കാസർകോഡ്:ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് കൈമാറും.കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്.കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും.ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങില്‍ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. മുഖ്യാതിഥിയായിരിക്കും. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 541 കിടക്കകളുള്ള ആശുപത്രിയാണ് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചത്.150 ദിവസം കൊണ്ടാണ് കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനമുള്ള ആശുപത്രി ഒരുങ്ങിയത്. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എം.സി.ഖമറുദ്ദീന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവര്‍ മുഖ്യസാന്നിധ്യമാകും. ടാറ്റാ പ്രോജക്ട് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് പി.എല്‍.ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.കുഞ്ഞിരാമന് എം.എല്‍.എ. സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ് നന്ദി പറയും.
സ്വര്‍ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പതിനൊന്നുമണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ബിനീഷിന് അന്വേഷണസംഘം നോട്ടീസ് നല്കി. ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് നിര്‍ണായക നീക്കം.സ്വര്‍ണക്കടത്തിന് പുറമെ ഹവാല,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യുക.2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികളെ കുറിച്ചായിരിക്കും അന്വേഷണം സംഘം ചോദ്യം ചെയ്യുക.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ കെടി റമീസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ദുരുഹതയുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. യാതൊരു നടപടികളും സ്വീകരിക്കാതെയാണ് ഇവരുടെ കമ്പനികൾ പ്രവര്‍ത്തിച്ചതെന്നും വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനും ഈ കമ്പനികൾ തയ്യാറായിട്ടില്ല. ഇത് അനധികൃതമായി പണം ഇടപാടിന് വേണ്ടി മാത്രം നടത്തിയ കടലാസു കമ്പനികളാകാമെന്നുമാണ് ഇഡിയുടെ വിലയിരുത്തല്‍. അന്വേഷണസംഘത്തിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബംഗളൂരു ലഹരികടത്തുകേസില്‍ മലയാളിയായ മുഹമ്മദ് അനൂപിനെ നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയിരുന്നു. ഇയാള്‍ നിരവധി തവണ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് തന്റെ പാര്‍ട്ട്ണറാണെന്നും മുഹമ്മദ് അനൂപ് വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ നാര്‍ക്കോട്ടിക്സ് ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
കുത്തിവച്ചയാള്‍ക്ക് വിപരീതഫലം; ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
ന്യൂഡൽഹി:വാക്സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന് പരീക്ഷണം നിര്‍ത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.ഒരാള്‍ക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിന് പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയില്‍ സുരക്ഷാ ഡാറ്റ പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് സമയം നല്‍കാനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല.ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ പ്രതീക്ഷകൾക്കേറ്റ താൽക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന് വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.
കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്ത്തകന് സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്
കണ്ണൂർ:കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്ത്തകന് സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്.തലശ്ശേരി ജനറല്‍ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.ഇതോടെ വെട്ടേറ്റ ശേഷം സലാഹുദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി.അതേസമയം പോസ്റ്റ്മോര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അതേസമയം മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന് സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40ഓടെയാണ്. ഈ ഇടവേളയില്‍ കൊലയാളികള്‍ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.കൂടാതെ കൂത്തുപറമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലക്ക് സലാഹുദ്ദീന് നേരെ ഭീഷണിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്നം ഞങ്ങള്‍ തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍
മുംബൈ: നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സുശാന്തിന് റിയ മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് എന്‍സിബി പറയുന്നത്.റിയയുടെ സഹോദരന് ഷോവികിനെ നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും ഷോവിക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കണ്ടെത്തല്‍. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു. തുടര്‍ന്ന് റിയയെ വീണ്ടും ചോദ്യംചെയ്യുകയായിരുന്നു. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയെന്നാണ് എന്‍സിബി പറയുന്നത്.ജൂണ്‍ 14 ന് ആണ് സുശാന്ത് സിംഗ് രജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ:കണ്ണവത്ത് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.കണ്ണവം സ്വദേശി സ്വലാഹുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്.കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോൾ പിറകില്‍ ബൈക്കില്‍ വന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ സ്വലാഹുദ്ദീനെ രണ്ടംഗ സംഘം വെട്ടുകയായിരുന്നു.തലക്ക് പിറകിലാണ് വെട്ടിയത്.വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എ ബി വി പി പ്രവര്ത്തകന് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സ്വലാഹുദ്ദീന്‍. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.
കാസർകോഡ് മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോഡ്:ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈലര്‍ ജോലി ചെയ്തു വന്നിരുന്നയാളാണ് മിഥിലാജ്.സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ക്വാര്‍ട്ടേഴ്സിന് പുറത്ത് ആരെയും കാണാത്തതിനാൽ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. വിദ്യാനഗര്‍ സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഹാരിസിനെ റിമാന്‍ഡ് ചെയ്തു
കൊല്ലം :നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയും പ്രതിശ്രുത വരനുമായ ഹാരിസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഹാരിസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത് . കൊല്ലം ജില്ലാ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് റംസി വീടിനുള്ളിൽ തൂങ്ങിമരിക്കുന്നത്.വളയിടല്‍ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരന് ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നത്. പത്ത് വര്‍ഷത്തോളമായി ഹാരിസും റംസിയും തമ്മില്‍ പ്രണയത്തിലായിരുന്നു.തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗര്‍ഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോണ്‍ രേഖകളില്‍ വ്യക്തമാണ്. വരന് ഹാരിസിന്റെ അടുത്ത ബന്ധുവായ സീരിയല്‍ നടിയുടെ ഷൂട്ടിങ്ങിന് കൂട്ട് പോകണം എന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊട്ടിയത്തെ വീട്ടില്‍ നിന്ന് യുവതിയെ കൂട്ടി കൊണ്ട് പോയത്. നേരത്തെ ഇതേ കാരണം പറഞ്ഞ് കൂട്ടി കൊണ്ട് പോയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. പീഡനത്തിലും ഗര്‍ഭച്ഛിദ്രത്തിലും സീരിയല്‍ നടിക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശത്തിലും വ്യക്തമാണ്.റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു
കണ്ണൂർ: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ 1090 പേരാണ് വൈറസ് ബാധിതരായത്.തുടര്‍ച്ചയായ മൂന്ന് ദിവസമായി ഇരുന്നൂറിന് മുകളിലാണ് രോഗികള്‍. കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ ജില്ലയില്‍ റിേപ്പാര്‍ട്ട് ചെയ്തത് കണ്ണൂർ ജില്ലയിലാണ്.ഇത് ഗൗരവത്തോടെയാണ് ജില്ല ഭരണകൂടം കാണുന്നത്.സമ്പർക്കം വഴിയുള്ള കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.ഒരാഴ്ചക്കിടെ 895 പേര്‍ക്കാണ് സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. ശരാശരി 82 ശതമാനത്തിന് മുകളിലാണ് സമ്പര്‍ക്കക്കേസുകള്‍. നാലുദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായതും ജില്ലയിലാണെന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 98 ആയി.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് സമ്പർക്കബാധ വര്‍ധിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെയും തലശ്ശേരിയിലെയും തീരദേശ മേഖലകളിലടക്കം സമ്പർക്ക കേസുകള്‍ വര്‍ധിക്കുകയാണ്. പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം.അതേസമയം, ഒരാഴ്ചക്കിടെ 685 പേർ ജില്ലയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ രോഗവ്യാപനം വർധിക്കുന്നു;പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് കല്കട്ടറുടെയും പോലീസ് മേധാവിയുടെയും സംയുക്ത പ്രസ്താവന
കണ്ണൂർ :ജില്ലയില്‍ കോവിഡ് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും അഭ്യര്‍ഥന. ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന.അണ്‍ലോക് പ്രക്രിയ ആരംഭിച്ചതിനാല്‍ രാജ്യമാകെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ചെയ്തത്.എന്നാല്‍ സമ്പർക്ക രോഗ വ്യാപനം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ജില്ലയില്‍ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗ വ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.രോഗം വരാതിരിക്കാനുള്ള കരുതല്‍ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതില്‍ പ്രധാനം. അവശ്യം ആവശ്യമുള്ള കാര്യങ്ങള്‍ക്കു മാത്രമേ വീടുകളില്‍നിന്ന് പുറത്ത് പോകാവൂ. അങ്ങനെ പോകുമ്പോൾ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പലയിടത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. കര്‍ശന നടപടിതന്നെ ഉണ്ടാകും.കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകള്‍ മറ്റു പരിപാടികള്‍ എന്നിവയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ അര്‍ഥത്തില്‍ പാലിക്കാനും എല്ലാ വിഭാഗം ആളുകളും തയാറാവണം. രാഷ്ട്രീയ-സാമൂഹിക സംഘടന നേതാക്കള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നോട്ടു വരണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.