രാജ്യത്ത് മൊബൈല്‍ കോള്‍,ഡേറ്റ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത

keralanews plan to increase mobile call and data charges in the country

മുംബൈ:രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം കൂടിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക പത്ത് വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞ സുപ്രീ കോടതി ഉത്തരവിട്ടിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച്‌ 31 ന് മുന്‍പ് നല്‍കണം. ഭാരതി എയര്‍ടെല്‍ 2600 കോടിയും വോഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്‌ക്കേണ്ടതുണ്ട്. മാര്‍ച്ചിന് മുന്‍പായി . ഈ ചെലവ് പരിഹരിക്കുന്നതിന് കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.എജിആര്‍ കുടിശിക ഇനത്തില്‍ എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികള്‍ കുടിശിക ഇനത്തില്‍ അടക്കേണ്ടത്.

ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

keralanews woman died who tried to commit suicide after giving poison to her children

കണ്ണൂര്‍:പയ്യാവൂരില്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു  മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. സ്വപ്‌ന അനീഷാണ് മരിച്ചത്. വിഷം കഴിച്ച ഇവരുടെ ഇളയ മകന്‍ നേരത്തെ മരിച്ചിരുന്നു.11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലില്‍ ആണുള്ളത്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്.പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്;2111 പേര്‍ക്ക് രോഗമുക്തി

keralanews 1140 covid cases confirmed in kerala today and 2111 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 186 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 144 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 143 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 121 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 59 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 31 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 21 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11പേര്‍ക്കും, വയനാട് ജില്ലയില്‍ 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 394 പേരുടെയും, കൊല്ലം ജില്ലയില്‍ 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ 78 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 302 പേരുടെയും, കോട്ടയം ജില്ലയില്‍ 115 പേരുടെയും, ഇടുക്കി ജില്ലയില്‍ 14 പേരുടെയും, എറണാകുളം ജില്ലയില്‍ 134 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 120 പേരുടെയും, പാലക്കാട് ജില്ലയില്‍ 153 പേരുടെയും, മലപ്പുറം ജില്ലയില്‍ 286 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 240 പേരുടെയും, വയനാട് ജില്ലയില്‍ 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 97 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 87 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണം

keralanews eight covid deaths in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലം,കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത്‍ ഇന്ന് കൊറോണ ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂര്‍ ആശാ മുജീബ് (45), കൊല്ലം ദേവിനഗര്‍ സ്വദേശി ആന്റണി (70) എന്നിവരാണു മരിച്ചത്.മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂവര്‍ക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.കാസര്‍കോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു.കോഴിക്കോട് ജില്ലയില്‍ രണ്ട് മരണമുണ്ടായി. മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ്  സ്വദേശി സത്താര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായിരുന്നു സത്താര്‍. മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ആമിന മ‍ഞ്ചേരി മെഡിക്കല്‍ കോളജിലും മരിച്ചു.

അറസ്റ്റ് നിയമവിരുദ്ധം;ഡോ,കഫീൽ ഖാനെ ഉടനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

keralanews arrest illegal alahabad high court order to release doctor kafeel khan

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി. കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടൻ പുറത്തു വിടണമെന്നും ഉത്തർ പ്രദേശ് സർക്കാറിനോട് ഉത്തരവിട്ടു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് വിധി. നിലവിൽ ആറ് മാസമായി മധുര ജയിലിൽ തടവിലാണ് കഫീൽ ഖാൻ. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരലാണ് മുംബൈയിൽ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്.ജനുവരി 29-ന് രാത്രി ഏറെ വൈകി മുംബൈ എയര്‍പോര്‍ട്ടില്‍വച്ചാണു കഫീല്‍ ഖാന്‍ അറസ്റ്റിലായത്. യുപി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ അഭ്യര്‍ഥനപ്രകാരം മുംബൈ പോലീസ് ഡോ. കഫീല്‍ ഖാനെ അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍.എസ്.എ ചുമത്തുകയായും ചെയ്തു.അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി എസ്.എ ബോബ്ഡെ അടങ്ങിയ ബെഞ്ച് നുസ്രത്ത് പർവീന്റെ ആവശ്യം തള്ളിയിരുന്നു.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം:പ്രതികള്‍ കോണ്‍ഗ്രസ് പ്രവർത്തകരെന്ന് എഫ്.ഐ.ആര്‍; എട്ടുപേര്‍ കസ്റ്റഡിയില്‍

keralanews murder of dyi activists in venjaranmood fir said the accused were congress workers eight under custody

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.എന്നാൽ രാഷ്ട്രീയ കൊലപാതകമാണേ അല്ലേയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുഖ്യ പ്രതികളായ സജീവ്, സനൽ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്. ഒന്നാം പ്രതി സജീവ്, രണ്ടാം പ്രതി അൻസിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ അസഭ്യം പറഞ്ഞ ശേഷമാണ് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും പ്രതികൾ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.മുഖ്യ പ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സജീവിനും സനലിനും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. പൊലീസ് പിടികൂടിയ അന്‍സാര്‍ കൊലപാതക സമയത്ത് കൂടെ ഇല്ലായിരുന്നുവെന്ന് സജീവും സനലും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷിയായ ഷഹീന്‍ പറയുന്നത് പ്രകാരം അന്‍സര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ്. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതികളെ സഹായിച്ച ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്. മുഴുവൻ പ്രതികൾക്കുമായി അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം റൂറൽ എസ്.പി. വ്യക്തമാക്കി.

നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവം; ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മ അനിശ്ചിതകാല സമരം ആരംഭിച്ചു

keralanews incident of child died after swallowing coin mother started strike infront of aluva district hospital

ആലുവ:ആലുവയില്‍ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം.കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ലെന്നും ശ്വാസം മുട്ടല്‍ മൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു വിദഗ്ധ പരിശോധന റിപ്പോര്‍ട്ട്. കുഞ്ഞിന്‍റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങളുടെ നിലപാട് തേടും

keralanews centre plans to implement one country one nation plan seek opion from states

ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കിയേക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. തദ്ദേശ, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിലവില്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി

keralanews three covid death reported in kerala today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന്‍ (64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസമടക്കമുള്ള അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.പത്തനംതിട്ടയില്‍ വാഴമുട്ടം സ്വദേശി കരുണാകരന്‍ (67) ആണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുണാകരന്‍ കരള്‍ രോഗ ബാധിതനുമായിരുന്നു.ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരന്‍ (80) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

പാലത്തായി പീഡന കേസ്;ഇരയായ പെൺകുട്ടിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍

keralanews palathayi rape case investigation team submitted report against the girl

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ഇരയ്‌ക്കെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ‌.പീഡനത്തിന് ഇരയായ 11 കാരി നുണ പറയുന്നതായി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മൊഴി സംബന്ധിച്ച്‌ വ്യക്തത വരുത്തണമെങ്കില്‍ വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടെ സഹായം ആവശ്യമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിക്ക് നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സഹായം നല്‍കിയിരുന്നു. കൗണ്‍സിലേര്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട്‌ കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.