തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനം ഹൈക്കോടതിയില്‍

keralanews state in the high court asking to stay the proceedings of handed over thiruvananthapuram airport to adani group

തിരുവനന്തപുരം:തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍.കേന്ദ്രത്തിന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.ഐ.ഡി.സിയും സ്വകാര്യവ്യക്തികളും നേരത്തെ ഹരജി നല്കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അഡ്വ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വായില്‍ കുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ച് പരിശോധന;കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍

keralanews gargled water for covid test i c m r with neww method for covid testing

ന്യൂഡൽഹി:കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആർ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയാകും.ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകൾ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്.മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാമ്പിളും പോസ്റ്റീവായിരുന്നു.സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഈ തരത്തിലുള്ള ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒപ്പം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നും വേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ശമ്പള വ​ര്‍​ധ​ന​വ് ആവശ്യപ്പെട്ട് സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ജൂനി​യ​ര്‍ ന​ഴ്സു​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു

keralanews junior nurses in the medical colleges started indefinite strike demanding salary hike

തിരുവനന്തപുരം:നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് ജൂനിയര്‍ നഴ്സുമാരുടെ ആവശ്യം. ഏഴ് മെഡിക്കല്‍ കോളജുകളില്‍ കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ അടക്കം 375 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്.അതേസമയം, വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് സമരമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.നഴ്‌സിംഗ് കോഴ്‌സിലെ ബോണ്ടിന്‍റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തെലങ്കാനയിലെ വൈദ്യുത നിലയത്തില്‍ തീപിടിത്തം;ഒൻപതുപേർ കുടുങ്ങിക്കിടക്കുന്നു

keralanews fire broke out in powerplant in thelangana nine trapped

ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റിനുള്ളിലെ പവര്‍ഹൗസിലാണു തീപ്പിടിത്തമുണ്ടായത്.ഒൻപതുപേര്‍ അകത്ത് കുടുങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശ്- തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്‌ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപ്പിടിത്തമുണ്ടായത്.പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി.കനത്ത പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും സ്‌റ്റേഷനുള്ളിലേക്ക് കടക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല.അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്.കര്‍ണൂലില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.യൂണിറ്റ് നാലിലുണ്ടായ പൊട്ടിത്തെറിയാണ് അപകടമുണ്ടാക്കിയത്.പാനല്‍ ബോര്‍ഡുകള്‍ക്കും തീപിടിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍

keralanews vigilance detected spam in onam kit supplied by govt in the state

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍.ഓപ്പറേഷന്‍  ക്ലീന്‍ കിറ്റ് എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാല്‍ ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകു. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.എന്നാല്‍ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല എന്നാണു കണ്ടെത്തല്‍. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച്‌ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു വിജിലന്‍സിന്‍റെ അന്വേഷണം.

സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവം;അന്വേഷണത്തിന് ഉത്തരവിട്ടു

keralanews the incident of selling the rice given for lunch to student to supermarket ordered for inquiry

വയനാട്:മാനന്തവാടിയിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വയനാട് മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് നല്‍കിയ 386 കിലോഗ്രാം അരിയാണ് നാലാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിറ്റത്.സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അരി കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഭക്ഷ്യ കമ്മിഷന്‍ അംഗം വിജയലക്ഷ്മി നിര്‍ദ്ദേശം നല്‍കി. ഉച്ചഭക്ഷണത്തിനു നല്‍കിയ അരി കാണാതായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്പെന്‍ഡ് ചെയ്യാന്‍ വയനാട് ഡി.ഡി.ഇ ആവശ്യപ്പെട്ടു.എ . ഇ. ഒ. യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകന്‍ സാബു പി. ജോണ്‍, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നല്‍കാവുന്നതാണെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച്‌ എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.

മത്തായിയുടെ മരണം;അന്വേഷണം സിബിഐക്ക്;മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചു

keralanews cbi will investigate the custody death of mathayi cm signed in the file

പത്തനംതിട്ട:പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ശുപാര്‍ശ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു.ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.അതിനിടെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, നിയമോപദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിന്‌ കുരുക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

keralanews thiruvananthapuram gols smuggling case chartered accountant give statement against m sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.സ്വപ്‌ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യര്‍ എൻഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കി.സ്വപ്‌നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്.സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ശിവശങ്കര്‍ നല്‍കിയ മൊഴിക്ക് വിപരീതമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കുന്ന വിവരങ്ങള്‍.സ്വപ്നയെ പരിയപ്പെടുത്തിയ ശേഷം മടങ്ങിയെന്നും ഒന്നിച്ച്‌ ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കര്‍ നല്‍കിയ മൊഴി.എന്നാല്‍ സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് വേണുഗോപാല അയ്യര്‍ വ്യക്തമാക്കി. സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നു. ബാങ്ക് ലോക്കര്‍ സംയുക്തമായി തുടങ്ങാന്‍ ആവശ്യപ്പെട്ടത് ശിവശങ്കറാണെന്നും അദ്ദേഹം പറഞ്ഞു.ജോയിന്റ് അക്കൗണ്ടില്‍ 30 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ സ്വപ്‌ന സുരേഷ് നിക്ഷേപിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി സ്വപ്‌ന തന്നെ തുക പിന്‍വലിച്ചു. പിന്നാലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് അന്വേഷണ സംഘം 64 ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.അതേസമയം സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസില്‍ സ്വപ്ന സുരേഷേ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും.

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗ ബാധ

keralanews 1968 covid cases confirmed in the state today 1737 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 394 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 328 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 182 പേര്‍ക്കും, എറണാകുളം ജില്ലയിലെ 138 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 108 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 95 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 79 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 67 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 66 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 29 പേര്‍ക്കും, വയനാട് ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്‌.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂര്‍ ജില്ലയിലെ കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8), തൃശൂര്‍ മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിനിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (3), പയ്യോളി മുന്‍സിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂര്‍ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2), മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (9), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 585 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

keralanews education department decision no need to cut school syllabus in schools in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം. നിലവിലെ ഡിജിറ്റല്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമായി നടത്താനും യോഗത്തില്‍ തീരുമാനമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് 19 കാലത്തെ ഡിജിറ്റല്‍ പഠനത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉടപ്പെടുത്തുന്ന വിധം പഠന പ്രവർത്തന പരിപാടി ആവിഷ്ക്കരിക്കും.നേർക്കാഴ്ച എന്ന പേരിൽ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടൻ തുടക്കം കുറിക്കും.യോഗ, ഡ്രിൽ ക്ലാസ്സുകളുടെ ഡിജിറ്റൽ സംപ്രേക്ഷണവും, കലാകായിക പഠനക്ലാസ്സുകളും ഉടൻ ആരം ഭി ക്കാനും തീരുമാനമായി.ഡിജിറ്റൽ ക്ലാസ്സുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസ്സുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തിൽ ഒരു ഉപസമിതി രൂപീകരിക്കും.ഡി.എൽ.എഡ്. വിദ്യാർഥികളുടെ സെമസ്റ്ററാന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ നിരന്തര മൂല്യനിർണ്ണയ സ്ക്കോറുകൾ അന്തിമമാക്കാൻ ആവശ്യമായ നടപടികളുണ്ടാകും.ഹയർ സെക്കന്ററി 30 ഓളം മൈനർ വിഷയങ്ങളുടെ ക്ലാസ്സുകൾ ഇനിയും ആരംഭിക്കാത്തത് ഉടൻ സംപ്രേക്ഷണ നടപടികൾ സ്വീകരിക്കും. സ്കൂൾ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താൻ പ്രത്യേക പരിപാടി നടപ്പാക്കാനും യോഗം തീരുമാനിച്ചു.സർവ്വശിക്ഷാ കേരള ഒന്നു മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠനസഹായിയായ വർക്ക് ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺ ലൈനായി ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, DGE കെ. ജീവൻ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടർ ജെ. പ്രസാദ്, SSK ഡയറക്ടർ കുട്ടികൃഷ്ണൻ, അൻവർ സാദത്ത്, കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.