കണ്ണൂരിലെ രാമന്തളിയില്‍ ടി വി പൊട്ടിത്തെറിച്ച്‌ വീടിന് തീ പിടിച്ചു;ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

keralanews house catches fire after tv explodes in kannur ramanthali

കണ്ണൂര്‍: രാമന്തളിയില്‍ ടി വി പൊട്ടിത്തെറിച്ച്‌ വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്‍ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കള്‍ ടി വി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ടിവിയില്‍ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികള്‍ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.ടിവി ഉഗ്ര ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന ഫാന്‍, ഫര്‍ണിച്ചറുകള്‍,പുസ്തകങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണമായും വയറിംഗ് ഭാഗികമായും കത്തി നശിച്ചു. മേല്‍ക്കൂരയ്ക്ക് മുകളില്‍ സൂക്ഷിച്ചിരുന്ന ഓലയ്ക്ക് തീ പടര്‍ന്നത് തീപ്പിടുത്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ പൈപ്പുവെള്ളം ഉപയോഗിച്ച്‌ തീയണച്ചു.അപ്പോഴേക്കും പയ്യന്നൂരില്‍ നിന്നും അഗ്നി-രക്ഷാ സേനയും സ്ഥലത്തെത്തി. സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്‍റെ നേതൃത്വത്തില്‍ അപകടാവസ്ഥ ഒഴിവാക്കി. ഏകദേശം ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന് ഹര്‍ജിയുമായി പ്രോസിക്യൂഷന്‍; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

keralanews prosecution with petition to change trial court in actress attack case special prosecutor said that the victim did not get justice from this court

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷന്‍.പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹരജി നല്‍കിയത്.വിചാരണ കോടതിയില്‍ നിന്ന് സുതാര്യമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു.ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.ഇരയായ നടിയുടെ ആവശ്യപ്രകാരം ഹൈക്കോടതിയാണ് വനിതാ ജഡ്ജിയുള്ള സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് കേസിന്‍റെ വിചാരണ മാറ്റിയത്. ഈ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരയായ നടിക്കും നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. അതിനാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.  കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 182 ആമത്തെ സാക്ഷിയെ കോടതിയില്‍ വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്തും കോടതി വായിച്ചു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതിനാല്‍ കോടതി മാറ്റണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന.തീര്‍ത്തും അസാധാരണമായ ഈ സംഭവത്തില്‍ ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികള്‍ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്റെ ലക്ഷ്യം. കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീണ്ട് പോവുകയായിരുന്നു. അതിനിടയിലാണ് വിചാരണകോടതി തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പയ്യാമ്പലത്ത് ഒരുകോടി രൂപ ചിലവിൽ വാതകശ്മശാനം സ്ഥാപിക്കുന്നു

keralanews gas cemetery set up at payyampalam at a cost of one crore rupees

കണ്ണൂർ:പയ്യാമ്പലത്ത് ഒരുകോടി രൂപ ചിലവിൽ വാതകശ്മശാനം സ്ഥാപിക്കുന്നു. ഇതിനു മുന്നോടിയായി പഴയ വൈദ്യുത ശ്മശാനത്തിന്റെ കെട്ടിടമൊഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം പൊളിച്ചു നീക്കി.1999 നവംബർ 10-ന് പി.പി.ലക്ഷ്മണൻ നഗരസഭാ അധ്യക്ഷനായിരുന്നപ്പോഴാണ് പയ്യാമ്പലത്ത് ആധുനികരീതിയിലുള്ള വൈദ്യുതിശ്മശാനത്തിന് തറക്കല്ലിട്ടത്. പദ്ധതി 2000 സെപ്റ്റംബർ 29-ന് പൂർത്തിയാക്കി തുറന്നുകൊടുത്തു. 33 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും ബർണർ ഉൾപ്പെടെ ഉപകരണങ്ങളും സ്ഥാപിച്ചത്. അതിനിടെ പാരമ്പര്യരീതിയിലുള്ള ശവസംസ്കാരം വേണമെന്ന്‌ ശ്മശാനക്കമ്മിറ്റി നിർബന്ധം പിടിച്ചതും പ്രശ്നമായി. തർക്കങ്ങൾക്കൊടുവിൽ 2013 ഓടെ പൂർണമായും ഇതിന്റെ പ്രവർത്തനം നിലച്ചു.തുടക്കം മുതൽ ഒടുക്കംവരെ പഴിയും പരാതിയും അഴിമതിയാരോപണവും കേട്ടുവന്ന വൈദ്യുതിശ്മശാനത്തിൽ ഉദ്ഘാടനത്തിനുശേഷം ചുരുക്കം ചില മൃതദേഹങ്ങൾമാത്രമേ ദഹിപ്പിക്കാനായുള്ളൂ.

കണ്ണൂർ കോർപ്പറേഷൻ നിലവിൽ വന്നതോടെ ശ്മശാനം കോർപ്പറേഷന്റെ നിയന്ത്രണത്തിലായി. കോർപ്പറേഷൻ ഏറ്റെടുത്തതോടെ പല ഭാഗത്തുനിന്നും പരാതിയുണ്ടായി. വിറക് കൃത്യമായി ലഭിക്കുന്നില്ല, ദഹനം പൂർണമായി നടക്കുന്നില്ല എന്നിവയായിരുന്നു പരാതി.പയ്യാമ്പലത്തെ തുറന്ന ചിത കാരണം പരിസരമലിനീകരണമുണ്ടെന്ന് കാണിച്ച് പയ്യാമ്പലം സ്വദേശി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയത്തിൽ കോടതിയും ഇടപെട്ടു. അതോടെയാണ് ആധുനികശ്മശാന പദ്ധതിക്ക് വേഗം കൂട്ടിയത്.തുടക്കത്തിൽ 99 ലക്ഷം രൂപയുടെതായിരുന്നു വാതകശ്മശാന പദ്ധതി. നിലവിൽ 42 ലക്ഷം രൂപയുടെതാണ് പ്രാഥമിക പദ്ധതി. ശൗചാലയം, ഇരിപ്പിടം, അനുശോചന ഹാൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾകൂടിയുണ്ടാവും. ചെന്നൈ ആസ്ഥാനമായ എസ്കോ കമ്പനിയാണ് പദ്ധതിനടത്തിപ്പുകാർ.

തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

keralanews pinarayi vijayan announced award for local bodies which will be free from covid for three consecutive weeks

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മുക്തമാകുന്ന ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുകള്‍, ഡിവിഷന്‍, കൗണ്‍സില്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ നേട്ടത്തിലെത്തുന്ന മണ്ഡലത്തിന് അവാര്‍ഡ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമായിരിക്കണം എന്നതാണ് വ്യവസ്ഥ. മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്, കൗണ്‍സില്‍, ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ രോഗനിരക്ക് കൂടുതലാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനെ മറികടക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; ജില്ലാ ഓഫീസറെ സ്ഥലം മാറ്റി

keralanews suicide of matron at azhikode oldage home district officer transferred

കണ്ണൂര്‍: അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധ സദനം സൂപ്രണ്ട് മോഹനനെതിരേയും നടപടിക്ക് സാധ്യതയുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും.മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു അഴീക്കോട്ടെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ മേട്രനായിരുന്ന ജ്യോസ്‌ന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച്‌ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;ഭക്തർക്ക് പ്രവേശനം നാളെ മുതൽ

keralanews sabarimala temple open today devotees will arrive on saturday

ശബരിമല:തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. കോവിഡിനെ തുടര്‍ന്ന് ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും.ശനിയാഴ്ച രാവിലെ അഞ്ചു മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം.വെർച്യുൽ ക്യൂ വഴി ബുക്കു ചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദർശനത്തിന് അനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.തുലാമാസ പൂജകള്‍ക്ക് വെള്ളിയാഴ്ച ശബരിമലനട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മല കയറുമ്പോൾ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.ദര്‍ശനത്തിന് എത്തുന്നതിന്  തൊട്ടുമുൻപുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കേണ്ടതാണ്. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോള്‍ അനുവദിച്ച സമയത്തു തന്നെ ഭക്തര്‍ എത്തണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്. മലകയറുമ്പോഴും ദര്‍ശന സമയത്തും പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.കോവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മദ്യത്തെ ചൊല്ലി തർക്കം;കൊച്ചി ചേരാനെല്ലൂരില്‍ മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

keralanews dispute over alcohol son killed father in kochi

കൊച്ചി: കൊച്ചി ചേരാനെല്ലൂരില്‍ മകന്‍റെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന അച്ഛന്‍ മരിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തു വന്നിരുന്നു. മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു.തലയ്ക്ക് പരുക്കേറ്റ മകന്‍ ഉണ്ണികൃഷ്ണന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭരതന്റെ ആക്രമണത്തില്‍ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതന്‍ മരിച്ചത്. ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്; 7082 പേര്‍ക്ക് രോഗമുക്തി

keralanews 7789 covid cases confirmed in the state today 7082 cured

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചത്.128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സ്വർണക്കടത്ത് കേസ്;എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോ​ഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

keralanews gold smuggling case enforcement directorate questioning m sivasankar

കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. സ്വപ്നയും ഒന്നിച്ചുള്ള വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുന്നത്. അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയത്.മൂന്നാം തവണയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നത്. 1,90,000 യുഎസ് ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇതില്‍ ശിവശങ്കറിന്റെ പങ്കാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച്‌ വിദേശ യാത്ര നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റിന് വ്യക്തമായി.

സ്വര്‍ണക്കടത്ത് കേസ്;ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്

keralanews gold smuggling case high court stayed arrest of m sivasankar

കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്.ഈ മാസം 23 വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. മാധ്യമ സമ്മര്‍ദം മൂലം അന്വേഷണ ഏജന്‍സി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിച്ചത്. എന്നാല്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ 23ന് മുൻപായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നല്‍കിയ പണം ലോക്കറില്‍വെയ്ക്കാന്‍ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാല്‍ ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.