കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് സിബിഐ. ഫോറിന് കോണ്ട്രിബൂഷന് റെഗുലേഷന് ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ലൈഫ് മിഷന് പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന് കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ലൈഫ് മിഷന് പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡിയോട് ഒരു കോടി രൂപ കമ്മീഷന് ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്.20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം എൻഐഎ വിട്ടയച്ചു
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചു. സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം. ഈ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റുകളാണ്.രണ്ടാംഘട്ട ചോദ്യം ചെയ്യലും 8 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടകളും ഇതില്‍ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.സ്വപ്ന, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും ഡിലീറ്റ് ചെയ്ത 3000 ജിബി വരുന്ന സന്ദേശങ്ങള്‍ സി-ഡാക്കിന്റെ സഹായത്തോടെ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരുമായി കേസിലെ പ്രതികള്‍ ബന്ധപ്പെട്ടതിന്റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയും ടെലഗ്രാം ചാറ്റ് ഉള്‍പ്പടെയുള്ള സന്ദേശങ്ങളും ഇങ്ങനെ വീണ്ടെടുത്തവയില്‍ പെടുന്നു. സ്വപ്നയുമൊരുമിച്ച് നടത്തിയ വിദേശയാത്രകള്‍, സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് തുടങ്ങിയവയില്‍ ശിവശങ്കറിനെതിരെ എന്‍ഐഎയുടെ പക്കല്‍ തെളിവുകളുണ്ട്. ലോക്കറില്‍ നിന്നും സ്വര്‍ണ്ണവും പണവും എടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മൊഴിയും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍വഴി എത്തിയ 30 കിലോ ഗ്രാം സ്വര്‍ണ്ണം – വിട്ടു നല്‍കുന്നതിന് എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന്റെ സുപ്രധാന തെളിവും എന്‍ഐഎയ്ക്ക് ലഭിച്ചിചിട്ടുണ്ട്. എന്നാല്‍ സ്വപ്നയുടെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നോ എന്നതില്‍ എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുതുന്നതിന് കൂടിയാണ് എന്‍ഐഎ മൂന്നാം തവണയും എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്.
ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
പ്രശസ്ത ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന് രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതര്‍ നിയന്ത്രിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലായിരുന്നു. കമല്ഹാസന് ഉള്‍പ്പടെയുളളവര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തി; ദിലീപിന്റെ പരാതിയിൽ പാര്‍വതി, ആഷിഖ് അബു അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ നോട്ടീസ്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ദിലീപിന്റെ പരാതിയിൽ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതി നോട്ടീസ് അയച്ചു.ചലച്ചിത്ര താരങ്ങളായ പാര്‍വതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി എടുത്തിരിയ്ക്കുന്നത്.എന്നാല്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.കൂടാതെ നിരന്തരമായി സാക്ഷികള്‍ക്കെതിരെ പരസ്യ പ്രസ്താവനയും , സോഷ്യല്‍ മീഡിയകളില്‍ നാണം കെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും പങ്കുവച്ച് ആഷിക് അബുവും ഭാര്യ റിമയും രംഗത്ത് എത്തിയത് വിവാദമായി മാറിയിരുന്നു.വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവർത്തകർ കൂടെ നിൽക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്നാണ് നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പ്രതികരിച്ചു. കൂറുമാറിയ നടിമാർ ഒരർത്ഥത്തിൽ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരും കേസിൽ നേരത്തെ കുറുമാറിയിരുന്നു.
കാർഷിക ബിൽ;കർഷക സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്;പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി.പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ 26 വരെ 14 ജോഡി ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരുടെ സുരക്ഷയും റെയില്‍വേ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ജനശതാബ്ദി എക്സ്പ്രസ്, ന്യൂഡല്‍ഹി- ജമ്മുതാവി തുടങ്ങിയ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷകര്‍ അണിനിരക്കുന്നതിനാല്‍ റെയില്‍, റോഡ് ഗതാഗതം താറുമാറാവുമെന്നാണ് വിലയിരുത്തല്‍.ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത ഭാരത് ബന്ദിന് 31 ഓളം കര്‍ഷക സംഘടനകളും തൊഴിലാളി യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. അതേസമയം, ബില്ലിനെതിരേ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3168 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂര്‍ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂര്‍ 352, പാലക്കാട് 340, കോട്ടയം 338, കാസര്‍ഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 296, കൊല്ലം 195, പത്തനംതിട്ട 99, ആലപ്പുഴ 183, കോട്ടയം 130, ഇടുക്കി 61, എറണാകുളം 248, തൃശൂര്‍ 327, പാലക്കാട് 114, മലപ്പുറം 513, കോഴിക്കോട് 308, വയനാട് 105, കണ്ണൂര്‍ 431, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 654 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനിയറിംഗ് ഒന്നാം റാങ്ക് വരുണ്‍ കെ.എസിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.എന്‍ജിനിയറിംഗില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. എന്‍ജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്. ഇതില്‍ 66 പേര് ആദ്യ ചാന്‍സില്‍ പാസായവര്‍ ആണ്. 34 പേര് രണ്ടാമത്തെ ശ്രമത്തില്‍ പാസായവരും. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.
ജൂലൈ 16നായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കീം പരീക്ഷ നടത്തിയത്. രാവിലേയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷ 1.25 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കു പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.
വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതി;കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം:വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതിയിൽ കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു.പോത്തന്‍കോട് പഞ്ചായത്തിന്റെ പരാതിയിലാണ് കേസ്. അഭിജിത്ത് നിയമലംഘനം നടത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്റെ പരാതി.എന്നാല്‍ ചില കേന്ദ്രങ്ങൾ വ്യാജപ്രചാരണങ്ങൾ പടച്ചുവിടുകയാണെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യമാണെന്നുമാണ് അഭിജിത്തിന്റെ പ്രതികരണം. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് വ്യക്തമാക്കി.
ജോസഫ് എം.പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് ജോസഫ് എം. പുതുശേരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടു. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ഒരുക്കത്തില്‍ പ്രതിഷേധിച്ചാണിത്. പാര്‍ട്ടി യു.ഡി.എഫ്. വിട്ടപ്പോള്‍ ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.’എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടര്‍ന്നും അതിനോടൊപ്പം ചേര്‍ന്ന് നില്ക്കാന് തന്നെയാണ് താത്പര്യം’- ജോസഫ് എം.പുതുശേരി പറയുന്നു.ജോസ് പക്ഷ നീക്കങ്ങളില്‍, പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമായ പുതുശേരി അതൃപ്തനായിരുന്നു. പാര്‍ട്ടി നേതൃയോഗങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കിയെങ്കിലും കണക്കിലെടുക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും (എം) അകന്നപ്പോള്‍ ചില മധ്യസ്ഥ നീക്കങ്ങള്‍ക്കു ശ്രമിച്ചെങ്കിലും പാര്‍ട്ടി മുഖം തിരിച്ചുവെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഏത് പാര്‍ട്ടിയിലേയ്ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം പുതിശേരി പറഞ്ഞു. കൂടുതല്‍ പേര് പാര്‍ട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വര്‍ഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയില്‍ നിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി അംഗമാണ്.
കാര്‍ഷിക ബില്‍; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും.എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ തുടരുകയാണ്. പാനിപ്പത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.