തിരുവനന്തപുരം:ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു.രണ്ടു ദിവസത്തേയ്ക്കാണ് അടച്ചിട്ടത്.ഡിപ്പോ അണുവിമുക്തമാക്കിയ ശേഷം തുറന്നാല്‍ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന്റെ തുടര്‍ന്നാണ് നടപടി.സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.ബസുകള്‍ അണുവിമുക്തമാക്കിയശേഷം മാസ്‌കും സാനിറ്റൈസറും നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.ഡ്രൈവര്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അണുവിമുക്തമാക്കണമെന്ന് ജീവനക്കാര്‍ പരാതിപെട്ടിരുന്നു.രാവിലെ മുതല്‍ ഡിപ്പോയില്‍ നിന്നുള്ള ഒരു സര്‍വീസും ആരംഭിച്ചിരുന്നില്ല. ജീവനക്കാരില്‍ പലരും ഡ്യൂട്ടിക്കായി ഡിപ്പോയില്‍ എത്തിയതുമില്ല.ഡിപ്പോയിലെ ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗതാഗതമന്ത്രി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ഡിപ്പോയും ഡിപ്പോയിലെ എല്ലാ ബസുകളും അണുവിമുക്തമാക്കും. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയില്‍ 17 പേരാണുള്ളത്. ഇവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേരുള്‍പ്പെട്ടിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
ഇന്ത്യ-ചൈന സംഘർഷം;സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്;പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തിരുന്നു.വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.
ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ – ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മോദി വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ജൂണ്‍ 19 ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും.തിങ്കളാഴ്ച്ച രാവിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി സൈനിക വൃത്തത്തെ ഉദ്ധരിച്ചു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമാണെന്നും ഐഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് കൂടാരം ഇന്ത്യന്‍ സൈന്യം മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ ആറിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കൂടാരം നീക്കം ചെയ്യാന്‍ ചൈന സമ്മതിച്ചിരുന്നു. സംഘര്‍ഷത്തില്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. കല്ലും വടിയും മറ്റും ഉപയോഗിച്ചായിരുന്നു സൈനികര്‍ ഏറ്റുമുട്ടിയത്.
കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരം; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു
കണ്ണൂർ:കണ്ണൂരില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരം.ആരോഗ്യനില വഷളായതിനെ തുടർന്ന് ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.പരിയാരം മെഡിക്കൽ കോളേജിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്.ഇയാൾക്ക് കടുത്ത ന്യുമോണിയ ബാധയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം ഇയാൾക്ക് എവിടെനിന്നാണ് വൈറസ്ബാധ ഏറ്റതെന്ന് വ്യക്തമല്ല.ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മട്ടന്നൂർ എക്‌സൈസ് ഓഫിസിലെ മുഴുവൻ ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് 19;ജില്ലയിൽ മൂന്നു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍; പടിയൂര്‍ കല്യാട് പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും
കണ്ണൂര്‍: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.കടന്നപ്പള്ളി പാണപ്പുഴ- 10, കാങ്കോല്‍ ആലപ്പടമ്പ 6, മട്ടന്നൂര്‍- 7 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുക.അതേസമയം സമ്പർക്കം മൂലം കോവിഡ് ബാധയുണ്ടായ പടിയൂര്‍ കല്യാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മട്ടന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡും കൂടി പൂര്‍ണമായും അടിച്ചിടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഇന്നലെ ഏഴു പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പർക്കം സമ്പർക്കം.മൂലമാണ് രോഗബാധ.ജൂണ്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയയില്‍ നിന്നുള്ള എസ്ജി 9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ അഞ്ചു വയസുകാരന്‍, 10 വയസുകാരി, അതേദിവസം കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നുള്ള ഐഎക്‌സ് 1714 വിമാനത്തിലെത്തിയ മാത്തില്‍ സ്വദേശി 33കാരന്‍, ജൂണ്‍ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദോഹയില്‍ നിന്നുള്ള ക്യുആര്‍ 7487 വിമാനത്തിലെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 27കാരന്‍, അതേ വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 25കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍.ജൂണ്‍ 14ന് കണ്ണൂര്‍ വിമാനത്താവളം വഴി എഐ 0425 വിമാനത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി 81കാരന്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്. പടിയൂര്‍ സ്വദേശി 28കാരനാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 316 ആയി. ഇവരില്‍ 199 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്ത്യ– ചൈന സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ലഡാക്ക്:ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു.തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായത്.കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ ഉച്ചയോടെയാണ് കിഴക്കൻ ലഡാക്കിൽ ഒരു കേണൽ ഉൾപ്പടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നത്. തുടർന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത് പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘർഷം;കേണലും സൈനികനും അടക്കം മൂന്ന് ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം.ചൈനീസ് സേനയുമായുള്ള വെടിവെയ്പ്പിൽ ഇന്ത്യന്‍ കേണലിനും 2 ജവാന്മാര്‍ക്കും വീരമൃത്യു.ചൈനീസ് സൈനികര്‍ക്ക് ജീവഹാനിയുണ്ടായോ എന്ന് വ്യക്തമല്ല.കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി കമാന്‍ഡര്‍മാര്‍ യോഗം ചേരുന്നു. ഇതോടെ ചൈനയിലെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. ഗല്‍വാന്‍ വാലിയിലാണ് സംഘര്‍ഷം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതിനിടെ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സൈനികരെ ഇന്ത്യ അതിര്‍ത്തിയിലേക്ക് അയക്കും.ഈയിടെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 ആക്കണം;അവധി ആനുകൂല്യങ്ങളില്ല; പുതിയ നിയമനങ്ങള്‍ പാടില്ല; വിദഗ്ദ്ധ സമിതി ശുപാര്‍ശകള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ചെലവുചുരുക്കല്‍ ശിപാര്‍ശകളുമായി വകുപ്പു മേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.വര്‍ഷം 5265.97 കോടി രൂപ ഇതിലൂടെ ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശുപാര്‍ശകളാണ് സമിതി നല്‍കുക.സിഡിഎസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി അധ്യക്ഷന്‍. അന്തിമറിപ്പോര്‍ട്ട് അടുത്തമാസമാണ് നല്‍കുക.കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍പ്രായം. ഇത് രണ്ടുവര്‍ഷം കൂട്ടിയാല്‍ പെന്‍ഷന്‍ ആനുകൂല്യമായി ഉടന്‍ നല്‍കേണ്ട തുക ലാഭിക്കാം.എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ അനിയന്ത്രിതമായി അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തണം. രണ്ടുവര്‍ഷത്തേക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ പാടില്ല.ലീവ് സറണ്ടര്‍ (അവധിയാനുകൂല്യം) നിര്‍ത്തണം. ഇത് കേരളത്തില്‍ മാത്രമേയുള്ളൂ.പ്രവർത്തന കാലത്താകമാനം 300 അവധിയേ കൂട്ടിവെക്കാന്‍ അനുവദിക്കാവൂ. അവധിയെടുക്കാത്തതിന് എല്ലാവര്‍ഷവും പണം നല്‍കരുത്. വിരമിക്കുമ്പോൾ മാത്രംമതി. സ്ഥിതിഗതി സാധാരണ തോതിലാകുംവരെ അവധി ആനുകൂല്യം നല്‍കരുത്.പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചാക്കണം. ആവശ്യമെങ്കില്‍ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി അനുവദിക്കണം. ഇത് പ്രവര്‍ത്തനച്ചെലവും ഇന്ധനച്ചെലവും കുറയ്ക്കും.ഒരു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍, പദവി ഉയര്‍ത്തല്‍, പുതിയ നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നന്നാക്കല്‍, പുതിയ ഫര്‍ണീച്ചറും വാഹനങ്ങളും വാങ്ങുന്നത്, വിദേശ പര്യടനം, ശില്‍പ്പശാല, സെമിനാറുകള്‍, ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കല്‍ എന്നിവ ഒഴിവാക്കണം തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ശുപാർശകൾ.അതേസമയം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. മറ്റ് ശുപാര്‍ശകള്‍ ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും ഐസക്ക് പറഞ്ഞു.
കോവിഡ് ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ വ്യാജപ്രചാരണം;തില്ലങ്കേരി സ്വദേശിയായ എയര്‍ഇന്ത്യ ജീവനക്കാരനെതിരെ കേസ്
കണ്ണൂർ:രോഗബാധയില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കോവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ എയര്‍ഇന്ത്യ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷവും രോഗമില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്.പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മുഴക്കുന്ന് പോലീസാണ് കേസെടുത്തത്.കഴിഞ്ഞ 29നാണ് എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 89 പേരും ദ്വിതീയ സമ്പര്‍ക്കപട്ടികയില്‍ 56 പേരുമുണ്ട്. കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ നിരീക്ഷത്തിലുമാണ്. എന്നിട്ടും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസ്.
കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; ആയിക്കര മൽസ്യ മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കും
കണ്ണൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ആയിക്കര മത്സ്യ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് പ്രവര്‍ത്തന സമയം. മാര്‍ക്കറ്റിലേക്ക് വരുന്ന വലിയ ചരക്ക് വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവറുടെ പേര്, മൊബൈല്‍ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. മത്സ്യവുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുയായി ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ, മത്സ്യം വില്‍ക്കുന്ന സ്ഥലം എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഒരേ സമയം 50 ആളുകളില്‍ കൂടുതല്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്. മാര്‍ക്കറ്റിനകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി പ്രത്യേക വഴി ഏര്‍പ്പെടുത്തുകയും എന്‍ട്രി, എക്‌സിറ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. മാര്‍ക്കറ്റിലെത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
കണ്ണൂർ ചക്കരക്കല്ലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ചക്കരക്കല്‍ മൂന്നുപെരിയയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പൊന്‍ രാജ് ആണ് മരിച്ചത്.വൈകിട്ട് ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാസ്‌ക് ധരിച്ചു നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.കണ്ണൂരില്‍ ഷൂ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു പൊന്‍രാജ്. ഇയാളുടെ കൊവിഡ് സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.