തിരുവനന്തപുരം:വിവാദമായതോടെ പോലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗം തിരുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഭേദഗതിക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിനിടയിലും സി പി ഐ ക്കിടയിലും ജനങ്ങള്‍ക്കിടയിലും എതിര്‍പ്പ് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം.സമൂഹ മാദ്ധ്യമങ്ങള്‍ക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന. ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാദ്ധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്.നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തില്‍ സൈബര്‍ മാദ്ധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. പോലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമാണ്. അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി തിരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്;കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നു കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കന്യാകുമാരി, തമിഴ്‌നാട്-പുതുച്ചേരി, തീരങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നു.അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഗതി’ ശക്തി കുറഞ്ഞ് ദുര്‍ബലമായി. ‘ഗതി ‘ വടക്ക് കിഴക്കന്‍ സോമാലിയയില്‍ കരയില്‍ പ്രവേശിച്ച ശേഷമാണ് ദുര്‍ബലമായത്.
സംസ്ഥാനത്ത് ഇന്ന് 5,254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6,227 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 762, കോഴിക്കോട് 565, തൃശൂര്‍ 522, എറണാകുളം 381, പാലക്കാട് 275, ആലപ്പുഴ 409, തിരുവനന്തപുരം 277, കോട്ടയം 353, കൊല്ലം 308, കണ്ണൂര്‍ 148, ഇടുക്കി 199, പത്തനംതിട്ട 28, വയനാട് 142, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 10, കണ്ണൂര്‍ 6, കോഴിക്കോട് 5, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 546, കൊല്ലം 526, പത്തനംതിട്ട 198, ആലപ്പുഴ 383, കോട്ടയം 528, ഇടുക്കി 77, എറണാകുളം 953, തൃശൂര്‍ 417, പാലക്കാട് 426, മലപ്പുറം 785, കോഴിക്കോട് 828, വയനാട് 121, കണ്ണൂര്‍ 351, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 559 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
കണ്ണൂർ:പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.പ്ലസ് വൺ വിദ്യാർത്ഥികളായ അജൽ നാഥ്(16) ആദിത്യൻ(16) എന്നിവരാണ് മരിച്ചത്.അഞ്ചരക്കണ്ടി-മമ്പറം റോഡിൽ മൈലുള്ളിമെട്ട പോസ്റ്റോഫീസിനു സമീപം ഓടക്കടവ് കുന്നത്ത്പാറയിലാണ് അപകടം.ശനിയാഴ്ച രാവിലെ ഒന്പതരയോടെയാണ് കീഴത്തൂരിൽ നിന്ന് ആറുപേരും മൈലുള്ളിയിൽ നിന്ന് നാലുപേരുമായി കൂട്ടുകാർ കുന്നത്ത്പാറയിൽ ഒത്തുകൂടിയത്.പുഴയിൽ നിന്നും കുറച്ച് അകലെയുള്ള കളിസ്ഥലത്ത് മൊബൈലിൽ പബ്‌ജി കളിയും മറ്റുമായി കുറച്ചുനേരം ചിലവഴിച്ചു.11 മണിയോടെ അജൽനാഥും ആദിത്യനും പുഴയുടെ ഭാഗത്തേക്ക് പോയി.പിന്നീട് പുഴക്കരയിൽ നിന്നും ആദിത്യന്റെ കരച്ചിൽ കേട്ടാണ് കൂട്ടുകാർ ഓടിയെത്തിയത്.ആ സമയം അജൽനാഥ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു.കൂട്ടുകാരായ അഭിനന്ദും റാഹിലും പുഴയിൽ ചാടി അജൽനാഥിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.അതിനിടെ നീളമുള്ള വടിയുമായി ആദിത്യനും പുഴയിലേക്ക് ചാടി.അജലിന്റെ കൈയ്യകലം വരെ എത്തിയെങ്കിലും ആദിത്യനും മുങ്ങിപോവുകയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു.പിണറായി പോലീസും കൂത്തുപറമ്പ് അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.അജൽനാഥ് വേങ്ങാട് ഹയർസെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റിസിനും ആദിത്യൻ പിണറായി എ കെ ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സിനും പഠിക്കുകയാണ്.മൈലുള്ളിമെട്ട മീത്തലെ കേളോത്ത് പരേതനായ രവീന്ദ്രന്റെയും റീത്തയുടെയും മകനാണ് അജൽനാഥ്.കുഴിയിൽപീടിക ശ്രീസന്നിധിയിൽ ജയന്റേയും ഗീതയുടെയും മകനാണ് ആദിത്യൻ.
ലഹരിമരുന്ന് ഉപയോഗം;ബോളിവുഡ് താരം ഭാര്‍തി സിങ്ങും ഭർത്താവും അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങിന്റെ ഭര്‍ത്താവിനേയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു.ശനിയാഴ്ചയാണ് ഭാര്‍തി സിംഗിനെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്.ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും എന്‍.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ച രാവിലെയാണ് ഹര്‍ഷ് ലിംബാച്ചിയയെ അറസ്റ്റ് ചെയ്തത്. ഇന്നലെ അവരുടെ മുംബൈയിലെ വസതിയില്‍ എന്‍.സി.ബി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായത്. റെയ്ഡില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായും ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയും മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍.സി.ബി സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. നടന്‍ സുശാന്ത് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിന്നീട് ബോളിവുഡിലെ ലഹരി മാഫിയയിലേക്കുകൂടി നീണ്ടത്.
സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവം; ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം :വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് .കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി നേരത്തെ ഉത്തരവിട്ടിരുന്നു.ശബ്ദ രേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയുമായി സംസാരിച്ചിരുന്നു. ജയില്‍ മേധാവി വിഷയം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡാണ് പുറത്തുവന്നത്.
കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരം. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍ ക്യൂ എ എസ് ബഹുമതി നേടിയത്. ഇതോടെ രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ആദ്യ 12 സ്ഥാനവും കേരളത്തിനായി.കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും ശൈലജ പറഞ്ഞു.
നവംബര്‍ 26 ലെ ദേശീയ പണിമുടക്ക്;വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കും
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി.ഐ എന്‍ ടി യു സി, സി ഐ ടി യു , എ ഐ ടി യു സി എന്നിവയുള്‍പ്പെടെ പത്തോളം സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തില്ല.സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസ്;അറസ്റ്റിലായ വികെ ഇബ്രാഹിംകുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും യുഡിഎഫ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്‍റെ മാനസിക-ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും.എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘമാണ് ആരോഗ്യനില പരിശോധിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് മെഡിക്കല്‍ സംഘത്തിന്‍റെ അധ്യക്ഷ.ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് മുൻപായി റിപ്പോർട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. അന്ന് തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യപേക്ഷയും വിജിലൻസ് നൽകിയ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത്.ഇവ രണ്ടും കോടതി പരിഗണിക്കുന്നത് മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും.എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ കോപ്പി വേണമെന്ന ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.നിലവില്‍ മരടിലെ സ്വകാര്യ ആശുപത്രിയിലെ ഓഗോളജി വിഭാഗത്തില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് രേഖപ്പെടത്തി റിമാന്‍ഡ് ചെയ്തെങ്കിലും ആശുപത്രിയില്‍ ചികിത്സ തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് നാല് ദിവസത്തെ കസ്റ്റഡി ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ഇബ്രാഹീം കുഞ്ഞിന്‍റെ ആരോഗ്യ നില പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ കോടതി നിയോഗിച്ചത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്;ജ്വല്ലറി എം.ഡി.പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡ്
കാസർകോഡ്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ വിവരം പുറത്തായതോടെയാണ് തങ്ങള്‍ മുങ്ങിയെന്നാണ് സൂചന. നവംബര്‍ 7 നായിരുന്നു കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനാണ് കമറുദ്ദീന്‍. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 117 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു.പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം.