പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചി നഗരത്തിൽ സർവീസ് തുടങ്ങി

keralanews the first natural gas bus in kerala has started operating on the kochi road

കൊച്ചി: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തിൽ സർവീസ് തുടങ്ങി.അന്തരീക്ഷ മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് ആദ്യത്തെ പ്രകൃതി വാതക ബസ് നിരത്തിലിറക്കിയിരിക്കുന്നത്.കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ് പോര്‍ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക്ക് ആദ്യ പ്രകൃതിവാതക ബസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കെഎംആര്‍എല്ലുമായി ജെഡി ഐയില്‍ ഒപ്പു വെച്ച ഒരു കൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്.വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസ് സര്‍വീസ് നടത്തുന്നത്.നേരത്തെ ട്രയല്‍ റണ്‍ വിജയകരമായി നടത്തിയിരുന്നു.സിഎന്‍ജി റെട്രോ ഫിറ്റ്മെന്റിന് വിധേയമാകുന്ന ബസുകളില്‍ കൊച്ചി വണ്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് ഇക്കോസിസ്റ്റം,പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,ഐ എസ് 140 വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്,എമര്‍ജന്‍സി ബട്ടണുകള്‍,നീരീക്ഷണ കാമറകള്‍,ലൈവ് സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടമാര്‍, വണ്‍ ഡി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിക്ഷേപം കൂടുതലാണെങ്കിലും സിഎന്‍ജി ബസുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ ലാഭമുണ്ടാക്കും എന്ന് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു ബസ് ഡീസല്‍ എന്‍ജിനില്‍ നിന്ന് സി.എന്‍.ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി വരുന്ന ചിലവ്.ഇന്ധന ലാഭം, അറ്റകുറ്റപ്പണികളുടെ കുറവ് എന്നിവയിലൂടെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിയ്ക്കാം. ഇടപ്പള്ളിയിലെ മെട്രോ ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് എന്‍ജിന്‍ പരിവര്‍ത്തനം ചെയ്തത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സി.എന്‍.ജി.ബസുകളുടെ എണ്ണം നൂറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.വൈദ്യുതി, ഹൈഡ്രജന്‍ വാഹനങ്ങളും കൂടുതലായി നിരത്തിലിറക്കുമെന്ന് ജാഫര്‍ മാലിക് പറഞ്ഞു.ആക്സിസ് ബാങ്ക്, ഇന്‍ഫോ സൊല്യൂഷന്‍സ്, ടെക്ടോവിയ എന്നീ കമ്പനികളുടെ സഹകരണത്തിലാണ് ബസില്‍ സ്മാര്‍ട്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്.

കോവിഡ് നിയമലംഘനം;പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍;മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ

keralanews govt increased the fines for violating covid restrictions 500 rupees fine if not wearing mask

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാലുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍.. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200ല്‍ നിന്നും 500ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ശിക്ഷ ഉയര്‍ത്തിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹച്ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ നല്‍കണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം 3000, ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000, ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയില്‍ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവയ്ക്കരുതെന്നും സര്‍ക്കാര്‍ കരുതുന്നു. പിഴത്തുക കുത്തനെ ഉയര്‍ത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

സ്വർണ്ണക്കടത്ത് കേസ്;എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി

keralanews court granted permission to customs to question m sivasankar in gold smuggling case

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി ലഭിച്ചു. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാക്കനാട് ജില്ലാ ജയിലില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി അനുവദിച്ചു. വരുന്ന 16 ആം തിയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് ചോദ്യം ചെയ്യാന്‍ അനുമതി. വക്കീലിനെ സാന്നിധ്യത്തില്‍ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്ബോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതായി കസ്റ്റംസ് സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍ ശിവശങ്കറിന് ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളര്‍ കടത്തിയ കേസിലും ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു;എ വിജയരാഘവന് പകരം ചുമതല

keralanews kodiyeri balakrishnan resigned from cpm party secretary post

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. ‘സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ – എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് കേസും ജയിലില്‍ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിക്കുന്നത്.

ലഹരിമരുന്ന് കേസ്;ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍

keralanews drug case bineesh kodiyeri in parappana agrahara prison

ബെംഗളൂരു:ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയില്‍ ആശുപത്രിയില്‍ നിന്നും സെല്ലിലേക്ക് മാറ്റിയത്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി ബിനീഷിനെ വീണ്ടും റിമാന്‍ഡ് ചെയ്തു.കസ്റ്റഡിയിലിരിക്കെ ബിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്, ജാമ്യം നല്‍കിയാല്‍ നാട് വിടാന്‍ ഉളള സാധ്യത, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഇഡി ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് ബിനീഷിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍,സുഹൃത്ത് എസ് അരുണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

മാസ് ലുക്കിൽ മുഖം മിനുക്കി ബേക്കൽ പോലീസ് സ്റ്റേഷൻ

keralanews kasrkode bekkal police station in mass look

കാസർകോഡ്:പുറത്തെ നെയിം ബോർഡ് ഇല്ലെങ്കിൽ ആരും ഒരുനിമിഷം സംശയിച്ചു പോകും ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ എന്ന്.അത്തരത്തിൽ മുഖം മിനുക്കി അടിപൊളിയായിരിക്കുകയാണ് കാസർകോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ. സംസ്ഥാന പൊലീസിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 14 ജില്ലകളിലെയും ഓരോ പൊലീസ് സ്റ്റേഷൻ‍ വീതം നവീകരിക്കുന്നതിന്റെ ഭാഗമായാണു ബേക്കൽ പൊലീസ് സ്റ്റേഷനും പുതുമോടി കൈവന്നത്.10 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. പ്രവേശന കവാടം മുതൽ സ്റ്റേഷനിലെ ശുചിമുറി വരെ ഇതിന്റെ ഭാഗമായി നവീകരിച്ചു. വെള്ളിക്കോത്തെ എൻജിനിയർ പി.എൻ.നിഷാന്ത്‍രാജ് ആണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്.സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കല്ല, മറിച്ച് ജനങ്ങൾക്ക് ഗുണകരമായ രീതിയിലാകണം നവീകരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അദ്ദേഹത്തോട് നിർദേശിച്ചിരുന്നു.

keralanews kasrkode bekkal police station in mass look (2)

ഹോട്ടലുകളിലെന്ന പോലെ സ്റ്റേഷനിലേക്കു കയറുമ്പോൾ തന്നെയുള്ള റിസപ്ഷൻ കൗണ്ടറിൽ ജിഡി ചാർജിനും പിആർഒയ്ക്കുമായി പ്രത്യേക കൗണ്ടർ. സീലിങ് ജിപ്സം ചെയ്ത് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.നിലമാകെ ടൈൽ പാകി.സന്ദർശകർക്കായുള്ള ലോബിയിൽ ഇരിപ്പിടത്തിനായി സോഫാ സെറ്റ്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മുറിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചതോടെ കൂടുതൽ സൗകര്യം. വനിതാ ഹെൽപ് ഡെസ്കിനും പ്രത്യേകം കൗണ്ടർ സ്ഥാപിച്ചു.സന്ദർശക ലോബിയിൽ ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ എന്നിവ സെറ്റ് ചെയ്തു. പുറത്ത് ഹാങ്ങിങ് ഗാർഡൻ സ്ഥാപിച്ചു. മുറ്റമാകെ ഇന്റർലോക്ക് ചെയ്തു,കെട്ടിടവും മതിലും പെയിന്റ് ചെയ്തു ഭംഗിയാക്കി. പൊട്ടിപ്പൊളിഞ്ഞ ജനൽ വാതിലുകൾ മാറ്റി സ്ഥാപിച്ചു.25 ദിവസംകൊണ്ടാണു നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

 

ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ അജയൻ പകർത്തിയ ദൃശ്യങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസ്;മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി

keralanews actress attack case k b ganesh kumars office secretary threatened the accused

ബേക്കല്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ മൊഴിമാറ്റാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ ആൾ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് പോലീസ്.ബേക്കല്‍ പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 23നാണ് പ്രോസിക്യുഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. ഓട്ടോറിക്ഷയില്‍ തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തി വിപിനെ തിരിക്കി. നേരില്‍ കാണാന്‍ കഴിയാതെ വന്നതോടെ വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. അവിടെനിന്ന് വിപിന്റെ അമ്മയെ വിളിച്ച്‌ വക്കീലിന്റെ ഗുമസ്തനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും മൊഴിമാറ്റാന്‍ വിപിനോട് ആവശ്യപ്പെടുകയുമായിരുന്നു.കത്തുകളിലൂടെയും നിരവധി തവണ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തി. സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിപിന്‍ സെപ്തംബര്‍ 26ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളൂം കണ്ടെത്തുകയും പ്രദീപ് കുമാറിനെ തിരിച്ചറിയുകയുമായിരുന്നു. ഇതോടെയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കത്ത് പ്രദീപ് കുമാര്‍ തന്നെ എഴൂതിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ബിഹാറില്‍ എന്‍ഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കും, അവകാശവാദമുന്നയിക്കില്ലെന്നും നിതീഷ് കുമാര്‍

keralanews nda meeting in bihar today party will decide the chief minister said nitish kumar

പട്‌ന: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുമായി എന്‍ഡിഎ യോഗം ഇന്ന് ബിഹാറില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കും.മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടെയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്.വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് നിതീഷ് കുമാര്‍ അവകാശവാദമുന്നയിക്കാത്തത്.എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ച്‌ ഗവര്‍ണറെ കാണല്‍, സത്യപ്രതിജ്ഞ തിയ്യതി, സമയം, മന്ത്രിപദം, സ്പീക്കര്‍ പദവി തുടങ്ങിയ ചര്‍ച്ച ചെയ്യാനാണ് എന്‍ഡിഎ യോഗം ചേരുന്നത്. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നീക്കം. ഉപമുഖ്യമന്ത്രി, ധനമന്ത്രി എന്നീ പദവികളില്‍ സുശീല്‍ മോദി തുടരും. ആഭ്യന്തരവും വിദ്യാഭ്യാസവും സ്പീക്കര്‍ പദവിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നല്‍കാന്‍ നിതീഷ് തയ്യാറല്ല. അതേസമയം, മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാകില്ല. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് വീതം നേടിയിരുന്നു. ഇവരും മന്ത്രിപദം ആവശ്യപ്പെടും.എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി പിന്നീട് പ്രത്യേക ചര്‍ച്ചകളിലൂടെ അന്തിമതീരുമാനത്തിലെത്താനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5537 covid cases confirmed today in kerala 6119 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കും

keralanews employees in public sector banks will go for a national wide strike on 26th november

മുംബൈ:രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കിന് തയാറെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം, ബാങ്ക് ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്യാനുള്ള തീരുമാനം തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. അതിനൊപ്പം സേവിംഗ്‌സ് എക്കൗണ്ടുകളിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയര്‍ത്തുക, ബാങ്കിന്റെ വിവിധ ചാര്‍ജുകള്‍ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ വിനാശകരമായ നയങ്ങള്‍ക്കെതിരെയാണ് സമരമെന്നാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ പറയുന്നത്. 1991 ന് ശേഷം നടക്കുന്ന ഇരുപതാമത് ദേശീയ ബാങ്ക് പണിമുടക്കാണിത്.