി അറസ്റ്റില്‍
പാലക്കാട്:പാലക്കാട് വെള്ളിയാര്‍ പുഴയില്‍ പടക്കം കടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്താണ് വില്‍സണ്‍ കൃഷി ചെയ്യുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടാനയുടെ ജീവനെടുത്തത് കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മേയ് 23 ന് വെളളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പരുക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കഴമ്ബില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.
രാജ്യത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
ന്യൂഡൽഹി:രാജ്യത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ആരാധനാലയങ്ങളിലെ വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ല.
കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:
- കണ്ടെയ്ന്മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്
- കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
- മാസ്കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
- ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.
- 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം.
- ആരാധനാലയത്തിലെ വിഗ്രഹത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.
- പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ല.
- സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്ക്കും ആയി ഒരു പായ അനുവദിക്കില്ല.
- പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ക്രമീകരിക്കണം.
- ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുൻപ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
- ക്യൂവില്‍ ആറടി അകലം പാലിക്കണം.
- ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.
- ആരെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതന് ആയാല്‍, പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
ചെലവ് കുറയ്ക്കാന്‍ വീടുകളും ക്വാറന്റീന് കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി; ഇനി മുതല്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസം വീടുകളില്‍ തന്നെ കഴിയാം
തിരുവനന്തപുരം:ക്വാറന്റൈൻ ചെലവ് കുറയ്ക്കാന്‍ വീടുകളും ക്വാറന്റീന് കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.ഇതോടെ ഇനി മുതല്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസം വീടുകളില്‍ തന്നെ കഴിയാം.വിദേശത്ത് നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതോടയാണ് പ്രവാസികള്‍ക്ക് വിദേശത്ത് നിന്നെത്തുന്നതിന് പിന്നാലെ വീട്ടിലേക്ക് പോകാന്‍ അവസരം ഒരുങ്ങിയത്.ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീന് കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ ഇതുപ്രകാരം വീടുകളിലേക്ക് അയച്ചു തുടങ്ങി. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കുന്നത് വഴി സര്‍ക്കാരിന് വന്‍ ബാധ്യതയാണ് ഉണ്ടാകുന്നത്. ഹോട്ടലുകളിലും മറ്റും ക്വാറന്റൈന് ഒരുക്കിയതോടെ ഒരാള്‍ക്ക് ഒരു ദിവസം 2000ത്തിന് മുകളില്‍ രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. ബെഡ്ഷീറ്റും കിടക്കയും മറ്റ് അവശ്യ സാധനങ്ങളും അടക്കം ഓരോരുത്തരും മാറുന്നതിന് അനുസരിച്ച് മാറ്റി നല്‍കുകയും വേണമായിരുന്നു. എന്നാല്‍ വീടുകളില്‍ ക്വാറന്റീന് അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവും കുറയും.
തലസ്ഥാനത്തെ ഞെട്ടിച്ച് ലൈംഗീക പീഡനം; ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു;യുവതിയുടെ നില അതീവ ഗുരുതരം
തിരുവനന്തപുരം:തലസ്ഥാനത്തെ ഞെട്ടിച്ച് ലൈംഗീക പീഡനം.ഭര്‍ത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കണിയാപുരം സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.കണിയാപുരം പള്ളിനട സ്വദേശിനിയും രണ്ടും കുട്ടികളുടെ അമ്മയുമായ യുവതി പോത്തന്‍കോടെ ഭര്‍തൃവീട്ടിലായിരുന്നു താമസം. കടല്‍തീരത്ത് കൊണ്ടുപോകുന്നെന്ന് പറഞ്ഞ് ഭര്‍ത്താവ് പുതുകുറിച്ചിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.അര്‍ധ ബോധാവസ്ഥയിലുള്ള സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്.യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റു നാലുപ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അബോധാവസ്ഥയിലായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളു.
കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 94 പേര്‍ക്ക്; മൂന്ന് മരണം
തിരുവനന്തപുരം:കേരളത്തില്‍ ഇന്നലെ 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 47 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.കാസര്‍കോട്- 12, കണ്ണൂര്‍-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂര്‍-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം–5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.സംസ്ഥാനത്ത് ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാള്‍ ബുധനാഴ്ചയാണ് മരിച്ചത്.ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു.മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് തവണ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ മരണങ്ങളുടെ എണ്ണം 14 ആയി.ഇന്നലെ 39പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് 13 പേരുടേയും മലപ്പുറത്ത് 8 പേരുടേയും കണ്ണൂര്‍ 7 പേരുടേയും കോഴിക്കോട് 5 പേരുടേയും തൃശ്ശൂര്‍,വയനാട് ജില്ലകളില്‍ 2 പേരുടേയും വീതവും തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.സംസ്ഥാനത്ത് നിലവിൽ ഹോട്സ്പോട്ടുകൾ 124 ആയി.ഇന്നലെ പുതുതായി 9 ഹോട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു.കണ്ണൂർ 4, കൊല്ലം 3, പാലക്കാട് 2 എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകൾ.
നിരക്ക് വർദ്ധിപ്പിക്കാതെ സർവീസ് നടത്തില്ല; സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ തിങ്കളാഴ്ച മുതൽ ഓട്ടം നിർത്തുന്നു
കൊച്ചി:യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. വ്യവസായം തകര്‍ച്ചയിലാണെന്നും ഈ രീതിയില്‍ സര്‍വീസ് സാധ്യമല്ലെന്നും എറണാകുളത്ത് ചേര്‍ന്ന ബസ് ഉടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന് സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപേ സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലായിരുന്നു. കോവിഡ് കാലത്ത് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പിന്‍വലിച്ചത് ഖേദകരമാണ്. ആളുകള്‍ പൊതുഗതാഗതം പരമാവധി ഒഴിവാക്കുന്ന ഈ കാലത്ത് ബസ് വ്യവസായം പിടിച്ച് നില്ക്കണമെങ്കില് ചാര്‍ജ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നഷ്ടം സഹിച്ചാണ് പല ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തിയത്. അതിനാല്‍ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. നഷ്ടം സഹിച്ച് ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരസമിതി ചെയര്മാന് ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥ്, വൈസ് ചെയര്മാന് എം ഗോകുല്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; ചെറുവത്തൂര്‍ പടന്നയും കിനാത്തിലും അടച്ചുപൂട്ടി
ചെറുവത്തൂർ:മഹാരാഷ്ട്രയില്‍ നിന്നെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊന്മാലം ഒൻപതാം വാര്‍ഡും പടന്ന പഞ്ചായത്തിലെ കിനാത്തില്‍ ഏഴാം വാര്‍ഡും അധികൃതര്‍ അടച്ചുപൂട്ടി.ചെറുവത്തൂര്‍ കുട്ടമത്ത് പൊന്മാലം മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ യുവാവിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ മാധവന് മണിയറയുടെ നേതൃത്വത്തില്‍ ചന്തേര പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആണ് വാര്‍ഡിന്റെ അതിര്‍ത്തികള്‍ അടച്ചു പൂട്ടിയത്.ചെറുവത്തൂര്‍ ടൗണില്‍ ദേശീയ പാതക്ക് കിഴക്ക് ഭാഗം ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടും.കയ്യൂര്‍ റോഡിലൂടെയുള്ള വാഹന ഗതാഗതവും അനുവദിക്കില്ല. സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആളുകള്‍ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും ഈ ഭാഗത്ത് പൊലീസും ആരോഗ്യ വകുപ്പും മൈക്ക് പ്രചാരണവും നടത്തി. അതിനിടെ യുവാവ് നിരീക്ഷണത്തില്‍ കഴിയവെ പുറത്തിറങ്ങി എന്ന പ്രചരണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ മാധവന് മണിയറ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 60 കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് കിനാത്തില്‍ ഹോട്സ്പോട്ട് ആയത്.
നാദാപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു
കോഴിക്കോട്:നാദാപുരം തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രിയാണ് കട തകര്‍ക്കപ്പെട്ടത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ ഷട്ടറും മത്സ്യവിൽപ്പനയ്ക്കായി തയാറാക്കിയിരുന്ന സ്റ്റാന്‍ഡുമാണ് തകര്‍ത്തത്.കോവിഡ് സ്ഥിരികരിച്ചതിനെത്തുടര്‍ന്ന് തൂണേരി, പുറമേരി , നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. പുറമേരി ഫിഷ് മാര്‍ക്കറ്റ് , വടകര പഴയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ അടച്ചുപൂട്ടി. കോവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പർക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റിയാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുള്‍പ്പെടെ കാസര്‍കോട് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.26 ന് ബഹ്റൈനില്‍ നിന്ന് വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറിലെത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്ക് സമ്പർക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇതോടെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 97 ആയി.