ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനം.ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ക് ഡൗണ്‍. ജൂണ്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍.ചെന്നൈ അടക്കമുള്ള ആറ് അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന വിദഗ്‌ധ സമിതിയുടെ നിർദേശത്തിനു സര്‍ക്കാര്‍ തീരുമാനം. ആവശ്യ സേവനങ്ങള്‍ മാത്രമാണ് ഇനി പ്രവര്‍ത്തിക്കുക. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല.ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ 6 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാമെങ്കിലും പാര്‍സല്‍ ഇനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ക്ക് എത്താം. എന്നാല്‍ കണ്ടയ്‌ന്മെന്റ് സോണുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തേണ്ടതില്ല. ജൂണ്‍ 29, 30 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
സമ്പർക്കത്തിലൂടെ കൊറോണ ബാധ;കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു
കണ്ണൂര്‍: സമ്പർക്കത്തിലൂടെയുള്ള കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ നഗരം പൂര്‍ണ്ണമായും അടച്ചു. കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ അടയ്ക്കാനും ഇവിടങ്ങളില്‍ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ ഒരു വ്യാപാര സ്ഥാപനവും തുറക്കരുതെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.കണ്ണൂർ കോർപ്പറേഷനിലെ 5, 11 ഡിവിഷനുകളും 45 മുതൽ 53 വരെയുള്ള ഡിവിഷനുകളുമാണ് അടച്ചത്.ദേശീയപാത ഒഴികെയുള്ള മുഴുവന്‍ റോഡുകളും അടച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതകളില്‍ പൊലീസ് പരിശോധനയും പുനരാരംഭിച്ചിട്ടുണ്ട്. ബസുകൾ നഗരത്തിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര ബസുകൾ ഒഴികെയുള്ളവക്കാണ് നിയന്ത്രണം.പതിനാലുകാരന് സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍, പരീക്ഷ, പരീക്ഷാ മൂല്യനിര്‍ണ്ണയം എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച പതിനാലുകാരന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 89 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു.കണ്ണൂർ ജില്ലയിലെ എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുവന്നവരും 29 പേർ ഇതരസംസ്ഥാനത്തുനിന്ന് വന്നവരുമാണ്( (മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്നാട് 5, ഗുജറാത്ത് 2, ഹരിയാന 2, ഒറീസ 1 ).സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു.തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 9, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂർ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂർ 4, കാസർകോട് 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകള്‍. തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കണ്ണൂര്‍ 4, കാസര്‍ഗോഡ് 11 എന്നീങ്ങനെയാണ് കോവിഡ് മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
പദ്ധതി നടപ്പിലാക്കുന്നതിൽ കാലതാമസം;ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ
ന്യൂ ഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ചൈനീസ് കമ്ബനിയുമായുള്ള കരാര്‍ റദ്ദാക്കുമെന്ന അറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ.ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ കരാറാണ് ചൈനീസ് കമ്പനിക്ക് നല്‍കിയിരുന്നത്. 471 കോടിയുടെ കരാറാണ് റദ്ദാക്കിയത്.പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിലക്കണമെന്നാവശ്യപ്പെട്ടും വന്‍ പ്രചാരണങ്ങള്‍ ഉയരുന്നുണ്ട്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന്‍; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
കണ്ണൂര്‍: 2020 – 21 അധ്യയന വര്‍ഷത്തിലേക്ക് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നടപടി.കേസിലെ എതിര്‍ കക്ഷികളായ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസയക്കുകയും ചെയ്തു.2016-17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഫീസ് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് കോളേജ് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല എന്നായിരുന്നു അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.കമ്മിറ്റിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സി കെ ശശി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രാകേന്ദ് ബസന്തും ആണ് ഹാജരായത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്;അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ബുധനാഴ്ച അന്തിമമാക്കി പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,62,24,501 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷന്‍മാര്‍, 1,36,84,019 സ്ത്രീകള്‍, 180 ട്രാന്‍സ്‌ജെണ്ടര്‍മാര്‍ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടര്‍മാര്‍. പുതിയതായി 6,78,147 പുരുഷന്‍മാര്‍, 8,01,328 സ്ത്രീകള്‍ 66 ട്രാന്‍സ്‌ജെണ്ടര്‍മാര്‍ എന്നിങ്ങനെ 14,79,541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവര്‍, സ്ഥിരതാമസമില്ലാത്തവര്‍ തുടങ്ങിയ 4,34,317 വോട്ടര്‍മാരെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വോട്ടര്‍പട്ടിക പുതുക്കുന്ന ആവശ്യത്തിലേയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയില്‍ ആകെ 2,51,58,230 വോട്ടര്‍മാരുണ്ടായിരുന്നു. മാര്‍ച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 941 ഗ്രാമപഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പിനു മുൻപ് തന്നെ രണ്ട് അവസരങ്ങള്‍ കൂടി നല്‍കും.
കണ്ണൂരിൽ 14 കാരന് രോഗബാധ;ഉറവിടം കണ്ടെത്താനായില്ല;നഗരം ഭാഗികമായി അടച്ചിടാൻ കളക്റ്ററുടെ ഉത്തരവ്
കണ്ണൂർ:കണ്ണൂരിൽ വീണ്ടും ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. കോർപ്പറേഷൻ പരിധിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പതിനാലുകാരനാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്.കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഇയാൾ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതെ തുടർന്ന് കണ്ണൂർ നഗരം ഭാഗികമായി അടയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. കണ്ണൂർ കോർപ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂർ, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടും. ഗതാഗത നിയന്ത്രണവും ഉണ്ടാകും.കടകളോ ഓഫീസുകളോ തുറന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവിയും അറിയിച്ചു.അതേസമയം രണ്ടു ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി ഡ്രൈവർ എത്തിയ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാർ നിലവിൽ ക്വാറന്റൈനിലാണ്. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവർ ഇരിക്കൂർ ബ്ലാത്തൂർ സ്വദേശി ഇന്ന് മരണപ്പെടുകയും ചെയ്തിരുന്നു.
കൂത്തുപറമ്പ് കായലോട് ബൈക്ക് അപകടത്തില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് കായലോട് ബൈക്ക് അപകടത്തില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു.പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ വൈശാഖ് ( 25) അയല്‍വാസിയായ അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. കായലോട് പറമ്പായി റോഡിന് സമീപം ബൈക്ക് മതിലില്‍ ഇടിച്ച നിലയിലായിരുന്നു.റോഡരികില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സൈന്യത്തില്‍ ജോലി ചെയ്തു വരികയായിരുന്ന വൈശാഖ് രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം മാവിലായി സ്‌കൂള്‍ ചിറയ്ക്കടുത്തു തന്നെയുള്ള ഒരു വീട്ടില്‍ ക്വാറന്റിനിലായിരുന്നു. ഇവിടെ നിന്നും ഇയാള്‍ എന്തിനാണ് പുറത്തു പോയതെന്നാണ് വ്യക്തമല്ലെന്ന് കൂത്തുപറമ്പ് പൊലീസ് പറഞ്ഞു. എകെജി നഴ്‌സിങ്ങ് കോളേജ് ജീവനക്കാരനായ എരഞ്ഞേരി സുരേശന്‍ – രജനി ദമ്പതികളുടെ മകനാണ് വൈശാഖ്. സൈന്യത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന്‍ കൂടിയുണ്ട്.ബാബു – ബീന ദമ്പതികളുടെ മകനാണ് അഭിഷേക് ബാബു. സഹോദരി വീണ.കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു
കണ്ണൂർ:കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍(28) ആണ് മരിച്ചത്. ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായിരുന്നു. ജീവൻ നിലനിർത്തിയിരുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെവേയാണ് അന്ത്യം.കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ വിദഗദ്ധധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചിരുന്നു.ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.ഒരാഴ്ച മുൻപ് ഇദ്ദേഹം തൊണ്ടവേദനയെത്തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുന്ന് പനി മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ 14 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടികയില്‍ 150 ഓളം പേര്‍ ഉള്‍പ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. പടിയൂര്‍ പഞ്ചായത്തില്‍ മാത്രം 72 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. ഇനിയും കൂടുതല്‍ പേര്‍ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സൈസ് ഡ്രൈവറുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മട്ടന്നൂരില്‍ എക്സൈസ് ഓഫീസും അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.
പുൽപ്പള്ളിയിൽ കാണാതായ യുവാവിന്റെ മൃതദേഹം വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി
വയനാട്:പുൽപ്പള്ളിയിൽ കാണാതായ യുവാവിന്റെ മൃതദേഹം വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി.പുല്‍പള്ളി മണല്‍വയല്‍ ബസവന്‍കൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയല്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്.ശിവകുമാറിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ വനത്തിനുള്ളില്‍ വനപാലകരും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. മുളംകൂമ്പ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായും തിന്നുതീര്‍ത്ത നിലയിലാണ്.അതേസമയം ഇന്നലെ മുതല്‍ കാണാതായിട്ടും യുവാവിനായി തിരച്ചില്‍ നടത്താന്‍ താമസിച്ചു എന്ന് ആദിവാസി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്.