കണ്ണൂര്‍: ജില്ലയിൽ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകന്‍ ചെറുകരകുന്നേല്‍ ജോസന്‍ (13) ആണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു. കലശലായ ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.
യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവം;കോടതി ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍; നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാമെന്ന് പൊലീസ്
തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവില്‍.മൂവ്വരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുവെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.പൊലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പൊലീസിന് അറസ്റ്റ്, റിമാന്‍ഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഭവനഭേദനം, മോഷണം എന്നി വകുപ്പുകള്‍ ചുമത്തിയാണ് തമ്ബാനൂര്‍ പൊലീസ് മൂന്ന് പേര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.മൂന്നു പേര്‍ക്കും എതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല, ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്‌തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിക്കുണ്ടെന്നും അതില്‍ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു. സെപ്‌തംബര്‍ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്.
ഓൺലൈൻ പരീക്ഷ നടത്തരുത്;അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യരുതെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്
തിരുവനന്തപുരം:കോവിഡ് പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യരുതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും, ഓണ്‍ലൈന്‍ പരീക്ഷ പാടില്ലെന്നും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ പ്രസാദ് അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തു.സ്‌കൂള്‍ തുറന്നതിന് ശേഷം അധിക സമയം എടുത്തോ, അവധി ദിവങ്ങളില്‍ ക്ലാസെടുത്തോ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കാമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ അവസാന വര്‍ഷ പരീക്ഷ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏപ്രില്‍ മാസത്തിലോ മെയ് മാസത്തിലോ നടത്താമെന്നും സമിതി നിരീക്ഷിക്കുന്നു.വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ഉപകാരപ്രദമായോ എന്നറിയാന്‍ വര്‍ക്ക് ഷീറ്റുകള്‍ ഉപയോഗിക്കണം എന്നും സമിതി നിര്‍ദേശിച്ചു. ഇതിന് പരീക്ഷയെ ആശ്രയിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം.പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികള്‍ക്ക് നല്‍കുന്ന വര്‍ക്ക് ഷീറ്റുകള്‍ പരീക്ഷാ കേന്ദ്രിതമായിരിക്കണം. സ്‌കൂള്‍ തുറന്നാലും ഫസ്റ്റ് ബെല്ലിലൂടെ പഠിപ്പിച്ച പാഠഭാഗങ്ങള്‍ അധ്യാപകര്‍ റിവിഷന്‍ നടത്തണം.സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ അധ്യാപകര്‍ സ്‌കൂളുകളിലെത്തണമെന്നും സമിതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ തീരുമാന പ്രകാരം പൊതു പരീക്ഷ നടക്കുന്ന പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി സംശയനിവാരണം നടത്താന്‍ അവസരമൊരുക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധ സമിതി ആവശ്യപ്പടുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താനാണ് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റ് വഴി വന്ന ഈന്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ.ഈന്തപ്പഴം വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലേക്കെത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും എം. ശിവശങ്കറെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. തന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചു. ശിവശങ്കറിനെതിരേ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തതവരാനുള്ളതെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന.ഈന്തപ്പഴ വിതരണത്തിന്റെ മറവില്‍ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വര്‍ണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കോണ്‍സുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തില്‍ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്ബാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നാണ് ശിവശങ്കറിന്‍റെ മൊഴി.
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്; 8048 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസ്;ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം:സോഷ്യൽ മീഡിയ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്മിക്ക് പുറമേ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആണ് തള്ളിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് നടപടി. നേരത്തെ മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്‍റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ അപകടത്തില്‍പെട്ടു; വധശ്രമം എന്ന് പരാതി
മലപ്പുറം:ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കോട്ടക്കലിന് സമീപം രണ്ടത്താണിയിലാണ് അപകടം.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പരിക്കുകളൊന്നും ഇല്ല. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ലോറി ഇടിക്കുകയായിരുന്നു.ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറിനിടിച്ചു. രണ്ട് തവണയാണ് ഇടിച്ചത്. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്.എന്നാല്‍ ലോറിയിടിപ്പിച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി അബ്ദുല്ലക്കുട്ടി പരാതിപ്പെട്ടു. വഴിയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ തന്നെ പൊന്നാനിക്കടുത്ത് വെളിയങ്കോട്ട് അപമാനിക്കാന്‍ ശ്രമിച്ചതായും അബ്ദുല്ലക്കുട്ടി പറഞ്ഞു. ആ സംഭവത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്. ഉറങ്ങിപ്പോയെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ അത് വിശ്വസനീയമല്ല. വാഹനം ആ പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുള്‍പ്പെടെ 12 ഓളം പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പി ഉള്‍പ്പെടെ 12 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു.അതേസമയം നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്ബൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ വളരെ കുറച്ച് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 467 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സ്വർണ്ണക്കടത്ത് കേസ്;ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ശിവശങ്കര്‍ ഇപ്പോഴും സംശയനിഴലില്‍ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്.ചോദ്യം ചെയ്യലിനായി കസ്റ്റംസ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെത്തന്നെ ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളില്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പറയുന്നുണ്ട്.35 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇരുവരും വാട്സ് ആപ്പ് ചാറ്റുകളില്‍ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം അടക്കമുള്ള വിശദാംശങ്ങള്‍ കസ്റ്റംസ് ശിവശങ്കറിനോട് തേടും.വ്യക്തമായ ഉത്തരം നല്‍കാന്‍ ശിവശങ്കറിന് കഴിയാതെ വന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും സാദ്ധ്യതയേറെയാണ്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്ക് പുറമെ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്ന് സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും അത് കൈപ്പറ്റിയെന്ന് ഉറപ്പു വരുത്തിയതായി ശിവശങ്കര്‍ ‘ഒ.കെ.’ പറഞ്ഞതായും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വേണുഗോപാലില്‍ നിന്ന് ശിവശങ്കറിന്റെ മൂന്ന് വര്‍ഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകള്‍ കസ്റ്റംസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.വാട്സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്സാപ് ചാറ്റുകള്‍ – കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവവിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലും നിര്‍ണായകമാണ്.
കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു
ന്യൂഡൽഹി:കേന്ദ്ര ഭക്ഷ്യ, പൊതുവിതരണമന്ത്രിയും ലോക്‌ജൻശക്തി പാർടി(എൽജെപി) സ്ഥാപകനേതാവുമായ രാം വിലാസ് പാസ്വാൻ(74 ) അന്തരിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് അന്ത്യം.ഹൃദ്രോഗത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്ന പാസ്വാന്റെ ആരോഗ്യനില വ്യാഴാഴ്ച വൈകീട്ടോടെ വഷളാവുകയായിരുന്നു. മകനും പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ എം.പി.യാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ഹൃദയശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രിയായിരിക്കെയാണ് രാം വിലാസ് പാസ്വാന്റെ അന്ത്യം. 2014 മുതല്‍ പാസ്വാന്‍ മോദി സര്‍ക്കാരില്‍ അംഗമാണ്. എന്‍ഡിഎയില്‍ എത്തുന്ന ആദ്യത്തെ ദളിത് നേതാവ് കൂടിയാണ് രാം വിലാസ് പാസ്വാന്‍. എന്‍ഡിഎയുടെ ദളിത് മുഖമായാണ് പസ്വാന്‍ അറിയപ്പെട്ടത്. 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിട്ടാണ് പാസ്വാന്റെ രാഷ്ട്രീയ പ്രവേശനം. 2019ല്‍ അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. 5 മുന്‍ പ്രധാനമന്ത്രിമാരുടെ സര്‍ക്കാരില്‍ രാംവിലാസ് പാസ്വാന്‍ മന്ത്രിയായിരുന്നിട്ടുണ്ട്.സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ലോക്ജനശക്തി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയാണ് പാസ്വാന്‍. ബീഹാറില്‍ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോളാണ് പസ്വാന്റെ വിയോഗം.