കോഴിക്കോട്:കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ചിലരൊക്കെ പിപിഇ ധരിച്ചായിരുന്നു എത്തിയത്.എന്നാല്‍ എല്ലാവര്‍ക്കും അതൊന്നും സാധിക്കില്ല.അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധുപ്പെടണമെന്നും മന്ത്രി പറഞ്ഞു.കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. ദുരന്തത്തിന്‍റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്.പെട്ടന്നുണ്ടായ ദുരന്തത്തിന്‍റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേക്ക് ഇറങ്ങിയത്.പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സുരക്ഷയ്ക്കും നാടിന്‍റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കരിപ്പൂർ വിമാനാപകടം;കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂരിലിറക്കും
കോഴിക്കോട്:കരിപ്പൂർ വിമാന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂരിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. ഇതിനിടെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട സ്പൈസ് ജെറ്റിന്റെ വിമാനം ഇന്നലെ രാത്രി 9.20 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി.
രാജമല ദുരന്തം;കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു
ഇടുക്കി:ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പെട്ടിമുടിയില്‍ നടക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിവെച്ചു. പ്രദേശത്ത് കനത്ത മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ട് കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിവെച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 11 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്.അതേസമയം വലിയ കല്ലുകള്‍ നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ രാജമലയിലെ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയില്‍ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തില്‍പ്പെട്ട നിരവധിപ്പേര്‍ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു.
കരിപ്പൂർ വിമാന ദുരന്തം;ദീപക് സാത്തെ 30 വർഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ്; അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുൻപ് എഞ്ചിന്‍ ഓഫാക്കിയതിലൂടെ ഒഴിവായത് വൻദുരന്തം
കോഴിക്കോട്:കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്‌റ്റന്‍ ദീപക് സാത്തേ 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്.വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. രാഷ്ട്രപതിയുടെ പക്കല്‍ നിന്ന് വിശിഷ്‌ട സേവനത്തിനുള്ള മെഡല്‍ അടക്കം വാങ്ങിയ പ്രതിഭയാണ് അദ്ദേഹം. എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുൻപ് വ്യോമസേനയിലെ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു ദീപക്.പൈലറ്റ് ദീപക് സാത്തെയുടെ പരിചയ സമ്പത്തും മന:സാന്നിദ്ധ്യവുമാണ് വിമാനാപകടം വന്‍ ദുരന്തത്തിലേക്ക് പോകാതിരിക്കാന്‍ സഹായകമായതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.അതിനു പക്ഷെ സാത്തേക്കും സഹ പൈലറ്റ് അഖിലേഷ് കുമാറിനും സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നു. കനത്ത മഴ മൂലം പൈലറ്റിന് റണ്‍വേ കാണാനാവുമായിരുന്നില്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മലകള്‍ക്കിടയില്‍ ചെത്തിയൊരുക്കുന്ന ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമേ ഇവിടെ വിമാനം ഇറക്കാന്‍ കഴിയൂ.പരിചയ സമ്പന്നരായ പൈലറ്റുമാരെ മാത്രം പലപ്പോഴും ഇത്തരം സ്ഥലങ്ങളില്‍ വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍ നിയോഗിക്കാറുള്ളൂ. ഇപ്പോള്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ക്യാപ്റ്റനും അത്തരത്തില്‍ പരിചയ സമ്പന്നനായതു കൊണ്ടു മാത്രമാണ് വിമാനം വലിയ ഉയരത്തില്‍ നിന്ന് വീഴാതിരുന്നതും മംഗലാപുരത്ത് സംഭവിച്ചതു പോലെ തീ പിടിക്കാതിരുന്നതും. കനത്ത മഴ കാഴ്ച മറച്ചെങ്കിലും റണ്‍വേയില്‍ തന്നെ വിമാനം ഇറക്കാന്‍ കഴിഞ്ഞത് സാത്തേയുടെ മികവാണ്. മഴ ആയതിനാല്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നി നീങ്ങുന്നത് ഫലപ്രദമായി തടയാന്‍ ആയില്ല എന്നതു കൊണ്ടാണ് 35 അടി താഴ്ചയിലേക്ക് വീണത്. എന്നാല്‍ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്ന് വെറും 300 മീറ്റര്‍ അകലെ ജനവാസ കേന്ദ്രങ്ങളാണ്. ഇവിടെയായിരുന്നു അപകടം സംഭവിച്ചിരുന്നതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുൻപ് സാത്തേ എഞ്ചിന്‍ ഓഫാക്കിയതും അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകമായി. വിമാനത്തിന് തീ പിടിക്കാതെ ഒഴിവാക്കാന്‍ കഴിഞ്ഞതു തന്നെ വലിയ കാര്യമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അല്ലായിരുന്നെങ്കില്‍ വിമാനം പൊട്ടിത്തെറിക്കുകയും അപകടം വന്‍ ദുരന്തത്തിലേക്ക് വഴി മാറുകയും ചെയ്യുമായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി വന്‍ അപകടം;19 മരണം;നിരവധിപേർക്ക് പരിക്കേറ്റു
കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്.മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു.ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യാത്രക്കരെയെല്ലാം പുറത്തെടുത്തത്.പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.
മരിച്ചവരുടെ പേരുവിവരങ്ങള്‍:
1. ജാനകി, 54, ബാലുശ്ശേരി, 2. അഫ്‌സല്‍ മുഹമ്മദ്, 10 വയസ്, 3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി, 4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, 5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, 6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി, 7. മുഹമ്മദ് റിയാസ്, (23), പാലക്കാട്, 8. രാജീവന്‍, കോഴിക്കോട്, 9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി, 10. ശാന്ത, (59), തിരൂര്‍ നിറമരുതൂര്‍ സ്വദേശി, 11. കെ വി ലൈലാബി, എടപ്പാള്‍, 12. മനാല്‍ അഹമ്മദ് (മലപ്പുറം), 13. ഷെസ ഫാത്തിമ (2 വയസ്), 14. ദീപക്, 15. പൈലറ്റ് ഡി വി സാഥേ, 16. കോ പൈലറ്റ് അഖിലേഷ് കുമാര്‍. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.
സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.1061 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേര്‍ രോഗമുക്തി നേടി. അഞ്ച് ജില്ലകളില്‍ 100ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം-219, കോഴിക്കോട്-174, കാസര്‍ഗോഡ്-153, പാലക്കാട്-136, മലപ്പുറം-129, ആലപ്പുഴ-99, തൃശൂര്‍-74, എറണാകുളം-73, ഇടുക്കി-58, വയനാട്-46, കോട്ടയം-40, പത്തനംതിട്ട-33, കണ്ണൂര്‍-33, കൊല്ലം-31 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.തിരുവനന്തപുരം-210, കാസര്‍ഗോഡ്-139, കോഴിക്കോട്-128, മലപ്പുറം-109, ആലപ്പുഴ-94, തൃശൂര്‍-62, പാലക്കാട്-61, എറണാകുളം-54, വയനാട്-44, കോട്ടയം-36, കൊല്ലം-23, ഇടുക്കി-23, കണ്ണൂര്‍-23, പത്തനംതി-11 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകൾ.ഇന്ന് മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഞായറാഴ്ച മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ബുധനാഴ്ച മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
രാജമല ദുരന്തം;മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി:മൂന്നാർ രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചു.വേദനയുടെ ഈ മണിക്കൂറുകളില്‍ തന്റെ ചിന്തകള്‍ ദുഖത്തിലായ കുടുംബങ്ങള്‍ക്കൊപ്പമാണ്. ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് എന്‍.ഡി.ആര്‍.എഫും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പെട്ടിമുടി സെറ്റില്‍മെന്റിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി. 51 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്.മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി.അപകടസമയത്ത് എണ്‍പതോളം പേര്‍ ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം.
മൂന്നാര്‍ മണ്ണിടിച്ചില്‍;15 മൃതദേഹങ്ങള്‍ കണ്ടെത്തി
മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.12 പേരെയാണ് ഇതുവരെ രക്ഷിച്ചത്.78 പേരാണ് ദുരന്തത്തില്‍പ്പെട്ടതെന്നാണ് ലഭ്യമായ വിവരം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മൂന്നാര്‍ മണ്ണിടിച്ചില്‍ ദുരന്തനിവാരണ മേല്‍നോട്ട ചുമതല ഐ.ജി ഗോപേഷ് അഗര്‍വാളിന് നല്‍കി.ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. രക്ഷപ്പെട്ട 12 പേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.നാല് ലയങ്ങളിലായി 30 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി;മരിച്ചത് കാസര്‍കോട്,വയനാട് സ്വദേശികള്‍
വയനാട്: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72), കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) എന്നിവരാണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി. കഴിഞ്ഞമാസം 22നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.ഭാര്യയും മക്കളുമുള്‍പ്പെടെ ഇദ്ദേഹത്തിന്റെ വീട്ടിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.
കനത്ത മഴയിൽ ഇരിട്ടിയില്‍ കുന്നിടിഞ്ഞ് താഴ്ന്നു;ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂര്‍: ഇരിട്ടി-വീരാജ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ഇരിട്ടി ഗസ്റ്റ് ഹൗസിന് സമീപം കൂറ്റന്‍ കുന്നിടിഞ്ഞു വീണു. തലശേരി-വളവുപാറ റോഡ് വികസനത്തിന്‍റെ ഭാഗമായി ഇരിട്ടി കുന്നിടിച്ച് വീതി കൂട്ടിയ ഭാഗമാണ് ഇടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.വലിയപാറകള്‍ ഉള്‍പ്പെടെ റോഡില്‍ പതിച്ചെങ്കിലും വാഹന-കാല്‍നട യാത്രക്കാരില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.കുന്നിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ ഭീതിയിലാണ്. കുടകില്‍ ഉരുള്‍പൊട്ടലിലും ഇവിടുത്തെ കനത്ത മഴയും കൂടിയായതോടെ മേഖല ഉരുള്‍പൊട്ടല്‍,വെള്ളം കയറല്‍ ഭീതിയിലാണ്. വള്ളിത്തോട്, മാടത്തില്‍, കച്ചേരിക്കടവ്, നുച്യാട്, മണികടവ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അധികൃതര്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.