സ്വപ്നയെ നിയമിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍; പരാമർശം സസ്‌പെൻഷൻ ഉത്തരവിൽ

keralanews m sivasankar behind the appointment of swapna mention in the suspension order

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്നയെ സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടിയായ എം ശിവശങ്കര്‍. അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വപ്നയെ നിയമിച്ചത് പി ഡബ്ല്യു സി വഴിയെന്നായിരുന്നു നേരത്തേ സി പി എം നേതാക്കളടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.ഇന്നലെയാണ് ശിവശങ്കറെ സസ്പെന്‍ഡുചെയ്തത്. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ ശുപാര്‍ശയോടെ സംസ്ഥാനത്ത് നടന്നിരിക്കുന്ന നിയമനങ്ങളെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തും.അതേസമയം രണ്ടാം ഘട്ട ചോദ്യംചെയ്യലിന് ശേഷം കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. നേരത്തേ സ്വപ്നയുമായി ബന്ധമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി

keralanews uae consular attaches missing gunman found with slit wrists (2)

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്നും കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. വീടിന് പുറകിലുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാള്‍. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സൂചന. ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വട്ടിയൂര്‍ക്കാവില്‍ താമസിക്കുകയായിരുന്നു ജയ്ഘോഷ്.വ്യാഴാഴ്ച വൈകീട്ട് കുടുംബത്തെ കരിമണലിലെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. അനുവദിച്ചിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ തിരികെ ഏല്‍പ്പിച്ച ശേഷമാണ് ഇയാളെ കാണാതാവുന്നത്. മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായതോടെയാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്ന പറമ്പിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.ഞരമ്പ് മുറിച്ച ജയ്‌ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ അഞ്ചിന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്ക് 30 കിലോ സ്വര്‍ണം കണ്ടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സ്വപ്‌നാ സുരേഷിന്റെ കാള്‍ ലിസ്റ്റില്‍ ജയ്‌ഘോഷിന്റെ നമ്പറുണ്ടായിരുന്നു.ജൂലൈ 3,4,5 തീയതികളില്‍ സ്വപ്നാ സുരേഷ് പല തവണയായി ജയാഘോഷിനെ വിളിച്ചു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews again covid death in kerala nun died in vypin confirmed corona

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ബുധനാഴ്ച വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു.വൈപ്പിന്‍ കുഴിപ്പള്ളി എസ്.ഡി കോണ്‍വെന്‍റിലെ കന്യാസ്ത്രീയാണ് മരിച്ചത്.കൊച്ചി പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് കന്യാസ്ത്രീ മരിച്ചത്. കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിയായ സിസ്റ്റര്‍ രണ്ടര വര്‍ഷമായി കുഴിപ്പള്ളി കോണ്‍വെന്റിലെ അന്തേവാസിയാണ്. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികില്‍സയിലായിരുന്നു.ബുധനാഴ്ച പനിയെത്തുടര്‍ന്നാണ് പഴങ്ങനാട് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. രാത്രി ഒൻപത് മണിയോടെ മരിച്ചു. സിസ്റ്ററുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റില്‍ താമസിച്ചിരുന്ന മറ്റ് സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 17 ഓളം പേരെ ക്വാറന്റീനിലാക്കി. പുറത്ത് ഒരിടത്തും പോകാറില്ലാത്ത സിസ്റ്റര്‍ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച്‌ വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കണ്ണൂരിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് വ്യാപിക്കുന്നു; 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

keralanews covid spreaading in persons participated in after death ceremony in kannur

കണ്ണൂർ:കണ്ണൂരിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് വ്യാപിക്കുന്നു.ജൂൺ 28ന് പാനൂർ അണിയാരത്തെ മരണ വീട്ടിൽ എത്തിയ എട്ട് പേർക്ക് കൂടിയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.കുന്നോത്ത് പറമ്പ് സ്വദേശികളാണിവർ. നേരത്തെ ഇവിടെ 10 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിൽ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചു. നാദാപുരം തൂണേരിയിലെ കോവിഡ് രോഗികളിലൊരാൾ പാനൂരിലെ മരണ വീട്ടിൽ എത്തിയതായി സൂചനയുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധികള്‍ പൂർണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. മേഖലയിൽ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു

keralanews man tried to commit suicide while corona observation died in thiruvananthapuram medical college

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു.കൊല്ലം സ്വദേശി നിസാമുദ്ദീനാണ് ആത്മഹത്യ ചെയ്തത്.വ്യാഴാഴ്ച രാവിലെ നിരീക്ഷണവാര്‍ഡില്‍ ഇദ്ദേഹം തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെത്തി ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇതിന് മുന്‍പും കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വീണ്ടും ആത്മഹത്യയുണ്ടായത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

keralanews one more covid death in kerala youth died in kannur confirmed corona

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.കണ്ണൂരിൽ കഴിഞ്ഞ ദിവസം മരിച്ച കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖിനാണ് (24) കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം മുപ്പത്താറായി.ഒന്നര മാസം മുമ്പ് അഹമ്മദാബാദിൽ നിന്ന് എത്തിയതായിരുന്നു ഇയാള്‍.മെയ് 13ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു സലീഖ്. ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും അധികൃതരുമായി ബന്ധപ്പെട്ടില്ലെന്ന് പരാതിയുണ്ട്.ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും വീട്ടില്‍ തുടരുകയായിരുന്നു. ഉദരസംബന്ധമായ രോഗമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മതിയായ ചികിത്സ തേടാതെ ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കോളിലൂടെയും മറ്റുമാണ് ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ചികിത്സയില്‍ പിഴവുണ്ടെന്ന് കാട്ടി പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സലീഖിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

സ്വർണ്ണക്കടത്ത് കേസ്;മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന

keralanews gold smuggling case former it secretary shivshankar likely to be suspended

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന.ശിവശങ്കറിനെതിരായ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ശിവശങ്കറിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലര്‍ത്തിയതും ഇഷ്ടക്കാരെ നിയമിച്ചതുമെല്ലാം വീഴ്ചകളായി സമിതി നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും.മാത്രമല്ല വ്യാജസര്‍ട്ടിഫിക്കറ്റുള്ള ഒരാളെ ജോലിക്കെടുത്തു എന്നതും ശിവശങ്കറിന്‍റെ ജാഗ്രതക്കുറവായി സര്‍ക്കാര്‍ വിലയിരുത്തുന്നു. സസ്പെന്‍ഷന്‍ സംബന്ധിച്ച് സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇന്ന് തന്നെ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത.കസ്റ്റംസ് ഇതുവരെ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. അറസ്റ്റിലായിട്ടുള്ളവരുടെ മൊഴി ഒത്തുനോക്കിയ ശേഷമെ ശിവശങ്കറിന് ഗൂഢാലോചനയിലും സ്വർണക്കടത്തിലും പങ്കുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്താനാകൂവെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്.2000ലാണ് ശിവശങ്കറിന് ഐഎഎസ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നത്. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തില്‍ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കാസര്‍കോട് ജില്ലയില്‍ സ്ഥിതി രൂക്ഷം;ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്

keralanews 49 covid contact cases confirmed in kasarkode district yesterday

കാസർകോഡ്:കാസര്‍കോട് ജില്ലയില്‍ സ്ഥിതി രൂക്ഷം. ജില്ലയിൽ ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 49 പേർക്കാണ്.ഇവരിൽ 6 പേരുടെ രാഗബാധയുടെ ഉറവിടം വ്യക്തമല്ല. കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ മുതല്‍ ജില്ലയില്‍ പൊതുഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തും.സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചതുമായ പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി വാഹനങ്ങള്‍ക്ക് ഈ മാസം 31 വരെ ജില്ലയിലേക്ക് പ്രവേശനം നൽകില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.ചെങ്കള 28, മധൂർ 9, മഞ്ചേശ്വരം8, കാസർകോട് നഗരസഭ 3, കുമ്പള, മുളിയാർ രണ്ട് വീതം, മൊഗ്രാൽ പുത്തൂർ, മീഞ്ച,ചെറുവത്തൂർ എന്നിവിടങ്ങളിൽ ഒരോന്ന് വീതവുമാണ് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്ന് വന്ന 6 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 13 പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിൽ മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 590 ആയി. ഇതിൽ 157 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews patient under covid observation tried to commit suicide in thiruvananthapuram medical college

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്.മരത്തില്‍ നിന്ന് വീണ് പരിക്കേറ്റതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് സംശയത്തെത്തുടര്‍ന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്ന് രാവിലെ ആരോഗ്യപ്രവര്‍ത്തകരെത്തിയപ്പോഴാണ് ആത്മഹത്യാശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണ്.നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്ത സംഭവമുണ്ടായി.മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ആത്മഹത്യാ ശ്രമം. കൊവിഡ് സംശയിച്ച്‌ പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശി മുരുകേശനും കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന ആനാട് കുളക്കി സ്വദേശി ഉണ്ണിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും പിന്നീട് മരിച്ചിരുന്നു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐ.എ;കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റും

keralanews n i a question the accused in the thiruvananthapuram gold smuggling case enforcement will also take case

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐ.എ. കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തവര്‍ക്കെതിരെ എന്‍ഫോഴ്‌സ്മെന്റും കേസെടുത്തിട്ടുണ്ട്. സരിത്, സ്വപ്ന, റമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച്‌ ഇവര്‍ സ്വത്ത് സമ്പാദനം നടത്തിയോ എന്നായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക.കളളക്കടത്തിന്റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പങ്കുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കും. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അടുത്തദിവസം തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടിയും തുടങ്ങി.അതേസമയം, കഴിഞ്ഞ ദിവസം റിമാന്‍ഡിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്തിന്റെ ജാമ്യാപേക്ഷയും കോടതിയിലുണ്ട്. എട്ട് കോടി രൂപ സ്വര്‍ണക്കടത്ത് ഇടപാടിനായി പ്രതികള്‍ സമാഹരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വര്‍ണം ദുബായില്‍ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികള്‍ക്ക് സ്വര്‍ണം വില്‍ക്കാന്‍ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നത്.