കൊച്ചി:കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയിൽ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയാണ് കസ്റ്റംസ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്.ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ച്ചയായ 12 ദിവസമാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു;പെട്രോള്‍ വില 85 കടന്നു, ഡീസല്‍ വില 80ന് അടുത്തെത്തി
കൊച്ചി:രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്.18 ദിവസത്തിന് ഇടയില്‍ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വര്‍ധിച്ചു.പല ജില്ലകളിലും പെട്രോള്‍ വില 85 കടന്നു. ഡീസല്‍ വില 80ന് അടുത്തെത്തി.ഇന്ധനവില കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ദ്ധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ എണ്ണവിലയില്‍ വര്‍ദ്ധന തുടരുന്നത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആന്ധ്രയില്‍ അജ്ഞാത രോഗം പടരുന്നു; ഒരാള്‍ മരിച്ചു;200 ലേറെ പേർ ആശുപത്രിയിൽ
കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
മുംബൈ:ഫൈസറിനു പിന്നാലെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്തും വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വാക്‌സിന്റെ നാല് കോടി ഡോസ് തയ്യാറാണെന്നും ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് നല്‍കിയ അപേക്ഷയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വാക്‌സിന്‍ വിതരണത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരിക്കുന്നത്.വാക്‌സിന്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. യുകെ, ബ്രസീല്‍ ഉള്‍പ്പെടെ രാജ്യങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഐസിഎംആറിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ നടത്തുന്ന 2, 3 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്‍ നേരത്തെ തന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിജിസിഐയില്‍ നിന്ന് ഉപാധികളോടെ നേടിയ ലൈസന്‍സ് ഉപയോഗിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നാല് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഐസിഎംആര്‍ പറയുന്നത്. പരിശോധനയ്ക്കായി കമ്പനി ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കസൗലിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ഫാക്ടറിയിലേയ്ക്കും അയച്ചിട്ടുണ്ട്. ഇന്നലെയാണ് അടിയന്തിര ഘട്ടത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി യുഎസ് കമ്പനിയായ ഫൈസര്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് അപേക്ഷ നല്‍കിയത്. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ കമ്പനി കൂടിയായിരുന്നു ഫൈസര്‍. യുകെ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു ഫൈസര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചത്.
ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഇടുക്കി: വലിയതോവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.ജാര്‍ഖണ്ഡ് സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയില്‍ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതി ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്. വലിയതോവാള പൊട്ടന്‍ കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ്.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു. പണം സംബന്ധമായ തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5820 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂര്‍ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂര്‍ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര്‍ 6 വീതം, തൃശൂര്‍, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 337, കൊല്ലം 410, പത്തനംതിട്ട 268, ആലപ്പുഴ 551, കോട്ടയം 588, ഇടുക്കി 88, എറണാകുളം 492, തൃശൂര്‍ 590, പാലക്കാട് 405, മലപ്പുറം 1023, കോഴിക്കോട് 460, വയനാട് 148, കണ്ണൂര്‍ 288, കാസര്‍ഗോഡ് 172 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച് ,യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് മഴയുടെ തോതിനനുസരിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിന് ഇടുക്കിയിലും ഡിസംബര്‍ അഞ്ചിന് മലപ്പുറത്തും ഓറഞ്ച് അലേര്‍ട്ട് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നീ ജില്ലകളില്‍ ഡിസംബര്‍ നാലിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ അഞ്ചിനും എറണാകുളം ജില്ലയില്‍ ആറിനും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം;കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡല്‍ഹി: കര്‍ഷകരുടെ സമരത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങള്‍ രേഖാമൂലം കര്‍ഷകര്‍ക്ക് എഴുതി നല്‍കി.കര്‍ഷക സംഘടനകളുടെ ആവശ്യപ്രകാരമാണ് തീരുമാനം. കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങളാണ് രേഖാമൂലം എഴുതി നല്‍കിയിരിക്കുന്നത്. സമരത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് നിലപാട് വ്യക്തമാക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം പ്രധാനമന്ത്രിയും, കൃഷി മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.ചര്‍ച്ചകള്‍ അധികം നീട്ടാതെ തീരുമാനം ഉടന്‍ അറിയിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരായ സമരവുമായി മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി – ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പല്‍വലിലാണ് ഉപരോധം. ദില്ലിക്ക് തിരിച്ച മറ്റൊരു സംഘം കര്‍ഷകരെ ഉത്തര്‍പ്രദേശ് പൊലീസ് മഥുരയില്‍ തടഞ്ഞു.
കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി;ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന് എതിരെ പോക്‌സോ കേസ്
കണ്ണൂർ:കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്.ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 21നാണ് സംഭവമുണ്ടായത്. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. കൗണ്‍സിലിംഗിനിടെ പ്രതി പെണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.രഹസ്യമൊഴി നല്‍കുന്നതിനിടെ പെണ്‍കുട്ടി ഇക്കാര്യം മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇ ഡി ജോസഫിനെതിരെ കേസെടുത്തത്. എന്നാല്‍ ഇ ഡി ജോസഫ് ആരോപണം നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും വനിതാ കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും ഇ ഡി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട;ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം പിടികൂടി
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.കോഴിക്കോട് സ്വദേശിയിൽ നിന്നും 1.15 കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോയില്‍ അധികം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരാളില്‍ നിന്നും ഇത്രയധികം സ്വര്‍ണം ഇതാദ്യമായാണ് പിടികൂടുന്നത്. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.