തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി.വെള്ളിയാഴ്ച വരെ ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു.പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിൽ രണ്ടാംപ്രതിയാണ് സ്വപ്‌ന സുരേഷ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. കേസിലെ ഒന്നാംപ്രതി സരിത്തും എൻഐഎ കസ്റ്റഡിയിലാണുള്ളത്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.സ്വർണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്.കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്. ആദ്യ ദിനത്തിൽ തന്നെ കോൺസുലേറ്റിലേ മുൻ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലായി.സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതോടെ എന്‍ഐഎക്ക് നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡിനെ ചെറുക്കാന്‍ സഹായകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.;മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി:റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡിനെ ചെറുക്കാന്‍ സഹായകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് ഗാര്‍ഗ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുഖവും വായയും മൂടാനും എന്‍ 95 മാസ്‌കുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ രാജീവ് ഗാര്‍ഗ് അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.സോപ്പോ സാനിറ്റൈസറോ ഇട്ട് 20 സെക്കന്റ് കഴുകിയ ശേഷം വേണം മാസ്‌ക് ഉപയോഗിക്കാനെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു. വായയും മൂക്കും താടിയും കവര്‍ ചെയ്യുന്ന വിധത്തില്‍ വേണം ധരിക്കാന്‍ എട്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ഉപയോഗിക്കരുത്. നനഞ്ഞ മാസ്‌ക് ഉപയോഗിക്കരുത്. ഫേസ് മാസ്‌ക് ഒരാള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകം; മെഡിക്കല്‍ കോളേജിലെ പതിനാല് രോഗികള്‍ക്കും പത്ത് കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്
തിരുവനന്തപുരം:സമ്പർക്കം വഴിയുള്ള രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്ക് ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്ക് ഇടയിലും രോഗവ്യാപനമുണ്ടായത്.ആശുപത്രിയിലെ 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും ആണ് കൊവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതി രൂക്ഷമായിരുന്നു. ഡോക്ടര്‍മാരടക്കം 20 പേര്‍ക്കാണ് രോഗം ബാധിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കൊവിഡ് പടരുന്ന പശ്‌ചാതലത്തില്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി;മരിച്ചത് ഫോര്‍ട്ട് കൊച്ചി, തൊടുപുഴ സ്വദേശികള്‍
കൊച്ചി:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്.ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു ഹാരിസ്.ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 821 പേർക്ക്;629 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 821 പേർക്ക്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് ഇന്നലെ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 25 പേരുടെയും (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1), തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 21 പേരുടെ വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നും 11 പേരുടെയും, കോട്ടയം, കോഴിക്കോട് (തിരുവനന്തപുരം1) ജില്ലകളില്‍ നിന്നുള്ള 9 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.കോവിഡ് സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം 42 ആയി.
കണ്ണൂർ അഴീക്കലിൽ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കണ്ണൂര്‍: അഴീക്കല്‍ ഹാശ്മി പാല്‍സൊസൈറ്റിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അഴീക്കല്‍ വെള്ളക്കല്ലിലെ ചിറമ്മല്‍ ഹൗസില്‍ സജിത്തിന്റെയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി: അനാമിക. വെള്ളക്കല്ലിലെ സദാനന്ദന്റെയും അനിലയുടെ മകനാണ് നിഖില്‍ സഹോദരി: അഹന്യ. മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കണ്ണൂര്‍ പിലാത്തറ ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം
കണ്ണൂർ:പിലാത്തറ ദേശീയപാതയില്‍ വാഹനാപകടം.കെ എസ് ടി പി റോഡില്‍ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ ക്ലീനര്‍ മരിച്ചു.നാഷണല്‍ പെര്‍മിറ്റ് ലോറി ക്ലീനര്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സിക്കന്തര്‍ ആണ് മരിച്ചത്.നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ സാരമായി പരുക്കേറ്റ സിക്കന്തറിനെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂരിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെമ്ബുക്കരയില്‍ സന്ദീപ് ,അമ്മ ശ്യാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സന്ദീപിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിദേശത്ത് ജോലി ആയിരുന്ന സന്ദീപ് ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.ഇതിനിടെ കാണാതായ സന്ദീപിന്റെ അമ്മ ശ്യാമളയെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വപ്നയും സംഘവും കേരളത്തിലേക്ക് കടത്തിയത് 230 കിലോ സ്വര്‍ണം;ഡമ്മി ബാഗേജ് അയച്ച് ആദ്യം പരീക്ഷണം നടത്തി
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കടത്തിനുമുന്‍പ് ഡമ്മി ബാഗ് എത്തിച്ച് പരീക്ഷണം നടത്തിയെന്നും വിജയകരമായതോടെ നിരവധി തവണകളായി 230 കിലോഗ്രാം സ്വര്‍ണം കേരളത്തിലെത്തിച്ചെന്നുമാണ് വിവരം.ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.സ്വപ്‌ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായും കസ്റ്റംസ് കണ്ടെത്തി.2019 ജൂലായ് ഒമ്ബത് മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനിതിരായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന സുരേഷിനെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാംപ്രതി ബിനോയ് ജേക്കബ് സ്വപ്നയെപോലെ വാജ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനം;കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരും. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഇന്നലെ ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ജില്ലയില്‍ എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വേളം പഞ്ചയത്തിലെ വാര്‍ഡ് 8, വളയം പഞ്ചായത്തിലെ വാര്‍ഡ് 11, വില്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് പഞ്ചായത്തിലെ വാര്‍ഡ് 7, ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് 4, കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് 35, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 7, 14, 32 വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടും.